കൊല്‍ക്കത്ത: ഡുറണ്ട് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാ എഫ്.സി പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സ് എസ്.സിയോട് 1-0ത്തിന് പരാജയപ്പെട്ടാണ് ഗോകുലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 44ാം മിനുട്ടില്‍ മാര്‍കസ് ജോസഫ് മുഹമ്മദന്‍സ് എസ്.സിയുടെ വിജയഗോള്‍ നേടി. ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാംപ്യന്മാരായെത്തിയ ഗോകുലത്തിനെതിരേ മുഹമ്മദന്‍സ് എസ്.സി മികച്ച മത്സരമാണ് പുറത്തെടുത്തത്. ഗോകുലത്തിന്റെ മുന്നേറ്റനിര താരങ്ങളായ ചികത്താരയെയും റഹീം ഒസ്മാനുവിനെയും പ്രതിരോധത്തില്‍ പൂട്ടിയ മുഹമ്മദന്‍സ് എസ്.സി മാര്‍കസ് ജോസഫിലൂടെ ഗോകുലം ഗോള്‍മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളും നടത്തി.
മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഗോകുലമായിരുന്നു. 42ാം മിനുട്ടില്‍ ചികത്താരയുടെ ക്രോസില്‍ നിന്ന് പ്രതിരോധതാരം അമിനോ ബൗബ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലിയിലേക്ക് ഷോട്ടുതിര്‍ത്തു. പക്ഷേ ഓഫ്‌സൈഡ് പൊസിഷനിലുണ്ടായിരുന്ന റഹീം പന്ത് ടച്ച് ചെയ്തതിനാല്‍ ഗോകുലത്തിന്റെ ഗോള്‍ നിഷേധിച്ചു. തെട്ടടുത്ത നിമിഷം തന്നെ മാര്‍കസ് ജോസഫിലൂടെ മുമ്മദന്‍സ് ലീഡെടുത്തു. 64ാം മിനുട്ടില്‍ റഹീം ഒസ്മാനുവിന്റെ ഗോള്‍ശ്രമം മുഹമ്മദന്‍സ് എസ്.സി ഗോള്‍കീപ്പര്‍ തട്ടിയകറ്റി. സെമിയില്‍ ബംഗളൂരു യുനൈറ്റഡാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ