മലപ്പുറം ഒതുക്കുങ്കൽ സ്വദേശി അബ്‌ദുൾ റബീഹ് ഇനി ഹൈദരാബാദ് എഫ് സി മെയിൻ സ്ക്വാഡിൽ പന്തുതട്ടും. ലൂക്കാ സോക്കറിനൊപ്പം കഴിഞ്ഞ സീസണിൽ കേരളാ പ്രീമിയർ ലീഗിൽ കളിച്ച റബീഹ് മുൻപ് ബംഗളുരു എഫ് സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സീ റിസർവ് ടീമുകൾക്കൊപ്പം കളിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷമീൽ ചെമ്പകത്താണ് റബീഹിനെ പുതിയ തട്ടകത്തിൽ പരിചയപ്പെടുത്തിയത്.
മലപ്പുറം എം എസ് പി യിൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ മുതലാണ് കാൽപന്തിൽ തന്റെ ഭാഗ്യപരീക്ഷണം റബീഹ് ആരംഭിക്കുന്നത്. ആദ്യ വർഷം തന്നെ അണ്ടർ പതിനാല് വിഭാഗത്തിൽ ഓൾ ഇന്ത്യ കളിക്കാൻ പോവുകയും സംസ്ഥാന വിജയുകളാവുകയും ചെയ്ത താരം പിന്നീട് പത്താം തരത്തിൽ എത്തിയപ്പോൾ തന്നെ ബംഗളൂരു എഫ് സിയിൽ പ്രതിഭ തെളിയിക്കാൻ അവസരം ലഭിക്കുന്നു, അവിടെ നിന്നും ഐ ലീഗ് സെമിയിൽ തന്റെ ടീം കടക്കുമ്പോൾ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു റാബിഹ്. രണ്ടു വർഷം അവിടെ തുടർന്ന താരം പ്ലസ് വൺ പഠനത്തിനായി തിരിച്ച് എം എസ് പി യിൽ എത്തുന്നു. അവിടെ നിന്നും റിലയൻസ് ഫൗണ്ടേഷൻ ഓൾ ഇന്ത്യ റണ്ണേഴ്‌സ് ആവുകയും അതേ വർഷം എം എസ് പി ഓൾ ഇന്ത്യ ഐ ലീഗ് ഫൈനൽ റൗണ്ടിൽ പുണെ എഫ് സി, മിനർവ പഞ്ചാബ്, റിയൽ കശ്മീർ എന്നീ ടീമുകൾക്കൊപ്പം എത്തുന്നു. കളി മികവുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട് അവരുടെ അണ്ടർ പതിനെട്ട് ടീമിൽ എത്തിക്കുകയും പിന്നീട് പരിശ്രമങ്ങളുടെ ഫലമായി കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേയ്ക്കെത്തുകയും ചെയ്തു.
സ്വപ്നതുല്യമായിരുന്ന ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കെ പി എൽ കിരീടം ചൂടിയതും ഫൈനലിൽ കളിയിലെ താരമായതും. ലൂക്കാ സോക്കർ അക്കാദമിക്കൊപ്പം ഈ സീസണിൽ കേരളാ പ്രീമിയർ ലീഗിൽ മിന്നും പ്രകടനം നടത്തിയ റബീഹ് ഏറെ ജനശ്രദ്ധയാകാർഷിച്ചു. ഫുട്‌ബോളിൽ അധികം അവസരങ്ങൾ കിട്ടാതെ തഴയപ്പെട്ട ഒരു കളിക്കാരൻ ആയിരുന്നു റാബിഹ് എന്നാൽ പ്രായത്നത്തിലും കഠിനാധ്വാനത്തിലും വിശ്വസിച്ച ഇദ്ദേഹം തന്റെ കരിയർ ആത്മവിശ്വാസം കൊണ്ടു പാടുത്തുയർത്തുകയായിരുന്നു. കളിക്കാരനെ പോലെ തന്നെ ഒരു മനുഷ്യൻ എന്ന നിലയിലും കൂടെ നിന്ന ഷമീൽ കോച്ച് അടക്കമുള്ളവരെ താരം എന്നും നന്ദിയോടെ ഓർക്കും എന്ന വാക്ക് ഏതൊരു കാല്പന്തുകളി ആരാധകനെയും സന്തോഷിപ്പിക്കും. സഹോദരൻ റാഷിക്കും കളിജീവിതത്തിൽ ഏറെ പിന്തുണയാണ് റബീഹിന് നൽകുന്നത്. മഞ്ചേരി എൻ എസ് എസ് കോളേജിൽ ബി എ ഇംഗ്ലീഷ് വിഷയത്തിൽ പഠനം തുടരുന്ന ഇദ്ദേഹം മലപ്പുറത്തിനായി സീനിയർ ഫുട്‌ബോളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതിനിടെ അണ്ടർ പത്തൊൻപത് ദേശീയ ടീം ക്യാമ്പിൽ അംഗമാകാൻ വിളിയെത്തിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അതിടെ എത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി കാണുന്നു.
റൈറ് വിങ്, റൈറ് വിങ്ബാക്ക് എന്നീ പൊസിഷനുകൾ കളിയിൽ ഇഷ്ട്ടപ്പെടുന്ന ഇദ്ദേഹം നിലവിൽ കേരളാ പ്രീമിയർ ലീഗ് ടീം ലൂക്കാ സോക്കറിൽ നിന്നും കരാർ അവസനിച്ചു നിൽക്കുകയാണ്. ചെറുതോ വലുതോ ആയ ഏത് ടീമിലും തന്റെ പ്രതിഭ തെളിയിക്കാൻ താൻ തയ്യാറാണെന്നും പേരിനെക്കാളും പ്രശസ്തിയെക്കാളും കളിക്കാൻ അവസരങ്ങളാണ് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.