2016ന് ശേഷം ആദ്യമായി ഐഎസ്എല്‍ ഫൈനലില്‍
വാസ്‌കോ (ഗോവ): ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. രണ്ടാംപാദ സെമി 1-1ന് അവസാനിച്ചു. ആദ്യപാദത്തിലെ ഒരു ഗോള്‍ ജയത്തിന്റെ ആനുകൂല്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കുതിച്ചു. 20നാണ് കിരീടപ്പോരാട്ടം. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. രണ്ടാം പാദസെമിയുടെ പതിനെട്ടാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ നേടിയ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്. ജംഷഡ്പൂര്‍ രണ്ടാംപകുതിയില്‍ പ്രണോയ് ഹാള്‍ദെറിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല.
രണ്ടാംപാദ സെമിയില്‍ വലിയ മാറ്റങ്ങളാണ് ഇവാന്‍ വുകോമനോവിച്ച് വരുത്തിയത്. ആദ്യപാദത്തില്‍ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദിന് പകരം പ്രതിരോധക്കാരന്‍ നിഷുകുമാര്‍ ടീമിലെത്തി. പരിക്കുകാരണം സഹല്‍ പുറത്തിരുന്നു. പ്രതിരോധത്തില്‍ സഞ്ജീവ് സ്റ്റാലിന് പകരം സന്ദീപ് സിങ് എത്തി. ഹര്‍മന്‍ജത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, റുയ്‌വാ ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ആയുഷ് അധികാരി, പുയ്ട്ടിയ. മുന്നേറ്റത്തില്‍ അല്‍വാരോ വാസ്‌കസും ജോര്‍ജ് ഡയസും. ജംഷഡ്പുര്‍ നിരയില്‍ മുന്നേറ്റതാരം ഇഷാന്‍ പണ്ഡിറ്റ ആദ്യപതിനൊന്നില്‍ ഇടംപിടിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ടും ഡാനിയേല്‍ ചുക്വുവും ആയിരുന്നു മുന്നേറ്റത്തിലെ മറ്റുള്ളവര്‍. മധ്യനിരയില്‍ പ്രണോയ് ഹാള്‍ദെര്‍-റിത്വിക് ദാസ്-ജിതേന്ദ്ര സിങ് സഖ്യം. പ്രതിരോധത്തില്‍ റിക്കി, പീറ്റര്‍ ഹാര്‍ട്‌ലി, എലി സാബിയ, ലാല്‍ഡിന്‍ലിയാന റെന്ത്‌ലെ എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ടി.പി രെഹ്നേഷ്.
കളിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. രണ്ടാംമിനിറ്റില്‍ സുവര്‍ണാവസരം കൈവന്നതാണ്. പക്ഷേ, വാസ്‌കസിന് അപ്രതീക്ഷിത പിഴവുപറ്റി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വാസ്‌കസ് പന്ത് തോരിയിട്ടത് പുറത്തേക്കായി. ജോര്‍ജ് ഡയസാണ് ജംഷഡ്പുര്‍ പ്രതിരോധത്തെ പിന്നിലാക്കി വാസ്‌കസിലേക്ക് പന്ത് നല്‍കിയത്. അഞ്ചാം മിനിറ്റില്‍ വാസ്‌കസ് ബോക്‌സിലേക്ക് പന്തൊഴുക്കി. പക്ഷേ, ആയുഷ് അധികാരിക്ക് എത്തിപ്പിടിക്കാനായില്ല. പത്താം മിനിറ്റില്‍ മറ്റൊരു മിന്നുംനീക്കം. ബോക്‌സില്‍ ഹാര്‍ട്‌ലിയെ കീഴടക്കി ഡയസ് അടിതൊടുത്തു. എന്നാല്‍ ആ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. തുടര്‍ന്നുള്ള നീക്കത്തില്‍ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 16ാം മിനിറ്റില്‍ ലൂണയുടെ ക്രോസ് രെഹ്നേഷ് പിടിയിലൊതുക്കി. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാന്തരം നീക്കങ്ങള്‍ക്കാണ് തിലക് മൈതാന്‍ സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. പതിനെട്ടാം മിനിറ്റില്‍ ആ ആക്രമണങ്ങള്‍ക്ക് ഫലംകിട്ടി. ലൂണയുടെ അതിമനോഹര ഗോള്‍. ഇടതുപാര്‍ശ്വത്തില്‍ വാസ്‌കസിന്റെ നീക്കം ലൂണയിലേക്ക്. ബോക്‌സിലേക്ക് ലൂണ സുന്ദരമായി തെന്നിനീങ്ങി. ജംഷഡ്പൂര്‍ പ്രതിരോധ താരങ്ങള്‍ ഒന്നൊന്നായി ആ നീക്കത്തിന് മുന്നില്‍ പതറി. ഇരുകാലുകള്‍ കൊണ്ടും തഴുകി ഈ ഉറുഗ്വക്കാരന്‍ ഷോട്ട് തൊടുത്തു. വലയുടെ വലതുമൂലയിലേക്ക്, രെഹ്നേഷിന്റെ ചാട്ടത്തെ മറികടന്ന് ലൂണ ലക്ഷ്യം കണ്ടു. ഇരുപാദങ്ങളിലുമായി 2-0ന് മുന്നില്‍.
കളി അരമണിക്കൂര്‍ തികയുമ്പോള്‍ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണ നിയന്ത്രണംനേടിയിരുന്നു. 36ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നുപേടിച്ചു. ഫ്രീകിക്കില്‍ നിന്നുള്ള പന്ത് ബോക്‌സിലേക്ക്. ചുക്വു കാല്‍വച്ചു. പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍. ആദ്യംഗോള്‍ വിധിച്ചെങ്കിലും പിന്നാലെ റഫറിക്ക് ഓഫ് സൈഡ് എന്ന് ബോധ്യപ്പെട്ടു. ഗോളും പിന്‍വലിച്ചു. തുടര്‍ന്നുള്ള ജംഷഡ്പൂരിന്റെ നീക്കങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാര്യക്ഷമമായി തടഞ്ഞു. ആത്മവിശ്വാസത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂര്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സ് ലക്ഷ്യമിട്ട് മുന്നേറി. പ്രതിരോധം ജാഗ്രതയോടെ നിന്നെങ്കിലും 48ാം മിനിറ്റില്‍ വഴങ്ങിയ കോര്‍ണര്‍ തിരിച്ചടിയായി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പ്രണോയ് ഹാള്‍ദെര്‍ ഒരെണ്ണം മടക്കി. എന്നാല്‍ ഹാള്‍ദെറുടെ കൈയില്‍ പന്ത് തട്ടിയത് റഫറി ശ്രദ്ധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചിട്ടും കാര്യമുണ്ടായില്ല. പിന്നാലെ വാസ്‌കസിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍ അകന്നു. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി വലയിലേക്ക് നീങ്ങിയ പന്ത് സാബിയ വരയ്ക്ക് മുന്നില്‍നിന്ന് അടിച്ചൊഴിവാക്കുകയായിരുന്നു.
54ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. ആയുഷിനും നിഷുവിനും പകരം രാഹുല്‍ കെ പിയും ജീക്‌സണ്‍ സിങ്ങുമെത്തി. ജംഷഡ്പൂര്‍ ആക്രമണം കടുപ്പിച്ചു. ഇഷാന്‍ പണ്ഡിറ്റയുടെ ഷോട്ട് ഗില്ലിന്റെ കൈയില്‍ തട്ടിത്തെറിച്ചു. കോര്‍ണറില്‍ തട്ടിത്തെറിച്ച പന്തില്‍ ഹോര്‍മിപാം ഫ്രീകിക്കും വഴങ്ങി. ബോക്‌സിന് തൊട്ടരികെവച്ചുള്ള കിക്ക് സ്റ്റുവര്‍ട്ട് എടുത്തു. കരുത്തുറ്റ അടി ഗില്‍ കുത്തിയകറ്റി. പന്ത് ജിതേന്ദ്രയുടെ കാലില്‍. വീണ്ടും പന്ത് ഗോള്‍മുഖത്തേക്ക്. ഇക്കുറി വരയ്ക്കരികെ ഡയസ് രക്ഷകനായി. പന്ത് അടിച്ചകറ്റി. 71ാം മിനിറ്റില്‍ ഡയസിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ലക്ഷ്യത്തിലെത്തിയില്ല. 78ാം മിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് നേരെ രെഹ്നേഷിന്റെ കൈകളിലേക്കായി. അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂരിന്റെ നീക്കങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മേഖലയിലേക്ക് ഒന്നൊന്നായി എത്തി. പ്രതിരോധത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉറച്ചുനിന്നു. ലെസ്‌കോവിച്ചും ഹോര്‍മിപാമും ഖബ്രയും കടുത്ത പോരാട്ടം പുറത്തെടുത്തു. അഞ്ചു മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. 91ാം മിനിറ്റില്‍ വാസ്‌കസിനെ പിന്‍വലിച്ച് വിന്‍സി ബരെറ്റോയെ കൊണ്ടുവന്നു. അവസാന നിമിഷങ്ങളില്‍ ശക്തമായ പ്രതിരോധക്കളിയില്‍ കളി പിടിച്ച ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറി.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ