ബെംഗളൂരു എഫ്‌സി-1 കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി-1
ബാംബൊലിം (ഗോവ): മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ബാംബൊലിം അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ 1-1നാണ് കളി അവസാനിച്ചത്. ഐഎസ്എല്‍ എട്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണിത്. മൂന്ന് കളിയില്‍ രണ്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തായി. പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയത്. ബെംഗളൂരു പ്രതിരോധതാരം ആഷിഖ് കുരുണിയന്റെ ദാനഗോളിലായിരുന്നു സമനില. ബെംഗളൂരുവിനായി ഗോളടിച്ചതും ആഷിഖായിരുന്നു. ഗോള്‍ വഴങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. ഡിസംബര്‍ അഞ്ചിന് ഒഡിഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, പുയ്ട്ടിയ, വിന്‍സി ബരെറ്റൊ, ജീക്‌സണ്‍ സിങ് എന്നിവരുമെത്തി. പ്രതിരോധത്തില്‍ എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്‌റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് കബ്ര എന്നിവരും. ആല്‍ബിനോ ഗോമെസ് ഗോള്‍വലയ്ക്ക് മുന്നില്‍. ബെംഗളൂരുവിന്റെ മുന്നേറ്റത്തില്‍ ക്ലെയ്റ്റണ്‍ സില്‍വയും സുനില്‍ ഛേത്രിയും നിലകൊണ്ടു. മധ്യനിരയില്‍ ഉദാന്ത സിങ്, സുരേഷ് സിങ് വാങ്ജം, ഇമാന്‍ ബസാഫ, ബ്രൂണോ സില്‍വ. പ്രതിരോധത്തില്‍ ആഷിഖ് കുരുണിയന്‍, പ്രതീക് ചൗധരി, അലന്‍ കോസ്റ്റ, റോഷന്‍ നവോറെം. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു.
കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ ജീക്‌സണ്‍ സിങ്ങിന്റെ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. എന്നാല്‍ ലക്ഷ്യത്തിലേക്കെത്തിയില്ല ആ ഷോട്ട്. എട്ടാം മിനിറ്റില്‍ ലൂണയും ബരെറ്റൊയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ബെംഗളൂരു ബോക്‌സിലെത്തി. എന്നാല്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് തടഞ്ഞു. മറുവശത്ത് ബെംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ കബ്രയും സിപോവിച്ചും ചേര്‍ന്ന് അപകടമില്ലാതെ ഒഴിവാക്കി. പതിനേഴാം മിനിറ്റില്‍ സിപോവിച്ചിന് ബോക്‌സില്‍വച്ചുണ്ടായ കൂട്ടിയിടയില്‍ തലയ്ക്ക് പരിക്കേറ്റു. ചോരയൊലിച്ചെങ്കിലും സിപോവിച്ച് കളി തുടര്‍ന്നു. പിന്നാലെ ബെംഗളൂരു ബോക്‌സില്‍ സഹലിന്റെ തകര്‍പ്പന്‍ നീക്കം കണ്ടു. ബെംഗളൂരു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് സഹല്‍ മനോഹരമായി ഗോള്‍മുഖത്തേക്ക് ക്രോസ് തൊടുത്തു. ബരെറ്റൊയ്ക്ക് എത്തിപ്പിടിക്കുംമുമ്പെ ആഷിഖ് തട്ടിയകറ്റി. മറുവശത്ത് സുനില്‍ ഛേത്രിയുടെ ഗോള്‍ശ്രമത്തെ കബ്ര തടഞ്ഞു. 32ാാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍ വാസ്‌കേസ് കുതിച്ചെങ്കിലും കോസ്റ്റ ഇടപെട്ടു. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തി. 43ാം മിനിറ്റില്‍ സഹലിനെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക് കിട്ടി. ലൂണയുടെ ഫ്രീകിക്ക് ബെംളൂരു പ്രതിരോധം തടഞ്ഞു. പിന്നാലെ പുയ്ട്ടിയുടെ നീക്കം സന്ധുവിന്റെ കൈകളില്‍ അവസാനിച്ചു. ആദ്യപകുതിയില്‍ കൂടുതല്‍ അവസങ്ങള്‍ സൃഷ്ടിച്ചത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു മുന്നേറ്റ നിര ആക്രമണങ്ങള്‍ നടത്തി. പക്ഷേ, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സിലേക്ക് കടത്തിയില്ല. 56ാം മിനിറ്റില്‍ ഇടതുവശത്തിലൂടെ സഹല്‍ തകര്‍പ്പന്‍ നീക്കം നടത്തി. വാസ്‌കസിനാണ് പന്ത് നല്‍കിയത്. വാസ്‌കസിന് ബോക്‌സില്‍വച്ച് ബെംഗളൂരു പ്രതിരോധത്തെ മറികടന്ന് ഷൂട്ട് ചെയ്യാനായില്ല. 60ാം മിനിറ്റില്‍ ലൂണയുടെ ഷോട്ട് കോസ്റ്റ തട്ടിയകറ്റി. 65ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ ആദ്യ മാറ്റം വരുത്തി. ബരെറ്റൊയ്ക്ക് പകരം മധ്യനിരയില്‍ കെ.പ്രശാന്ത് ഇറങ്ങി. ഇതിനിടെ ബെംഗളൂരു നീക്കങ്ങളെ സിപോവിച്ചിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സമര്‍ഥമായി തടഞ്ഞു. ബെംഗളൂരു മുന്നേറ്റക്കാരന്‍ ക്ലെയ്റ്റണ്‍ സില്‍വയെ സിപോവിച്ച് തളച്ചു. കളി തീരാന്‍ 20 മിനിറ്റ് ശേഷിക്കെ രണ്ട് മാറ്റങ്ങള്‍ കൂടി വരുത്തി. സഹലിനെ പിന്‍വലിച്ച് നിഷു കുമാറിനെയും വാസ്‌കസിന് പകരം ജോര്‍ജ് ഡയസിനെയും കൊണ്ടുവന്നു.
അവസാന നിമിഷങ്ങളില്‍ ബെംഗളൂരുവിന്റെ കടുത്ത ആക്രമണങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് അതിജീവിച്ചു. സില്‍വയുടെ കരുത്തുറ്റ ഷോട്ട് ആല്‍ബിനോ തടഞ്ഞു. എന്നാല്‍ 84ാം മിനിറ്റില്‍ ആഷിഖിന്റെ ഷോട്ട് ഗോമെസിനെ മറികടന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചടിയും പെട്ടെന്നായിരുന്നു. നിഷുവിന്റെ ലോങ് ക്രോസ് ഇടതുവശത്ത് ലെസ്‌കോവിച്ചിന്. ബോക്‌സിലേക്ക് കടന്ന ലെസ്‌കോവിച്ചിനെ തടയാന്‍ ബെംഗളൂരു പ്രതിരോധത്തിന് കഴിഞ്ഞില്ല. ഷോട്ട് ഗോള്‍മുഖത്തേക്ക്. പന്ത് അടിച്ചകറ്റാനുള്ള ശ്രമം ആഷിഖിന്റെ ശ്രമം സ്വന്തം പോസ്റ്റിലേക്ക്. അര്‍ഹിച്ച സമനില ബ്ലാസ്‌റ്റേഴ്‌സിന് കിട്ടി. അവസാന നിമിഷം പുയ്ട്ടിയക്ക് പകരം ആയുഷ് അധികാരിയും ലൂണയ്ക്ക് പകരം ചെഞ്ചൊയും ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങി.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ