രാജാ റിസ്വാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍

0
407

കൊച്ചി, 2022 ജൂണ്‍ 02: പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി രാജാ റിസ്വാനെ നിയമിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം അറിയിച്ചു.അക്കാദമിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളുടെയും തന്ത്രങ്ങളുടെയും മൊത്തത്തിലുള്ള നേതൃത്വവും ഉത്തരവാദിത്തവും റിസ്വാന് ഉണ്ടായിരിക്കും. കളത്തില്‍ സുസ്ഥിര വിജയം നല്‍കുന്നതിന് ഘടനയും നടപടി ക്രമങ്ങളും സംസ്‌കാരവും സൃഷ്ടിക്കുന്നതിനായി മാനേജ്‌മെന്റ് സമീപ വര്‍ഷങ്ങളില്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിയമനം.

രാജാ റിസ്വാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍ IMG 20220602 WA0036

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യുവകളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്ഥിരത പുലര്‍ത്തുന്നുണ്ട്. കളിക്കാരനും സ്‌ക്വാഡ് വികസനത്തിനും വേണ്ടി ആദ്യ ടീമും അക്കാദമിയും തമ്മില്‍ ബന്ധം നിലനിര്‍ത്തുന്നതിന് ഏകോപിത ദീര്‍ഘകാല കാഴ്ചപ്പാടും സമീപനവും ഉണ്ട്. റിസ്വാന്‍ എത്തുന്നതോടെ ക്ലബിലെ യൂത്ത് സംവിധാനം കാര്യക്ഷമമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ക്ലബിന്റെ ദിശയ്ക്കും കാഴ്ചപ്പാടിനും അനുസൃതമായി ക്ലബ്ബ് അക്കാദമി പാതയിലേക്ക് ജിവി രാജ സ്‌പോര്‍ട്‌സ് അക്കാദമിയുടെയും യംഗ് ബ്ലാസ്‌റ്റേഴ്‌സ് പരിപാടികളുടെയും ഏകോപനം നടത്താനാകും.

അക്കാദമിക്ക് പുറമെ, ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് വനിതാ ടീമിന്റെ വികസനവും നടപ്പിലാക്കലും ഏറ്റെടുത്ത് നയിക്കാനുള്ള ചുമതലയും റിസ്വാന്‍ നിര്‍വഹിക്കും.

‘കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. എനിക്കിത് ആവേശകരമായ നിമിഷമാണ്. പ്രതീക്ഷകളെകുറിച്ച് ബോധവാനാണ്. ക്ലബിന്റെ നിലവാരവും അതിന്റെ വ്യാപ്തിയുമറിയാം. എന്താണ് അര്‍ഹിക്കുന്നത്, ആ വെല്ലുവിളി സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ക്ലബ്ബിലെ എല്ലാവരുമായി പരിചിതനായി. ഇതിനകം എന്റെ ജോലി ആരംഭിച്ചുകഴിഞ്ഞു. ഈ ഉത്സാഹവും ഇവിടുത്തെ സംസ്‌കാരവും മികച്ചതാണ്. അതെനിക്ക് കൂടുതല്‍ ഊര്‍ജം പകരുന്നു. അതില്‍ സന്തോഷവുമുണ്ട്. എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും നല്‍കിയ അവസരത്തിനും ക്ലബിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അഭിമാനമേകാന്‍, നമുക്കൊന്നിച്ച് ഒറ്റക്കെട്ടായി ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു’ രാജാ റിസ്വാന്‍ പറഞ്ഞു.

രാജാ റിസ്വാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍ IMG 20220602 WA0037

‘മുന്‍ ഡയറക്ടര്‍ക്ക് പകരം ഞങ്ങളുടെ അക്കാദമിയുടെ ചുമതല ഏറ്റെടുത്ത റിസ്വാന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അതിനുപുറമെ അദ്ദേഹം വനിതാ ടീമിനെയും പരിപാലിക്കും. ഈ മേഖലകളില്‍ ഞങ്ങള്‍ക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്, അതിനാല്‍ റിസ്വാന്‍ പോലുള്ള ഒരു പ്രൊഫഷണലുമായി മുന്നോട്ട് പോകുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്’ കെബിഎഫ്‌സി സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.

ചുമതല ഏറ്റെടുക്കുന്ന റിസ്വാന്‍ ആദ്യം സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ടോമാസ് ടോര്‍സ്, മറ്റ് അക്കാദമി ജീവനക്കാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ