കല്യാണി: ഡുറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരളാ എഫ്.സി നാളെ ആസാം റൈഫിളിനെ നേരിടും. വൈകിട്ട് മൂന്നിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. നാളത്തെ മത്സരം ജയിച്ചാൽ ഗോകുലത്തിന് ക്വാർട്ടറിൽ പ്രവേശിക്കാം.
രണ്ട് മത്സരങ്ങളിൽനിന്ന് 4 പോയിൻറുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്.സി. നാലു പോയിൻറ് തന്നെയുള്ള റെഡ് ആർമി ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടു കളികളിലും തോൽവി അറിഞ്ഞ ആസാം റൈഫിൾസ് നിലവിൽ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.
രണ്ടു മത്സരത്തിൽ ഗോൾ അടിച്ച ഘാന താരം റഹിം ഒസുമാൻ നല്ല പ്രകടനമാണ് കാഴ്‌ചവെച്ചത്. കഴിഞ്ഞ ചുവപ്പു കാർഡ് നേടിയ എമിൽ ബെന്നി ഇല്ലാതെയായിരിക്കും ഗോകുലം നാളെ ഇറങ്ങുക.
“നാളെ വളരെ പ്രധാനപ്പെട്ട മത്സരമാണ്. ആസാം റൈഫിൾസിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ടു തന്നെ വളരെ പ്രയാസമായിരിക്കും. എന്നാലും ഈ മത്സരം വിജയിച്ചു, ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ പോകണം എന്നാണ് ആഗ്രഹം,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
മത്സരത്തിൻ്റെ തൽസമയ ദൃശ്യം അഡ് ടൈംസ് ആപ്ലിക്കേഷനിൽ ലഭ്യമാണ്.’
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ