*കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1 എസ്‌സി ഈസ്റ്റ്ബംഗാള്‍ 0*
തിലക് മൈതാന്‍ സ്‌റ്റേഡിയം (ഗോവ): ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി. പ്രതിരോധതാരം എണെസ് സിപോവിച്ച് 49ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഹെഡറിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 15 കളിയില്‍ 26 പോയിന്റുമായി പട്ടികയില്‍ മൂന്നാമതെത്തി. സീസണിലെ ഏഴാം ജയമായിരുന്നു ഇത്.
ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കളിച്ച് ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങള്‍ വരുത്തി. പ്രതിരോധത്തില്‍ ധെനെചന്ദ്ര മീട്ടി, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ക്ക് പകരം സന്ദീപ് സിങ്, സഞ്ജീവ് സ്റ്റാലിന്‍, വി ബിജോയ് എന്നിവര്‍ ഇടംപിടിച്ചു. എണെസ് സിപോവിച്ച് തുടര്‍ന്നു. മധ്യനിരയില്‍ പുയ്ട്ടിയ, ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. വിന്‍സി ബരെറ്റോ പുറത്തിരുന്നു. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസ് അല്‍വാരോ വാസ്‌കസിന് കൂട്ടായി തിരിച്ചെത്തി. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍ തുടര്‍ന്നു. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ശങ്കര്‍ റോയിയായിരുന്നു. ജോയ്‌നെര്‍ ലുറെങ്കോ, ഹിറ മൊണ്ടാല്‍, ഹുയ്‌ദ്രോം സിങ്, ഫ്രാഞ്ചോ പ്രിസ് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റഫീഖ്, ലാല്‍റിന്‍ലിയാല നാംതെ, ഫ്രാന്‍ സോട്ട, അമര്‍ജിത് കിയാം. മുന്നേറ്റത്തില്‍ രാഹുല്‍ പസ്വാനും അന്റോണിയോ പെരോസെവിച്ചും.
കളിയുടെ തുടക്കത്തില്‍ തന്നെ ഈസ്റ്റ് ബംഗാളിന് അനുകൂലമായി കോര്‍ണര്‍ കിക്ക് കിട്ടിയെങ്കിലും പ്രഭ്‌സുഖന്‍ ഗില്‍ അവരെ തടഞ്ഞു. പത്ത് മിനിറ്റ് തികയുംമുമ്പ് ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിച്ചു. അഡ്രിയാന്‍ ലൂണ കിക്ക് എടുത്തു. കൂട്ടപ്പൊരിച്ചിലനിടയില്‍ ജീക്‌സണ്‍ തലവച്ചെങ്കിലും ഗോള്‍കിക്കില്‍ കലാശിച്ചു. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് മികച്ച നീക്കങ്ങള്‍ നടത്തി. പതിനഞ്ചാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അപകടകരമായ നീക്കം സിപോവിച്ച് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. പിന്നാലെ ലൂണ-വാസക്‌സ് സഖ്യം ഗോളിന് അരികെയെത്തി. വലതുഭാഗത്ത് നിന്നുള്ള ലൂണയുടെ ഒന്നാന്തരം ക്രോസില്‍ വാസ്‌കസ് തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ ശങ്കര്‍ റോയ് പന്ത് കൈയിലൊതുക്കി.സന്ദീപ് സിങ്ങിന്റെ ലോങ് റേഞ്ചറും ലക്ഷ്യത്തിലെത്തിയില്ല. ലൂണയുടെ മറ്റൊരു ക്രോസ് ഹിറ തല കൊണ്ട് കുത്തിയകറ്റി. സ്റ്റാലിന്റെ വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25ാം മിനിറ്റില്‍ കോര്‍ണറില്‍ ജീക്‌സണ്‍ കൃത്യമായി തലവച്ചെങ്കിലും ഇക്കുറിയും ശങ്കര്‍ റോയ് തടഞ്ഞു. 28ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മനോഹര നീക്കം കണ്ടു. സഹലിന്റെ കരുത്തുറ്റ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ക്രോസ് ലൂണയുടേതായിരുന്നു. ഇതിനിടെ പെരോസെവിച്ചിന്റെ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധംവെട്ടിച്ച് ബോക്‌സിലെത്തി. ഷോട്ട് ഗില്ലിനെ മറികടന്നെങ്കിലും വലകണ്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് നല്ല നീക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വാസ്‌കസിന്റെയും ലൂണയുടെയും മനോഹര മുന്നേറ്റങ്ങള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തില്‍ തട്ടിച്ചിതറി.
ആദ്യപകുതിയില്‍ പന്ത് നിയന്ത്രണത്തിലും പാസുകളുടെ എണ്ണത്തിലും ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്നില്‍. ആകെ പത്ത് ഷോട്ടുകള്‍ പായിച്ചപ്പോള്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. മനോഹരമായി കളിച്ചിട്ടും ഗോള്‍ നേടാനാകാത്തതിന്റെ നിരാശയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇടവേളയ്ക്ക് പിരിഞ്ഞത്. ജോര്‍ജ് ഡയസിന്റെ ഒന്നാന്തരം മുന്നേറ്റത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതി ആരംഭിച്ചത്. വാസ്‌കസിന്റെ വോളി പ്രതിരോധത്തില്‍ തട്ടി കോര്‍ണറില്‍ കലാശിച്ചു. ആ കോര്‍ണറില്‍ ബ്ലാസ്‌റ്റേഴ്‌സ് കെട്ടുപൊട്ടിച്ചു. പുയ്ട്ടിയയുടെ കൃത്യതയുള്ള കോര്‍ണര്‍ കിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധക്കൂട്ടത്തിന് മുകളിലേക്ക് ഉയര്‍ന്നുചാടിയ സിപോവിച്ച് ആ ക്രോസില്‍ തലവച്ചു. ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്.
ഗോള്‍ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തുംകൂടി. ലൂണയുടെ ഫ്രീകിക്ക് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ വിറപ്പിച്ച് കടന്നുപോയി. അറുപതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് ഗോള്‍മേഖലയില്‍വച്ച് ഫ്രീകിക്ക് കിട്ടി. പ്രതിരോധം അപകടമൊഴിവാക്കി. ബ്ലാസ്‌റ്റേഴ്‌സ് ചെറുപാസുകളുമായി കളംനിറഞ്ഞു. 69ാം മിനിറ്റില്‍ ഡയസിന്റെ ഷോട്ട് ശങ്കര്‍ പിടിച്ചെടുത്തു. പിന്നാലെ പെരെസോവിച്ചിന്റെ കരുത്തുറ്റ ഷോട്ട് ഗില്ലും പിടിച്ചു. 72ാം മിനിറ്റില്‍ ഇവാന്‍ വുകോമനോവിച്ച് കളിയിലെ ആദ്യമാറ്റം വരുത്തി. ജീക്‌സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരി കളത്തിലെത്തി. 78ാം മിനിറ്റില്‍ വാസ്‌കസിന് പകരം ചെഞ്ചോയും ഇറങ്ങി. ഇതിനിടെ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ ശ്രമങ്ങളെ പ്രതിരോധം ശക്തമായി ചെറുത്തു. 82ാം മിനിറ്റില്‍ ഫ്രാന്‍ സോട്ട ഈസ്റ്റ് ബംഗാളിന് കിട്ടിയ മികച്ച അവസരം പാഴാക്കി. മറുവശത്ത് ചെഞ്ചോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറാന്‍ ശ്രമിച്ചു. നിശ്ചിത സമയം തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ സഹലിന് പകരം വിന്‍സി ബരെറ്റോ വന്നു.
ആറ് മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. രണ്ടാം ഗോളിന് വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ചെറുത്തു. 94ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം കിട്ടി. ലൂണ ബോക്‌സിലേക്ക് തട്ടിയിട്ട പന്ത് ഡയസ് ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധം കോര്‍ണര്‍ വഴങ്ങി തടഞ്ഞു. 19ന് എടികെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
———————
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ