ഹോർഹെ പെരേര ഡയസുമായി പുതിയ കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു
കേരള ബ്ലാസ്റ്റേഴ്‌സ്-ഡയസ് ബന്ധം വീണ്ടും ശക്തമായി തുടരാൻ വഴിയൊരുക്കി ഇരുവരും. വരും സീസണിലും അർജന്റിനയിൻ താരത്തെ തങ്ങളുടെ തട്ടകത്തിൽ നിലനിറുത്താൻ അവസാന പടിയും കടന്നു കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലേയ്ക്ക്. പുറത്തുനിന്നുമുള്ള ക്ലബ്ബ്കളിൽ നിന്നും വിവിധ ഓഫറുകൾ വന്നിരുന്നു എങ്കിലും ഡയസ് തിരഞ്ഞെടുത്തത് മഞ്ഞക്കുപ്പായമാണ്. ഞങ്ങളുടെ സോഴ്സ് വ്യക്തമാക്കി.
2008ഇൽ ഫെറോ കരിൽ എന്ന അർജന്റീന ആസ്ഥാനമായ ക്ലബ്ബിലാണ് ഹോർഹേ പെരേര ഡയസ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്.
നാലു വർഷക്കാലം കൊണ്ട് 86 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടിയ താരം ശേഷം ക്ലബ്ബ് അത്‌ലറ്റിക്കോ ലനുസിൽ ചേർന്നു ടീമിനെ 2013 കോപ്പ സുഡാമേരിക്കാനാ വിജയത്തിലേക്ക് നയിച്ചു. ക്ലബ്ബിലേയ്ക്ക് താരം 2018 വീണ്ടും ചേക്കേറി തന്റെ രണ്ടാം വരവും ആഘോഷമാക്കിയിരുന്നു. ക്ലബ്ബ് അത്‌ലറ്റിക്കോ ലനുസിൽ ഒരു വർഷം കൊണ്ട് 42 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടിയ ശേഷം മലേഷ്യൻ സൂപ്പർ ലീഗിൽ ജോഹർ ദാറുൽ തസിം എഫ് സി യിൽ ചേർന്നു കളിച്ചു. അവിടെ മൂന്നു വർഷത്തെ കരിയറിൽ അദ്ദേഹം വെറും 30 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ കണ്ടെത്തി.
ജോഹർ ദാറുൽ തസിം എഫ് സിയിൽ കളിച്ചിരുന്ന സമയത്ത് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങളും എ എഫ് സി കപ്പും കളിച്ചു. നിലവിലെ ഐ എസ് എൽ ടീം ബംഗളൂരു എഫ് സിക്കെതിരെയും കളിച്ചു ഇദ്ദേഹം. മലേഷ്യൻ ഔട്ട് ഫിറ്റിൽ നിന്നും ലോണിൽ വിവിധ ക്ലബ്ബ്കളിലും ഇദ്ദേഹ ബൂട്ടണിഞ്ഞിരുന്നു. അത്‌ലറ്റിക്കോ ഇൻഡിപെൻഡന്റെ എന്ന അർജന്റീന ക്ലബ്ബിൽ 2015ഇൽ കളിച്ച താരം 2017-18സീസണിൽ മെക്സിക്കൻ ക്ലബ്ബ് ലിയോനിലും കളിച്ചു. ഇരു ടീമുകളിലുമായി 19 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും തന്റെ പേരിലാക്കി.
2019-20 സീസണിൽ ബൊളീവിയൻ ക്ലബ്ബ്-ക്ലബ്ബ് ബോളിവറിൽ ചേർന്ന താരം 41 കളികളിൽ 19 ഗോൾ നേടി. ശേഷം ചിലിയിലെ ക്ലബ്ബ് ഡിപ്പോർട്ടീവോ സാൻ മർക്കോസ് ടി ആഫ്രിക്കയിൽ ചേർന്ന ഇദ്ദേഹം 2020ഇൽ ഏഴു കളിയിൽ രണ്ടു ഗോൾ കണ്ടെത്തി.
2021ഇലാണ് അർജന്റീന ടോപ്പ് ഡിവിഷൻ ലീഗിൽ കളിക്കുന്ന അത്‌ലറ്റിക്കോ പ്ലാറ്റീൻസെ ക്ലബ്ബിൽ ഇദ്ദേഹം കരാറിൽ ഒപ്പുവയ്ക്കുന്നത്. അവിടെ നിന്നും 12 കളികളിൽ 2 ഗോൾ നേടിയ താരം ശേഷം ഇന്ത്യൻ സൂപ്പർ ലീഗലെ പ്രൗഢഗംഭീരമായ മഞ്ഞക്കുപ്പായത്തിലേയ്ക്കു ചേക്കേറി. 2021-22സീസണിൽ ലോണിലായിരുന്നു ആരാധകരുടെ പ്രിയങ്കരനായിമാറിയ ഇദ്ദേഹത്തിന്റെ ക്ലബ്ബിലേയ്ക്കുള്ള വരവ്.
തന്റെ വരവ് വെറുതെയായില്ല എന്നു തെളിയിക്കുകയായിരുന്ന താരം ഇവാൻ വുക്കുമനോവിച്ചിന്റെ കീഴിൽ 21 മത്സരങ്ങളിൽ നിന്നുമായി എട്ടു ഗോളുകളും ഒരു അസിസ്റ്റും കുന്നോളം ആരാധകരുടെ സ്നേഹവും തന്റെ കൈപ്പിടിയിലാക്കി. സെറ്റ് പീസുകളിലെ അപകടകരമായ ഇടപെടലും മുന്നേറ്റത്തിൽ പുലർത്തുന്ന കൗശലവും കൃത്യതയും ഇദ്ദേഹത്തിനെ എതിരാളികളുടെ പേടിസ്വപ്നമാക്കിമാറ്റി. എതിർ ഡിഫൻസിനെ പിടിച്ചു കുലുക്കാൻ ഇദ്ദേഹത്തിന്റെ മികവുകൊണ്ടു ബ്ലാസ്റ്റേഴ്സിനായി.
ടീമിനകത്തും പുറത്തും മികച്ച പ്രതിച്ഛായ നിലനിർത്തുന്ന ഇദ്ദേഹം തന്റെ പോസിറ്റിവിറ്റി കൊണ്ടും കളി മികവുകൊണ്ടും ടീമിന് ഗോളടിച്ചു കൂട്ടുക എന്നതിലുപരി മറ്റൊരുപാട് സഹായങ്ങളും ചെയ്തു.
ചർച്ചിൽ ബ്രദേഴ്സ് താരങ്ങളായ ബ്രൈസ് മിറാൻഡയും സൗരവും മൊണ്ടേലും ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ നിലവിൽ എത്തിയിരിക്കുകയാണ്. അതേസമയം വിൻസി ബാറെറ്റോയും സത്യസെൻ സിംഗും ആൽബിനോ ഗോമസും നേരത്തെ ക്ലബ്ബ് വിട്ടു പോയിരുന്നു.
വിദേശ താരങ്ങളിൽ അഡ്രിയാൻ ലൂണയും മാർക്കോ ലെസ്‌കോവിക്കും ക്ലബ്ബിൽ തുടർന്നപ്പോൾ അൽവരോ വസ്ക്കസും എനസ് സിപ്പോവിക്കും ചെഞ്ചോയും ക്ലബ്ബ് വിട്ടു പോയി
ഹോർഹേ പെരേര ഡയസിനെ തിരികെ തട്ടകത്തിൽ എത്തിക്കുകവഴി കേരള ബ്ലാസ്റ്റേഴ്‌സ് ഇവാന്റെ കീഴിൽ തങ്ങളുടെ മുന്നേറ്റം പഴയപടി ശക്തമാക്കാനുള്ള കോപ്പുകെട്ടലിലാണ്. കഴിഞ്ഞ സീസണിലെ പാഠങ്ങൾ മനഃപദമാക്കി പുതിയ സീസണിൽ വിജയഗാഥ തീർക്കാൻ എല്ലാരീതിയിലും ക്ലബ്ബ് തയ്യാറെടുക്കുകയാണ്.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ