പുതിയ സീസണിലേക്ക് കാതലായ മാറ്റങ്ങൾ കൊണ്ട് വ്യത്യസ്തരായി മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനെ മുന്നിൽ നിന്നും നയിക്കുന്നത് ലിത്വേനിയക്കാരനായ കരോളിസ് സ്കിൻകിസ് എന്ന പ്രതിഭാശാലിയായ സ്പോർട്ടിങ് ഡയറക്ടറുടെ മികവ് തന്നെയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എഫ് കെ സ്യൂഡുവയെ ചാമ്പ്യൻമാരാക്കി കഴിവ് തെളിയിച്ച കരോലിസ് ഇന്ത്യയിലും അതേ ഉദ്ദേശത്തോടു കൂടിയാണ് വന്നിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള ക്ഷണത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു, “തുടക്കം മുതലേ ഇവിടുത്തെ ആൾക്കാരുടെ സമീപനം ഇവരിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിച്ചു. ആ വിശ്വാസം ഈ ക്ലബ്ബിലേക്ക് വരാനുള്ള കാരണവുമായി മാറി. ക്ലബിന് വളരെ നല്ല ഒരു കാഴ്ചപ്പാടുണ്ട്. അതുമായി മുന്നോട്ട് പോവാൻ എനിക്ക് അവസരം നൽകിയതിൽ മാനേജ്മെന്റിനോട് നന്ദി പറയുന്നു. ഇന്ത്യയിലേക്ക് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടങ്ങളിൽ ഭാഗമാവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
പുതിയ തുടക്കത്തെയും പുതിയ സാഹചര്യങ്ങളേയും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു, “വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിന്ന് 3 തവണയാണ് ഞങ്ങൾ ലിത്വാനിയൻ ലീഗ് ജയിച്ചത്. അത്രയും ചെറിയ ബഡ്ജറ്റിൽ നിന്ന് മൂന്നു തവണ ജേതാക്കളായത് ചിന്തിക്കാനാകുന്നതിലും മുകളിലുള്ള നേട്ടമാണ്.
“വിജയിക്കാനുള്ള എല്ലാ ചേരുവകളും ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. കൂടാതെ വിദേശ മണ്ണിൽ കിരീടനേട്ടം എന്ന എന്റെ സ്വപ്നവും അതിനെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. ആരാധകരും, ലീഗിന്റെ പ്രൊഫഷണലിസവും എല്ലാം മികച്ചതാണ്. ഈ കാരണങ്ങളെല്ലാം ബ്ലാസ്റ്റേർസിലേക്കുള്ള പ്രധാന ആകർഷണങ്ങളാണ്.”
ആറു വർഷത്തിൽ ഒൻപത് പരിശീലകരും 2 ഫൈനലും കളിച്ച ബ്ലാസ്റ്റേഴ്സിൽ കരോലിസ് ഭാവിയിലെ ടീമിനെ വാർത്തെടുക്കുവാനാണ് ശ്രമിക്കുന്നത്, “കഴിഞ്ഞ കാര്യങ്ങൾ നോക്കി നിൽക്കാതെ നാളേയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ചില മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പരുക്കുകൾ തടയുന്നതിനും, പരുക്കിൽ നിന്ന് പെട്ടന്ന് തിരിച്ചു വരുന്നതിനും ഡയറ്റും ശാരീരിക ക്ഷമതയ്ക്കുമെല്ലാം അതിന്റെതായ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായിരിക്കും. ശരിയായ അന്തരീക്ഷം സൃഷ്ടിച്ചാലേ ആഗ്രഹിക്കുന്ന പ്രതിഫലം ലഭിക്കു.”
ആരാധകർ സ്റ്റേഡിയത്തിൽ കളി കാണാൻ വരുന്നതിന്റെ കണക്കുകൾ തുടർച്ചയായ മോശം പ്രകടനങ്ങൾ കൊണ്ട് പല തവണ കുറഞ്ഞിട്ടുണ്ട്. ഇതിനെ പറ്റി കരോളിസ് ഇങ്ങനെ പറഞ്ഞു, “മാറ്റം എന്നത് തുടർച്ചയായ ഒരു പ്രക്രിയയാണ്. ആരാധകരുടെ വിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ ക്ലബ്ബിൽ നമ്മൾ ചെയ്യുന്ന ജോലികൾ സത്യസന്ധമായിരിക്കണം. എന്നാലേ വിജയം നമ്മളെ തേടി വരുകയുള്ളു.”
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്ന സന്ദേശ് ജിങ്കനും മുൻ സി. ഇ. ഒ വിരെയ്ൻ ഡിസിൽവയും ക്ലബ് വിടുകയുണ്ടായി. അതിനെ പറ്റി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു, “ചിലപ്പോൾ ജീവിതത്തിൽ നിർഭാഗ്യകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം, ചിലപ്പോൾ അത് മാറ്റാൻ ശ്രമിക്കുന്നതിൽ ഒരു അർത്ഥവും ഉണ്ടാവില്ല. അവർ രണ്ട് പേരും മികച്ച പ്രൊഫഷണലുകളാണ്. ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾക്ക് അവരോട് ബഹുമാനവുമുണ്ട്.
“മറ്റു പല അഭിമുഖങ്ങളിലും പറഞ്ഞത് പോലെ തന്നെ ജിങ്കന്റെ വിടവാങ്ങൽ എനിക്കും വേദനജനകമാണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നുണ്ട്. പഴയ കാര്യങ്ങളിലേക്ക് കണ്ണോടിച്ചു നിൽക്കുവാൻ ഇപ്പോൾ സമയമില്ല. നാളെയിലേക്ക് നോക്കി ക്ലബ്ബിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.”
അടുത്തസീസണിലേക്കുള്ള ടീമിനെ കുറിച്ച് കരോളിസ് ഇങ്ങനെ സൂചിപ്പിച്ചു, “ക്ലബ്ബിന്റെ ഫിലോസഫി അനുസരിച്ചും നമ്മുടെ ആഗ്രഹങ്ങൾ അനുസരിച്ചും കളിക്കുന്ന ഒരു മികച്ച ടീമിനെയാണ് ഈ വരുന്ന ഐ എസ് എലിൽ നമുക്ക് വേണ്ടത്. പകുതി വിദേശ താരങ്ങളെയും അന്നൗൻസ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളതും ഉടനെ തന്നെ ഉണ്ടാവും.”
കോവിഡ് കാരണം സ്തംഭിച്ച കായിക മേഖലയെ കുറിച്ച്, “കോവിഡ് കാരണം എല്ലാ ജോലികളിലും തടസങ്ങൾ ഉണ്ടായിരുന്നു. റിക്രൂട്ട്മെൻറ് മുതൽ സീസണിന് വേണ്ടിയുള്ള തയാറെടുപ്പുകൾക്കു വരെ പ്രഹരമേറ്റു. പ്രീസീസൺ സമയത്തിന് കേരളത്തിൽ ഉണ്ടാവാനും സാധിച്ചില്ല. അങ്ങനെ കുറെയേറെ പ്രശ്നങ്ങൾ അനുഭവിച്ചു. ഇതാണ് ജീവിതം. അതിന് മറ്റു മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഓൺലൈൻ വഴി ഞങ്ങൾ സമയം വിനിയോഗിച്ചു.”
യൂത്ത് ഫുട്ബാളിലേക്കുള്ള ചുവടുവയ്‌പിനെയും മറ്റു പ്ലാനുകളെയും പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഒരു ക്ലബ്ബ് എന്ന നിലക്ക് യൂത്ത് ഫുട്ബോൾ അനിവാര്യമായ ഒരു ഘടകമാണ്. നമ്മൾ എന്നും യുവ താരങ്ങൾക്ക് വളരുവാൻ വേണ്ടിയുള്ള വേദികൾ ഒരുക്കിയിട്ടുണ്ട്.
വയസ്സ് അല്ലെങ്കിൽ മറ്റെന്തിനും ഉപരി ആണ് ക്വാളിററ്റി. അതാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ കഴിവിൽ വിശ്വാസമുണ്ട്, പക്ഷെ അവരുടെ പെർഫോമൻസും ഒരു അവിഭാജ്യ ഘടകമാണ്.
“ഒരു ക്ലബ് എന്ന നിലക്ക് ശരിയായ രീതിയിൽ കേരളത്തിനെ പ്രദിനീകരിക്കുന്ന ഒരു ടീം ആണ് നമ്മുടെ ഫിലോസഫിയിൽ ഉള്ളത്. കഴിഞ്ഞ സീസണിൽ ആറ് മലയാളി താരങ്ങളെ കളത്തിൽ ഒരേ സമയം ഇറക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നെങ്കിലും, അതേപോലെ ഇനിയും സാധിക്കണമെങ്കിൽ കേരളത്തിലെ യുവ പ്രതിഭകളെ കണ്ടെത്തുകയും അവരുടെ വളർച്ചയിൽ അവരെ സഹായിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. യുവ താരങ്ങളെ വളർത്തിയെടുക്കാൻ വേണ്ടിയുള്ള ഒരു ദീർഘകാല പദ്ധതിയാണ് ‘യങ് ബ്ലാസ്റ്റേഴ്‌സ്’.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏതൊരു ഇന്ത്യൻ താരത്തിന്റെയും സ്വപ്‌ന ക്ലബ് ആക്കണമെന്ന സ്വപ്നവും കൂടുതൽ വിജയങ്ങളിലേക്കുള്ള വീക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചു.