
പുതിയ ഐ ലീഗ് സീസണിനു മുന്നോടിയായി കേരള ഫുട്‌ബോളിന്റെ വയനാടൻ കരുത്ത് അജിൻ ടോമിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചു ഗോകുലം കേരള എഫ് സി.
“മലബാറിലുള്ള ഗോകുലം കേരള എഫ് സിയിൽ അംഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്…ചെറുപ്പം മുതലേ ഈ എം എസ് സ്റ്റേഡിയത്തിൽ ഞാൻ കളിച്ചിട്ടുണ്ട്,ഗോകുലത്തിന്റെ ഇറ്റാലിയൻ കോച്ചിന്റെ കീഴിൽ കുറെയേറെ പഠിക്കുവാൻ കഴിയുമെന്നും വിശ്വസിക്കുന്നു” :താരം പറയുന്നു.

ഇരുപതു വയസ്സുള്ള താരം തന്റേതായ കൈശൈലികൊണ്ട് യുവ ഫുട്‌ബോളർമാർക്കിടയിൽ നിന്നും വ്യത്യസ്തനാണ് എന്നതിനൊപ്പം ഫുൾ ബാക്ക് പൊസിഷനിൽ കേരള ടീമിന്റെയും ഇന്ത്യൻ ആരോസിന്റെയും തുറുപ്പുചീട്ടായിരുന്നു.കേരള അണ്ടർ പതിനാല് വിഭാഗത്തിൽ കളിച്ച താരം കല്യാണിയിൽ വച്ചു നടത്തപ്പെട്ട നാഷണൽ ഫുട്ബോൾ ചാമ്പ്യാൻഷിപ്പിലെ മിന്നും പ്രകടനം കൊണ്ട് എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ ഭാഗമായി.തുടർന്ന് ഇന്ത്യൻ ദേശീയ അണ്ടർ പതിനാറ് ടീമിനൊപ്പം മെക്സിക്കോയിൽ വച്ചു നടന്ന ഫോർ നേഷൻസ് കാപ്പിലും ബംഗ്ലാദേശ് ആദിത്യമരുളിയ അണ്ടർ പതിനാറ് സാഫ് കപ്പിലും ബ്രസീലിന്റെ കളിമൈതാനങ്ങളിൽ വച്ചു നടന്ന ബ്രിക്ക്‌സ് കപ്പിലും പ്രതിഭ തെളിയിച്ചു.അതിനു ശേഷമാണ് ലോകകപ്പിനായുള്ള അണ്ടർ പതിനേഴ് ഇരുപത്തിനാലാംഗ സാധ്യതാ ഇലവനിൽ എത്തുന്നതും.ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ഡെവലപ്പ്‌മെന്റ് ടീം ആയ ഇന്ത്യൻ ആരോസിൽ പതിനൊന്നു മത്സരങ്ങളിൽ ബൂട്ടാണിഞ്ഞിട്ടുണ്ട് താരം.2018-19 സീസണിൽ ചെന്നൈയിൻ എഫ് സി റിസർവ് ടീമിനെയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ പതിമൂന്ന് കളികളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

“കേരളത്തിലെ താരങ്ങൾക്ക് കഴിയുന്നത്ര അവസരങ്ങൾ ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്…അതിന്റെ ഭാഗമായാണ് അജിനെ പോലെയുള്ള താരങ്ങളെ കൊണ്ട് കരാറിൽ ഒപ്പുവയ്പ്പിക്കുന്നതും” എന്നു പറയുന്ന ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ അജിൻ ടോമിന് ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു.