ഈ ടീം മൂന്നു പോയിന്റുകൾ ആർഹിച്ചിരുന്നു, അവർ കഴിവിൽ പരമാവധി ശ്രമിച്ചു – കിബു വികുനയും ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോയും പത്രസമ്മേളനത്തിൽ.

0
416

ഹെഡ് കോച്ച് കിബു വികുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

  1. നാളെ എ ടി കെ മോഹൻ ബഗാനോടണല്ലോ മത്സരം, വ്യത്യസ്തമായ സാഹചര്യത്തിൽ കളി പുരോഗമിക്കുന്നുണ്ടല്ലോ. ആദ്യ മത്സരത്തിൽ അത്രമേൽ വഴി വ്യക്തമല്ലായിരുന്നു എങ്കിലും ഇപ്പോൾ അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകവഴി ഒട്ടനവധി പ്രതീക്ഷകൾ നൽകുന്നു ഈ ടീം. കളിക്കാർ ഒരുപാട് മെച്ചപ്പെടുന്നതായും കാണാൻ കഴിഞ്ഞു. അതേ സമയം എ ടി കെ മോഹൻ ബഗാൻ കഴിഞ്ഞ മത്സരത്തിലെ തോൽവി മുഖേന സമ്മർദ്ദത്തിലും ആയിരിക്കും. റോയ് കൃഷ്ണയുടെ മികവും നമ്മുടെ ഡിഫൻസിലെ പിഴവും ഒക്കെ കൊണ്ട് ആദ്യ മത്സരത്തിൽ ഫലം പ്രതികൂലമായി എങ്കിലും അതിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്?

ആദ്യ മത്സരം മികച്ചതായിരുന്നു, കൂടുതൽ പന്ത് കൈവശം വച്ചതും ആധിപത്യം പുലർത്തിയതും നമ്മൾ ആയിരുന്നു. ഒന്നാമത്തേത് മികവിൽ നേടിയ ഗോളും രണ്ടാമത്തേത് ഡിഫൻസിലെ പിഴവ് മുതലെടുത്തുള്ളതും ആയിരുന്നു. നമ്മൾ അധികം അവസരങ്ങൾ തുറന്നെടുത്തില്ല എന്നത് സത്യമാണ്, എന്നാലും ആ കളിയിൽ നന്നായി കളിച്ചത് നമ്മൾ തന്നെയായിരുന്നു. അവർ മുൻ ചാംപ്യന്മാരാണ്, മികച്ച താരങ്ങളും ടീമും കോച്ചും അവർക്കുണ്ട്. അതിനാൽ തന്നെ ഇതൊരു വലിയ ചലഞ്ച് ആയിരിക്കും നമുക്ക്.

  1. ഫെക്കുണ്ടോ പെരേയ്ര മൂക്കിൽ പൊട്ടൽ നേരിട്ടത്തിനെ തുടർന്ന് കളിക്കളത്തിനു പുറത്താണല്ലോ നിലവിൽ, ആരാധകർ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിന് എത്രത്തോളം സമയമെടുക്കും എന്നു കരുതുന്നു? സ്ക്വാഡിൽ മടങ്ങിയെത്തുന്ന സമയം കൃത്യമായി പറയാൻ സാധിക്കുമോ?

ഇല്ല, പരിക്കുകൾ പിണഞ്ഞാൽ പടിപടിയായി ആണ് നമ്മൾ റിക്കവർ ആവുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിക്കവറിയും മറ്റും കഴിഞ്ഞു നമുക്ക് നോക്കാം, കാത്തിരിക്കാം. എത്രത്തോളം പെട്ടന്ന് മടങ്ങിയെടുത്തുന്നോ, അത്രയും സന്തോഷം. കൃത്യമായി ഒരു സമയം പറയാൻ വയ്യ, അറിയില്ല എന്നതാണ് വാസ്തവം.

  1. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ താങ്കളുടെ അഭാവത്തിലും പതിനെട്ടോളം ഷോട്ടും മൂന്നു ബാർ ഹിറ്റുകളും ഒക്കെയായി മത്സരം മികച്ച രീതിയിൽ നടന്നു, നിർഭാഗ്യം കൊണ്ടു മാത്രം ഗോൾ ഇല്ലാ സമനിലയ്ക്കായി അത് മാറിയല്ലോ. ആ മത്സരത്തിലെ താങ്കളുടെ നിരീക്ഷണങ്ങൾ എന്തൊക്കെയായിരുന്നു?

ആദ്യ ഇരുപത്തിയഞ്ചു മിനിറ്റിനു ശേഷം ടീം വളരെ നിലവാരമുള്ള ഫുട്‌ബോളാണ് കാഴ്ചവച്ചത്. നമ്മളായിരുന്നു കളിയിൽ മികവ് കാട്ടിയത്. നമ്മൾ ഒന്നു സ്കോർ ചെയ്തു എങ്കിലും അത് ഞങ്ങൾക്ക് ലഭിച്ചില്ല, അതിനാൽ തന്നെ ഒരു പോയിന്റ് നേടി എന്നതിനേക്കാൾ രണ്ടു പോയിന്റ് നഷ്ടപ്പെടുത്തി എന്നതാണ് ഞങ്ങളുടെ ചിന്ത. കളി നിയന്ത്രിച്ചത് നമ്മളായിരുന്നു എങ്കിലും മൂന്നു പോയിന്റ് കയ്യിലാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ നമുക്ക് ഒരുപാട് ശുഭസൂചനകൾ ഉണ്ട്. നമ്മൾ മൂന്നു പോയിന്റിന് ആർഹരായിരുന്നു വാസ്തവത്തിൽ.

  1. ചില താരങ്ങളെ ക്ലബ്ബിൽ നിലനിർത്താൻ ക്ലബ്ബ് താത്പര്യപ്പെടുന്നു എന്നിരിക്കെ താങ്കൾക്ക് പേഴ്സണലി താല്പര്യമുള്ള ഏതെങ്കിലും താരങ്ങളുണ്ടോ? നിലനിർത്താൻ താല്പര്യമുള്ളവർ?

നിലവിലെ ശ്രദ്ധ അടുത്ത മത്സരത്തിലാണ്, അതിനൊക്കെ ശേഷമേ ഇതൊക്കെ നോക്കാൻ സാധിക്കൂ. മീഡിയകൾ തലങ്ങും വിലങ്ങും വാർത്തകൾ വിടുന്നു, പക്ഷേ ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ത്രീകരിക്കുന്നു.

  1. ഒരു കോച്ചിനെ സംബന്ധിച്ചിടത്തോളം കഠിനമായ സാഹചര്യമാണത് എങ്കിലും, എന്തായിരുന്നു ഡഗ്ഔട്ടിനു പുറത്തിരുന്നു കളികണ്ടപ്പോഴുണ്ടായിരുന്ന അനുഭവങ്ങൾ?

അത് തീർച്ചയായും അത്ര നല്ല അനുഭവമല്ല, തികച്ചും വ്യത്യസ്തമായിരുന്നു. മത്സരത്തിലുടനീളം പുറത്തിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എങ്കിലും എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു, എന്റെ കോച്ചിങ് സ്റ്റാഫുകൾ മികവുറ്റവരാണ്. അവരുടെ പിന്തുണകൊണ്ടാണ് നമ്മൾ ഓരോ നിമിഷവും മുന്നോട്ടു കുതിക്കുന്നത്‌. കൃത്യമായി ഒരു പദ്ധതി രൂപീകരിച്ചു കളിക്കാൻ സാധിച്ചു എന്നത് സഹായിച്ചു. വ്യത്യസ്തമായ അവസ്ഥയായിരുന്നു എന്നതിനാൽ ഇനി ഇതുപോലെ വരരുതെ എന്ന് ആഗ്രഹിക്കുന്നു.

  1. ജനുവരി മാസത്തിലെ ടീമിന്റെ പ്രകടനം ഒന്നു വിലയിരുത്താമോ?

ജനുവരി വളരെ കടുപ്പമേറിയതായിരുന്നു, കാരണം നാളെ നമ്മൾ ഈ മാസത്തിലെ എട്ടാമത്തെ മത്സരമാണ് കളിക്കാൻ പോകുന്നത്. റിക്കവരിക്കും പരിശീലനങ്ങളിൽ പദ്ധതികൾ ഉൾപ്പെടുത്താനും പോലും സമയം തികയുന്നുണ്ടായിരുന്നില്ല. പക്ഷേ എല്ലാം ഷെഡ്യൂൾ ചെയ്തവയണല്ലോ, ഡിസംബറിൽ ആകെ നാലു മത്സരങ്ങളും ജനുവരിയിൽ നേരെ ഇരട്ടിയും, അത് ബുദ്ധിമുട്ടാണ് എങ്കിലും ടീം നന്നായി പരിശ്രമിക്കുന്നു, മുന്നേറുന്നു. നമ്മൾ നന്നായി കളിക്കുന്നു എന്ന വിശ്വാസമുണ്ട് ഇപ്പോൾ. ഇനി ഉള്ളത് എറ്റവും മികച്ച, കടുപ്പമേറിയ രണ്ടു മത്സരങ്ങളാണ്, അപ്പോൾ അതിനായി പരിശ്രമിക്കണം. പ്രത്യേകിച്ചു ചാമ്പ്യന്മാരായ നാളത്തെ എതിരാളികളോട്.

ജസലിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

  1. താങ്കൾ കഴിഞ്ഞ സീസൺ മുതൽ നമുക്കൊപ്പമുണ്ട്, ആരാധകരുടെ കാഴ്ചപ്പാടിൽ താരങ്ങളുടെ കളിയോടുള്ള മനോഭാവങ്ങളിൽ വലിയ, പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്താണ് താങ്കളുടെ കാഴ്ചപ്പാടുകൾ?

എന്റെ കാഴ്ചപ്പാടിൽ എല്ലാവരും നന്നായി വർക്ക് ചെയ്യുന്നു, പരിശ്രമിക്കുന്നു. പഴയതെങ്ങനെയോ അതേപോലെ തന്നെ ഇപ്പോഴും ഒന്നിച്ചു പരിശീലനം ചെയ്യുന്നു. ആദ്യ നാലിൽ എത്താൻ ഞങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്, എല്ലാ ദിവസവും. എന്റെ നോട്ടത്തിൽ രണ്ടു സീസണ്കളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

  1. ടീമിലെ അംഗം എന്ന നിലയിൽ ഇപ്പോൾ പോയിന്റ് ടേബിളിലെ സ്ഥാനത്തോട് എങ്ങനെ പ്രതികരിക്കുന്നു? പ്ലേ ഓഫ് എത്താൻ സാധ്യതകൾ കാണുന്നുണ്ടോ?

തീർച്ചയായും, കഴിഞ്ഞ ജിംഷാദ്പൂരുമായുള്ള മത്സരത്തിൽ നിർഭാഗ്യം പിണഞ്ഞു എങ്കിലും ഒരു പോയിന്റ് കിട്ടി. പോയിന്റ് ടേബിളിൽ അനക്കം തട്ടാതെ അതേ സ്ഥാനത്ത് നിലനിൽക്കാൻ കഴിഞ്ഞു. ക്വാളിഫിക്കേഷൻ നേടാൻ ഒരുപാട് സാധ്യതകൾ ഇപ്പോഴും ഉണ്ട്. ഞങ്ങൾ പരിശ്രമിക്കും, ആദ്യ നാലിൽ എത്താൻ.