ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മുന്നേറ്റം! അതായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്. കല്ലും മുള്ളും നിറഞ്ഞ പാതകളിൽ മുറിവേറ്റ കാലുകളുമായി തേഞ്ഞുകേറിയ തുകൽപന്തും തട്ടി നടന്നിരുന്ന, കളിയെ കളിയായി കാണാതെ കാര്യമായി കണ്ട കാൽപന്തുകളിപ്രേമികളുടെ ദീർഘകാലത്തെ കത്തിരിപ്പായിരുന്നു, സ്വപ്നമായിരുന്നു ഐ ലീഗിന്റെ വളർച്ച. ക്രിക്കറ്റെന്ന വികാരം മതമായി കൊണ്ടുനടന്നിരുന്ന ഒരു ജനതയ്ക്ക് മുൻപിൽ വായൂ നിറച്ച അർഥശൂന്യതയായ ഫുട്‌ബോളും തട്ടി നടന്നിരുന്ന “ഭ്രാന്തന്മാരായ” ഒരു പറ്റം ആളുകളിൽ ഒരു വലിയ വിഭാഗം ജനങ്ങൾ കാലിടറിവീണു, ഒരുപറ്റം ആളുകൾ പ്രതീക്ഷയറ്റു കളിയുപേക്ഷിച്ചു, എങ്കിലും മരുഭൂമിക്കുനടുവിലെ പച്ചത്തുരുത്തായി ബാക്കിയുണ്ടായിരുന്ന ഒരുപറ്റം കാൽപന്തുപ്രേമികൾ എന്നെങ്കിലുമൊരിക്കൽ തങ്ങളും ഈ നാടിന്റെ പേരിനൊപ്പം കാൽപന്തുകളിയുടെ പേരും ഉറക്കെ കേൾക്കുമെന്നു പ്രത്യാശിച്ചു നിലകൊണ്ടു. ഭാരത ഫുട്‌ബോളിന്റെയും ദേശീയ ടീമിന്റെയും അവസാന ആശ്രയമായ ഐ ലീഗിന്റെ വളർച്ചയ്ക്കായി കാത്തിരുന്ന ഈ ചെറിയ സമൂഹത്തിന്റെ വാടിയുണങ്ങിയ ഹൃദയങ്ങളിലേയ്ക്ക് പതുമഴയായി 2014ഇൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പ്രൗഢഗംഭീരമായ അംഗത്തട്ട് കടന്നുവന്നു. പുതുപുത്തൻ രീതികളും അതിനൂതന കളിസാഹചര്യങ്ങളും ഭാരതത്തിലുടനീളമുള്ള ഏറ്റവും മികച്ച ഒരുപിടി ടീമുകളും എല്ലാം ചാരത്തിൽ നിന്നുയർത്തെഴുന്നേൽക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യൻ ഫുട്‌ബോൾ എന്ന ഫിനിക്സ് പക്ഷിക്കു കരുത്തേക്കുമെന്നു സംഖാടകർ പോലും കരുതിക്കാണില്ല. വിപ്ലവരമായ നേട്ടങ്ങൾ, അതിൽ ഭാരതത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന ലോകോത്തര താരങ്ങളും ടീമുകളും എന്തിന്, കളികാണാൻ കളിക്കളത്തിനു പുറത്തെത്തുന്ന ആരാധകരേ പോലും ഒന്നിപ്പിച്ചു ലോകോത്തരമായ ആരാധകസംഘവും എല്ലാം ഉൾപ്പെടുന്നു. സെലക്റ്റർമാർക്കുമുൻപിൽ പന്തുതട്ടി തളർന്ന ലക്ഷക്കണക്കിന് താരങ്ങളെ ആരാധകർക്ക് മുൻപിൽ കളിക്കുവാനും വിജയിക്കുവാനും പ്രചോദനം നൽകിയ വിപ്ലവം, ഇന്ത്യൻ സൂപ്പർ ലീഗ്!

ഒട്ടനവധി താരങ്ങളെ വാർത്തെടുക്കാൻ മുൻപന്തിയിൽ നിന്ന ഐ എസ് എല്ലിന് ഇടയ്ക്കുവച്ചു പല വിമർശനങ്ങളും നേരിടേണ്ടി വന്നു. അത് മറ്റൊന്നും ആയിരുന്നില്ല, യുവ താരങ്ങളുടെ അവസരത്തെ ചൊല്ലിയായിരുന്നു. മികവുറ്റ താരങ്ങൾ എങ്കിലും പല ടീമുകളും സൈഡ് ബെഞ്ചിൽ ഇരിക്കാൻ വിധിക്കപ്പെട്ട അവസരത്തിൽ ആരാധകർ തന്നെ പ്രതിഷേധവുമായി ഇറങ്ങി. അണ്ടർ 17 ലോകകപ്പ് താരങ്ങൾ ഉൾപ്പടെ പലരും ബെഞ്ചുകളിൽ സമയം പാഴാക്കുമ്പോൾ നശിക്കുന്നത് അവരുടെ കളിയും ഇന്ത്യൻ ഫുട്‌ബോളിന്റെ ആത്മാവുമാണ് എന്ന തിരിച്ചറിവിന്മേലാണ് ഈ തീ ആളിപ്പടരുന്നത്. ടീമിലെ ആദ്യ ഇലവനിൽ സ്ഥാനമില്ല എങ്കിൽ മാതൃകാപരമായി താരങ്ങളെ ലോണിൽ വിടുകയും കളിക്കാനനുവദിക്കുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകൾ ഇതിനു പ്രതിവിധികൾ അന്വേഷിക്കുകയാണ്.
കളിയവസരങ്ങൾക്കായി ബുദ്ധിമുട്ടുന്ന താരങ്ങളുടെ വിഷമം കാണാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഐ എസ് എല്ലിന്റെയും സ്വന്തം ഹ്യൂം ഏട്ടന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ച ഈ വാക്കുകൾ
ഐ എസ് എല്ലിനൊപ്പം തന്നെ ഒരു റിസർവ്വ് ലീഗ് തുടങ്ങാനും ഐ എസ് എൽ മത്സരങ്ങളിൽ അവസരം കിട്ടാത്ത താരങ്ങൾക്ക് അവിടെ അവസരമൊരുക്കണമെന്നും അഭിപ്രായപ്പെട്ട ഇയാൻ ഹ്യൂം ഇന്ത്യൻ നാഷണൽ ടീമിന്റെ സെലക്ഷനെ പോലും ഇത് ബാധിക്കാം എന്ന അഭിപ്രായം പറയാതെ പറയുന്നു. ടീമുകൾ മത്സരങ്ങൾക്കായി പോകുന്ന സമയത്ത് സ്ക്വാഡിൽ ഇല്ലാത്ത താരങ്ങൾക്ക് ആരോഗ്യവും കായികക്ഷമതയും നിലനിർത്താൻ റിസർവ്വ് ലീഗ് വഴി സാധിക്കും.

ഇതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് കിബു വിക്കുനയുടെ കീഴിൽ ഐ എസ് എൽ മത്സരങ്ങൾക്ക് ശേഷമുള്ള ദിവസം കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളെ ഇറക്കി അതേ ടീമിനോട് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇതിലൂടെ അവസരങ്ങൾക്കു പുറമെ ലീഗ് മത്സരങ്ങൾ കളിക്കാരെ തന്നെ താരങ്ങളെ കൃത്യമായി മനസിലാക്കാനും തന്ത്രങ്ങൾ മെനയാനും കോച്ചിനു സാധിക്കും. ഇതിനോടും ഇയാൻ ഹ്യൂം പ്രതികരിച്ചത് ശുഭകരമായാണ്,
ഈ അവസരങ്ങൾ താരങ്ങൾക്ക് വിലപ്പെട്ടതാണെന്നും ഇന്ത്യൻ ഫുട്‌ബോളിന് വലിയ താരങ്ങളെ ലഭിക്കാൻ ഇതു സഹായിക്കുമെന്നും വേണമെങ്കിൽ ഇതും പോയിന്റ് ടേബിളിൽ യോജിപ്പിക്കാനും കാണികൾക്ക് പ്രവേശനം ഒരുക്കാനും കഴിയുമെന്ന് ഹ്യൂമേട്ടൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്, എ ടി കെ, പൂനെ സിറ്റി എഫ് സി എന്നീ ടീമുകളിൽ കളിച്ചു ജനഹൃദയങ്ങളിൽ കയറിയയാളാണ് ഈ കനേഡിയൻ ഇന്റർനാഷണൽ.
