ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു (1-0)
കൊല്‍ക്കത്ത, സെപ്തംബര്‍ 11, 2021: അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ഇന്ത്യന്‍ നേവിയെ 1-0ന് വീഴ്ത്തി ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തകര്‍പ്പന്‍ തുടക്കം. 72ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ലൂണയുടെ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തില്‍ ഈ ഉറുഗ്വേക്കാരന്റെ ആദ്യഗോളാണ്. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതായി.
ഇന്ത്യന്‍ നേവിക്കെതിരെ ശക്തമായ നിരയെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറക്കിയത്. ആല്‍ബിനോ ഗോമെസ് ഗോള്‍വലയ്ക്ക് മുന്നില്‍ നിന്നു. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു, എനെസ് സിപോവിച്ച്, സന്ദീപ് സിങ് എന്നിവര്‍. മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, സെയ്ത്യാസെന്‍ സിങ്, കെ.പ്രശാന്ത് എന്നിവരും. അഡ്രിയാന്‍ ലൂണയും രാഹുല്‍ കെപിയുമായിരുന്നു മുന്നേറ്റത്തില്‍. ഭാസ്‌കര്‍ റോയ് ആയിരുന്നു ഇന്ത്യന്‍ നേവിയുടെ ഗോള്‍മുഖത്ത്. സര്‍ബ്ജിത് സിങ്, ബ്രിട്ടോ പി.എം, പിന്റു മഹാത, നോവിന്‍ ഗുരുങ്, നവ്‌ജോത് സിങ്, ഹരികൃഷ്ണ എ.യു, ശ്രേയസ് വി.ജി, നിഹാല്‍ സുധീഷ്, ധല്‍രാങ് സിങ്, പ്രദീഷ് എന്നിവരും നേവിക്കായി അണിനിരന്നു.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റവും ഇന്ത്യന്‍ നേവിയുടെ പ്രതിരോധവും തമ്മിലായിരുന്നു പോരാട്ടം. കനത്ത മഴയ്ക്കിടെയായിരുന്നു കളി. രാഹുല്‍ കെപിയുടെ ഗോള്‍ശ്രമത്തോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. കളിയുടെ ഏഴാം മിനിറ്റില്‍ നേവിയുടെ ബ്രിട്ടോയുടെ ഷോട്ട് അപകടമില്ലാതെ ഒഴിഞ്ഞുപോയി. ഇതിനിടെ അബ്ദുള്‍ ഹക്കു പരിക്കുകാരണം തിരിച്ചുകയറി. ഹോര്‍മിപാം പകരമിറങ്ങി. പതിനേഴാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ സുവര്‍ണാവസരം ബ്ലാസ്‌റ്റേഴ്‌സിന് കിട്ടി. ലൂണയുടെ കൃത്യതയാര്‍ന്ന ലോങ് ഷോട്ട് വലതുഭാഗത്ത് പ്രശാന്തിന്. ബോക്‌സിലേക്കുള്ള പ്രശാന്തിന്റെ ക്രോസ് രാഹുലിലേക്ക്. രാഹുലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചുകൊണ്ടിരുന്നു. പ്രശാന്ത് വലതുപാര്‍ശ്വത്തില്‍ മികച്ച നീക്കങ്ങള്‍ സൃഷ്ടിച്ചു. ലൂണയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങളുടെ ആസൂത്രകന്‍. ഇതിനിടെ നേവിതാരം ശ്രേയസിന്റെ കനത്ത അടി ആല്‍ബിനോ കുത്തിയകറ്റി.
28ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗോളിന് അരികെയെത്തി. ലൂണയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങുകയായിരുന്നു. പിന്നാലെ ലൂണയുടെ ഒറ്റയ്ക്കുള്ള കുതിപ്പ് നേവി ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ തടഞ്ഞു. സന്ദീപിന്റെ ബൈസിക്കിള്‍ കിക്ക് പുറത്തേക്ക് പോയി. മുപ്പത്തഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മുന്നേറ്റം കൂടി കണ്ടു. ഖബ്രയുടെ മനോഹരമായ ക്രോസ് ബോക്‌സിലേക്ക്. പ്രശാന്ത് കാല്‍ കൊരുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയില്ല. മറുവശത്ത് നിഹാലിന്റെ അപകടരമായ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നിര്‍വീര്യമാക്കി. സിപോവിച്ചിന്റെ നേതൃത്വത്തില്‍ പ്രതിരോധം നേവിക്ക് ഒരു പഴുതും നല്‍കിയില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ ആക്രമണം കണ്ടെങ്കിലും ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറി. ഇതിനിടെ നേവിതാരം സര്‍ബ്ജിതിന് മഞ്ഞക്കാര്‍ഡ് കിട്ടി. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കിട്ടിയ ഫ്രീകിക്ക് ലൂണ തൊടുത്തെങ്കിലും ബോക്‌സിനുള്ളില്‍ നേവി താരങ്ങള്‍ ക്ലിയര്‍ ചെയ്തു. അടുത്ത മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് വലയിലേക്ക് പാഞ്ഞെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അറുപതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. രാഹുലിന് പകരം ശ്രീക്കുട്ടനും ജീക്‌സണ് പകരം ആയുഷ് അധികാരിയും കളത്തിലെത്തി. 62ാം മിനിറ്റില്‍ ലൂണയുടെ ക്രോസ് നേവി ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ പിടിച്ചെടുത്തു. നേവിയുടെ പ്രത്യാക്രമണത്തില്‍ ശ്രേയസിന്റെ അടി ആല്‍ബിനോ തട്ടിയകറ്റി. പന്ത് മറ്റൊരു നേവി താരം ബ്രിട്ടോയുടെ കാലിലാണ് കിട്ടിയത്. ബ്രിട്ടോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയി.
എഴുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. ലൂണയുടെ പെനല്‍റ്റിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്. പ്രശാന്ത് നല്‍കിയ പന്തുമായി മുന്നേറിയ ശ്രീക്കുട്ടനെ ധല്‍രാജ് ബോക്‌സില്‍ വീഴ്ത്തുകയായിരുന്നു. റഫറി പെനല്‍റ്റിക്ക് വിസിലൂതി. ലൂണയുടെ കരുത്തുറ്റ കിക്ക് ഭാസ്‌കര്‍ റോയിയെ കാഴ്ചക്കാരനാക്കി. ഒരു ഗോള്‍ ലീഡില്‍ ബ്ലാസ്‌റ്റേഴ്‌സ് കളം പിടിച്ചു. അവസാന ഘട്ടത്തില്‍ വിന്‍സി ബരെറ്റോയും പുയ്ട്ടിയയും ലൂണയ്ക്കും പ്രശാന്തിനും പകരമെത്തി. ശ്രീക്കുട്ടനും ആയുഷും നേവി ഗോള്‍മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. മറുവശത്ത് നേവിയുടെ മുന്നേറ്റങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സമര്‍ഥമായി തടഞ്ഞു. 90ാം മിനിറ്റില്‍ ശ്രീക്കുട്ടന്റെ ഗോള്‍ശ്രമത്തെ നേവി പ്രതിരോധം തടഞ്ഞു. 15ന് ബംഗളൂരു എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. 21ന് ഡല്‍ഹി എഫ്‌സിയെ നേരിടും
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ