ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

0
480

മുംബൈ സിറ്റി എഫ്സി 0
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി IMG 20211219 WA0323

ഫത്തോർദ (ഗോവ): ചാമ്പ്യൻമാരായ മുംബെെ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ആഘോഷം. ഐഎസ്‌എലിലെ നിലവിലെ ചാമ്പ്യൻമാരായ മുംബെെയെ മൂന്ന് ഗോളിന് തുരത്തി ബ്ലാസ്റ്റേഴ്സ് കുതിച്ചു. സഹൽ അബ്ദുൾ സമദ്, അൽവാരോ വാസ്കസ്, ജോർജ് ഡയസ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. മുംബെെ പ്രതിരോധതാരം മൗർടാഡ ഫാൾ രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി രണ്ടാംപകുതിയുടെ തുടക്കത്തിൽ പുറത്തായി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബെെ സിറ്റി.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംജയമാണിത്. കരുത്തരായ ഒഡിഷ എഫ്സിയെയും ഇവാൻ വുകോമിനോവിച്ചിന്റെ സംഘം തോൽപ്പിച്ചിരുന്നു.
ആറ് കളിയിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതെത്തി.
ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബെെ സിറ്റിക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ എനെസ് സിപോവിച്ചിന് പകരം ഹോർമിപാം പ്രതിരോധത്തിലെത്തി. കെ പ്രശാന്തിന് പകരം ജോർഡ് ഡയസും ഇറങ്ങി. സന്ദീപ് സിങ്ങിന് പകരം ഹർമൻജോത് കബ്ര തിരിച്ചെത്തി. അൽവാരോ വാസ്കസ്–ജോർജ് ഡയസ് സഖ്യം മുന്നേറ്റത്തിൽ. മധ്യനിരയില്‍ അഡ്രിയാൻ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, പുയ്ട്ടിയ, ജീക്സണ്‍ സിങ് എന്നിവർ. പ്രതിരോധത്തിൽ ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹോർമിപാം, കബ്ര എന്നിവരായിരുന്നു. പ്രഭ്സുഖൻ സിങ് വലയ്ക്ക് മുന്നിൽ തുടർന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1639929412565

മുംബെെ സിറ്റിയുടെ മുന്നേറ്റത്തിൽ ഇഗുർ അംഗുലോ, ബിപിൻ സിങ്, വിക്രം സിങ് എന്നിവർ. കാസിയോ ഗബ്രിയേൽ, അഹമ്മദ് ജഹു, ലാലെങ് മാവിയ എന്നിവർ മധ്യനിരയിൽ. മന്ദാർ ദേശായി–രാഹുൽ ബെക്കെ–മൗർടാഡ ഫാൾ–എമെ റണവാഡെ സഖ്യം പ്രതിരോധത്തിൽ. ഗോൾ വലയ്ക്ക് മുന്നിൽ മുഹമ്മദ് നവാസ്.

കളിയുടെ തുടക്കത്തിൽതന്നെ മുംബെെയുടെ നീക്കങ്ങളായിരുന്നു. ബിപിൻ സിങ്ങിന്റെ മുന്നേറ്റത്തെ കബ്ര തടഞ്ഞു. രണ്ടാം മിനിറ്റിൽ ജഹുവിന്റെ ഫ്രീകിക്ക് അപകടമുയർത്തിയെങ്കിലും പ്രഭ്സുഖൻ സിങ് രക്ഷയ്ക്കെത്തി. അഞ്ചാം മിനിറ്റിൽ ജഹുവിനെ വീഴ്ത്തിയതിന് വാസ്കസിന് മഞ്ഞക്കാർഡ് കിട്ടി. പതിനൊന്നാം മിനിറ്റിൽ വാസ്കസിന്റെ തകർപ്പൻ ഗോൾശ്രമം കണ്ടു. ബോക്സിന് പുറത്തുവച്ച് തൊടുത്ത കരുത്തുറ്റ ഷോട്ട് മുംബെെ സിറ്റി ഗോൾ കീപ്പർ മുഹമ്മദ് നവാസ് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ മുംബെെയുടെ നീക്കം. ഇക്കുറി അംഗുലോയുടെ ബോക്സിൽവച്ചുള്ള ക്രോസ് ഹോർമിപാം തടഞ്ഞു. ബിപിൻ സിങ്ങിന്റെ ക്രോസ് ലെസ്കോവിച്ചും നിർവീര്യമാക്കി. ജഹുവിന്റെ ഫ്രീകിക്ക് പ്രഭ്സുഖൻ പിടിയിലൊതുക്കി. പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ശ്രദ്ധ പുലർത്തി. പ്രത്യാക്രമണത്തിലും ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. 24–ാം മിനിറ്റിൽ ഡയസിന്റെ ഇടതുപാർശ്വത്തിലൂടെയുള്ള മുന്നേറ്റം ഗോളിലേക്ക് അവസരമൊരുക്കിയതാണ്. ബോക്സിൽ കടന്ന ഡയസ് കുതിച്ചെത്തിയ സഹലിന് പാസ് നൽകാൻ ശ്രമിച്ചെങ്കിലും മുംബെെ പ്രതിരോധം കോർണർ വഴങ്ങി രക്ഷപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ നീക്കം പിന്നാലെ കണ്ടു. ഗോളും പിറന്നു. സഹലിന്റെ മിന്നുംഗോൾ. 27–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തിയത്. ഇടതുവശത്ത് ജോർജ് ഡയസിന്റെ ഒന്നാന്തരം നീക്കം. ഡയസ് ബോക്സിലേക്ക് കോരിയിട്ടു. ബോക്സിനരികെ ഒഴിഞ്ഞുനിൽക്കുകയായിരുന്ന സഹലിലേക്ക്. മനോഹരമായ ഷോട്ടിലൂടെ സഹൽ മുംബെെ സിറ്റി ഗോൾ കീപ്പർ മുഹമ്മദ് നവാസിനെ കാഴ്ചക്കാരനാക്കി. ആദ്യപകുതിക്ക് തൊട്ടുമുമ്പുള്ള സഹലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ മുംബെെയുടെ ശക്തമായ ആക്രമണം കണ്ടു. ജഹുവിന്റെ ക്രോസ് സ്വീകരിച്ച വിക്രം സിങ് ബോക്സിലേക്ക് അടിപായിച്ചു. അംഗുലോ ഗോൾമുഖത്തുണ്ടായിരുന്നെങ്കിലും പ്രഭ്സുഖന്റെ കൃത്യമായ ചാട്ടം ബ്ലാസ്റ്റേഴ്സിനെ കാത്തു.

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1639929412934

ആദ്യപകുതിയിൽ മുംബെെ സിറ്റിക്ക് കൃത്യമായ ഒരു അവസരവും ബ്ലാസ്റ്റേഴ്സ് നൽകിയില്ല. ലെസ്-കോവിച്ചിന് കീഴിൽ പ്രതിരോധം നിറഞ്ഞുകളിച്ചു. മുംബെെ സീസണിൽ ആദ്യമായാണ് ആദ്യപകുതിയിൽ ഗോൾ വഴങ്ങിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പായിക്കാൻ പോലും മുംബെെക്ക് കഴിഞ്ഞില്ല.

രണ്ടാംപകുതിയിൽ ആരാധകരെ ത്രസിപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. രണ്ടാംപകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ. ചാമ്പ്യൻമാർക്കെതിരെ മൂന്ന് ഗോളിന് മുന്നിൽ. വാസ്കസിന്റെ അതിസുന്ദര ഗോളിലായിരുന്നു തുടക്കം. 47–ാം മിനിറ്റിലായിരുന്നു വാസ്കസിന്റെ ഗോൾ. വലതുപാർശ്വത്തിൽ ജീക്സൺ സിങ്ങിന്റെ കൃത്യതയുള്ള ക്രോസ് ബോക്സിൽ വാസ്-കസിലേക്ക്. പന്ത് കാലിൽ കൊരുത്ത ഈ സ്പാനിഷുകാരൻ വലംകാൽ കൊണ്ട് ഒറ്റയടി. പന്ത് വലയിലേക്ക് വളഞ്ഞിറങ്ങി. മൂന്ന് മിനിറ്റിനുള്ളിൽ അടുത്ത ഗോൾ. പന്തുമായി കുതിച്ച ജോർജ് ഡയസിനെ ഫ-ാൾ ബോക്സിൽ വീഴ്ത്തി. അസിസ്റ്റന്റ് റഫറിയുമായി ചർച്ച ചെയ്ത ശേഷം റഫറി പെനൽറ്റിക്ക് വിസിലൂതി. ഫാളിന് രണ്ടാം മഞ്ഞക്കാർഡും വീശി. മുംബെെ പ്രതിരോധക്കാരൻ പുറത്തേക്ക്. ഡയസിന്റെ കിക്ക് നവാസിനെ മറികടന്ന് വലയിലേക്കും. മുംബെെ തളർന്നു. ബ്ലാസ്റ്റേഴ്സ് കുതിച്ചു. പുയ്ട്ടിയയുടെ ഇടംകാൽഷോട്ട് നവാസ് കുത്തിയകറ്റി. അഞ്ച് ഷോട്ടുകളാണ് ആ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. മുംബെെ സിറ്റി ഒന്നും. 62–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യ മാറ്റംവരുത്തി. ഗോൾ നേടിയ ജോർജ് ഡയസിന് പകരം ചെഞ്ചോ ഗ്യെൽഷനെ ഇറക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1639929411525

മൂന്ന് ഗോൾ ലീഡ് നേടിയശേഷം ബ്ലാസ്റ്റേഴ്സ് അൽപ്പം പിൻവലിഞ്ഞു. ഇതിനിടെ ഇഗർ കട്ടാട്ടുവിന്റെ ഗോൾശ്രമം പ്രഭ്സുഖൻ തടഞ്ഞു. 80-ാം മിനിറ്റിൽ വാസ്കസിന്റെ മറ്റൊരു മികച്ച ഷോട്ട് ഗോളിന് അരികെയെത്തി. അവസാന ഘട്ടത്തിൽ വാസ്-കസിന് പകരം സെയ്ത്യാസെൻ സിങ്ങും സഹലിന് പകരം കെ പ്രശാന്തും കളത്തിലെത്തി. 90–ാം മിനിറ്റിൽ വിജയമുറപ്പാക്കിയശേഷം ബ്ലാസ്റ്റേഴ്സ് അവസാന മാറ്റംവരുത്തി. കബ്രയ്ക്ക് പകരം നിഷു കുമാർ ഇറങ്ങി. പുയ്ട്ടിയക്ക് പകരം ആയുഷ് അധികാരിയുമെത്തി.

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1639929456522

22ന് ചെന്നെെയിൻ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ