വിമർശനങ്ങളെയും നെഗേറ്റിവ് കമന്റുകളെയും ഞങ്ങൾ ഭയക്കുന്നില്ല – കിബു വികുന്യയും രാഹുൽ കെ പി യും പത്രസമ്മേളനത്തിൽ.

0
345

ഹെഡ് കോച്ച് കിബു വികുനയോനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

 1. കഴിഞ്ഞ മത്സരത്തിൽ നിന്നും എത്രത്തോളം ആവേശവും വിശ്വാസവും ഉൾക്കൊണ്ടാണ് അടുത്ത മത്സരത്തിലേക്ക്, പ്രത്യേകിച്ചും ഗോവ പോലുള്ള മികച്ച ടീമിനെതിരെ കളിക്കാൻ പോകുന്നത്?

ഇതു ഫുട്ബോൾ ആണല്ലോ, കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ നമ്മൾക്ക് തന്നെ മാറ്റങ്ങൾ ഉണ്ടായിരുന്നു. അവസാന നിമിഷം പോയിന്റ് നഷ്ടപ്പെടുത്തി നിരാശയിൽ ആയിരുന്നു നമ്മൾ. ഇപ്പോൾ നമ്മൾ ജയിച്ചു, അതും അവസാന നിമിഷത്തെ ഗോളിൽ. അപ്പോൾ കളിക്കുന്ന എല്ലാ കളികളിലും ഞങ്ങൾക്ക് സ്വയം വിശ്വാസമുണ്ട്. നാളെ വ്യത്യസ്തമായ കളിരീതിയോടാണ് ഞങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്, കളിക്കാരെ സജ്ജരാക്കി കളിക്കളത്തിലെത്തിക്കാൻ ഞങ്ങൾ പരമാവധി പരിശ്രമങ്ങൾ നടത്തുന്നു.

 1. ഇപ്പോൾ ലീഗ് ടേബിളിൽ നടക്കുന്ന ആവേശോജ്വലമായ മത്സരത്തെ എങ്ങനെ നോക്കിക്കാണുന്നു? കേരളത്തെ കരയ്ക്കടുപ്പിക്കാൻ ബുദ്ധിമുട്ട് വരുമോ എന്ന തോന്നൽ ഇടയ്ക്കെപ്പോഴെങ്കിലും തോന്നിയിരുന്നോ?

ഞങ്ങൾ കഴിഞ്ഞ മത്സരത്തിലെ വിജയത്തിൽ സന്തുഷ്ടരാണ്‌ എന്നതിലുപരി അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുന്നു. പോയിന്റുകൾ നേടിയാൽ മുകളിൽ എത്താം, അതിനായി ഞങ്ങൾ പരിശീലിക്കുന്നു.

 1. സീസണിലെ ചില മത്സരങ്ങളിൽ കണ്ടതുപോലെ അവസാന നിമിഷം വരെ പിടിച്ചു നിന്നു പടിക്കൽ കലമുടയ്ക്കുന്ന സ്വഭാവം ഇത്തവണ കണ്ടില്ല എന്നതിൽ ആരാധകർ സന്തുഷ്ടരാണ്‌. അവസാന നിമിഷത്തെ ഗോളിനൊപ്പം മത്സരത്തിലുടനീളം പ്രതീക്ഷകൾ നൽകിയ ഘടകങ്ങൾ എന്തൊക്കെയായിരുന്നു?

മിക്കവാറും ആളുകൾ രണ്ടാം പകുതിയെ കുറിച്ചു സംസാരിച്ചു കാണുന്നു, സത്യത്തിൽ ആദ്യ പകുതിയിലും മികച്ച ഫുട്ബോൾ കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നാണ് വിശ്വാസം. നന്നായി മത്സരിച്ചു. എസ്ട്ര ടൈം ഗോളുകൾ ഞങ്ങൾ ഇതിനു മുൻപും ഒരുപാട് നേടിയിട്ടുണ്ടല്ലോ, അതിനർത്ഥം ഞങ്ങൾ ആത്മവിശ്വാസം കൈവിടുന്നില്ല എന്നതുതന്നെയാണ്. എല്ലാവരും അവസാന നിമിഷം വരെ പോരാടാൻ സജ്ജരാണ്.

 1. ശുഭ ഘോഷ് ടീമിൽ എത്തിയിട്ടും ഉപയോഗിക്കാൻ കഴിയാത്തത് എത്രമാത്രം താങ്കൾക്ക് നിരാശ നൽകുന്നു?

അദ്ദേഹം ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട്, നന്നായി കളിക്കുന്നുമുണ്ട്. നമുക്കൊപ്പം ഒരു ഗോൾ നേടാനും അദ്ദേഹത്തിനായി. ഇപ്പോൾ ആകെ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തെ സഹായിക്കുകയും കളി മെച്ചപ്പെടുത്തുകയും മാത്രമാണ്.

 1. അടുത്ത മത്സരം എത്രത്തോളം കടുപ്പമാണെന്നാണ് താങ്കൾക്ക് തോന്നുന്നത്?

അവർ നല്ലൊരു ടീമാണ്, നന്നായി കളിക്കുന്ന താരങ്ങളുണ്ട്. കഴിഞ്ഞ മൽസരങ്ങളിലും അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. കഴിഞ്ഞ പാദത്തിൽ ഞങ്ങൾ ഗോളുകൾ വഴങ്ങിയിരുന്നു, എന്നാൽ അടുത്ത മത്സരത്തിൽ മികവ് പുലർത്താൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾ വളരുന്നുണ്ടല്ലോ, അതുതന്നെയാണ് പ്രധാനം. മൂന്നു പോയിന്റുകൾ ഞങ്ങൾ നോട്ടമിടുന്നു.

കെ പി രാഹുലിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും:

 1. നാടകീയമായി അവസാനിച്ച മത്സരത്തിൽ മികച്ചൊരു ഗോൾ രാഹുൽ നേടിയല്ലോ, എന്തായിരുന്നു ആ ഗോൾ നേടിയപ്പോൾ ഉണ്ടായിരുന്ന വികാരം?

ആദ്യം തന്നെ ദൈവത്തിനും ടീം അംഗങ്ങൾക്കും ടീം സ്റ്റാഫുകൾക്കും നന്ദി അറിയിക്കുകയാണ്. കഠിനമായി ഞങ്ങൾ പരിശീലിച്ചതിന്റെ ഫലങ്ങളിൽ ഒന്നായിരുന്നു ആ ഗോൾ. എല്ലാവർക്കും സന്തോഷമാണ്, എല്ലാവരും അതിനായി പരിശ്രമിക്കുന്നുമുണ്ട്. ഞങ്ങൾക്ക് ജയിക്കണം എന്നുള്ളതിനാൽ എല്ലാവർക്കും ഒരേ ആവേശവും ആർപ്പണമനോഭാവവുമാണ്. ഇനി അടുത്ത മത്സരത്തിനായുള്ള റിക്കവറിയും മറ്റും നോക്കണം, ഒപ്പം മൂന്നു പോയിന്റുകൾക്കായും.

2, അവസാന നിമിഷം നേടിയ ഗോളിലെ വികാരം എന്തായിരുന്നു?

എന്നെ സംബന്ധിച്ചിടത്തോളം അതിൽ ഒരുപാട് വൈകാരികമുഹൂർത്ഥങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിലെ ക്ലിയറൻസിൽ പറ്റിയ പാകപ്പിഴ കൊണ്ട് ഒരു ഗോൾ വീണപ്പോൾ ഞാൻ ആകെ വിഷമിച്ചിരുന്നു, പിന്നീട് ഇതും ഫുട്‌ബോളിന്റെ ഭാഗമാണല്ലോ എന്ന വിചാരം എന്നെ തിരികെ എത്തിച്ചു. പ്രൊഫഷണൽ ഫുട്ബോളിൽ ഒരു ചെറിയ തെറ്റ് ഒരുപാട് വിഷമങ്ങൾ നൽകിയേക്കാം, എങ്കിലും അതിനെ അതിജീവിക്കാൻ നമ്മൾ സജ്ജരായിരിക്കണം. അങ്ങനെ വിശ്വാസം കൈമുതലായി ഞങ്ങൾ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങി ഏറെ സന്തോഷം നൽകിയ ഒരു ഗോളും കയ്യിലാക്കി. ഇനി അടുത്ത മത്സരമാണ് ലക്ഷ്യം.

 1. കഴിഞ്ഞ ദിവസം മികച്ച പ്രകടനമായിരുന്നല്ലോ താങ്കളുടേത്, ദേശീയ ടീമിലേക്കു ചേക്കേറാൻ സമയമായി എന്നു തോന്നുന്നുണ്ടോ? എന്താണ് അതേകുറിച്ചുള്ള നിരീക്ഷണങ്ങൾ?

തീർച്ചയായും അല്ല, ഇപ്പോഴത്തെ എന്റെ ജോലി ദേശീയ ടീമിലേക്കുള്ള അവസരം നോക്കിയിരിക്കലല്ല. ഇപ്പൊൾ എനിക്ക് എന്റെ ക്ലബ്ബിനെ വിജയിക്കാൻ സഹായിക്കണം, അതുമാത്രമാണ് ഇപ്പോഴത്തെ ചിന്ത. ഞാനാരാണെന്നും ഞാനെന്താണെന്നും എനിക്ക് കാണിച്ചു തെളിയിക്കണം. ബാക്കിയൊക്കെ താനേ വന്നോളും എന്നതാണ് എന്റെ നിരീക്ഷണം. കൺസിസ്റ്റൻസി നിലനിറുത്തുകയും കളിക്കുകയും ചെയ്യണം.

 1. ആ ഗോൾ എത്രത്തോളം ആത്മവിശ്വാസം താങ്കൾക്ക് നൽകി?

എല്ലായിപ്പോഴും ഗോളുകൾ നമുക്ക് ആത്മവിശ്വാസം നൽകുമല്ലോ, അവിടെ ഒരുപാട് വികാരഭരിതമായ നിമിഷങ്ങൾ നമുക്ക് ലഭിക്കും. മാനസികമായി ശക്തി ലഭിക്കും. അതു നമ്മളുടെ പരിശ്രമത്തിന്റെ ഫലവും ആണല്ലോ, കയ്യിൽ കിട്ടുന്ന ഫലം പോലെയാണവ. കൂടുതൽ ഗോളുകളും മറ്റും നേടി എപ്പോഴും ബാക്കിയുള്ളവരിൽ സന്തോഷം നിറയ്ക്കാൻ കഴിയണം. ഞാൻ അതിനായി നോട്ടം വയ്ക്കുന്നു ഇനിയും.

 1. എന്തെങ്കിലും തരത്തിലുള്ള സൈബർ ബുള്ളിങ് ഈ ദിവസങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഇല്ല, ഉണ്ടെങ്കിലും ഞങ്ങളെ അതു ബാധിക്കാറില്ല. മെസ്സേജുകളും കമന്റുകളും മറ്റും അങ്ങനെ വരാം, കാരണം ഒട്ടനവധി ആരാധകരുടെ പിന്തുണയുള്ള ക്ലബ്ബും താരങ്ങളുമാണല്ലോ നമ്മൾ. ആരാധകർക്ക് ടീമിനോടും താരത്തിനോടും ഒരുപാട് വിശ്വാസവും പ്രതീക്ഷയും ഉണ്ടാവും. അതു നിറവേറാതെ വരുമ്പോൾ അവർ പ്രതികരിക്കും, അതു സ്വാഭാവികമാണ്. ജയത്തിൽ കൂടെ നിൽക്കുന്നവർ തോൽവിയിൽ നിൽക്കണമെന്നില്ല, അതിനാൽ അതൊന്നും നമ്മൾ കാര്യമാക്കേണ്ട കാര്യവുമില്ല. എന്റെ ജോലി കളിക്കുക എന്നതാണ്, അതു ഞാൻ ചെയ്യുന്നു. കഷ്ടപാടുകളിൽ നിന്നും വന്നയാൾ എന്ന നിലയിൽ എന്റെ കുടുംബത്തിനും അടുത്തുള്ളവർക്കും എന്നിലുള്ള പ്രതീക്ഷ ഞാൻ കാക്കണം, കോച്ചിനോടും ടീം അംഗങ്ങളോടും ഒക്കെയെ ഞങ്ങൾ ഉത്തരം പറയേണ്ടതുള്ളു.

 1. ഒരു കേരള ബ്ലാസ്റ്റേഴ്‌സ് താരം എന്ന നിലയിൽ ഹെഡ് കോച്ച് കിബു വിക്കുനാ എത്രത്തോളം താങ്കൾക്ക് സഹായകരമാണ്?

ഞാൻ കളിക്കുന്നു, അദ്ദേഹം എന്നിൽ വിശ്വാസം അർപ്പിക്കുന്നു എന്നുള്ളതും നിങ്ങൾക്ക് കാണാമല്ലോ. സന്തീപ്, ജാക്സൻ തുടങ്ങിയ എല്ലാ താരങ്ങളിലും എന്റെയൊപ്പം വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ക്ലബ്ബിലെ താരങ്ങളോടൊക്കെ കോച്ച് എന്തു പറഞ്ഞാലും അത് ആർഥവത്തായവയായിരിക്കും, ഞങ്ങളെ തോൽവിയിലും വിജയത്തിലും മുന്നോട്ട് നയിക്കുന്നത് ഇദ്ദേഹമാണ്. പരിശീലനത്തിലും മറ്റും ഞങ്ങളുടെ എന്താവിശ്യത്തിനും കിബു കൂടെയുണ്ട്. തെറ്റുകൾ പറഞ്ഞു തരും, ഇദ്ദേഹം മികച്ചൊരു കോച്ചാണ്.

 1. നമ്മുടെ എത്രയും പ്രിയപ്പെട്ട താരം ഐ എം വിജയൻ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന പറയുകയുണ്ടായല്ലോ, ( മുടി കളർ ചെയ്യുന്നതും ഗ്രൗണ്ടിൽ ഓടിനടക്കുന്നതും മാത്രമല്ല ഫുട്ബോൾ ) ഇതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങൾ ആണല്ലോ. ഞാൻ അതിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ അത്തരത്തിലുള്ള കമന്റുകളോട് മുഖം തിരിക്കാറാണ് പതിവ്.