കിബു വികുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- എപ്പോഴൊക്കെ മുറെ കളിക്കളത്തിൽ ഇറങ്ങുന്നുവോ അപ്പോഴൊക്കെ ഫൈനൽ തേർഡ് കുറച്ചൂടി പ്രതീക്ഷാജനകമായി പ്രതീതമാവുന്നു. ഒരു സ്‌ട്രൈക്കറെ വെച്ച് കളിക്കുന്നതിനു പകരം രണ്ട് സ്‌ട്രൈക്കർമാരെ മുമ്പിൽ അണിനിരത്തി കളി മെനയേണ്ട സമയം അധീതമായി എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
നമുക്ക് ഒന്നോ രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് കളിക്കാം, പക്ഷേ സാധാരണയായി നമ്മൾ ഒരാളെയാണ് ഉപയോഗിക്കാറ്. അതും പിന്നെ വരുന്ന സാഹചര്യങ്ങളിൽ കിട്ടുന്ന പ്ലാനുകളും കളിക്കാരും ഒക്കെ ഉൾപ്പെടെ ഞങ്ങൾ ശ്രമിക്കുന്നുണ്ട് , മികച്ച ഒരു ടീമിനെ പടുത്തുയർത്താൻ.
- കിബുവിനോട് – കഴിഞ്ഞ നാല് മത്സരങ്ങളുടെ കണക്കുകൾ നോക്കുകയാണെങ്കിൽ എതിർ ബോക്സിനുള്ളിൽ ഹൂപ്പർക്ക് കിട്ടുന്ന പാസ്സുകളുടെ എണ്ണം വളരെ അധികം കുറവാണ്. നിലവിലെ ഈ സാഹചര്യം മറികടന്നു ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിക്കാൻ അങ്ങയുടെ മനസ്സിൽ എന്ത് ആശയമാണ് ഉള്ളത്?
ഞങ്ങൾ മികവിനായി ശ്രമിക്കുന്നുണ്ട്. എല്ലാ തരത്തിലും മികച്ചതാവാൻ ഞങ്ങൾ പരമാവധി പ്രായത്നിക്കുന്നുണ്ട്. അതിനാൽ തന്നെ അടുത്ത മത്സരം മുതൽ ആ മികവ് കാണിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
- കിബുവിനോട് – KBFC ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. വരും മത്സരങ്ങളിൽ നമ്മുക്ക് ടീമിൽ നിന്നും എന്തൊക്കെ പ്രതീക്ഷിക്കുവാൻ സാധിക്കും?
നിങ്ങൾക്ക് പ്രതീക്ഷകൾ വയ്ക്കാം, ഞങ്ങൾ മൂന്നു പോയിന്റുകൾക്കായി കളിക്കും. മത്സരങ്ങൾ തിരിച്ചു പിടിക്കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. ഞങ്ങൾ നല്ല ഫുട്ബോൾ കളിക്കും, കൂടുതൽ അവസരങ്ങൾ ഉണ്ടാക്കും, നന്നായി കളിച്ചുകൊണ്ട് മികച്ച റിസൽറ്റുകൾ ഉണ്ടാക്കും.
- എഫ് സി ഗോവയ്ക്കെതിരെ ഉണ്ടായ തോൽവിക്ക് ശേഷം താങ്കൾ ടീമിന് നൽകിയ മെസ്സേജ് എന്തായിരുന്നു?
ഞങ്ങൾ ഇതുവരെയുള്ള ഞങ്ങളുടെ കളിയിൽ പൂർണ്ണ സംതൃപ്തരല്ല. എന്നാൽ എനിക്ക് എന്റെ ടീമിലും എന്റെ കളിക്കാരിലും പൂർണ്ണ വിശ്വാസമുണ്ട്, അതിനാൽ കൂടുതൽ മുന്നിലേയ്ക്ക് പോയി റിസൽറ്റുകൾ ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കും.
- എഫ് സി ഗോവയ്ക്കെതിരെ ചുവപ്പ് കാർഡ് കണ്ടു പുറത്തായ കോസ്റ്റ ഈ കളിയിൽ ഉണ്ടാവില്ല എന്ന കാര്യം മുന്നിർത്തി കോസ്റ്റ കോനെ ദ്വയത്തിന് പകരം താങ്കൾ ആരെയാണ് ആദ്യ ഇലവനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്?
പല സാധ്യതകൾ നമുക്ക് മുൻപിൽ ഉണ്ട്, സന്ദീപ്, താരാ, അങ്ങനെ ടീമുന് ഗുണം ചെയ്യാൻ ഉചിതമായ തീരുമാനം എടുക്കും.
- ബംഗളൂരു എഫ് സിക്ക് സാധാരണ എല്ലാ ടീമുകൾക്കും ഉള്ളതുപോലെ ഉള്ള ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കുമല്ലോ, പ്രീ സീസൺ ലഭ്യത കുറവും ടീമിലെ ഒത്തിണക്കത്തിൽ വന്ന പാളിച്ചകളും മറ്റും. അപ്പോൾ ഇതാണ് ഇവർക്കെതിരെ കളിക്കാനുള്ള ഏറ്റവും മികച്ച സമയം എന്നു താങ്കൾക്ക് തോന്നുന്നുണ്ടോ? മികച്ച റെക്കോർഡുകൾ നമുക്കും ഇല്ലല്ലോ. അപ്പോൾ എന്തൊക്കെയാണ് കളിയുടെ നിരീക്ഷണങ്ങൾ?
അവർക്ക് മികച്ച ടീമുണ്ട്, നല്ല ഇന്ത്യൻ താരങ്ങളും. എല്ലാ മേഖലകളിലും അവർ ഒരു ടീമിന്റെ ഒരുക്കങ്ങളുടെ കാര്യത്തിൽ മികവുറ്റവരാണ്. നന്നായി പരിശ്രമിക്കുന്നവരും ആണ്, കൃത്യമായി ഫോർമേഷൻ മാറ്റി പരീക്ഷിക്കുകയും ചെയ്ത ടീമുമാണ്. അവർ നമ്മളെ പോലെ മികവ് പുലർത്താൻ ശ്രമിക്കുന്നവർ തന്നെയാണ്. നമുക്ക് ഇതൊരു വലിയ വെല്ലുവിളിയും ആണ്, അതിൽ ഞങ്ങൾ സംതുഷ്ടരാണ്. വളർച്ചയുടെ പാതയിലാണ് നമ്മൾ.
- തീർച്ചയായും താങ്കളുടെ പ്രതീക്ഷകൾ ഈ തുടക്കത്തോട് യോജിക്കുന്നതായിരിക്കില്ല, അപ്പോൾ എന്തെങ്കിലും പദ്ധതികളോ ഉള്ള പദ്ധതികളിൽ മാറ്റങ്ങളോ വരുത്താൻ ശ്രമിക്കുന്നുണ്ടോ?
അതേ, ഞങ്ങൾ ആദ്യ നാലു മത്സരങ്ങളിൽ ഇങ്ങനെ രണ്ടു പോയിന്റിൽ ഒതുങ്ങും എന്നു കരുതിയതല്ല. പക്ഷേ ഇതും സംഭവിക്കാം, കൂടുതൽ പരിശ്രമിക്കാൻ ശ്രമിക്കുന്നുണ്ട്, കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാനും മറ്റും. എല്ലാ മേഖലകളിലും ഞങ്ങൾ മുന്നേറാൻ ഒരുങ്ങുകയാണ്.
- കഴിഞ്ഞ കാലങ്ങളിൽ താങ്കൾ ഉൾപ്പെട്ട ലീഗുകളിൽ നിന്നും എങ്ങനെ ഐ എസ് എൽ വ്യത്യസ്തമാവുന്നു?
എന്റെ നിരീക്ഷണത്തിൽ എല്ലാ മേഖലകളിലും ഇതു വളർന്നുകൊണ്ടിരിക്കുന്ന ലീഗാണ്, കോച്ചിങ് സ്റ്റാഫും കളിക്കാരും സാഹചര്യങ്ങളും എല്ലാം മികവുറ്റതാണ്. എല്ലാ മത്സരങ്ങളിലും മികച്ച റിസൾട്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാനും ആവും. താരതമ്യം ചെയ്യാനാണെങ്കിൽ പല ലീഗുകളും പല തരത്തിൽ ആണല്ലോ, ഉദാഹരണത്തിന് പോളിഷ് ഫുട്ബോൾ വളരെ ഫിസിക്കൽ ആണ്, അവിടുത്തെ ടീമുകളുടെ ശൈലി വ്യത്യസ്തമാണ്. അവരുടെ കൾച്ചർ അതിനധിഷ്ഠിതമാണ്. പിന്നെ സ്പെയിൻ, അവിടെ എല്ലാം വ്യത്യസ്തമാണ്. കളിയും പിന്നെ കൂടുതൽ ടാക്ടിക്സ് ഉപയോഗിക്കാൻ നമുക്ക് അത് വലിയൊരു വേദിയാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് അതിനുദാഹരണമാണ്, അവർ ഈ സീസണിൽ മികച്ച ഫുട്ബോൾ കളിക്കുന്നു. സ്പെയിനിലെ ടീമുകൾ ഫിസിക്കലും ടാക്ട്ടിക്കലും ആയി കളിക്കും. അതൊക്കെ വച്ചു നോക്കുകയാണെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച നിലവാരത്തിലാണ്, വ്യത്യസ്തതയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും മികച്ച രീതിയിൽ ഉള്ള കളികൾ കാണാൻ കഴിയും.
- ആദ്യ നാലുകളികൾ അത്ര മികച്ച പ്രകടനം ആയിരുന്നില്ല നമ്മുടേത്, അതിനാൽ തന്നെ ടീമിലെ അന്തരീക്ഷം എങ്ങനെയാണിപ്പോൾ? കഴിഞ്ഞ സീസണുകളിലെ പോലെ പുറകോട്ടു പോകുവാൻ സാധ്യതകൾ കാണുന്നുണ്ടോ?
ഈ നിമിഷം നമ്മൾ ധൈര്യശാലികൾ ആയിരിക്കണം, കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ നമുക്ക് മികച്ച ടീമുണ്ട്, മികച്ച സാഹചര്യങ്ങളും ഉണ്ട്. അതിനാൽ ഞങ്ങളുടെ രീതിയിൽ തന്നെ ഞങ്ങൾക്ക് കളിക്കാനാവും.
- ടീമിലെ പരിക്കുകളുടെ എണ്ണം എങ്ങനെയാണ്? അടുത്ത മത്സരത്തിൽ ആരെങ്കിലും ഇല്ലാതിരിക്കുമോ?
സിഡോഞ്ച കളിക്കളത്തിൽ ഉണ്ടാവില്ല, അദ്ദേഹം സ്പെയിനിൽ ആണല്ലോ. അവസാന പരിശീലന സെഷൻ കൂടി കഴിഞ്ഞാലേ ആരൊക്കെ ആദ്യ ഇലവനിൽ കളിക്കും എന്നകാര്യം ഉറപ്പിക്കാനാവൂ
- പ്രതീക്ഷകൾക്കും അതീതമായിരുന്നോ താങ്കൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ്? വിചാരിച്ചതിലും കടുപ്പമായിരുന്നോ ഈ വേദി?
അല്ല, പലയിടത്തും പല സാഹചര്യങ്ങൾ ആയിരിക്കും. ഈ ടീം മികച്ച നിലയിൽ തന്നെ കളിക്കും, നമുക്കറിയില്ലല്ലോ ഈ സീസൺ എങ്ങനെ പോകുമെന്ന്. വെല്ലുവിളികൾ ഉണ്ടായിരുന്നു എങ്കിലും പരമാവധി ശ്രമിക്കുന്ന ഈ ടീം വളർച്ചയുടെ വക്കിലാണ്, അതിനു സമയം ആവശ്യമാണ്. ഈ ടീം മികച്ച ഫുട്ബോൾ കളിക്കുമെന്നുള്ള കാര്യത്തിൽ ഉറപ്പാണ്. ഈ കളിക്കാരിലും ടീമിലും എനിക്ക് വിശ്വാസമുണ്ട്, ഇവർ മുന്നേറും.
നിഷു കുമാറിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- നമ്മുക്ക് എല്ലാവർക്കും അറിയാം താങ്കൾ വളരെ ഉത്സാഹിയായ ഒരു വ്യക്തി ആണെന്ന്, താങ്കളുടെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി കാണുവാൻ സാധിക്കുന്നുണ്ട്. നാളെ താങ്കളുടെ തന്നെ പഴയ ക്ലബ്ബിനോടണല്ലോ മത്സരിക്കാൻ ഇറങ്ങുന്നത്, വൈകാരികമായി എത്രത്തോളം ഈ മത്സരം താങ്കളെ സ്വാധീനിക്കുന്നുണ്ട്?
അവർ ആയിരുന്നു എന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്ബ്, പക്ഷേ ഇപ്പോൾ ഞാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. അതിനാൽ അധികം പ്രാധാന്യം നൽകുക എന്നതിലുപരി സാധാരണ ഒരു കളിയെ സമീപിക്കുന്ന ഗൗരവത്തിൽ ഞാൻ ഈ കളിയെയും സമീപിക്കുന്നു. ബംഗ്‌ളൂരുവിന് മികച്ച ടീം ഉണ്ട്, അപ്പോൾ അവർക്കെതിരെ കളിക്കാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇത് ഏറെക്കുറെ ഞങ്ങൾക്ക് വലിയൊരു മാച്ച് ആണ് എന്നതിനാൽ അതിനുവേണ്ടി പരിശീലിക്കുകയാണ് ഞങ്ങൾ.
- ആരാധകരുടെ പ്രിയപ്പെട്ട മത്സരമാണല്ലോ കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു, അത്രയേറെ ആവേശം നിറഞ്ഞ കളികൾ ആണ് സാധാരണ നടക്കാറ്. അപ്പോൾ ആരാധകർ ഇല്ലാതെ കളിക്കുന്ന മത്സരം എന്ന നിലയിൽ ഇത് എത്രത്തോളം അവർക്ക് സഹായകരമാകും എന്നു പ്രതീക്ഷിക്കുന്നു? ഒരു കളിക്കാരൻ എന്ന നിലയിൽ ഇതിന്റെ ഒരുക്കങ്ങൾ എന്തൊക്കെയാണ്?
ആരാധകർ ഇല്ലാതെ മത്സരം കളിക്കുക സാധാരണ അവസ്ഥ പോലെയല്ല, ഇത് ഞങ്ങൾക്ക് ഒരു ഗൗരവമുള്ള കളിയാണ്. ഞങ്ങൾക്ക് ആരാധകരെ കാണാനാവില്ല എങ്കിലും ഇത് സതേൺ ഡാർബി ആണ്, ഇതു ഞങ്ങൾക്ക് ജയിക്കണം. ഒപ്പം കോവിഡ് ആയതിനാൽ നമ്മുടെ സുരക്ഷയ്ക്കായി ആണ് ഇത് നടത്തുന്നത് എന്നതിനാൽ അതിനെ നമ്മൾ അംഗീകരിക്കണം. ഞങ്ങൾ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- എലൈറ്റ് അക്കാദമിയിൽ തുടങ്ങിയ നിങ്ങൾ പ്രൊഫഷണൽ ഫുട്‌ബോൾ വരെ എത്തി നിൽക്കുകയാണല്ലോ, എന്തൊക്കെയാണ് ഓർമ്മകൾ?
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണ്, ചാണ്ടീഗഡ് ഫുട്ബോൾ അക്കാദമിയിൽ തുടങ്ങി വലിയ ഇടങ്ങളിൽ ആണ് ഞാൻ കളിച്ചു വളർന്നത്. ഇപ്പോൾ ഞാൻ ഇവിടെയെത്തിയിരിക്കുന്നു, അതിൽ ഒരുപാടു നന്ദിയുണ്ട് എ ഐ എഫ് എഫ് ഇന്. അവരണല്ലോ എനിക്കും ബാക്കി താരങ്ങൾക്കും അവസരങ്ങൾ നൽകിയത്.
- കേരള ബ്ലാസ്റ്റേഴ്സിൽ കരാറി എത്തിയതിനു പുറകിലെ കഥകൾ എന്തൊക്കെയായിരുന്നു?
കേരള ബ്ലാസ്റ്റേഴ്‌സ് വളരെ വലിയ ക്ലബ്ബാണ്, ഇവിടെ കളിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. വളരെ കടുപ്പമേറിയ തീരുമാനമായിരുന്നു ഇങ്ങോട്ടുള്ള മാറ്റം, വളരെ മികച്ച ക്ലബ്ബും ആണ് ഇത്. അതിനാൽ ഞാനിവിടെ സന്തുഷ്ടനാണ്.