- ഒരു മലയാളി താരമെന്ന നിലയിൽ ഈ ഉയർച്ചയെ, ജംഷാദ്പൂർ പോലെയുള്ള ഒരു വലിയ ക്ലബ്ബിലേയ്ക്ക് അവസരം ലഭിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു?
വലിയ സന്തോഷം തന്നെയാണ് ആദ്യം കേട്ടപ്പോൾ ഉണ്ടായിരുന്നത്. മാറ്റത്തിന് മുൻപ് വിവിധ ക്ലബ്ബ്കളിൽ നിന്നും എനിക്ക് ഓഫറുകൾ കിട്ടിയിരുന്നു, അതിൽ തന്നെ ഏറ്റവും മികച്ച മൂന്നോ നാലോ ക്ലബ്ബ്കളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ് ജംഷാദ്പൂർ എഫ് സി. തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം, ഐ ലീഗിൽ തന്നെ ഇത്രയും അവസരവും ഈ പ്രകടനവും ഞാൻ സത്യത്തിൽ പ്രതീക്ഷിച്ചതേയല്ല. ഈ വർഷം സീനിയർ ടീമിൽ ഗോകുലത്തിനൊപ്പം കളിക്കുക, അടുത്ത വർഷങ്ങളിൽ ഐ ലീഗ് കൃത്യമായി മനസിലാക്കി ശേഷം അവസരമുണ്ടെങ്കിൽ മുകളിലേയ്ക്ക് വരുന്ന വർഷങ്ങളിൽ കടക്കാം എന്ന പ്ലാൻ ആയിരുന്നു എനിക്ക്, പക്ഷേ അപ്രതീക്ഷിതമായി സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ കളിക്കാൻ എനിക്ക് കഴിയുകയും വിവിധ ക്ലബ്ബ്കളിൽ നിന്നും ഓഫറുകൾ ലഭിക്കുകയും ചെയ്തു.
- ജംഷാദ്പൂർ എഫ് സിയിലേയ്ക്കുള്ള ഓഫർ എങ്ങനെയായിരുന്നു, എന്തൊക്കെയാണ് പുതിയ ക്ലബ്ബിൽ നിന്നും പ്രതീക്ഷിക്കുന്നത്? ഒപ്പം ഗോകുലം എങ്ങനെയാണ് ഈ ട്രാൻസ്ഫറിനോട് പ്രതികരിച്ചത്?
പ്രധാനമായും കളിസമയം തന്നെയാണ്, വലിയ ക്ലബ്ബ്കളിൽ പോവുകയും ബെഞ്ചിൽ ഇരിക്കേണ്ടിവരികയും ചെയ്യുന്ന താരങ്ങൾക്കിടയിൽ കിട്ടിയ ഓഫറുകളിൽ നിന്നും കളിസമയം കിട്ടുമെന്ന് ഉറപ്പുള്ള ഒരു ക്ലബ്ബിൽ കരാറിലേർപ്പെടാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. വിവിധ പൊസിഷനുകളിൽ കളിക്കാൻ എനിക്ക് കഴിയും എന്നത് അവരെ ആകർഷിച്ച വസ്തുതയായി തോന്നുന്നു, കരാറിൽ നിലവിൽ പ്ലെയിങ് ടൈം തരുമെന്ന കാര്യമൊന്നും സൂചിപ്പിച്ചിട്ടില്ല എങ്കിലും എന്റെ ആത്മവിശ്വാസം പരമാവധി സമയം കളിക്കാൻ കിട്ടുമെന്നുതന്നെയാണ്. വിങ് ബാക്കിൽ റിക്കി പോലുള്ള താരങ്ങൾ ഉണ്ട് എന്നത് എനിക്ക് അവസരത്തിനായി പൊരുതാനുള്ള ഊർജ്ജമാണ്. നരേന്ദർ കൊട്ടാൽ ക്ലബ്ബ് വിട്ടിരിക്കുന്നു, അതിനാൽ കൂടെ സ്റ്റോപ്പർ പൊസിഷനിൽ ആരായിരിക്കും എന്നത് കണ്ടറിയണം.
ഗോകുലം നല്ല സമീപനമായിരുന്നു, ട്രാൻസ്ഫർ ഫീ നൽകാൻ തയ്യാറായി ക്ലബ്ബ് സമീപിച്ചപ്പോൾ വിട്ടു നൽകുകയാണ് ചെയ്തത്.
- ഗോകുലം കേരള എഫ് സിയിലെ നാളുകളിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കാമോ?
ഒരു വർഷമാണ് ഞാൻ അവിടെയുണ്ടായിരുന്നത്, സീനിയർ ടീമിനൊപ്പം നന്നായി കളിക്കാൻ പറ്റിയെന്നു തോന്നുന്നു. കേരള പ്രീമിയർ ലീഗിൽ കെ എസ് ഈ ബി യിലാണ് കളിച്ചിരുന്നത്, അവിടെ നിന്നും എന്നെ നേരെ ഗോകുലം തങ്ങളുടെ തട്ടകത്തിൽ എത്തിക്കുകയാണ് ചെയ്തത്, പ്രവീൺ സാറാണ് എന്നെ വിളിച്ചതും ക്ലബ്ബിലേയ്ക്ക് ക്ഷണിച്ചതും. ഗോകുലത്തിലെ നാളുകൾ എന്റെ കരിയറിൽ വളരെ വിലപ്പെട്ടതാണ്, പരിചയമുണ്ടായിരുന്ന താരങ്ങളെ ഒക്കെത്തന്നെ അവിടെയും കാണാൻപറ്റി, ഒപ്പം കളിക്കാൻ പറ്റി എന്നതിനാൽ തന്നെ നല്ല കോ ഓർഡിനേഷൻ വർക്ക് ഔട്ട് ചെയ്യാൻ സാധിച്ചു. ടീമിലെ എല്ലാവരും ഒരേപോലെ തന്നെ മികച്ച സൗഹൃദം വച്ചുപുലർത്തുന്ന ആളുകളായിരുന്നു എന്നതിനൊപ്പം മികച്ച പിന്തുണയുമായിരുന്നു. മികച്ച ഒട്ടനവധി ഓർമ്മകൾ സമ്പാദിക്കാൻ അവിടെയെനിക്കു സാധിച്ചു, കൊൽക്കത്തയിലെ നാളുകൾ വളരെ രസമായിരുന്നു. കോച്ച് അന്നീസേ നന്നായി തന്നെ ടീമിനെ മുന്നോട്ട് നയിച്ചു; അദ്ദേഹം അത്ര ഫ്രാൻഡ്ലി ആയിരുന്നില്ല, ഒരു പ്രൊഫഷണൽ കോച്ചിന്റേതായ ഗൗരവം കൈമുതലായി സൂക്ഷിച്ച അദ്ദേഹം പക്ഷേ പരിശീലന സമയങ്ങളിൽ ഞങ്ങളിലൊരാളായിരുന്നു.
ഐ ലീഗിൽ ആകെ എല്ലാ മത്സരങ്ങളും എനിക്ക് കളിക്കാനായി, എ എഫ് സിയിലെ മൂന്നു കളികളും കൂടെ ആകെ ഇരുപത് കളികൾക്കു മുകളിൽ എനിക്ക് അവസരം കിട്ടി ഈ സീസണിൽ. പ്രകടനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ നാളുകൾക്കു ശേഷമാണ് ഞാൻ വിങ് ബാക്ക് പൊസിഷനിലേയ്ക്കു വരുന്നത്, മുൻപ് സ്റ്റോപ്പർ ബാക്ക് കളിച്ചിരുന്ന ഞാൻ അവിടേയ്ക്കുള്ള കൂടുമാറ്റത്തിൽ പൊരുത്തപ്പെടാൻ ചെറുതായി കഷ്ടപ്പെട്ടു എങ്കിലും എല്ലാം നന്നായി പോയി. ടീമിൽ മൂന്ന് അസിസ്റ്റും ഒരു ഗോളുമുൾപ്പടെ ചെയ്യാൻ പറ്റുന്നതിൽ പരമാവധി ചെയ്തുകൊടുത്തു എങ്കിലും ഒരു പ്ലേയർ എന്നനിലയിൽ ഇനിയും മെച്ചപ്പെടാൻ ഒരുപാടുണ്ട്, അതിന്റെ പരിശ്രമങ്ങളും നടക്കുന്നു നിലവിൽ. ആകെ പ്രകടനത്തിൽ സന്തുഷ്ടനാണ്, കാരണം ടീമിന്റെ വിജയങ്ങളിൽ കൂടെ നിന്നു പൊരുതുക എന്നത് വലിയൊരു കാര്യമായി ഞാൻ കാണുന്നു. ഐ ലീഗ് വിജയം അതിനുദാഹരണമാണല്ലോ.
- ഗോകുലത്തിലെ ഐ ലീഗ് കിരീടജേതാവായ ഉവൈസിനും മുൻപ് കെ എസ് ഈ ബിയിലെ ഒരു മെലിഞ്ഞ പയ്യൻ ഉവൈസ് ഉണ്ടായിരുന്നു, എന്തിനെയും അവസരമായി കണ്ടു പരിശ്രമിക്കുന്ന ഒരു മെലിഞ്ഞ ശരീരപ്രകൃതിയുള്ള മിടുക്കൻ! ആ ഉവൈസിൽ നിന്നുമുള്ള വളർച്ച എങ്ങനെയായിരുന്നു? ആരൊക്കെയാണ് കൂടെയുണ്ടായിരുന്നത്?
അച്ഛനാണ് എന്റെ ഹീറോ, അദ്ദേഹമാണ് എന്നെ ഈ നിലയിലേക്ക് എത്തിച്ചത് എന്നു നിസ്സംശയം പറയാം. അമ്മയും എന്റെ കോച്ചുമാരും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ ഈ യാത്രയിൽ എനിക്ക് വഴിതെളിച്ചു തന്നവരാണ്. വിമർശനങ്ങളുടെ ഇടയിലും എന്നെ സംരക്ഷിച്ചു കൂടെ നിന്നത് അവരാണ്, നമ്മുടെ നാട്ടിലെ പൊതുവെയുള്ള കാഴ്ചപ്പാടും “കളികൊണ്ടൊന്നും ഒന്നും നേടാൻ കഴിയില്ല ” എന്നതാണല്ലോ. അതിൽനിന്നും മാറ്റം വരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അന്ന് പഠിക്കാനും നല്ല നിലയിൽ എത്താനും പറഞ്ഞവരൊക്കെയും ഇപ്പൊ ഈ പുതിയ ചുവടുവയ്പ്പു കണ്ട് ആശ്ചര്യത്തോടെയിരിക്കുകയാണ്. മുൻപ് പുച്ഛിച്ചവരൊക്കെയും ഇപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുകയും നല്ലതു പറയുകയും ചെയ്യുന്നു എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ നാട്ടിലില്ലായിരുന്ന സമയത്തൊക്കെയും ഈ പുച്ഛിക്കലും കുറ്റപ്പെടുത്തലും നടന്നിരുന്നുവെങ്കിലും വാപ്പയും ഉമ്മയും അതൊന്നും എന്നെ അറിയിച്ചിരുന്നില്ല. ബുദ്ധിമുട്ടുകളും വിഷമങ്ങളും എന്നെ അവരറിയിച്ചില്ല, ഇല്ലായ്മകളിലും അവർ അവസരം കണ്ടെത്തി എനിക്കുവേണ്ടി നിലകൊണ്ടു. ഒരു കുറവും ഒന്നിലും അച്ഛൻ വരുത്തിയിട്ടില്ല. ഐ ലീഗിലെ കിരീടനേട്ടം കഴിഞ്ഞു വാപ്പയ്ക്കു സന്തോഷം അടക്കാൻ പറ്റാത്ത നിലയായിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എന്നെ ഒരു നല്ല കളിക്കാരനായി അംഗീകരിക്കണമെങ്കിൽ ഞാൻ ഇന്ത്യൻ ദേശീയ ടീമിന്റെ നീലക്കുപ്പായത്തിൽ കളിക്കുകതന്നെവേണം, എന്റെ നിലവിലെ കൊച്ച് ജാലി പി ഇബ്രാഹിമും ഇതേ അഭിപ്രായക്കാരനാണ്. അതുതന്നെയാണ് ഇപ്പോളെന്റെ ലാക്ഷ്യവും! ടോപ്പ് ലെവൽ ഫുട്‌ബോൾ കളിക്കുക എന്നതിനൊപ്പം ദേശീയ ടീമിനൊപ്പം കളിക്കുകതന്നെവേണം. ഒരു ഐ എസ് എൽ താരം എന്ന ലേബലാണ് ഉള്ളത്, അവിടെ നിന്നും ഇന്ത്യൻ ഇന്റർനാഷണൽ എന്ന നിലവരത്തിലേയ്ക്കുള്ള തീരാ യാത്രയിലാണ് ഞാൻ. എന്നോടൊപ്പം നിൽക്കാൻ മേൽപ്പറഞ്ഞ എന്റെ പ്രിയപ്പെട്ടവരും. സുനിൽ ഛേത്രിയുടെ അച്ചടക്കം ഈ കാര്യത്തിൽ മാതൃകയായി എടുക്കാനാണ് എനിക്കിഷ്ടം, ആ നിലവാരത്തിൽ കളിക്കുകയും ഡയറ്റും ഡിസിപ്ലിനും അതേ രീതിയിൽ കൊണ്ടുനടക്കാനും കഴിയണം. നേടാൻ കഴിയുന്നതിൽ പരമാവധി ഞാൻ നേടി എന്ന നിലയിൽ കളിയവസാനിപ്പിക്കാൻ പറ്റണം, അതാണ് ഏവരുടെയും പോലെ എന്റെയും സ്വപ്നവും.
- നിലവിലെ പേഴ്‌സണൽ ട്രെയിനർ ആരാണ്, ആരൊക്കെയാണ് ഈ കളിയിൽ ഉവൈസിന്റെ നിലവിലെ അധ്യാപകർ?
എന്റെ വാപ്പയും ജാലി പി ഇബ്രാഹിം കോച്ചും ആണ് നിലവിൽ എന്റെ എല്ലാ വിജയങ്ങൾക്കും കാരണം എന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. ഇന്ന് ഞാൻ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ട് എങ്കിൽ അത് അവർ കാരണമാണ്, അമർജിത്ത്, സന്ദേശ് ജിങ്കാൻ, അനസ് എടത്തോടിക്ക പോലെയുള്ള ഇന്റർനാഷണൽ താരങ്ങൾക്ക് പരിശീലനം നൽകിയ അദ്ദേഹത്തിന്റെ സേവനം എന്നെപോലെയുള്ള കളിക്കാർക്ക് കിട്ടുന്നു എന്നതുതന്നെ വലിയ കാര്യമാണ്. എന്റെ പത്തൊൻപതാം വയസ്സിലാണ് അദ്ദേഹം എന്റെ കോച്ച് ആയി വരുന്നത്, അവിടെ നിന്നും എന്റെ വ്യക്തികത പരിശീലനങ്ങളുടെ കടിഞ്ഞാൺ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്. ഡയറ്റ് മുതൽ കളിയിലെ ടാകെട്ടിക്കൽ വശങ്ങൾ വരെയുള്ള എല്ലാകാര്യങ്ങളും മനസിലാക്കി പറഞ്ഞു തരുന്ന അദ്ദേഹം കൂടെയുള്ളതിനാൽ മറ്റാരോടും എനിക്ക് സഹായങ്ങൾ കാര്യമായി ചോദിക്കേണ്ടിവരാറില്ല. വാപ്പയുടെ പിന്തുണയ്ക്കൊപ്പം ജാലി കോച്ചിന്റെ ശ്രമങ്ങളും തന്നെയാണ് എന്നെ ഞാനാക്കിയത്. നിലവിൽ ഗോവയിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പരിശീലനം തുടർന്ന് പോകുന്നത്, അമർജിത്ത്, ക്രിസ്റ്റി മോളി ഡേവിസ്, അഖിൽ പ്രവീൺ, മറ്റു ഗോകുലം താരങ്ങൾ ഒക്കെയായി എല്ലാം നന്നായി പോകുന്നു.
- ഐ ലീഗിന്റെ നിലവാരത്തിൽ നിന്നും ഒറ്റ കുതിപ്പിൽ ഐ എസ് എൽ പോലുള്ള വളരെ കവറേജുള്ള, കൂടുതൽ ഇൻഫ്രാസ്ട്രക്ചറുള്ള, നിലവാരമുള്ള ഒരു ലീഗിലേയ്ക്കുള്ള മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു? പൂർത്തീകരിക്കാനുള്ള ആഗ്രഹങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടാവും?
കാര്യമായി കൂടുതൽ കളിക്കാൻ പറ്റണം, കളിസമയം കൂടുതൽ കിട്ടണം എന്ന ആഗ്രഹം തന്നെയാണ് ഉള്ളത്. പ്രഷർ എന്നൊരു സംഗതിയെക്കുറിച്ചു ഞാനിതുവരെ ചിന്തിച്ചിട്ടില്ല, ഞാൻ പൊതുവെ ആ കാര്യങ്ങളിൽ വ്യാകുലപ്പെടാറില്ല എന്നതാണ് വാസ്തവം. ആകെയുള്ള ഒരു ലക്ഷ്യം പരമാവധി സമയം കളിക്കുക എന്നതുതന്നെയാണ്. നന്നായി കളിക്കണം, ടീമിന് വേണ്ടി ചെയ്യാൻ പറ്റുന്നതൊക്കെയും ചെയ്യണം എന്നതാണ് ആഗ്രഹം.
- കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിൽ ഉവൈസിന്റെ പേര് കാര്യമായി കേട്ടുപരിചയമുണ്ടായിരുന്നില്ല എന്നതൊരു വസ്തുതയാണ്, കാരണമെന്താണ്?
ഞാൻ ആ നിലയിൽ കാര്യമായി കളിച്ചിട്ടില്ല, യൂണിവേഴ്‌സിറ്റി, സതോഷ് ട്രോഫി, ജില്ലാ ടീം, കേരള ടീം അങ്ങനെ യാതോന്നിലും ഞാൻ കളിച്ചിട്ടില്ല, കേരള പ്രീമിയർ ലീഗ്, സെക്കൻഡ് ഡിവിഷൻ, ഐ ലീഗ്, ഇപ്പോൾ ഐ എസ് എൽ… വിചിത്രമായൊരു യാത്രയാണ് സത്യത്തിൽ. അതിനാൽ തന്നെ സ്വന്തം നാടെന്നോ കേരളമെന്നോ ഉള്ള സെന്റിമൻസ് എനിക്ക് കുറവാണ് കളിയുടെ കാര്യത്തിൽ. നാട്ടിൽ നിന്ന് കളിക്കാൻ പൊതുവെ താല്പര്യം കുറവുള്ളയാളാണ് ഞാൻ, സാധാരണ എല്ലാവർക്കും ആഗ്രഹങ്ങളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒരു സ്ഥാനം എന്നത് സ്ഥിരമായി ഉണ്ടാകുന്നതാണ്, പക്ഷേ എനിക്ക് നേരെ തിരിച്ചാണ്. നാടിനോടടുത്തു നിന്നാൽ എന്റെ ഫോക്കസ് നഷ്ടപ്പെടും എന്നതുകൊണ്ടാണ് അത്, മറ്റുപലതിലേയ്ക്കും ശ്രദ്ധ മാറും എന്നത് ഞാൻ പറയാതെതന്നെ അറിയാമല്ലോ. നാട്ടിൽ നിന്ന് കളിക്കുക എന്നതിലും കൂടുതൽ പുറത്തു നിന്നു കളിക്കുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എന്റെ മിക്കവാറും ക്ലബ്ബ്കൾ പുറത്തുള്ളവയായിരുന്നു, അണ്ടർ പതിനെട്ട് ഐ ലീഗ് ആയാലും മോഹൻ ഭഗാൻ അക്കാദമിയിലെ പരിശീലനമായാലും സുദേവായിലെ സമയമായാലും. എഫ് സി കേരളയിലും എഫ് സി തൃശൂരിലും കളിച്ച ശേഷം വീണ്ടും പുറത്തേയ്ക്ക്, ഓസോൺ എഫ് സിയിൽ; ശേഷം ബെംഗളൂരു യുണൈറ്റഡിൽ. കേ എസ് ഈ ബി, ഗോകുലം എന്നിവ പിന്നീടാണ്, ഇപ്പോൾ ജംഷാദപ്പൂരും. വാസ്തവത്തിൽ ഇവിടെയാവുമ്പോൾ നമ്മളും ഫുട്‌ബോളും മാത്രമായിരിക്കും, അലട്ടാനും ഫോക്കസ് മാറ്റാനും നമുക്കിടയിൽ മറ്റൊന്നുമില്ല, അതുതന്നെ ധാരാളം! ഇനി അവസരം ലഭിച്ചാൽ പുറംനാടുകളിൽ പോയി പന്തുതട്ടാനും എനിക്ക് താല്പര്യമുണ്ട്. അവിടുത്തെ ഫുട്‌ബോളും സംസ്കാരവും ഒക്കെ അറിയാമല്ലോ.
- നിലവിലെ നേട്ടത്തിൽ എത്രത്തോളം ആരാധകരോട് കടപ്പെട്ടിരിക്കുന്നു, ഒപ്പം ആരാധകരോടായി എന്താണ് പറയാനുള്ളത് ഉവൈസ് എന്ന ഈ മിടുക്കന്?
സന്തോഷം മാത്രം, എന്താണ് ഇവിടെ പറയേണ്ടത് എന്നറിയില്ല. ആരെയും നിരാശപ്പെടുത്താൻ എനിക്ക് താൽപര്യമില്ല, ഞാൻ നിങ്ങൾക്കുവേണ്ടി നന്നായി കളിക്കും. മറ്റെല്ലാവരെയും പോലെ എന്നെയും ചേർത്തു പിടിക്കണമെന്നു മാത്രവുമാണ് പറയാനുള്ളത്. എല്ലാവർക്കും നന്ദി!
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ