തർക്കമില്ലാത്തൊരു വസ്തുത പറയാം ആദ്യം; മഞ്ഞ എന്നാൽ മലയാളികൾക്ക് ബ്ലാസ്റ്റേഴ്‌സാണ്, നാളിതുവരെയുള്ള ക്ലബ്ബിന്റെ എല്ലാവിധ നീക്കങ്ങളും ആരാധകരുടെ ഹൃദയമിടിപ്പറിഞ്ഞളന്നുള്ളവയായിരുന്നു എന്നതിന് തെളിവാണ് നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ബ്രാൻഡിനു ലഭിക്കുന്ന സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്. മികച്ച ഒട്ടനവധി സീസണുകൾക്കൊടുവിൽ, ചിരിക്കും സന്തോഷത്തിനും കണ്ണീരിനും വിരഹത്തിനുമൊടുവിൽ ഇപ്പോൾ ആരാധകർ ഏറെ ഉറ്റുനോക്കിയ ആ സുപ്രധാന പ്രഖ്യാപനമെത്തുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം അണിയറയിലൊരുക്കങ്ങൾ പൂർത്തിയാകുന്നു! ഗോകുലം കേരളയ്ക്കും കേരള യൂണിറ്റഡിനും ലൂക്കാ സോക്കർ ക്ലബ്ബിനും ട്രാവൻകൂർ റോയൽസിനുമൊക്കെ ശേഷം മറ്റൊരു വനിതാ ടീം കൂടി.
ഇതൊരു തുടക്കമാണ്, പലതിനും. ഏറെ നാളായി ക്ലബ്ബ് ഡയറക്ടർ നിഖിലും കൂട്ടരും കൂടെ ആരാധകരും ഇതിനുവേണ്ടിയുള്ള കത്തിരിപ്പിലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ട് സീസണുകളുടെ പരിച്ചയസമ്പത്തും ഒപ്പം വിവിധങ്ങളായ ഇതര ടൂർണമെന്റുകളുടെ പങ്കാളിത്തം കൊണ്ടും നേടിയെടുത്ത പക്വതയും പ്രൊഫഷണാലിസവും ഒരുപിടി നല്ല വനിതാതാരങ്ങളും കൂടിച്ചേരുമ്പോൾ ഇതു കേരള ഫുട്‌ബോളിന്റെ, പ്രത്യേകിച്ചു വനിതാ ഫുട്‌ബോളിന്റെ വർണ്ണാഭമായ പുതുപുത്തനേടിലേയ്ക്കുള്ള ചുവടുവയ്പ്പായി മാറുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ഡയറക്റ്ററായി റിസ്വാനെ നിയമിച്ചതിൽ തുടങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വീണ്ടും കോളിളക്കം സൃഷ്ട്ടിക്കുകയായിരുന്നു. അപ്പോഴും ഏവരുടെയും കാത്തിരിപ്പ് പ്രധാന പരിശീലകന്റെ റോളിൽ ആരായിരിക്കും എന്നതിലേയ്ക്കായിരുന്നു. ഇപ്പോൾ അതിനും ഉത്തരമാവുകയാണ്. മുൻപും വനിതാ ഫുട്‌ബോളിൽ പ്രവർത്തനപരിചയമുള്ള ഒരു മുപ്പതുകാരൻ, അതേ; ശരീഫ് ഖാൻ എ വി – ഇനി പിടിയാനക്കൂട്ടത്തിന്റെ പാപ്പാൻ.
പ്രൊഫഷണൽ ഫുട്‌ബോളിൽ തന്റേതായ ശൈലികൊണ്ടു തിളങ്ങിയ മുൻ താരമാണ് ശരീഫ്. തന്റെ പതിനേഴാം വയസ്സിൽ ജോസ്ക്കോ എഫ് സി ക്കായി പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച താരം ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ജോസ്ക്കോയുടെ ഭാഗമായിരുന്നു. മൂന്നു വർഷത്തെ പ്രസ്തുത ക്ലബ്ബിനോപ്പമുള്ള യാത്രയ്ക്കുശേഷം എസ് ബി ഐയിൽ ഗസ്റ്റായി പന്തുതട്ടുന്നു. ഈഗിൾസ് എഫ് സിയിൽ പന്തുതട്ടുന്ന കാലത്താണ് ശരീഫ് പലകാരണങ്ങൾ കൊണ്ടു കളിക്കളത്തിൽ നിന്നും അപ്രതീക്ഷിതമായി ബൂട്ടഴിക്കുന്നത്. ഡിഫൻഡറായി കളിച്ചിരുന്ന താരം ശേഷം കളിയുമായി തന്നെ മുന്നോട്ടുപോകുന്നതിനായി കോച്ചിങ് ലൈസൻസിന് വേണ്ടിയുള്ള പ്രയത്നം ആരംഭിക്കുന്നു. പരിശീലകറോളിൽ ഏവരെയും പോലെതന്നെ സ്‌കൂൾ, കോളേജ് തലങ്ങളിൽ തുടക്കത്തിൽ കളിപടിപ്പിച്ചു ശേഷം ഗോകുലം കേരള എഫ് സിയുടെ അണ്ടർ 13 വിഭാഗത്തിലേക്ക് ക്ഷണമെത്തുന്നു. അവിടെ നിന്നുമാണ് കഥയാരംഭിക്കുന്നത്.
ഗോകുലത്തിനൊപ്പം അണ്ടർ പതിമൂന്ന് വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുകയും അടിസ്ഥാനപഠങ്ങൾ പകർന്നു കുട്ടികളെ വളർത്തിയെടുക്കുകയും ചെയ്ത ശരീഫ് അവിടെ തന്നെ സീനിയർ വനിതാ ടീം സഹപരിശീലകനായി ചുമതലയേറ്റു. ഗോകുലത്തിലെ പരിശീലക കാലയളവിൽ അതിനിടെ റിസർവ് ടീം മുഖ്യപരിശീലകസ്ഥാനവും സീനിയർ ടീം സഹപരിശീലകസ്ഥാനവും ഷെരീഫിനെ തേടിയെത്തി. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളൊക്കെയും കാര്യക്ഷമമായി ചെയ്തുതീർത്ത ശരീഫ് വിവിധ വിഭാഗങ്ങളിൽ ഗോകുലത്തിനൊപ്പം കിരീടങ്ങളും വിജയങ്ങളും സ്വന്തമാക്കി. ഇന്ത്യൻ വിമൻസ് ലീഗ് ചാമ്പ്യൻ പട്ടം, രണ്ട് ഐ ലീഗ് കിരീടം… അങ്ങനെ നീളുന്നു നേട്ടങ്ങളുടെ കണക്ക്.
ഗോകുലം കേരളയ്ക്കൊപ്പമുള്ള മികച്ച സീസനുകളുടെ ഒടുവിൽ കോച്ച് ബിനോ ജോർജിന്റെ ചിറകിലേറി കേരള യുണൈറ്റഡ് കുപ്പായത്തിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം, ബിനോ ജോർജിന്റെ അഭാവത്തിൽ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുകയും ആസ്സമടക്കമുള്ള വേദികളിൽ നടന്ന വിവിധ ടൂർണമെന്റുകളിൽ വിജയങ്ങൾ കാരസ്ഥമാക്കുകയും ചെയ്തു.
വിജയവഴികളിൽ കളിപഠനം കാര്യക്ഷമമായി നടത്തിയ ഇദ്ദേഹം നിലവിൽ പുതിയ പരീക്ഷണത്തിനുള്ള കോപ്പുകെട്ടലിലാണ്. പത്തുവയസ്സുതികയാത്ത, എന്നാൽ ലോകജനശ്രദ്ധയാകർഷിച്ച മഞ്ഞക്കടലിനുനടുവിലേയ്ക്ക് ശരീഫ്. രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വനിതാ ടീം ഹെഡ് കോച്ച് ആയി സ്ഥാനമേറ്റ ഇദ്ദേഹം ലക്ഷ്യമിടുന്നത് പ്രാദേശിക താരങ്ങളുടെ ഉന്നമനവും വനിതാ ഫുട്‌ബോളിന്റെ ആകെ വികസനവും തന്നെയാണ്. കേരളത്തിലെ താരങ്ങളെ ദേശീയ തലത്തിൽ കളിപ്പിക്കാനും ദേശീയ ടീമിലേക്കു വിലപ്പെട്ട സംഭാവനകൾ നൽകാനും ശ്രമിക്കുന്ന ക്ലബ്ബ് മാനേജ്‌മെന്റ് നിലവിൽ കേരള വുമൻസ് ലീഗും ശേഷം ഇന്ത്യൻ വുമൻസ് ലീഗുമാണ് ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനുള്ളിൽ എ എഫ് സി പ്രാതിനിധ്യം ഉറപ്പാക്കാനും ക്ലബ്ബ് ശ്രമിക്കും. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വനിതാ ടീമിലേയ്ക്കുള്ള പ്രാദേശിക താരങ്ങളുടെയും ഇന്ത്യൻ ദേശീയ താരങ്ങളുടെയും വലിയ ശതമാനം കരാർ ഒപ്പുവയ്ക്കലുകളും പൂർത്തിയായിക്കഴിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ടീം അംഗങ്ങളുടെ പ്രഖ്യാപനവും പരിശീലനവും ആരംഭിക്കും. ഓഗസ്റ്റിൽ ആരംഭിക്കുന്ന കേരള വിമൻസ് ലീഗിനായുള്ള മുന്നൊരുക്കങ്ങൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ