ചർച്ചിൽ ബ്രതേഴ്‌സിൽ പന്തുതട്ടാനൊരുങ്ങി സെവൻസ് പ്രേമികളുടെ ഡിങ്കൻ

0
380

സെവൻസ് വേദികളിലും കേരള, ഗോവൻ ലീഗുകളിലും പ്രതിഭതെളിയിച്ച വി വി പ്രതീഷ് ഇനി ചർച്ചിൽ ബ്രതേഴ്‌സിൽ പന്തുതട്ടും. ഗോവൻ പ്രോ ലീഗിലെ ഗാർഡിയൻ ഏഞ്ചൽസ് എഫ് സിയുടെ താരമായിരുന്നു ഡിങ്കൻ എന്നു വിളിപ്പേരുള്ള ഈ മുപ്പതുവയസ്സുകാരൻ. 1992 മാർച്ച് 20നു കണ്ണൂർ പയ്യന്നൂരിൽ ജനിച്ച ഇദ്ദേഹം മുൻപ് കേരളത്തിലുടനീളം സെവൻസ് വേദികളിൽ മാസ്മരികപ്രകടനങ്ങൾ കാഴ്ചവച്ച താരമാണ്. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ജോസ്‌കോയ്ക്കായി കളിച്ച പ്രതീഷ് മുൻപ് ഷൂട്ടേഴ്‌സ് പടന്നയ്ക്കായി കേരള പ്രീമിയർ ലീഗും കളിച്ചിട്ടുണ്ട്.

ചർച്ചിൽ ബ്രതേഴ്‌സിൽ പന്തുതട്ടാനൊരുങ്ങി സെവൻസ് പ്രേമികളുടെ ഡിങ്കൻ IMG 20210923 WA0124

1951ഇൽ ഗോവ ഫസ്റ്റ് ഡിവിഷൻ എന്ന പേരിൽ സ്ഥാപിതമായ, ശേഷം ഗോവൻ പ്രോ ലീഗ് എന്നു നാമകരണംചെയ്യപ്പെട്ട ഗോവൻ സ്റ്റേറ്റ് ലീഗിൽ ഗാർഡിയൻ ഏഞ്ചൽസ് ഫുട്‌ബോൾ ക്ലബ്ബിൽ കഴിഞ്ഞ വർഷമാണ് താരം കരാറിൽ ഒപ്പുവയ്ക്കുന്നത്. ശേഷം അവിടെ കളിക്കുകയും ശ്രദ്ധയാകർഷിക്കുകയും ചെയ്ത താരത്തെ ഈ സീസണിൽ ചർച്ചിൽ അവരുടെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു. ഐ ലീഗ്, ഗോവൻ പ്രോ ലീഗ് എന്നീ വേദികളിൽ കളിക്കുന്ന ചർച്ചിൽ 2020-21 സീസണിൽ രണ്ടാംസ്ഥാനക്കാരാണ്. ഗോവയിലെ ഫട്ടോർദ സ്റ്റേഡിയം ഹോം ഗ്രൗണ്ടായിയുള്ള ചർച്ചിൽ ബ്രതേഴ്‌സ്, മുൻപ് രണ്ട് ഐ ലീഗ് കിരീടം, ഒൻപതുതവണ ദേശീയലീഗിൽ ടോപ്പ് ത്രീ പൊസിഷൻ, എട്ട് ഗോവൻ പ്രോ ലീഗ് കിരീടം, മൂന്നു ഡ്യൂറന്റ് കപ്പ് കിരീടം, ഒരു ഫെഡറേഷൻ കപ്പ് എന്നിവ നേടിയിട്ടുണ്ട്.

ചർച്ചിൽ ബ്രതേഴ്‌സിൽ പന്തുതട്ടാനൊരുങ്ങി സെവൻസ് പ്രേമികളുടെ ഡിങ്കൻ 121274938 704388987152703 3817881777503142969 n

ചെറുപ്പംമുതൽതന്നെ ഫുട്‌ബോൾ കളിയാരംഭിച്ച പ്രതീഷ്, പയ്യന്നൂർ ബോയ്സ് സ്കൂളിനെ ജില്ലാതലത്തിൽ പ്രതിനിധീകരിച്ചു. സംസ്ഥാന കായികമേളയിൽ മുൻപ് സീനിയർ ബോയ്സ് വിഭാഗത്തിൽ കണ്ണൂരിനെ കിരീടത്തിലെത്തിക്കാൻ സഹായിച്ചതും പ്രതീഷിന്റെ കരങ്ങളായിരുന്നു. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ജോസ്ക്കോ എഫ് സിയ്ക്കായി കളത്തിലിറങ്ങിയ താരം പിന്നീട് ഷൂട്ടേഴ്‌സ് പടന്ന, കണ്ണൂർ ജിംഖാന, സ്പിരിറ്റ്, ലക്കി സ്റ്റാർ, യങ് ചലഞ്ചേഴ്‌സ് എന്നീ പ്രാദേശിക ടീമുകളിൽ പന്തുതട്ടി. ഷൂട്ടേഴ്സിനൊപ്പമായിരുന്നു പ്രതീഷിന്റെ കേരള പ്രീമിയർ ലീഗ് അരങ്ങേറ്റവും. രണ്ട് തവണ സന്തോഷ് ട്രോഫി ക്യാമ്പിൽ അംഗമാക്കാനും സാധിച്ച പ്രതീഷ് സെവൻസ് വേദികളിൽ പ്രബലരായ ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, അൽമദീനാ വളാഞ്ചേരി, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, എഫ് സി കൊണ്ടോട്ടി, അൽമദീനാ ചെറുപ്പുളശ്ശേരി, ഹിറ്റാച്ചി തൃക്കരിപ്പൂർ, ശബാബ് തുടങ്ങിയ ക്ലബ്ബുൾക്കായി പന്തുതട്ടിയിട്ടുണ്ട്.

ചർച്ചിൽ ബ്രതേഴ്‌സിൽ പന്തുതട്ടാനൊരുങ്ങി സെവൻസ് പ്രേമികളുടെ ഡിങ്കൻ 196033282 1159757084528950 520529073885442453 n
പ്രതീഷ് സെവൻസ് കളിക്കളത്തിൽ


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ


LEAVE A REPLY

Please enter your comment!
Please enter your name here