ഐ ലീഗ് കിരീടം കരസ്ഥമാക്കിയ ഗോകുലം കേരളയുടെ മലയാളി താരം, ഐ ലീഗ് ഈ സീസണിലെ എമർജിങ് പ്ലേയർ, സീസണിലുടനീളം ഗോൾമഴ പെയ്യിച്ച വയനാടിന്റെ സ്വന്തം പോക്കറ്റ് റോക്കറ്റ് എമിൽ ബെന്നിയുമായി ഐ എഫ് ടി ഡബ്ള്യൂ സി നടത്തിയ സുപ്രധാന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ…
- കാലങ്ങൾക്കു ശേഷം, ഒരുപാട് കാത്തിരിപ്പിനൊടുവിൽ ഐ ലീഗ് ചാമ്പ്യൻ പട്ടം കേരളത്തിന്റെ മണ്ണിൽ എത്തിയിരിക്കുകയാണല്ലോ, എന്തു തോന്നുന്നു?
വളരെ അധികം സന്തോഷം തോന്നുന്നു ഈ വേളയിൽ, ഐലീഗിൽ എന്റെ ആദ്യ സീസൺ ആണ് ഇത്. റിസർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്ക് എത്താനും അവിടെ നിന്നും ഇത്ര വലിയൊരു വേദിയിൽ കളിക്കാനും അവസാനം ടീമിനൊപ്പം കപ്പുയർത്താനും സാധിച്ചത് എന്നെസംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷമുള്ള കാര്യമാണ്.
- കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഐ എഫ് ടി ഡബ്ള്യൂ സി എമിലിനെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് സാക്ഷാൽ ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി വളർന്നുകൊണ്ട് എമർജിങ് പ്ലേയർ ട്രോഫിയും കാരസ്ഥമാക്കിയിരിക്കുന്നു. ഈ നേട്ടത്തിൽ എമിൽ എത്രത്തോളം സന്തുഷ്ടനാണ്?
വളരെ അധികം സന്തോഷമുണ്ട്. ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ കളിക്കാൻ കഴിയും എന്നൊന്നും. ഇതിപ്പോ എന്റെ ആദ്യ സീസൺ ആണ്, ആദ്യമായിട്ടാണ് ഞാൻ ഐ ലീഗ് കളിക്കുന്നത്. അതിൽ തന്നെ നല്ല പോലെ കളിക്കാൻ പറ്റുകയും എമെർജിങ് പ്ലയർ പുരസ്കാരം നേടാനായി എന്നു പറയുമ്പോഴും എന്താ പറയുക എന്നെനിക്കറിയില്ല. വളരെ അധികം സന്തോഷമുണ്ട്. അതങ്ങനെ പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഞാൻ ഇതൊന്നും, എങ്ങനെയെങ്കിലും ടീമിൽ വന്നാൽ മതി എന്നായിരുന്നു എനിക്ക്. ഇതിപ്പോ കളിക്കാൻ അവസരവും കിട്ടി ഒപ്പം നല്ല പോലെ കളിക്കാനും പറ്റി. എനിക്ക് ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിത്, സന്തോഷം.
- കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗ് ഫൈനലിലെ നിരാശയ്ക്കു പകരമായി ഈ സീസണിൽ മിന്നും പ്രകടനം, അതും ഫൈനൽ മത്സരത്തിൽ വലകുലുക്കി സ്വപ്നതുല്യമായ തേരോട്ടം. എമിൽ ബെന്നി എന്ന മലയാളികളുടെ പോക്കറ്റ് റോക്കറ്റിന് ഫൈനലിലെ ആ വിജയഗോളിനെ ഒന്നു വിവരിക്കാൻ സാധിക്കുമോ?
അതിപ്പോൾ നമ്മളെ സ്നേഹിക്കുന്നവരുടെ അനുഗ്രഹവും പ്രാർത്ഥനയും ഒകെ ഉള്ളത് കൊണ്ടു കിട്ടിയതാണ്. ഗോൾ അടിച്ച ആ നിമിഷം എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെയായിപോയി, അതൊരു വല്ലാത്ത സമയമാണ്. ഒരുപക്ഷെ ഞാൻ ആ ഗോൾ അടിക്കാതെ ടീം തോൽവി ഏറ്റുവാങ്ങിയിരുന്നെങ്കിൽ വലിയ വിഷമമായേനെ. കാരണം അതിനു മുൻപ് ഞാൻ രണ്ട് തുറന്ന അവസരങ്ങൾ മിസ്സ് ചെയ്തിരുന്നു.
- ഇറ്റാലിയൻ ആക്രമണഫുട്ബോൾ വക്താവായ ഹെഡ് കോച്ച് അന്നീസേയുടെ ചാണക്യതന്ത്രങ്ങൾക്ക് എത്രത്തോളം ടീമിന്റെ വിജയത്തിൽ പങ്കുണ്ട്? ടീമിലെ താരങ്ങൾക്ക് എല്ലാവർക്കും ഇതിനോട് ഇഴുകിച്ചേരാൻ വേഗം സാധിച്ചുവോ?
കോച്ച് അടിപൊളിയാണ്. കോച്ചിന്റെ രീതികൾ തന്നെ ആണ് അവസാനം വരെ താരങ്ങൾ എല്ലാവരും ഫോളോ ചെയ്തിരുന്നത്. കോച്ച് പൂർണ്ണമായും അറ്റാക്കിങ് ഫുട്ബോൾ ആയിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. അതൊക്കെ തന്നെ ആണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. പക്ഷെ, ആദ്യമൊക്കെ കോച്ചിന്റെ രീതികളോട് ഇഴുകിച്ചേരാൻ കുറച്ചു പ്രയാസം തോന്നിയിരുന്നു എന്നത് സത്യമാണ്. അതായിരുന്നു ആദ്യത്തെ രണ്ടുമൂന്നു മത്സരങ്ങൾ നന്നായി കളിക്കാൻ കഴിയാതിരുന്നത്. പിന്നെ എല്ലാം ശരിയായി വന്നു. ഫൈനലിൽ തോറ്റു നിൽക്കുമ്പോഴുള്ള സമയത്തും കോച്ച് അറ്റാക്ക് ചെയ്തുകൊണ്ട് കളിക്കാനാണ് പറഞ്ഞത്. കോച്ചിന്റെ തീരുമാനങ്ങളോട് ടീം ആകെ ഒരുമിച്ച് ഒത്തൊരുമയോട് കൂടി കളിച്ചു, അതുകൊണ്ട് കപ്പ് നേടാൻ കഴിഞ്ഞു എന്നു പറയാം.
- ഗോകുലം കേരള ഐ എസ് എൽ പ്രവേശം, കളിച്ചു തന്നെ നേടുമെന്ന് വി സി പ്രവീൺ പ്രത്യാശിക്കുന്നു. ഈ ടീമിന്റെ ഐ എസ് എൽ പ്രവേശത്തെ എമിൽ എങ്ങനെ നോക്കിക്കാണുന്നു?
ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ വന്നാൽ വളരെ നല്ലതായിരിക്കും. ഒരുപാട് താരങ്ങൾക്ക് അവരുടെ കളി കാണിക്കാൻ അവസരം ലഭിക്കും. ഐ എസ് എൽ കളിക്കാൻ ക്വാളിറ്റി ഉള്ള കളിക്കാരുണ്ട് ഗോകുലം ടീമിൽ.
- മറ്റു ക്ലബ്ബ്കളിൽ നിന്നും ഓഫറുകൾ വന്നുതുടങ്ങി എന്നു കേട്ടിരുന്നു, പുതിയ വിവരങ്ങൾ എന്തൊക്കെയാണ്. ഒപ്പം, ഗോകുലത്തിൽ നിന്നും ഒരു മാറ്റത്തിനു സാധ്യതയുണ്ടോ?
ഓഫറുകളൊന്നും ഇപ്പൊൾ വന്നിട്ടില്ല, ഇനി വരുമോ എന്നറിയില്ല. ഗോകുലം കേരളയിൽ തന്നെ തുടരണം എന്നാണ് വിചാരിക്കുന്നത്.
- ഒട്ടനവധി മലയാളി താരങ്ങളെ ഉൾപ്പെടുത്തിയാണല്ലോ ഇത്തവണ ഐ ലീഗ് കളിക്കാൻ ഗോകുലം കടന്നുവന്നത്. ടീമിലെ മലയാളി താരങ്ങളുടെ പ്രകടനവും ഹെഡ് കോച്ച് അന്നീസേയുടെ കീഴിലെ കളിക്കാരുടെ കളിയിലെ പുരോഗമനവും എങ്ങനെയായിരുന്നു?
കൂടുതൽ മലയാളി താരങ്ങൾ ഈ പ്രാവശ്യം ടീമിൽ ഉണ്ടായിരുന്നു. കോച്ച് എല്ലാ കളിക്കാർക്കും അവസരം നൽകാറുണ്ട്. എല്ലാവരും നല്ല പോലെ കളിക്കുന്നുമുണ്ട്. കോച്ചിന്റെ ക്യാമ്പ് കാര്യങ്ങൾ ഒക്കെ വളരെ നല്ലതാണ്. പുതിയ രീതിയിൽ ഉള്ള കാര്യങ്ങൾ ആണ് കോച്ച് പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ താരങ്ങൾക്ക് മികച്ച പുരോഗമനങ്ങൾ വരുന്നുമുണ്ട്.
- എമിൽ ബെന്നി ഫാൻ ക്ലബ്ബും മറ്റും ശ്രദ്ധയിൽ പെട്ടിരുന്നു, ഈ വലിയ നേട്ടത്തിന്റെ വേളയിൽ എമിലിന്റെയും ഗോകുലത്തിന്റെയും ആരാധകരോടായി എന്താണ് പറയാനുള്ളത്?
എപ്പോഴും എല്ലാവരുടെയും സ്നേഹവും പിന്തുണയും ഉണ്ടാവണം. എല്ലാവരുടെയും പ്രചോദനങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ കളിക്കുന്നത്. എല്ലാവരേയും ഇതേ പോലെ സപ്പോർട്ട് ചെയ്യണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.
- കേരളത്തിൽ നിന്നും ഒരു പുതിയ ക്ലബ്ബ്, പിറന്നു വീണിട്ടു വെറും നാലു വർഷങ്ങൾക്കുള്ളിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ദേശീയ കിരീടം, നാഷണൽ ലീഗ് കിരീടം നേടിയ കേരളത്തിലെ ഒരേയൊരു ക്ലബ്ബ്, ഡ്യൂറന്റ് കപ്പ് നേടിയ കേരളത്തിലെ ആദ്യ ക്ലബ്ബ്, അങ്ങനെ ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേയ്ക്കു കുതിക്കുന്ന ഗോകുലം കേരളയുടെ ഈ വിജയത്തിന്റെ യദാർത്ഥ രഹസ്യം എന്താണ് എന്നാണ് തോന്നുന്നത്?
ക്ലബ് ആരംഭിച്ചിട്ട് നാലുവർഷങ്ങളെ ആയിട്ടുള്ളു. എങ്കിലും, ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞ നാലു വർഷങ്ങളിൽ അവർക്ക് നേടാനുള്ളതെല്ലാം അവർ നേടികഴിഞ്ഞിരിക്കുന്നു. ഗോകുലത്തിന്റെ വിജയം അവരുടെ താരങ്ങളാണ്, ഒപ്പം അവരുടെ നേട്ടങ്ങളാണ് ഈ ക്ലബ്ബിന്റെ വിജയം. കൃത്യതയും വ്യക്തതയും പ്രൊഫഷനാലിസവും ഒരുപാടുള്ള മാനേജ്‌മെന്റാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. അതൊക്കെത്തന്നെയാവും ഈ മികച്ച വിജയങ്ങളിലേയ്ക്കു ക്ലബ്ബിനെ എത്തിച്ചത്.
- വിദേശ താരങ്ങളുമായുള്ള ബന്ധം എങ്ങനെയായിരുന്നു? ഒരു കളിക്കാരൻ എന്ന നിലയിൽ എന്തൊക്കെ ഗുണങ്ങൾ അവർക്കൊപ്പം പന്തുതട്ടിയപ്പോൾ ലഭിച്ചു?
അവരെല്ലാവരും മികച്ചവരാണ്. ആർക്കും സീനിയർ-ജൂനിയർ വലുപ്പചെറുപ്പങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങളിൽ ഒരാളെപോലെയായിരുന്നു അവർ ഓരോരുത്തരും. അവരുടെ കൂടെ കളിക്കുന്നത് തന്നെ സുഖമാണ്, എല്ലാ കാര്യങ്ങളും നിർദ്ദേശങ്ങളും അവർ നമുക്ക് പറഞ്ഞുതരും. പരിചയസമ്പന്നരായതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു എന്നു പറയാം. സത്യത്തിൽ അവരുടെ കൂടെ ഒക്കെ കളിക്കുക എന്നു പറയുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലേ.
Follow IFTWC via our website, Instagram, Twitter, Facebook, and Telegram pages/channels for all the latest updates on Indian Football and download our app from the play store.