ഭാരതഫുട്‌ബോളിനെ ഇന്നും ഏറ്റവും ബഹുമാനഖത്തോടെ പുറംരാജ്യങ്ങൾ പോലും നോക്കിക്കാണുന്നത് ഇവിടുത്തെ പ്രൗഢഗംഭീരമായ ഇന്ത്യൻ സൂപ്പർ ലീഗും ഐ ലീഗും ഉൾപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട ടൂർണമെന്റുകളിലൂടെയാണ്…ഇന്ത്യൻ ഫുട്‌ബോളിന്റെ ലോകോത്തര വളർച്ചയ്ക്ക് ചുക്കാൻപിടിക്കാൻ ഈ ടൂർണമെന്റുകൾ വഹിച്ച പങ്ക് ചെറുതല്ല,പക്ഷേ ഇന്നീ നിലയിൽ എത്തിയ,വലിയ നിലയിൽ എത്താൻ പരിശ്രമിക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ തുടക്കവും അടിത്തറയും എവിടെയാണ്…?
ഈ ഒരു ചോദ്യത്തിൽ നിന്നുമാണ് ഭാരതഫുട്‌ബോളിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരുത്തുപകരാനുള്ള ഒട്ടനവധി ഉത്തരങ്ങൾ പിറവിയെടുക്കുന്നത്…കാണികൾക്കായി നടത്തുന്നതാണ് ഇവിടുത്തെ വലിയ ലീഗുകൾ…എന്നാൽ ഈ നാട്ടിലെ വളർന്നു വരുന്ന താരങ്ങൾക്കായി ആണ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മറ്റുമായി ചെറിയ ചെറിയ ടൂർണമെന്റുകൾ മുതൽ ഫുട്‌ബോളിന്റെ വളർച്ചയ്ക്കായി ലീഗുകളും മറ്റും കെട്ടിപ്പടുത്തുയർത്തുന്നത്…
ഭാരത ഫുട്‌ബോളിന്റെ വളർച്ചയ്ക്കായി കേരളം നൽകിയ സംഭാവനകൾ ചെറുതല്ല…അതിൽ ഒരുപറ്റം മികച്ച താരങ്ങളെ സമ്മാനിച്ച ഒരു പ്ലാറ്റ്ഫോം ആണ് കേരളാ പ്രീമിയർ ലീഗ്…! ആ കേരള പ്രീമിയർ ലീഗിൽ ഈ കഴിഞ്ഞ സീസണുകളിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച പത്തു പത്തരമാറ്റ് യുവതാരങ്ങളെ കണക്കുകൾ പ്രകാരം തിരഞ്ഞെടുക്കുന്നു…വായനക്കാർക്കുമുൻപിൽ അവതരിപ്പിക്കുന്നു…
എമിൽ ബെന്നി
വയനാട് തൃക്കൈപ്പറ്റയിൽ ബെന്നി കെ എ,കവിതാ ബെന്നി എന്നിവരുടെ രണ്ടാമത്തെ മകനായി 2001 സെപ്റ്റംബർ പത്തൊൻപതിനാണ് എമിൽ ജനിക്കുന്നത്.വളരെ ചെറിയ പ്രായം മുതലേ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ദാഹം എമിലിനെ മൂന്നാം തരത്തിൽ വച്ചു തന്നെ സെപ്റ്റ് അക്കാദമിയിൽ കൊണ്ടെത്തിക്കുകയും അവിടെ നിന്നൊട്ടനവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.വയനാട് എസ് കെ ജി സ്‌കൂളിൽ ഒന്നു മുതൽ പത്താം തരം വരെ പഠിക്കുന്നതിനിടെ ഒട്ടനേകം തവണ സ്കൂൾ ടീമിലും ഒപ്പം ജില്ലാ ടീമിലും അംഗമായിരുന്നു ഇദ്ദേഹം. പത്താം തരത്തിനുശേഷം മലപ്പുറത്തായി എമിലിന്റെ കാൽപന്തുവിളയാട്ടം,ബിനോയ് സാറിന്റെ കീഴിൽ മിന്നും പ്രകടനം കാഴ്ചവച്ച ഇദ്ദേഹം +1 ഇൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഖേലോ ഇന്ത്യയിൽ കേരളത്തിൽ നിന്നും കളിക്കുന്നത്.ശേഷം കോതമംഗലം എം എ കോളേജിലേക്കു ബി എ ഇംഗ്ലീഷ് വിഷയത്തിൽ ബിരുദ പഠനത്തിനായി ചേർന്ന താരം ഒന്നാം വർഷത്തിൽ തന്നെ സന്തോഷ് ട്രോഫി ക്യാമ്പിൽ എത്തുന്നു എങ്കിലും പിച്ചിൽ ബൂട്ടുകെട്ടിയിറങ്ങാൻ ഒരു വർഷം കാത്തിരിക്കേണ്ടിവന്നു.തൊട്ടടുത്ത വർഷം ബിനോ ജോർജ് സാറിന്റെ കീഴിൽ സന്തോഷ് ട്രോഫിയിൽ 2 മത്സരങ്ങളിലായി ബൂട്ടാണിഞ്ഞു.എം എസ് പി യ്ക്കായി ഐ ലീഗ് അണ്ടർ 18 ഇൽ മികച്ച പ്രകടനം കാഴ്ചവച്ച എമിലിനെ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 ടീമിലേയ്ക്കും തൊട്ടടുത്ത വർഷം ഗോകുലം കേരള,സന്തോഷ് ട്രോഫി ക്യാമ്പിൽ വച്ചു തന്നെ കൊണ്ട്രാക്റ്റ് കൊടുത്തു തങ്ങളുടെ തട്ടകത്തിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.ഫുട്‌ബോളിനോടുള്ള ഇഷ്ട്ടം മനസിലാക്കിയ വീട്ടുകാർ പൂർണ്ണ പിന്തുണയാണ് തനിക്കു നൽകുന്നതെന്നും തന്നെ ഫുട്‌ബോളിനായി വിട്ടുനൽകുകയാണ് ചെയ്തതെന്നും ഒരു ചെറുപുഞ്ചിരിയോടെ എമിൽ ബെന്നി പറയുന്നു.ലോക ഫുട്‌ബോളിൽ റൊണാൾഡീഞ്ഞോയും ഇന്ത്യൻ ഫുട്‌ബോളിൽ സുനിൽ ഛേത്രിയെയും അളവറ്റ് ആരാധിക്കുന്ന താരം ഇത്തവണ സൗത്ത് സോണോടെ സീസൺ അവസാനിപ്പിക്കേണ്ടി വന്നതിലുള്ള വിഷമവും പങ്കുവയ്ക്കുന്നു.എന്നെങ്കിലുമൊരിക്കൽ നീലകുപ്പായത്തിൽ തന്റെ രാജ്യത്തിനായി ബൂട്ടുകെട്ടണം എന്നാഗ്രഹിക്കുന്ന ഈ കാൽപന്തുപ്രേമി കൊറോണ സാഹചര്യത്തിലും തന്റെ പരിശീലനത്തിന് മുടക്കം വരുത്തതിയിട്ടില്ല.
അബ്‌ദുൾ റാബിഹ്
മലപ്പുറം കോട്ടയ്ക്കലിൽ അബ്‌ദുൾ കരീം,റസിയ ദമ്പതികളുടെ അഞ്ചു മക്കളിൽ ഒരാളായി 2001 ജനുവരി ഇരുപത്തിമൂന്നിനാണ് അബ്‌ദുൾ റബിഹ് ജനിക്കുന്നത്.റോഹൂഫ്, റാഷിക്ക്,റംഷീക്ക്,അൻഷിദ് എന്നീ സഹോദരന്മാരിൽ ഫുട്‌ബോളിനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ചേട്ടൻ റാഷിക്ക് നൽകുന്ന പ്രചോദനം ആണ് ഈ താരത്തിന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ഘടകങ്ങളിൽ ഒന്ന് എന്ന് അദ്ദേഹം തന്നെ പറയുന്നു.മലപ്പുറം എം എസ് പി യിൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ മുതലാണ് കാൽപന്തിൽ തന്റെ ഭാഗ്യപരീക്ഷണം ആരംഭിക്കുന്നത്,ആദ്യ വർഷം തന്നെ അണ്ടർ പതിനാല് വിഭാഗത്തിൽ ഓൾ ഇന്ത്യ കളിക്കാൻ പോവുകയും സംസ്ഥാന വിജയുകളാവുകയും ചെയ്ത താരം പിന്നീട് പത്താം തരത്തിൽ എത്തിയപ്പോൾ തന്നെ ബംഗളൂരു എഫ് സിയിൽ പ്രതിഭ തെളിയിക്കാൻ അവസരം ലഭിക്കുന്നു,അവിടെ നിന്നും ഐ ലീഗ് സെമിയിൽ തന്റെ ടീം കടക്കുമ്പോൾ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു റാബിഹ്.രണ്ടു വർഷം അവിടെ തുടർന്ന താരം പ്ലസ് വൺ പഠനത്തിനായി തിരിച്ച് എം എസ് പി യിൽ എത്തുന്നു.അവിടെ നിന്നും റിലയൻസ് ഫൗണ്ടേഷൻ ഓൾ ഇന്ത്യ റണ്ണേഴ്‌സ് ആവുകയും അതേ വർഷം എം എസ് പി ഓൾ ഇന്ത്യ ഐ ലീഗ് ഫൈനൽ റൗണ്ടിൽ പുണെ എഫ് സി,മിനർവ പഞ്ചാബ്,റിയൽ കശ്മീർ എന്നീ ടീമുകൾക്കൊപ്പം എത്തുന്നു.കളി മികവുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട് അവരുടെ അണ്ടർ പതിനെട്ട് ടീമിൽ എത്തിക്കുകയും പിന്നീട് പരിശ്രമങ്ങളുടെ ഫലമായി കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേയ്ക്കെത്തുകയും ചെയ്തു.സ്വപ്നതുല്യമായിരുന്ന ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കെ പി എൽ കിരീടം ചൂടിയതും ഫൈനലിൽ കളിയിലെ താരമായതും.സ്കൂൾ ഫുട്‌ബോളിൽ അധികം അവസരങ്ങൾ കിട്ടാതെ തഴയപ്പെട്ട ഒരു കളിക്കാരൻ ആയിരുന്നു റാബിഹ് എന്നാൽ പ്രായത്നത്തിലും കഠിനാധ്വാനത്തിലും വിശ്വസിച്ച ഇദ്ദേഹം തന്റെ കരിയർ ആത്മവിശ്വാസം കൊണ്ടു പാടുത്തുയർത്തുകയായിരുന്നു.മഞ്ചേരി എൻ എസ് എസ് കോളേജിൽ ബി എ ഇംഗ്ലീഷ് വിഷയത്തിൽ പഠനം തുടരുന്ന ഇദ്ദേഹം മലപ്പുറത്തിനായി സീനിയർ ഫുട്‌ബോളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.ഇതിനിടെ അണ്ടർ പത്തൊൻപത് ദേശീയ ടീം ക്യാമ്പിൽ അംഗമാകാൻ വിളിയെത്തിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അതിടെ എത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി കാണുന്നു.റൈറ് വിങ്,റൈറ് വിങ്ബാക്ക് എന്നീ പൊസിഷനുകൾ കളിയിൽ ഇഷ്ട്ടപ്പെടുന്ന ഇദ്ദേഹം മാഞ്ചസ്റ്റർ യൂണിറ്റഡിലെ റൊണാൾഡോയെ കണ്ടാണ് കളിയെയും കഠിനാധ്വാനത്തെയും പ്രണയിക്കാൻ ആരംഭിച്ചത്.ഇന്ത്യൻ താരങ്ങളിൽ അനസ് എടത്തോടിക്ക,ആഷിക്ക് കുരുണിയൻ,ചാങ്ത്തെ, കെ പി രാഹുൽ എന്നീ കളിക്കാരെ ഇഷ്ട്ടപ്പെടുന്ന ഈ കോട്ടയ്ക്കൽ സ്വദേശി നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നു എങ്കിലും ഈ വർഷം തന്നെ ഐ ലീഗ് കളിക്കാനുള്ള അവസരങ്ങൾ തേടി ഇറങ്ങിയിരിക്കുകയാണ്. ചെറുതോ വലുതോ ആയ ഏത് ടീമിലും തന്റെ പ്രതിഭ തെളിയിക്കാൻ താൻ തയ്യാറാണെന്നും പേരിനെക്കാളും പ്രശസ്തിയെക്കാളും കളിക്കാൻ അവസരങ്ങളാണ് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.