ഈസ്റ്റ് ബംഗാൾ എഫ്.സി 1
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി 1
തിലക് മെെതാൻ സ്റ്റേഡിയം (ഗോവ): പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ ഈസ്റ്റ് ബംഗാളുമായി സമനിലയിൽ പിരിഞ്ഞു (1–1). കളിയിൽ പൂർണനിയന്ത്രണം നേടിയിട്ടും വിജയഗോൾ നേടാനായില്ല ബ്ലാസ്റ്റേഴ്സിന്. മികച്ച ആക്രമണക്കളിയായിരുന്നു തിലക് മെെതാൻ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഈസ്റ്റ് ബംഗാൾ പ്രതിരോധക്കാരൻ തോമിസ്ലാവ് മെർസലയുടെ ഗോളിൽ പിന്നിലായ ബ്ലാസ്റ്റേഴ്സ് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ചു. അൽവാരോ വാസ്കസിന്റെ സുന്ദര ഗോളിലായിരുന്നു സമനില. ഇതോടെ അഞ്ച് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതെത്തി.

മുന്നേറ്റത്തിൽ അൽവാരോ വാസ്കസ് –അഡ്രിയാൻ ലൂണ സഖ്യത്തെ തന്നെ ഇവാന്‍ വുകോമനോവിച്ച് പരീക്ഷിച്ചു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, പുയ്ട്ടിയ, ജീക്സണ്‍ സിങ് എന്നിവർക്കൊപ്പം കെ പ്രശാന്തും ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്രയ്ക്ക് പകരം സന്ദീപ് സിങ് ഇടംപിടിച്ചു. എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്‌കോവിച്ച് എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവർ. പരിക്കേറ്റ ഗോൾ കീപ്പർ ആല്‍ബിനോ ഗോമെസിന് പകരം പ്രഭ്സുഖൻ സിങ് വലയ്ക്ക് മുന്നിലെത്തി.
ഈസ്റ്റ് ബംഗാൾ മുന്നേറ്റത്തിൽ അന്റോണിയോ പെരെസോവിച്ച്, ഹയോകിപ്, ഡാനിയേൽ ചുക്വു എന്നിവരായിരുന്നു. മധ്യനിരയിൽ അമർജിത് കിയാം, സൗരവ് ദാസ്, ലാൽറിൻലിയാനെ നാംതെ എന്നിവരും. പ്രതിരോധത്തിൽ രാജു ഗെയ്ക്ക്വാദ്, തോമിസ്ലാവ് മെർസല, ഫ്രാഞ്ചോ പ്രിസ്, ഹിര മൊണ്ടൽ. ഗോൾ കീപ്പറായി ശങ്കർ റോയിയും.

കളിയുടെ മൂന്നാം മിനിറ്റിൽതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പനൊരു മുന്നേറ്റം കണ്ടു. വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലുടെ പറന്നു. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ ചിതറിക്കാൻ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അഡ്രിയാൻ ലൂണ കൃത്യമായി ബോക്സിലേക്ക് പന്തൊഴുക്കി. ഇതിനിടെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ശങ്കർ റോയിയുടെ ഫൗളിൽ ബ്ലാസ്റ്റേഴ്സ് പെനൽറ്റിക്ക് വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഒമ്പതാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ അപകടകരമായ കോർണർ കിക്ക് ജീക്സൺ തല കൊണ്ട് കുത്തിയകറ്റി.
പതിനഞ്ചാം മിനിറ്റിൽ വാസ്കസിലൂടെ ബ്ലാസ്റ്റേഴ്സ് വല കണ്ടതാണ്. റഫറി ആദ്യംഗോൾ അനുവദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പിൻവലിച്ചു. പുയ്ട്ടിയയുടെ ക്രോസ് ഈസ്റ്റ് ബംഗാൾ താരം അമർജിത് കിയാമിന്റെ കെെയിൽ തട്ടിയതിന് ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. പ്രശാന്തിന്റെ മനോഹര നീക്കമായിരുന്നു തുടക്കം. പ്രശാന്ത് ബോക്സിൽ സഹലിന് പന്ത് നൽകി. സഹൽ ബോക്സിന് പിന്നിലേക്കിട്ടു. ലൂണ പതുക്കെ തട്ടി. പന്ത് പുയ്ട്ടിയയുടെ കാലിൽ. തകർപ്പൻ ഷോട്ട് അമർജിത് കിയാമിന്റെ കെെയിൽ തട്ടി ഗോൾമുഖത്ത് വാസ്-കസിലേക്ക്. പന്ത് വലയിലേക്ക് തൊടുക്കുകയും ചെയ്തു വാസ്കസ്. തുടർന്ന് റഫറി ലെെൻ റഫറിയുമായി ചർച്ച ചെയ്ത് ഗോൾ പിൻവലിച്ചത്.
തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാൾ പ്രത്യാക്രമണം നടത്തി. പെരോസെവിച്ചിന്റെ വളഞ്ഞിറങ്ങിയ ഷോട്ട് ഗോൾ കീപ്പർ പ്രഭ്സുഖൻ ഒറ്റക്കെെ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.
അരമണിക്കൂർ തികയുംമുമ്പ് രാജു ഗെയ്ക്ക്വാദിന്റെ ബോക്സിലേക്കുള്ള ത്രോയിൽനിന്ന് ഈസ്റ്റ് ബംഗാൾ മറ്റൊരു ആക്രമണം നടത്തി. എന്നാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. മറുവശത്ത് പ്രശാന്ത് വലതുവശത്ത് നടത്തിയ മുന്നേറ്റം ഈസ്റ്റ് ബംഗാൾ പ്രതിരോധം കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഇതിനിടെ കളിഗതിക്കെതിരായി ഈസ്റ്റ് ബംഗാൾ ഗോളടിച്ചു. ഗെയ്ക്ക്വാദിന്റെ ത്രോ ബോക്സിൽവച്ച് തോമിസ്ലാവ് മെർസല തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. സിപോവിച്ചിന് തടയാനായില്ല.
ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തളർന്നില്ല. ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തി. എന്നാൽ പ്രതിരോധക്കാരൻ എണെസ് സിപോവിച്ച് പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. സിപോവിച്ചിന് പകരം നാൽപ്പത്തിനാലാം മിനിറ്റിൽ അബ്ദുൾ ഹക്കു കളത്തിൽ ഇറങ്ങി. നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് ലീഡും നേടി. മനോഹര ഗോളുമായി വാസ്കസ് ബ്ലാസ്റ്റേഴ്സിനെ തിരികെയെത്തിച്ചു. ബോക്സിന് പുറത്തുവച്ചുള്ള വാസ്കസിന്റെ ഒന്നാന്തരം ഷോട്ട് തോമിസ്ലാവിന്റെ തലയിൽ തട്ടി വലയിൽ പതിച്ചു. ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. കളി ഇടവേളയ്ക്ക് പിരിയുകയും ചെയ്തു.

രണ്ടാംപകുതിയിൽ സഹലിന് പകരം ചെഞ്ചോ കളത്തിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു മുൻതൂക്കം. വലതുപാർശ്വത്തിൽ സന്ദീപ് സിങ് നിരവധി ക്രോസുകൾ ഈസ്റ്റ് ബംഗാൾ ഗോൾമുഖത്തേക്ക് പായിച്ചു. ബോക്സിൽ വാസ്കസ് ഗോളിനായി ശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ പ്രതിരോധം തടഞ്ഞു. പന്തിൻമേൽ ബ്ലാസ്റ്റേഴ്സിന് പൂർണ നിയന്ത്രണം കിട്ടി. മികച്ച ആക്രമണവും നടത്തി. 61–ാം മിനിറ്റിൽ കളിയിലെ മൂന്നാം മാറ്റംവരുത്തി. സന്ദീപ് സിങ്ങിന് പകരം പ്രതിരോധത്തിൽ നിഷു കുമാറെത്തി. കളിക്ക് വേഗം നൽകി ഈ പ്രതിരോധക്കാരൻ. വലതുപാർശ്വത്തിൽ തകർപ്പൻ നീക്കങ്ങൾ നടത്തി. 70–ാം മിനിറ്റിൽ പുയ്ട്ടിയയുടെ ത്രൂബോൾ പിടിച്ച് വാസ്കസ് ബോക്സിൽ കയറിയെങ്കിലും പ്രതിരോധത്തെ മറികടക്കാനായില്ല. പിന്നാലെ പുയ്ട്ടിയയുടെ ഷോട്ട് പുറത്തുപോയി. 77–ാം മിനിറ്റിൽ വാസ്കസിന്റെ ലോങ് റേഞ്ച് ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറെ പരീക്ഷിച്ചു. കളി തീരാൻ പത്ത് മിനിറ്റി ശേഷിക്കെ രണ്ട് മാറ്റങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് വരുത്തി. പ്രശാന്തിന് പകരം വിൻസി ബരെറ്റോയും വാസ്കസിന് പകരം ജോർജ് ഡയസും കളത്തിലെത്തി. മറുവശത്ത് ഈസ്റ്റ് ബംഗാൾ നീക്കങ്ങളെ പ്രഭ്സുഖൻ തടഞ്ഞു. 88–ാം മിനിറ്റിൽ ജോർജ് ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സെെഡായി. വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ പ്രതിരോധം തടഞ്ഞു.
19ന് മുംബെെ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ