ഇഷ്ഫാക്ക് അഹമ്മദിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :
- നമ്മുടെ കോച്ചും അതുപോലെതന്നെ ചില പ്രധാന താരങ്ങളും അടുത്ത മത്സരത്തിൽ ഉണ്ടാവില്ലല്ലോ, അത് കേരള ബ്ലാസ്റ്റേഴ്‌സിന് എത്രത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നു കരുതുന്നു?
അതേ, നമുക്ക് ഹെഡ് കോച്ചും ചില മികവുറ്റ താരങ്ങളും അടുത്ത മത്സരത്തിൽ ഉണ്ടാവില്ല. പക്ഷേ പരിക്കും മറ്റും മാറി വരുന്ന മികച്ച താരങ്ങൾ ഇനിയും നമുക്കൊപ്പമുണ്ട്. മൂന്നു പോയിന്റുകൾ നേടുന്നതിൽ ഞങ്ങൾക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്.
- എഫ് സി ഗോവയ്ക്കെതിരെ ഭേദപ്പെട്ട പ്രകടനം ആയിരുന്നല്ലോ. കഴിഞ്ഞ മത്സരത്തിലെ പാഠങ്ങൾ എന്തൊക്കെയായിരുന്നു?
ടി വി വഴി കളികണ്ടുകുണ്ട് അനാലിസിസ് നടത്തുമ്പോൾ ഒട്ടനവധി അവസരങ്ങൾ നമുക്ക് ലഭിച്ചതായി കണ്ടു. ആദ്യ നിമിഷങ്ങളിൽ അവരായിരുന്നു പന്തിനുമേൽ ആധിപത്യം പുലർത്തിയത് എങ്കിലും വൺ ഓൺ വൺ സീറ്റുവേഷൻ അടക്കം നമുക്കും മുൻതൂക്കം ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു രണ്ടു പോയിന്റ് നഷ്ടമാണ്. നമുക്ക് ജയിക്കാമായിരുന്നു, പക്ഷേ ഇവിടെ എന്തും സംഭവിക്കാമല്ലോ. അടുത്ത മത്സരങ്ങളിൽ വിജയം നേടാൻ കഴിയും എന്ന് വിശ്വസിക്കുന്നു. എഫ് സി ഗോവ മികച്ചൊരു ടീം തന്നെയായിരുന്നു എന്നതിനൊപ്പം മത്സരം ഞങ്ങൾക്ക് കടുപ്പമുള്ളതും ആയിരുന്നു.
- ഇതൊരു രണ്ടു പോയിന്റ് നഷ്ടമാണ് എന്നും ഒട്ടനവധി അവസരങ്ങൾ ലഭിച്ചിരുന്നു എന്നും പറഞ്ഞുവല്ലോ, കളിയിലേയ്ക്കു നോക്കുമ്പോൾ ഹോപ്പറിന് മികച്ച രണ്ടവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും അദ്ദേഹം അത് ഗോളിലേയ്ക്കു വഴിതിരിച്ചില്ല. ഹോപ്പറിന് കോൺഫിഡൻസ് കുറവാണ് എന്ന് തോന്നിയിട്ടുണ്ടോ? വളരെ പരിച്ചയസമ്പത്തുള്ള കളിക്കാരനാണല്ലോ അദ്ദേഹം.
അങ്ങനെ തോന്നുന്നില്ല, അദ്ദേഹം ടീമിൽ നമ്പർ 10 ആയി ആണ് കളിക്കുന്നത്. മത്സരശേഷം അദ്ദേഹത്തോട് ഇതിനെ കുറിച്ച് സംസാരിക്കുകയുമുണ്ടായി, അദ്ദേഹം ആ അവസരത്തിൽ സ്വാർഥനാകാൻ ശ്രമിക്കുന്നതിനു പകരം ടീമിനെ സഹായിക്കാനാണ് നോക്കിയത്. ഒറ്റയ്ക്കടിക്കുന്നതിലും അദ്ദേഹം ടീമിനെ കൊണ്ട് അടിപ്പിക്കുന്നതിലും ഗോൾ ഉറപ്പിക്കുന്നതിലും ശ്രദ്ധവച്ചു. അദ്ദേഹം കിട്ടിയ പന്ത് പാസ് ചെയ്യാൻ നോക്കി എങ്കിലും അത്ര കൃത്യമായില്ല. ആത്മവിശ്വാസം കുറവുള്ളതായി ഇതുവരെ തോന്നിയിട്ടില്ല എന്നതിനൊപ്പം അദ്ദേഹം നന്നായി ഫൈനൽ തേർഡിൽ കളിക്കുന്നുമുണ്ട്. നമ്പർ 9 നമ്പർ 10 ഒക്കെ കളിക്കുമ്പോഴും ടീമിൽ ആറിനടുത്തു ഗോളുകളിൽ നേരിട്ടും അല്ലാതെയും പങ്കാളിയായിട്ടുണ്ട് അദ്ദേഹം. ഇനിയുള്ള മത്സരങ്ങളിൽ അദ്ദേഹം ഗോൾ നേടും എന്നും പ്രതീക്ഷിക്കുന്നു.
- ജോർദ്ദാൻ മുറെയെ എത്രത്തോളം ടീം മിസ് ചെയ്യുന്നുണ്ട്?
നമുക്ക് ഒന്നിൽ കൂടുതൽ മികവുറ്റ താരങ്ങളുണ്ട്. പകരം വന്ന രാഹുൽ ഈ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടി ടീമിന് പോയിന്റുകൾ നേടിക്കൊടുത്തു. അങ്ങനെ ഉത്തരവാദിത്വമുള്ള താരങ്ങൾ ഒരുപാട് ടീമിൽ ഉണ്ട്. ഒരു ടീം എന്ന നിലയിൽ അതിനോടൊക്കെ നമ്മൾ യോജിക്കണം എന്നാണ് എന്റെ വശം. ഞങ്ങൾ അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യുന്നുണ്ട്, കാരണം അദ്ദേഹം മികച്ച ഫോമിൽ ഗോളുകളും മറ്റും നേടി മികവിലായിരുന്നല്ലോ. പക്ഷേ നിർഭാഗ്യവശാൽ ഇത് ഫുട്‌ബോളിന്റെ ഭാഗമാണല്ലോ.
- അൽബിനോയുടെ മികവുറ്റ സീസണുകളിൽ ഒന്നായിരുന്നല്ലോ ഇത്, സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും തിരിച്ചു വരവ് ഗംഭീരമാക്കിയിട്ടും ക്ളീൻ ഷീറ്റുകളുടെ കാര്യത്തിൽ നമ്മൾ പുറകിലാണല്ലോ. കഴിഞ്ഞ പത്തിനടുത്ത് മത്സരങ്ങളിൽ നിന്നും രണ്ടു ക്ലീൻ ഷീറ്റുകൾ മാത്രമാണ് നമുക്കുള്ളത്, ഇതിന്റെ കാരണമെന്താണ് എന്നാണ് തോന്നുന്നത്?
അതിനു കാരണം എതിർ ടീമികളും മികവുറ്റ ഫുട്‌ബോൾ തന്നെയാണ് കളിക്കുന്നത് എന്നതാണ്. അവർക്കും ഗോൾ നേടണമല്ലോ. ആദ്യ ലെഗ്ഗിൽ നിർണ്ണായക പോരാട്ടങ്ങൾ നടത്തുംബോഴും ഒട്ടനവധി മികച്ച താരങ്ങൾ നമുക്കൊപ്പം ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മൾ നല്ല ഫുട്‌ബോൾ ആണ് കളിക്കുന്നത്. പറഞ്ഞതുപോലെ ഇതൊരു പേർസണൽ നേട്ടവും ടീമിന്റെ വിജയവുമാണ്, ഇദ്ദേഹം അവിടെ നന്നായി പരിശ്രമിക്കുന്നുണ്ട്. ടീമും ഇദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും സീസണിന്റെ അവസാനം കൂടുതൽ ക്ലീൻ ഷീറ്റുകൾ കയ്യിൽ വരുമെന്നും പ്രതീക്ഷിക്കാം.
- ഹെഡ് കോച്ച് കിബുവിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കും എന്നു തോന്നുന്നു?
ഇത് എല്ലായിപ്പോഴും ഒരു ടീമിനെ സംബന്ധിച്ചിടത്തോളം നല്ലതല്ല. കുടുംബനാഥനെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ. എങ്കിലും പരിശീലനത്തിലും മറ്റും അദ്ദേഹത്തിന്റെ വിലയിരുത്തലുകളും നിദ്ദേശങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ടീമിലെ ബാക്കി കോച്ചുമാരും സ്റ്റാഫുകളും ഒക്കെയായുള്ളവരും സഹായിക്കുന്നുണ്ട്.
- അൽബിനോ ദേശീയ ടീം വിളി കാത്തിരിക്കുന്ന താരമാണല്ലോ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുർപ്രീത്തും അമരീന്തറും അടക്കം ഒട്ടനവധി മികവുറ്റ ഗോൾകീപ്പർമാർ ഉണ്ടല്ലോ, കഴിവിന്റെ കുത്തൊഴുക്കണല്ലോ നിലവിൽ കാണാൻ സാധിക്കുന്നത്. ദേശീയ ടീം കോച്ച് പറഞ്ഞിരുന്നു ഇന്ത്യൻ സ്‌ട്രൈക്കർമാരുടെ ആവറേജ് പ്രകടനവും ടീമിനെ ബാധിക്കും എന്ന്. രാഹുലിനെ പോലെയുള്ളവരുടെ പ്രകടനവും അവരുടെ അവസരങ്ങളും എങ്ങനെ നോക്കിക്കാണുന്നു?
ക്ലബ്ബ്കൾക്ക് വ്യത്യസ്ത രീതികളും വഴികളും ഉണ്ടാവും. ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അൽബിനോ മികച്ച രീതിയിൽ തന്നെ കളിക്കുന്നുണ്ട്, ഒരു നല്ല ഗോൾകീപ്പർ ആവാനുള്ള എല്ലാ ഘടകങ്ങളും ഇദ്ദേഹത്തിനുണ്ട്. പൊക്കവും പ്രകടനവും എല്ലാം. ഇത് ഇനി കോച്ചിന്റെ കൈകളിലാണ്. എന്റെ ഭാഗമെന്താണെന്നാൽ നന്നായി കളിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കണം എന്നതുതന്നെയാണ്. ക്യാമ്പിൽ എങ്കിലും എത്തണം എന്നുള്ളത് നിർബ്ബന്ധമാണ്, അതിനു ശേഷം കോച്ചിന്റെ കളിശൈലിക്ക് യോജിച്ചതല്ല എങ്കിൽ പുറത്തു വിടാം. ഇപ്പോൾ നന്നായി കളിക്കുന്ന എല്ലാ താരങ്ങളെയും ദേശീയ ക്യാമ്പിൽ എത്തിക്കണം എന്നാണ് എന്റെ ആഗ്രഹം (ദേശീയ ടീമിൽ അല്ല, അത് അവരുടെ പ്രകടനവും കളിശൈലിയും അനുസരിച്ച് വരും).
രണ്ടാമത്തെ കാര്യം, നമ്മൾ ആണ് ഇന്ത്യൻ സ്‌ട്രൈക്കറെ ഉപയോഗിച്ച് കളിക്കുന്ന ചുരുക്കം ടീമുകളിൽ ഒന്ന്, ബംഗളൂരു ഉണ്ട് കൂടെ. അത് സത്യത്തിൽ കോച്ചുമാർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ സൂചനയാണ്. രാഹുൽ അവഖ്സരങ്ങൾ നേടിയെടുക്കുന്നതും നമ്മൾ കാണുന്നുണ്ടല്ലോ. അദ്ദേഹം ദേശീയ ടീമിൽ കളിക്കും എന്നുതന്നെയാണ് പ്രതീക്ഷ. പല ക്യാറ്റഗരികളിൽ കളിച്ചിട്ടുണ്ട് എങ്കിലും ദേശീയ ടീമിൽ കളിക്കുന്നതിനു വേണ്ട ക്വളിറ്റി അവനുണ്ട്, ഉയരം കുറവാണെങ്കിലും ഏതൊരു ഡിഫണ്ടറെയും തോൽപ്പിക്കാൻ പാകത്തിലുള്ള കഴിവ് അവനിൽ ഉണ്ട്.
ആൽബിനോയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :
- സീസണിന്റെ തുടക്കത്തിലേ വളരെ പതുങ്ങിയ പ്രകടനത്തിൽ നിന്നും മികവുറ്റ ഗോൾകീപറിലേയ്ക്കുള്ള യാത്രയായിരുന്നല്ലോ താങ്കളുടേത്, സീസൺ പുരോഗമിക്കുംതോറും കളിയിൽ വന്ന പുരോഗതികൾ ഒന്നു വ്യക്തമാക്കാമോ?
തീർച്ചയായും, കളികൾ കളിച്ചു കളിച്ചാണ് ഞാൻ ആത്മവിശ്വാസം പടുത്തുയർത്തിയത്. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങി. അങ്ങനെ എന്റെ പരമാവധി ടീമിനായി നൽകി. ഇതൊരു മികച്ച സീസൺ തന്നെയാണ്, ഇതുപോലെ തന്നെ തുടരാനും ഞാൻ ശ്രമിക്കും.
- ദേശീയ ടീമിലേയ്ക്കുള്ള താങ്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? നോട്ടമുണ്ടോ?
തീർച്ചയായും, എല്ലാ ഭാരതീയ ഫുട്‌ബോളറുടെയും സ്വപ്നമാണല്ലോ അത്. അതിനായി പരിശ്രമിക്കും എന്നതിനൊപ്പം ഇപ്പോൾ കൂടുതൽ ഊന്നൽ നിലവിലെ ടീമിലെ കളിയും വിജയവുമാണ്. എന്റെ പരമാവധി നൽകാൻ ഞാൻ എപ്പോഴും തയ്യാറാണ്.
- ടീമിനെ പരിക്കും മറ്റും അലട്ടിയ സമയങ്ങളിൽ ഒരു ഉറച്ച ഡിഫൻസ് ലൈൻ ഇല്ലാതെയായിരുന്നല്ലോ കൂടുതൽ മത്സരങ്ങളും കളിച്ചിരുന്നത്. അത് പ്രകടനത്തെ എങ്ങനെയൊക്കെ ബാധിച്ചു?
അത് ബുദ്ധിമുട്ടായിരുന്നു എങ്കിലും കളിക്കാൻ വരുന്ന ഓരോരുത്തരും അവരുടെ നൂറു ശതമാനം നൽകാൻ ശ്രമിച്ചിട്ടുണ്ട്. സന്ദീപ് പോലുള്ള താരങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ താരങ്ങളും പൂർണ്ണ ഉത്തരവാദിത്വബോധമുള്ളവരാണ് എന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിച്ചു.
- താങ്കൾ ഒരുപാട് പെനാൽറ്റികൾ സേവ് ചെയ്തല്ലോ, ഇതിനായി പ്രത്യേകം പരിശീലനങ്ങൾ എടുത്തിരുന്നോ?
ഒരുപാടൊന്നും അതിനായി വർക്ക് ചെയ്തിരുന്നില്ല, എങ്കിലും കളിയിൽ എല്ലാം കൃത്യമായി വന്നു. ഒരു സെക്കന്റിന്റെ കാര്യമാണ് ഇതൊക്കെ. പിടിച്ചാൽ ഞങ്ങൾ ഹീറോകളാണ്, പിടിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല.
- അൽബിനോയുടെ മികവുറ്റ സീസണുകളിൽ ഒന്നായിരുന്നല്ലോ ഇത്, സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും തിരിച്ചു വരവ് ഗംഭീരമാക്കിയിട്ടും ക്ളീൻ ഷീറ്റുകളുടെ കാര്യത്തിൽ നമ്മൾ പുറകിലാണല്ലോ. കഴിഞ്ഞ പത്തിനടുത്ത് മത്സരങ്ങളിൽ നിന്നും രണ്ടു ക്ലീൻ ഷീറ്റുകൾ മാത്രമാണ് നമുക്കുള്ളത്, ഇതിന്റെ കാരണമെന്താണ് എന്നാണ് തോന്നുന്നത്?
അതൊരു പേർസണൽ നേട്ടവും ടീമിന്റെ വിജയവുമാണല്ലോ, കൂടുതൽ ക്ലീൻ ഷീറ്റുകൾ കയ്യിൽ വയ്ക്കാൻ നോക്കി എങ്കിലും പലപ്പോഴായി ചില നിസ്സാര ഗോളുകൾ ഞങ്ങൾ വഴങ്ങി. വരുന്ന മത്സരങ്ങളിൽ ക്ലീൻ ഷീറ്റുകൾ കയ്യിലാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.