ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം

0
533

കല്യാണി: ഡുറണ്ട് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാ എഫ്.സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ശക്തരായ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഘാനതാരം റഹീം ഒസ്മാനു ഗോകുലത്തിന്റെ വിജയഗോള്‍ നേടി.
ജയം ലക്ഷ്യമിട്ട് ഹൈദരാബാദ് എഫ്.സിയെ നേരിടാനെത്തിയ ഗോകുലം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 പേരായി ചുരുങ്ങിയിട്ടും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം അര്‍ഹിച്ച ജയത്തോടെ മൂന്ന് പോയിന്റ് നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ഗോകുലത്തിനുള്ളത്. നാല് പോയിന്റ് തന്നെയുള്ള ആര്‍മി റെഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് ഗോകുലം പുറത്തെടുത്തത്. ഹൈദരാബാദ് എഫ്.സിയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലത്തിന് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല. ഒസ്മാനുവിന്റെയും എമില്‍ ബെന്നിയുടെയും ഗോള്‍ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്.സി ഗോള്‍കീപ്പര്‍ ജോങ്‌ടെ മികച്ച പ്രകടനത്തിലൂടെ രക്ഷപ്പെടുത്തി.

ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം IMG 20210916 WA0374

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഗോകുലം ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ ബെനെസ്റ്റണ്‍ ബാരെറ്റോയുടെ ഗോള്‍ശ്രമം ഹൈദരാബാദ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ടായി ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ റഹീം ഒസ്മാനു വലയിലാക്കി. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോകുലത്തിന്റെ എമില്‍ ബെന്നി പുറത്തായെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതി കളിച്ച ഗോകുലം അര്‍ഹിച്ച ജയത്തോടെ നോക്കൗട്ട് സാധ്യത ഉറപ്പിച്ചു. അവസാന 30 മിനുട്ടില്‍ ഹൈദരാബാദ് എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍കീപ്പര്‍ അജ്മലിന്റെ മിന്നും സേവുകള്‍ ഗോകുലത്തിന് തുണയായി. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലത്തിന്റെ ക്യാപറ്റന്‍ ഷരീഫ് മുഹമ്മദിനെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഈ മാസം 19ന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഗോകുലം ആസാം റൈഫിളിനെ നേരിടും

.

ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം 242071450 447275249868966 2897176716022388287 n

കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ