1.പുതിയ സീസണിലെ പ്രതീക്ഷകൾ എന്തൊക്കെയാണ്?ടീമിലെ മാറ്റങ്ങളും പുതിയ താരങ്ങളുടെ വരവും ഒക്കെ എങ്ങനെ വിലയിരുത്തുന്നു?
ഏവർക്കും നമസ്ക്കാരം, ഡിസംബർ അഞ്ചാം തീയതി ഐ എഫ് എ ഷീൽഡ് തുടങ്ങുകയാണ്,അപ്പോൾ അതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.അതിനു ശേഷമാണ് ഐ ലീഗ് തുടങ്ങുക.മികച്ച ഒരു ടീം പടുത്തുയർത്താൻ ഇതുവരെ സാധിച്ചിട്ടുണ്ട്,നാൽപ്പതോളം താരങ്ങളെ ഇതിനോടകം ടീമിൽ എത്തിച്ചിട്ടുണ്ട്.ആ നാൽപ്പത്തിൽ നിന്നും ഏറ്റവും മികച്ച ഇരുപത്തിയഞ്ചു താരങ്ങളെ ആവും മെയിൻ ടീമിൽ ഉൾപ്പെടുത്തുക,അതിനാൽ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ടീം തന്നെയാവും ഐ എഫ് എ ഷീൽഡിനായും ഐ ലീഗിനായും മാനേജ്മെന്റ് ഒരുക്കുക.
2.ഗോകുലം കേരളയുടെ മികവിന് പുതിയ കോച്ച് വിൻസെൻസോ അൽബെർട്ടോ ആന്നെസ്റ്റി എത്രത്തോളം സഹായകരമാകുമെന്നു പ്രതീക്ഷിക്കുന്നു?അദ്ദേഹത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്തൊക്കെയാണ്?
പുതിയ കോച്ചു ടീമിനൊപ്പം ചേർന്നിട്ട് അധികം നാളായിട്ടില്ല, അതിനാൽ തന്നെ പൂർണ്ണമായും അദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ടീമിന് ഇദ്ദേഹം മികച്ച ഒരു കോച്ച് ആയിരിക്കും എന്ന തോന്നൽ ഉണ്ട്. കാരണം ടീമുമായി കരാറിൽ എത്തിയപ്പോൾ തന്നെ കളിക്കാരെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് തുടങ്ങുകയും എല്ലാവരെയും വീഡിയോ കോൺഫറൻസ്,നോർമൽ ചാറ്റ് വഴി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാവരുമായി നല്ല സുഹൃത്ബന്ധം പടുത്തുയർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നതിനൊപ്പം മികച്ച പരിഗണനയും കെയറിങ്ങും ആണ് അദ്ദേഹം ഞങ്ങൾക്ക് നൽകുന്നത്.അതിനാൽ തന്നെ അദ്ദേഹത്തിന്റെ കീഴിൽ മികച്ച മത്സരഫലങ്ങൾ കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
3.ഉബൈദ് എന്ന ഗോൾകീപ്പറുടെ കരിയറിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ സെക്കൻഡ് ഡിവിഷൻ കളിക്കാനായി എഫ് സി കേരള ക്ലബ്ബിൽ ഒപ്പുവച്ചതിനു ശേഷം ongoing contract ഉണ്ടായിരുന്ന സമയത്തു തന്നെ ഈസ്റ്റ് ബംഗാളിലേയ്ക്കു ചേക്കേറിയിരുന്നല്ലോ,അത് ഉബൈദ് എന്ന താരത്തിന്റെ കളി ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നത്?രണ്ടു ക്ലബ്ബ്കളുടെയും സമീപനം എങ്ങനെയായിരുന്നു?
സത്യത്തിൽ എഫ് സി കേരളയിലേക്ക് വരുന്നതിനു മുമ്പ് കേരളത്തിൽ ആർക്കും ഉബൈദ് എന്ന ഗോൾകീപ്പറേ അറിയില്ലായിരുന്നു, ഞാൻ പുറത്തു കളിക്കാറുണ്ടായിരുന്നു എങ്കിലും കേരളത്തിൽ എവിടെയും കളിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് പുരുഷോത്തമൻ സർ എന്നെ വിളിക്കുന്നതും ജോസ്ക്കോ എഫ് സി ക്ലബ്ബിൽ അദ്ദേഹത്തിന്റെ തന്നെ കീഴിൽ കളിച്ചിരുന്ന എന്നെ സെക്കന്റ് ഡിവിഷനിൽ കളിക്കുന്ന എഫ് സി കേരളയിലേയ്ക്കു പറിച്ചുനടുന്നതും. അതിനിടെ മുംബൈയിൽ ഉള്ള സമയത്ത് എലൈറ്റ് ഡിവിഷനിലും മുംബൈ ലീഗിലും ഒക്കെ മുംബൈ എഫ് സിക്ക് എതിരെ ഞാൻ കളിച്ചിരുന്നു, അങ്ങനെ എന്റെ കളി കണ്ടിഷ്ടപ്പെട്ട ഖാലിദ് ജമീൽ എന്നോട് മുംബൈ എഫ് സിയിൽ കരാറിലേർപ്പെടാൻ പറഞ്ഞിരുന്നു എങ്കിലും തൊട്ടടുത്ത വർഷം അദ്ദേഹം ടീം വിട്ട് ഐസ്വാളിൽ ചേരുകയും അങ്ങനെ ആ അവസരം നഷ്ടപ്പെടുകയുംചെയ്തു. ശേഷം എഫ് സി കേരളയ്ക്കൊപ്പം പൂനെയിൽ ഒരു ടൂർണമെന്റിൽ കളിക്കാൻ പോയ സമയത്ത് ഖാലിദ് ജമീൽ വീണ്ടും എന്നെ അദ്ദേഹത്തിന്റെ ടീമിൽ കളിക്കാൻ വിളിക്കുകയായിരുന്നു. അന്ന് ഈസ്റ്റ് ബംഗാളിന്റെ കോച്ചായിരുന്നു അദ്ദേഹം. വിവരമറിഞ്ഞ ഞാൻ പുരുഷോത്തമൻ കോച്ചും നവാസ് ഇക്കായുമടക്കമുള്ളവരോട് സംസാരിച്ച സമയത്ത് ഓൺ ഗോയിങ് കൊണ്ട്രാക്റ്റ് ഉണ്ടായിരുന്നു എങ്കിലും നല്ല അവസരമാണ്, നി പൊയ്ക്കോളൂ എന്ന വാക്കിന്റെ പുറത്ത് അവിടെ ചേരുകയും ചെയ്തു. അന്ന് എഫ് സി കേരള നോ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ഉബൈദ് എന്ന ഗോൾകീപ്പർ ഉണ്ടായിരിക്കില്ലായിരുന്നു.ഐ എഫ് ടി ഡബ്ല്യൂ സിയുമായി ഇങ്ങനെ ഒരു അഭിമുഖവും 🙂
4.ഡ്യുറണ്ട് കപ്പിൽ ഉബൈദ് എന്ന താരത്തിന്റെ തന്നെ പഴയ ടീമിനെതിരെ കളിക്കളത്തിൽ ബൂട്ടണിഞ്ഞിറങ്ങിയപ്പോൾ എന്തായിരുന്നു അനുഭവം?വിജയങ്ങളേ എങ്ങനെ സമീപിച്ചു?
ഈസ്റ്റ് ബംഗാളിനൊപ്പം ഞാൻ രണ്ടു വർഷം ഉണ്ടായിരുന്നു, അതിൽ ആദ്യ വർഷം ഞാൻ ആദ്യ ഇലവനിൽ കളിക്കുകയും ചെയ്തു. പിന്നീട് ടീമിൽ പുതിയ ഗോൾകീപ്പർ വരികയും എന്റെ സ്ഥാനം ഫസ്റ്റ് കീപ്പറിൽ നിന്നും സെക്കന്റ് കീപ്പറിലേയ്ക്കു മാറുകയും അവസരങ്ങൾ കിട്ടാതെ വരികയും ചെയ്തു. അങ്ങനെയാണ് ഞാൻ ഈസ്റ്റ് ബംഗാൾ വിട്ട് ഗോകുലത്തിൽ എത്തുന്നത്. എനിക്ക് അവർക്ക് മുൻപിൽ ഞാനൊരു നല്ല കീപ്പർ ആണെന്ന് തെളിയിക്കണ്ടതുണ്ടായിരുന്നു, അങ്ങനെ ഡ്യുറണ്ട് കപ്പ് സെമി ഫൈനലിൽ ഈസ്റ്റ് ബംഗാൾ എതിരേവന്നപ്പോൾ ഒരുപാട് സന്തോഷമുണ്ടായിരുന്നു…ഒപ്പം സമ്മർദ്ദവും. അവരുടെ മുൻപിൽ സ്വന്തം കഴിവ് തെളിയിക്കണം എന്നതിനൊപ്പം ഞാൻ ഒരിക്കൽ കൂടി പരാജയപ്പെട്ടാൽ ഉബൈദ് എന്ന ഗോൾകീപ്പറെ അവർ എന്നെന്നേക്കുമായി മറക്കാൻ സാധ്യതയുണ്ട് എന്ന ബോധ്യം എന്നെ അലട്ടി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അന്ന് മികച്ച രീതിയിൽ കളിക്കുകയും കളിയുടെ ഒടുവിൽ തള്ളിപറഞ്ഞവർ തന്നെ എഴുന്നേറ്റു നിന്നു കയ്യടിക്കുകയും പേരു വിളിച്ചു പറയുകയും ഒക്കെ ചെയ്തതിലൂടെ പഴയ ഓർമ്മകളിലേക്ക് കൂടി മടങ്ങി പോകാൻ എനിക്ക് സാധിച്ചു.
5.കഴിഞ്ഞ സീസണിലെ പ്രകടനത്തെ എങ്ങനെ നോക്കി കാണുന്നു?ഗോകുലം കേരള പോലെയൊരു ക്ലബ്ബിൽ കളിക്കുമ്പോൾ എങ്ങനെ സമ്മർദ്ദഘട്ടങ്ങളേ നേരിടുന്നു?
കഴിഞ്ഞ വർഷം മികച്ച ഒരു സീസൺ ആയിരുന്നു. കാരണം ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ഗോകുലത്തിനായി കളിക്കാൻ സാധിച്ചു, ഡ്യുറണ്ട് കപ്പ് നേടി. അതുപോലെ ഐ ലീഗിൽ എല്ലാവരെക്കാളും രണ്ടു മാച്ച് കുറവായിരുന്നു ഞങ്ങൾക്ക്, ആ മത്സരങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ ഐ ലീഗിൽ ഞങ്ങൾ രണ്ടാം സ്ഥാനത്ത് എത്തുമായിരുന്നു എന്നു തോന്നി. ആകെ മൊത്തം മികച്ച ഒരു സീസണായിരുന്നു കഴിഞ്ഞു പോയത് എന്നതിനൊപ്പം ടീമിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, ഒരു കളിക്കാരന്റേതായ ആവശ്യങ്ങളും മറ്റും നിറവേറ്റി തരുന്നതിൽ ഗോകുലം മികച്ച നിലവാരമാണ് കാണിക്കുന്നത്.
6.ഗോകുലത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലേയ്ക്കുള്ള പ്രവേശം അടുത്തു തന്നെ സാധ്യമാകും എന്നു വിശ്വസിക്കുന്നുണ്ടോ?ഒപ്പം ഒരു പ്രൊഫഷണൽ ഗോൾകീപ്പർ എന്ന നിലയിൽ പുതിയ വലിയ അവസരങ്ങൾ വന്നാൽ അത് സ്വീകരിക്കുമോ?
പുതിയ മാറ്റങ്ങൾ അനുസരിച്ച് ഐ ലീഗ് ചാംപ്യന്മാർക്ക് ഐ എസ് എല്ലിലേയ്ക്കു പ്രവേശനം കൊടുക്കും എന്നാണ് കേൾക്കുന്നത്, കൃത്യമായി അറിയില്ല. പുതിയ അവസരങ്ങൾ തേടി പോകുന്നില്ല, ഇപ്പൊ അതിനെപ്പറ്റി ചിന്ദിക്കുന്നില്ല, കാരണം ഞാൻ ഗോകുലത്തിൽ പൂർണ്ണ തൃപ്‌ത്തനാണ്. ഞാൻ ഭാവിയെ കുറിച്ച് ചിന്ദിക്കാറില്ല, പകരം ഇപ്പോൾ എനിക്കെന്തു ചെയ്യാൻ സാധിക്കും എന്നാണ് എന്റെ ചിന്ത. തെറ്റുകുറ്റങ്ങളും പോരായ്മകളും തിരുത്തി മുന്നേരണം. അപ്പോൾ അടുത്ത അവസരം താനേ തേടിയെത്തും. ഇപ്പോൾ ഞാൻ ഗോകുലത്തിന്റെ കാര്യം മാത്രമാണ് ചിന്തിക്കുന്നത്, ഞാനിവിടെ ഹാപ്പിയാണ്.
7.കൂടെ കളിക്കുന്ന പല നാടുകളിൽ നിന്നുമുള്ള താരങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ?ആരൊക്കെയാണ് ടീമിലെ പ്രധാന സുഹൃത്തുക്കൾ?ഒപ്പം ഒരു സീനിയർ പ്ലേയർ എന്ന നിലയിൽ പുതുതായി ടീമിൽ ചേർന്ന താരങ്ങൾക്ക് എങ്ങനെയൊക്കെ പ്രചോദനമാവാൻ ഉബൈദിന് സാധിക്കുന്നുണ്ട്?
കഴിയുന്ന എല്ലാ താരങ്ങളുമായും ഞാൻ ബന്ധം സൂക്ഷിക്കാറുണ്ട്, അവരുമായി ചാറ്റിങ്ങും മറ്റും ചെയ്യാറുണ്ട്. പിന്നെ ടീമിലെ പ്രധാന സുഹൃത്തുക്കൾ എന്നു പറയുമ്പോൾ റാഷിദും സൽമാനും ആണ്.കാരണം കഴിഞ്ഞ വർഷം ഞാൻ വരുന്നതിനു മുന്നേ ഇവരുമായി നല്ല ബന്ധം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. അവർക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് പറയാറുണ്ട്, അതേപോലെ അത് ഞാൻ പറഞ്ഞു കൊടുക്കാറുമുണ്ട്.
8.കഴിഞ്ഞ സീസണിലെ ആരാധകരുടെ പ്രതികരണം എങ്ങനെയായിരുന്നു?ഈ സീസണിൽ കളിക്കളത്തിനു പുറത്ത് അവരില്ല എന്ന കാര്യം എത്രത്തോളം കളിയെ ബാധിക്കുമെന്ന് തോന്നുന്നു?
എല്ലാ ടീമുകളുടെയും പ്രചോദനം അവരുടെ ആരാധകർ തന്നെയാണ്, കഴിഞ്ഞ വർഷം അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അവർ ഞങ്ങളെ. കളത്തിനു പുറത്തെ അവരുടെ ആർപ്പുവിളികൾ ഞങ്ങൾക്ക് ഊർജ്ജമാണ് കളിക്കാൻ. പിന്നെ ഈ ഒരു സാഹചര്യം ആയതുകൊണ്ട് നമ്മൾ അതുമായി ഇണങ്ങി ചേരണം. ഈ വർഷം ആരാധകർ കൂടെയില്ലാ എന്ന കുറവ് മാത്രമേ ഞങ്ങൾക്കുള്ളൂ, ബാക്കിയൊക്കെ മികച്ച രീതിയിൽ തന്നെ പോകുന്നു.
9.പുതിയ സീസണും പുതിയ പ്രതീക്ഷകളും ഒത്തിണക്കി ടീമിനൊപ്പം ട്രെയിനിങ് ആരംഭിച്ചിരിക്കുകയാണല്ലോ ഇപ്പോൾ,ടീമിന്റെ ട്രെയിനിങ് സെഷനുകളും അവിടുത്തെ അനുഭവങ്ങളും പങ്കുവയ്ക്കാമോ?
പരിശീലനം ആരംഭിച്ചിട്ട് നിലവിൽ രണ്ടാഴ്ചയ്ക്കു മുകളിൽ ആയിട്ടുണ്ട്. പ്രതീക്ഷകൾ എന്നു വെച്ചാൽ പ്രധാന ലക്ഷ്യം ഐ ലീഗ് തന്നെയാണ്. അതിനുള്ള ഒത്തിണക്കത്തിൽ ആണ് ടീം. കൂടുതലും കേരളത്തിൽ നിന്നുള്ള കളിക്കാരന് എന്നതിനൊപ്പം ഈ വർഷം നമുക്കൊരു മികച്ച ടീം തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പൊ രണ്ടു തവണയായിട്ടാണ് പ്രകട്ടീസ് മുന്നോട്ട് പോകുന്നത്, നവംബർ മുപ്പതിന് കൊൽക്കത്തയിലേയ്ക്കു തിരിക്കും. പിന്നെ അവിടെ ആയിരിക്കും ബാക്കി പരിശീലനങ്ങൾ ഒക്കെ.
10.അവസാനമായി ആരാധകരോടായി എന്താണ് ഉബൈദിനു പറയുവാനുള്ളത്?
ആരാധകരോടായി പറയുവാനുള്ളത്, ഇത്രയും നാൾ ഞങ്ങളേ പിന്തുണച്ചതുപോലെ ഇനിയും പിന്തുണയ്ക്കുക…