കൊച്ചി, സെപ്തംബർ 3, 2021
സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൂന്നാം മത്സരത്തിൽ ജമ്മുകാശ്മീർ എഫ്സി ഇലവനെ (ജെകെഎഎഫ്സി11)
രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യപകുതിയിൽ സെയ്ത്യാസെൻ സിങ്ങും കളിയുടെ അവസാന ഘട്ടത്തിൽ സഞ്ജീവ് സ്റ്റാലിനും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിലായിരുന്നു മത്സരം.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും കേരള യുണെെറ്റഡ് എഫ്സിക്കെതിരെയായിരുന്നു. ആദ്യ മത്സരം ഒരു ഗോളിന് തോറ്റു. രണ്ടാം കളി 3–3ന് സമനിലയായി.
കേരള യുണെെറ്റഡ് എഫ്സിക്കെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോൾവലയ്ക്ക് മുന്നിൽ ആൽബിനോ ഗോമെസ് എത്തി. പ്രതിരോധത്തിൽ ശക്തമായ നിരയായിരുന്നു. ജെസെൽ കർണെയ്റോ, അബ്ദുൾ ഹക്കു, എനെസ് സിപോവിച്ച്, സന്ദീപ് സിങ് എന്നിവർ അണിനിരന്നു.
മധ്യനിരയിൽ ഗിവ്സൺ സിങ്, ഹർമൻജോത് ഖബ്ര, സെയ്ത്യാസെൻ സിങ്, കെ പ്രശാന്ത് എന്നിവരും മുന്നേറ്റത്തിൽ കെ പി രാഹുലും പുതിയ വിദേശതാരം അഡ്രിയാൻ ലൂണയുമെത്തി.
ആദ്യ നിമിഷങ്ങളിൽ അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നേറാൻ ശ്രമിച്ചു. ഖബ്രയും പ്രശാന്തും പിന്തുണ നൽകി. എന്നാൽ ജെകെഎഫ്സി വിട്ടുകൊടുത്തില്ല. മറുവശത്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ജെകെഎഫ്സി11 മുന്നേറ്റങ്ങൾക്കും തടയിട്ടു. കളിയുടെ ഇരുപതാം മിനിറ്റിൽ ലൂണയൊരുക്കിയ നീക്കത്തിൽ ഗിവ്സൺ അടിതൊടുത്തെങ്കിലും ജെകെഎഫ്സി ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ ലൂണയുടെ മറ്റൊരു ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പ്രശാന്തിന്റെ നീക്കവും ജെകെഎഫ്സി ഗോൾ കീപ്പർ നിർദോഷ് തടഞ്ഞു. കെ പി രാഹുലിന്റെ നീക്കങ്ങളെ ജെകെഎഫ്സി പ്രതിരോധം പിടിച്ചു.
43–ാം മിനിറ്റിൽ സെയ്ത്യാസെൻ സിങ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ലൂണയുടെ മനോഹര നീക്കമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഇടതുവശത്തുവച്ച് സെയ്ത്യാസെൻ അടിതൊടുത്തു. പിന്നാലെ ജെകെഎഫ്സിയുടെ ഗോൾശ്രമം ആൽബിനോ തടഞ്ഞു. ആദ്യപകുതിയിൽ ഒരു ഗോൾ ലീഡിൽ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു.
രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങൾ വരുത്തി. സന്ദീപ് സിങ്ങിന് പകരം സഞ്ജീവ് സ്റ്റാലിനെത്തി. ഗോൾവലയ്ക്ക് മുന്നിൽ ആൽബിനോ ഗോമെസിന് പകരം പ്രബുക്ഷൺ സിങ്ങുമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ലൂണ ജെകെഎഫ്സി ഗോൾമുഖം വിറപ്പിച്ചു. നേരിയ വ്യത്യാസത്തിലാണ് ഗോൾ അകന്നത്. മറുവശത്ത് ജെകെഎഫ്സിയുടെ ഷാനവാസിന്റെ ഗോൾശ്രമത്തെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു.
കളിയുടെ അവസാന ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ പകരക്കാരെ ഇറക്കി. ശ്രീകുട്ടനും ബിജോയ് എന്നിവർ കളത്തിലെത്തി. വിൻസി ബരെറ്റോ, അനിൽ, ഷഹജാസ്, ഹോർമിപാം, ധെനെചന്ദ്ര മീട്ടി, ആയുഷ് അധികാരി എന്നിവരുമെത്തി. കളിയിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്തം തുടർന്നു. ആയുഷ് അധികാരിയുടെ ഷോട്ട് ഗോൾ ബാറിന് മുകളിലൂടെ പറന്നു. സഞ്ജീവിന്റെ ഷോട്ടും ഗോളിന് അരികയെത്തി. ലോങ് റേഞ്ച് പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല.
കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. സഞ്ജീവ് ജെകെഎഎഫ്സി11 ഗോൾ കീപ്പറെ കീഴടക്കി. ശ്രീക്കുട്ടന്റെ മുന്നേറ്റമായിരുന്നു ഗോളിന് അവസരമൊരുക്കിയത്. ഗോൾ കീപ്പർ തട്ടിയിട്ടെങ്കിലും സഞ്ജീവ് ലക്ഷ്യത്തിലെത്തിച്ചു.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ