നീണ്ട എട്ടു മാസങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ആരാധകർ കാത്തിരുന്ന കായികമാമാങ്കം, ഐ എസ് എൽ 7ആം സീസൺ കൊടിയേറിയിരിക്കുകയാണ്.ബംബോളിമിൽ പൂരക്കൊടിയേറ്റത്തിന് സാക്ഷികളായ ജനകോടികളുടെ നടുവിൽ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ, കഴിഞ്ഞ സീസണിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കി പുതു പ്രതീക്ഷകളുമായി കളിക്കളം നിറയാൻ രണ്ടു മികവുറ്റ കോച്ചുമാർ തമ്മിലുള്ള ആദ്യ അങ്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് എ ടി കെ മോഹൻ ബഗാനു വിജയം കൈവരിക്കാനായി.
കളിയിലുടനീളം മികവ് പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് പാസിങ്ങിലും ഷോട്ടുകളിലും (12 ഷോട്ട്) ഒക്കെ മുൻപന്തിയിൽ ആയിരുന്നു എങ്കിലും ലക്ഷ്യം ഭേദിക്കാൻ കെൽപ്പുള്ളവയായിരുന്നില്ല അതൊന്നും. ഉറച്ച ഡിഫണ്ടിങ്ങും വേഗതയാർന്ന കൗണ്ടർ അറ്റാക്കിങ്ങുകളും കൊണ്ടു കളം നിറഞ്ഞ എ ടി കെ മോഹൻ ബഗാൻ ഹേബാസ്സിന്റെ ഗോ-ടു കളിശൈലി മികച്ച രീതിയിൽ ആവിഷ്കരിച്ചു. 32 ശതമാനം ബോൾ പൊസഷൻ മാത്രം ഉണ്ടായിരുന്ന മറൈനെഴ്സ് എട്ടു ഷോട്ടുകളും അതിൽ നിന്നും രണ്ടു ഓൺ ടാർഗറ്റ് ഷോട്ടുകളും പുറപ്പെടുവിച്ചു. അതിലൊന്നായിരുന്നു കളിയുടെ ഗതി മാറ്റിയ റോയ് കൃഷ്ണയുടെ ഗോൾ. സബ്സ്റ്റിട്യൂഷൻ ചെയ്തു കളിക്കളത്തിലെത്തിയ മൻവിർ വിങ്ങിലൂടെ നടത്തിയ മുന്നേറ്റവും ക്രോസ്സും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സിഡോഞ്ചയുടെ തലയിൽ തട്ടി വന്നുവീണത് കൃഷ്ണയുടെ കാലുകളിൽ, ഫിജി ഇന്റർനാഷണലിന് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. ലീഡിന് ശേഷം പിന്നീട് ഡിഫെൻസിവ് ശൈലിയിൽ കളിയാരംഭിച്ച എ ടി കെ മോഹൻ ബഗാൻ ട്ടിരിയുടെയും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെയും നേതൃത്വത്തിൽ ആ ജോലി ഭംഗിയായി നിർവഹിച്ചു.
ഐ എസ് എല്ലിന്റെ കൊടിയേറ്റ മത്സരത്തിൽ തിളങ്ങിയ താരങ്ങളേ, അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി നോക്കാം…
എ ടി കെ മോഹൻ ബഗാൻ
അരിന്തം ഭട്ടാചാര്യ : 7.5/10
പ്രീമിയർ ലീഗിൽ അടക്കം വലകുലുക്കിയ ഗാരി ഹൂപ്പറേ പോലൊരു താരത്തെ പിടിച്ചുകെട്ടാൻ ഒരുപാട് പണിപ്പെടേണ്ടി വരുമെന്ന് താരത്തിന് നന്നായി അറിയാമായിരുന്നു. എങ്കിലും ഹൂപ്പർ ഇന്നലെ തിളങ്ങാത്തതിനാൽ അരിന്തത്തിന് വലിയ ആയാസമുണ്ടായിരുന്നില്ല. കളിയിലുടനീളം സഹതാരങ്ങളെ ‘വിളിച്ചു കളിപ്പി’ക്കാൻ ശ്രമിച്ച താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പൂജ്യം ഷോട്ട് ഓൺ റ്റാർഗെറ്റിന് ചുക്കാൻ പിടിക്കുകയും ചെയ്തു.
പ്രീതം കൊട്ടാൽ : 8/10
ഏറെ സ്നേഹിക്കുന്ന തന്റെ ക്ലബ്ബിൽ പ്രാധാന്യം ഏറെയുള്ള മത്സരത്തിൽ അംഗത്തട്ടിൽ മുന്നിൽ നിന്നും നയിച്ച പോരാളി, ക്യാപ്റ്റൻ ആം ബാന്റും പേറി 3 പേര് അണിനിരന്ന ഡിഫണ്ടിങ്ങിൽ തന്നാലാവുന്ന വിധം സ്ഥിരതയാർന്ന പ്രകടനം.
ട്ടിരി : 8.5/10
ട്ടിരിയും ജിങ്കനും ആദ്യമായാണ് ഒന്നിച്ചു കളിക്കുന്നത് എങ്കിലും രണ്ടാളും അവരവരുടെ രീതികളിൽ ഒന്നാംതരം പ്രകടനം കാഴ്ചവച്ചു. ആരാധകർ ഏറെ ഉറ്റുനോക്കിയ സഖ്യം പൂർണ്ണമായും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു. ജംഷാദ്പൂരിൽ നിന്നും പഴയ തട്ടകത്തിലേയ്ക്കുള്ള മടക്കം ഒരു ക്ലിൻ ഷീറ്റോടെ ആഘോഷമാക്കി താരം.
സന്ദേശ് ജിങ്കാൻ : 8.5/10
സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ചൂടുപിടിച്ച വാർത്തകളിൽ ഒന്നായിരുന്നു ജിങ്കാന്റെ എ ടി കെ മോഹൻ ബഗാൻ പ്രവേശം, അതും കഴിഞ്ഞ സീസൺ ഏറെക്കുറെ പൂർണ്ണമായും നഷ്ടമായ അവസ്ഥയിൽ. മടങ്ങിവരവ് കരുത്തുറ്റതാക്കി ജിങ്കാൻ ടീമിനൊപ്പം മികച്ച രീതിയിൽ കളിച്ചു ക്ളീൻഷീറ്റ് നേടിയെടുക്കുകയായിരുന്നു.
പ്രബീർ ദാസ് : 8/10
റൈറ് വിങ്ങിൽ മികച്ച പ്രകടനം, ഹബാസിനായി വിങ്ബാക്ക് പൊസിഷനിൽ കളിച്ച പ്രബീർ ‘മികച്ച’തിൽ കുറഞ്ഞൊരു പ്രകടനം കാഴ്ചവച്ചിട്ടില്ല. കയറിയും ഇറങ്ങിയും ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫൻസിൽ അപകടം വിതച്ച താരം തന്റെ ഡിഫെൻസിവ് ഡ്യൂട്ടികളും കൃത്യമായി നിർവഹിച്ചു.
പ്രണോയ് ഹൽദാർ : 6/10
ഒരു ഹോൾഡിങ് മിഡ്ഫീൽഡർ ആയി പ്രണോയ് കളിച്ചു,അതിൽ വിജയവും കണ്ടു. പ്രകടനം കുറച്ചുകൂടി മികവുറ്റതാക്കാൻ കഴിഞ്ഞാൽ അത് ടീമിന് ദീർഘകാലം ഗുണം ചെയ്യും. കടുത്ത ടാക്കിൾ ഒരു ചുവപ്പ് കാർഡിന് വഴിവച്ചേക്കാമെന്നിരിക്കെ തലനാരിഴയ്ക്ക് മഞ്ഞയുമായി രക്ഷപ്പെട്ടു പ്രബീർ ദാസ്. താരത്തിന്റെ ശാരീരിക ബലം ബ്ലാസ്റ്റേഴ്‌സിന് തലവേദന ആയിരുന്നു എങ്കിലും ഇതിലുമേറെ പ്രതീക്ഷിച്ചിരുന്നു ആരാധകർ.
കാർൾ മഹ്ഗ് : 8.5/10
പ്രോനോയ് ഹൽദാർ അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തത് കൊണ്ട് താരത്തിന് അധികം ആയാസമുണ്ടായിരുന്നില്ല.ഹോൾഡിങ് മിഡ്ഫീൽഡർക്ക് പകരം സെൻട്രൽ മിഡ്ഫീൽഡർ ഡ്യൂട്ടി ചെയ്ത താരം നീളമേറിയ പാസുകൾ കൊണ്ടും കേരളത്തിന്റെ അറ്റാക്കിൽ വിള്ളലുകൾ വീഴ്ത്തികൊണ്ടും മനം കവർന്നു. ഗോൾ നേടി കൂടി സ്കോർ ബോർഡ് ചലിപ്പിക്കാൻ അവസരം ലഭിച്ചു എങ്കിലും എടു ഗാർസിയയുടെ കോർന്ണറിനു തലവെച്ച താരത്തിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിൽ ഗോൾവല ഒഴിഞ്ഞു പോയി.
ഹാവി ഹെർണാണ്ടസ് : 7.5/10
മിഡ്ഫീൽഡിൽ പ്രണോയ്ക്കും മഹുഗിനും ഒപ്പം കളിക്കുമ്പോൾ താരം കൂടുതൽ ക്രിയേറ്റിവ് ആയിരിക്കണം. എടു ഗാർസിയ സെക്കന്റ് സ്‌ട്രൈക്കർ ആയി മുന്നിൽ കളിക്കുമ്പോൾ മികച്ച രീതിയിലാണ് ഹെർണൻഡ്‌സ് അദ്ദേഹവുമായി ഇഴുകി ചേർന്നത്. ഒരു അസിസ്റ്റ് കൂടി തന്റെ പേരിൽ ചേർക്കാമായിരുന്നു എങ്കിലും ഈ മത്സരത്തിൽ അതിനായില്ല, പക്ഷേ മറിനേഴ്സിന് ശുഭ പ്രതീക്ഷയാണ് ഈ താരം
സുബശിഷ് ബോസ് : 7.5/10
ആദ്യ ഇലവനിൽ സ്ഥാനം ഇല്ലായിരുന്നു എങ്കിലും പതിനാലാം മിനിറ്റിൽ സൂസൈരാജിന്റെ പരിക്ക് കളിക്കളത്തിലേക്കു വരാൻ അവസരമൊരുക്കി. പച്ചയും മെറൂണും ജേഴ്സിയിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം ആയിരുന്നു ഈ കളിയിൽ താരത്തിന്റേത്. വിങ് ബാക്കായി കളിച്ചു എങ്കിലും ഡിഫെൻസിവ് റോളുകളിലും സാനിധ്യം അറിയിച്ച താരം ബ്ലാസ്റ്റേഴ്‌സിന്റെ പാസിങ്ങിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചു.
എടു ഗാർസിയ : 8.5/10
അറ്റാക്കിങ് മിഡ്ഫീൽഡർ ആയിരുന്നു എങ്കിലും സെക്കന്റ് സ്‌ട്രൈക്കർ ആയി കളിപ്പിച്ച ഹേബസ്സിന്റെ തീരുമാനത്തെ പൂർണ്ണമായും ശെരിവയ്ക്കുന്ന പ്രകടനം. കൂടുതൽ ദൂരം കവർ ചെയ്തതും കയറിയും ഇറങ്ങിയും കളിക്കുകയും ചെയ്ത താരം ഡിഫണ്ടിങ്ങിലും അറ്റാക്കിങ്ങിലും ഒരേപോലെ മികവ് പുലർത്തി. പന്ത് ക്ലിയർ ചെയ്യുന്ന കാര്യത്തിലും സെറ്റ് പീസ് എടുക്കുന്ന കാര്യത്തിലും ഓൺ ടാർഗറ്റ് ഷോട്ട് എടുക്കുന്ന കാര്യത്തിലും ഒരു നമ്പർ 10 കാണിക്കേണ്ട ഊർജ്ജം കൃത്യമായി കാണാൻ സാധിച്ചു.
റോയ് കൃഷ്ണ : 9/10
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന മികവുറ്റ സ്‌ട്രൈക്കർമാരിൽ ഒരാളാണ് താനെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് റോയ് കൃഷ്ണ. ടീമിനായി ആദ്യ ഗോൾ നേടിയ താരം ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ കോണിനും കോസ്റ്റക്കും പണിയുണ്ടാക്കി.
സബ്സ്റ്റിട്യൂഷൻ :
മൻവിർ സിങ് : 7/10
ഡേവിഡ് വില്യംസ് : 5.5/10
കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി
അൽബിനോ ഗോമസ് : 6.5/10
താരതമ്യേന മികച്ച മത്സരമായിരുന്നു ആൽബിനോയുടേത്. എതിർപക്ഷം തൊടുത്ത ഷോട്ടുകളിൽ ഭൂരിഭാഗവും ലക്ഷ്യസാധാനത്തേക്കല്ലായിരുന്നു എന്നത് അൽബിനോയ്ക്കു തുണയായി. എങ്കിലും കൃഷ്ണയുടെ ഷോട്ടും പന്തിന്റെ വേഗതയും കൊണ്ട് ഗോൾവയയ്ക്കുള്ളിൽ കയറുന്നതിനു മുൻപ് തടയാൻ സാധിക്കാതെ പോയി താരത്തിന്.
കോസ്റ്റ നോമോയ്ൻസു : 8/10
ഐ എസ് എല്ലിലെ അരങ്ങേറ്റ മത്സരം ആഘോഷമാക്കിയ കോസ്റ്റ അഭിനന്ദനാർഹമായ മത്സരമാണ് കാഴ്ചവച്ചത്. റോയ് കൃഷ്ണയെ മാർക്ക് ചെയ്‌തു കളിക്കളത്തിൽ ഒരറ്റം വരെ നിശ്ശബ്ദനാക്കിയ താരം പന്തിന്റെ വരവിനെ കൃത്യമായി പഠിച്ച ശേഷമുള്ള നീക്കങ്ങളും വിതരണവും മറ്റും കിബുവിന്റെ കളിശൈലിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിക്കും വലിയ ശുഭപ്രതീക്ഷയാണ്.
ബക്കാരി കോനെ : 7/10
ഒരുപാട് പ്രതീക്ഷകൾ വച്ചു കളിക്കളത്തിലിറക്കിയ താരത്തിന്റെ ഭാഗത്ത് നിന്നും ഭേദപ്പെട്ട കളി ലഭിച്ചു എങ്കിലും ഇനിയും മികവ് ഏറേണ്ടതുണ്ട്. കോസ്റ്റയ്ക്കൊപ്പം മികച്ച സഖ്യം പടുത്തുയർത്താൻ കെൽപ്പുള്ള താരമാണെങ്കിലും ഇന്നലെ അതിൽ ഒരു ചെറിയ ശതമാനം പരാജയപ്പെട്ടു. മൻവീറിന്റെ ക്രോസ് തടയാൻ പറ്റാതെ പോയതായിരുന്നു കളിയുടെ ഗതി തന്നെ മാറ്റി മറിച്ചത്. അതിനാൽ കിബു ഈ വിഷയത്തിൽ കൂടുതൽ ജാഗരൂകനാവേണ്ടതുണ്ട്.
ജെസ്സൽ കർനൈറോ : 7/10
ലൈഫ്റ് ബാക്കിൽ മികച്ച പ്രകടനം നടത്തിയ ജസലിന്റെ വിങ് വഴിയുള്ള മുന്നേറ്റങ്ങൾ എ ടി കെ മോഹൻ ബഗാനു പ്രശ്നങ്ങൾ ഉണ്ടാക്കി. പത്താം മിനിറ്റിൽ ഒരു ക്രോസ് ഗോളിലേയ്ക്കു വഴിതിരിക്കാൻ ജെസ്സൽ കൊടുത്തു എങ്കിലും സഹൽ അത് നഷ്ടപ്പെടുത്തി. എന്തായാലും പ്രതീക്ഷയുണ്ട് ഈ താരത്തിന്റെ മേലെ.
പ്രശാന്ത് കെ : 7/10
ഇളകാത്ത മറൈനെർസ് ഡിഫെൻസിന്റെ ഇളക്കാൻ പ്രശാന്ത് , ജെസ്സൽ സഖ്യത്തിന്റെ വിങ് കൈമാറ്റം ഒരു പരിധിവരെ സാധിച്ചു. ഡിഫണ്ടിങ്ങിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. കൗണ്ടർ അറ്റാക്കിൽ സ്ഥാനം മാറി നിന്ന താരത്തിന്റെ വിടവിലൂടെ മൻവിർ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുകയും ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ ഇല്ലാതെ മടങ്ങുകയും ചെയ്തു എങ്കിലും താരത്തിന്റെ പ്രകടനം കിബുവിന് തൃപ്തമാണ്.
സെർജിയോ സിഡോഞ്ച : 7/10
മോശമല്ലാത്ത കളിയായിരുന്നു ക്യാപ്റ്റാന്റേത് എങ്കിലും ഇടയ്ക്കു പറ്റിയ അമളിയിൽ നിന്നുമാണ് കളി കൈവിട്ടുപോയത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ പറ്റിയ പിഴവ് മുതലെടുത്ത് കൃഷ്ണ അത് ഗോൾ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. അടുത്ത കളികളിൽ ഇതിനു പ്രതിവിധിയുണ്ടാവും എന്നത് തീർച്ചയാണ്.
വിസെന്റെ ഗോമസ് : 7.5/10
ലാലിഗ അടക്കമുള്ള ഒട്ടനവധി വലിയ വേദികളിൽ കളിച്ച താരത്തിന്റെ കയ്യിൽ നിന്നും ആരാധകർ ഒരുപാട് പ്രതീക്ഷകൾ വച്ചു എങ്കിലും പ്രതീക്ഷകൾക്കൊത്തുയാരാൻ കഴിഞ്ഞില്ല താരത്തിന്. സന്ദേശ് ജിങ്കാന്റെയും ട്ടിരിയുടെയും പ്രതിരോധത്തിൽ ഫൈനൽ തേർഡിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ പോയി താരത്തിന്.
നോങ്ത്തെമ്പാ നൗറോം : 7.5/10
കിബുവിന്റെ കീഴിൽ ഐ ലീഗിൽ കളിച്ചു പരിചയമുള്ള നൗറോം ഈ സീസണിലെ ആദ്യ മത്സരത്തിൽ നല്ല കളിയാണ് കാഴ്ചവച്ചത്. കിബുവിന്റെ പ്ലാനുകളിൽ സ്ഥാനം ഏറെക്കുറെ ഉറപ്പായ താരം കളിയിലുടനീളം സ്ഥിരത പുലർത്തുകയും ഒരു ഗോളവസരം തുറന്നെടുക്കാൻ ശ്രമിച്ചു എങ്കിലും അവിടെയും പൊസിഷൻ മാറി നിന്ന സഹാലിന്റെ കാലുകളിൽ നിന്നും അകന്നു പോയി.
സഹൽ അബ്‌ദുൾ സമദ് : 6/10
പ്രതീക്ഷകൾ ഒരുപാട് ആയിരുന്നു എങ്കിലും തീർത്തും നിരാശപ്പെടുത്തി. കിബുവിനെ പ്ലാനുകളിൽ തീർച്ചയായും സ്ഥാനം ഉണ്ടാവേണ്ട താരത്തിന്റെ ഈ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആരാധകരെ ചൊടിപ്പിച്ചു. മികച്ച ഒരവസരം നഷ്ടപ്പെടുത്തിയത്തിനൊപ്പം ഒട്ടനവധി തവണ പന്ത് കയ്യിൽ കിട്ടി എങ്കിലും കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല സഹലിന്. ഇനിയുള്ള മത്സരങ്ങളിൽ ഇതിനു മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഋതിക്ക് ദാസ് : 6.5/10
അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ച താരം റിയൽ കശ്മീർ ടീമിൽ നിന്നും തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുകയും ആദ്യ മത്സരത്തിൽ തന്നെ കളിപ്പിക്കുകയും ചെയ്‌തതിൽ ഉള്ള കടപ്പാട് കളിയുടെ അറിയിച്ചു. നൗറോമിനൊപ്പം ഉള്ള സഖ്യവും ജെസ്സൽ , പ്രശാന്ത് എന്നിവരോടുള്ള കോ ഓർഡിനേഷനും ബ്ലാസ്റ്റേഴ്‌സിന് ശുഭകരമാണ്.
ഗാരി ഹൂപ്പർ : 6.5/10
ലോകമെമ്പാടും ഗോളടിച്ചു തകർത്തു നടന്ന ഗാരി ഹോപ്പറിനെ തടയാൻ ജിങ്കാനും പ്രീതമും ട്ടിരിയും നടത്തിയ പ്രകടനങ്ങൾ വിജയം കണ്ടു. ഒപ്പം കൃത്യമായ ഒരു അവസരം തുറന്നെടുത്തു കൊടുക്കാൻ സഹതാരങ്ങൾക്ക് കഴിയാതെ പോയതും പുറകോട്ടു വലിച്ചു എങ്കിലും അവരും മത്സരങ്ങളിൽ മികവ് കാണാൻ സാധിക്കും എന്ന് മഞ്ഞപ്പടയ്ക്ക് പ്രതീക്ഷിക്കാം.
സബ്സ്റ്റിട്യൂഷൻ :
സെറ്റ്യാസെൻ സിങ് : 6.5/10
ജോർദ്ദാൻ മുറേ : 6/10
ഫെക്കുണ്ടോ പെരേര : 5/10
ലാൽറൂആത്താര : 5.5/10
ലാൽത്തതാങ്ക : 5.5/10