കൊച്ചി, ജൂലൈ 18, 2022: ഉക്രയ്‌നിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. കലിയൂഷ്‌നിയുമായി കരാർ ഒപ്പിട്ട വിവരം ക്ലബ്ബ് സന്തോഷപൂർവം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന് വായ്‌പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്.
ഇരുപത്തിനാലുകാരനായ ഇവാൻ ഉക്രയ്‌ൻ ക്ലബ്ബ് മെറ്റലിസ്‌റ്റ് ഖാർകിവിനൊപ്പമാണ് തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു. മെറ്റലിസ്‌റ്റ് 1925 ഖർകിവുമായി വായ്‌പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ ഉക്രയ്‌ൻ സംഘമായ റൂഖ് ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ കളിച്ച് അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത് നേടി. 32 കളിയിൽ രണ്ട് ഗോളുകളടിക്കുകയും ചെയ്‌തു.
ഉക്രയ്ൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പ് ഉക്രയ്‌ൻ ലീഗ് റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ് ടോപ് ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക് ഐഎഫിലും വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.
‘ഞങ്ങളുടെ ക്ലബ്ബിൽ ചേർന്നതിന് ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള വലിയ സന്തോഷം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ മികച്ച കളിക്കാരൻ ടീമിന് വലിയ കരുത്ത് നൽകും. ഇവാൻ ക്ലബ്ബുമായി വേഗത്തിൽ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’‐ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച് സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.
“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും എനിക്ക് അതിയായ ആവേശമുണ്ട്‐ ഇവാൻ കലിയൂഷ്‌നി പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്‌തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്ടർ മോംഗിലിനെയും പ്രഖ്യാപിച്ചതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കരാർ ഒപ്പുവെക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാൻ കലിയൂഷ്‌നി. വരാനിരിക്കുന്ന ഹീറോ ഐഎസ്‌എൽ 2022‐23 സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരയ്‌ക്ക് ഇവാൻ കലിയുഷ്‌നിയുടെ സാന്നിധ്യം മറ്റൊരു മാനം നൽകും.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ