കൊച്ചി, ജൂണ്‍ 15, 2021: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.
2006-07 സീസണില്‍ ഐലീഗ് ടീമായ സ്‌പോര്‍ട്ടിങ് ഗോവയുമായിട്ടായിരുന്നു ആദ്യ പ്രൊഫഷണല്‍ കരാര്‍. ഇതേ വര്‍ഷം ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമിഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്‌സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐഎസ്എല്‍ കിരീടധാരണത്തിലും പ്രധാന സാനിധ്യമായി.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് ഹര്‍മന്‍ജോത് ഖബ്ര പ്രതികരിച്ചു. അത്യാവേശം നിറഞ്ഞ യെല്ലോ ആര്‍മിക്ക് വേണ്ടി കളിക്കാനുള്ള അവസരം, എന്റെ ഗെയിമിനോടുള്ള ഇഷ്ടത്തോടും അഭിനിവേശത്തോടും പൊരുത്തപ്പെടുന്നുണ്ട്. അഭിമാനത്തോടും ആകാക്ഷയോടും കൂടി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിറങ്ങളണിയാനും, എന്റെ പുതിയ ടീമംഗങ്ങളെ കാണാനും, മുന്നോട്ടുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു-ഹര്‍മന്‍ജോത് ഖബ്ര കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ ടീമിന് ആവശ്യമായ അനുഭവജ്ഞാനം നല്‍കാന്‍ കഴിയുന്ന താരമാണ് ഖബ്രയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങള്‍ കാണാതെ പോയ പ്രധാന കാലാളിലൊന്നാണ് അദ്ദേഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താരത്തിന്റെ അഭിനിവേശവും, വൈദഗ്ധ്യവും, സാരഥ്യവും ഉടനെ ഞങ്ങളുടെ ടീമില്‍ കൃത്യമായ സ്വാധീനമുണ്ടാക്കും-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ എന്നിവര്‍ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈ സീസണില്‍ കരാര്‍ ഒപ്പ് വയ്ക്കുന്ന നാലാമത്തെ പുതിയ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി IFTWC ഫോളോ ചെയ്യൂ