കൊച്ചി, ജൂലൈ 31, 2021: ബോസ്‌നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ച്, 2021/22 ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. താരവുമായുള്ള കരാര്‍ കെബിഎഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ചെന്നൈയിന്‍ എഫ്‌സിക്കായി ഒരു വര്‍ഷത്തോളം പന്തുതട്ടിയ ശേഷമാണ് എനെസ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
സരജേവോയിലെ ബോസ്‌നിയന്‍ ക്ലബായ സെല്‍ജെസ്‌നികറില്‍ കളിച്ചുതുടങ്ങിയ സിപോവിച്ച്, പിന്നീട് റൊമാനിയന്‍ ക്ലബ് എസ്‌സി ഒടെലുല്‍ ഗലാറ്റിയില്‍ ചേര്‍ന്നു. ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെ.വി.സി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ & ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ്‌കെ സെല്‍ജെസ്‌നികറിലേക്ക് തന്നെ മടങ്ങി.
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരമാവും സിപോവിച്ച്.
സെറ്റ് പീസുകളിലും പൊസിഷനിങിലും സമര്‍ഥനായ, വിശ്വസ്തനായ പ്രതിരോധക്കാരനാണ് എനെസ് സിപോവിച്ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം, ഒരു മികച്ച ടീം താരമാണ് എനെസ്. കേരളത്തെ പ്രതിനിധീകരിക്കുന്നതിന് അദ്ദേഹം വലിയ പ്രേരണ കാണിച്ചു, അതിനാല്‍ ഞാന്‍ സന്തോഷവാനാണ്, ഉടനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു-കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
അതിശയകരമായ ആരാധക സൈന്യമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എനെസ് സിപോവിച്ച് പ്രതികരിച്ചു. എന്റെ പ്രവര്‍ത്തനങ്ങള്‍ എനിക്കായി സംസാരിക്കുന്നുവെന്ന് പറയാന്‍ എനിക്കാവും. അതിനാല്‍ കളിക്കളത്തില്‍ ഞാന്‍ അത്യുച്ചത്തിലായിരിക്കും-എനെസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണ ടീമിലെത്തിയതിന് ശേഷം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്ന രണ്ടാമത്തെ വിദേശ താരമാണ് എനെസ് സിപോവിച്ച്.
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി IFTWC ഫോളോ ചെയ്യൂ