സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

0
335

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-ഇന്ത്യന്‍ നേവി 0

കൊച്ചി, ഒക്ടോബര്‍ 8, 2021: ഐഎസ്എല്‍ പുതിയ സീസണിനായുള്ള ഒരുക്കം ഗംഭീരമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ രണ്ട് ഗോളിന് തകര്‍ത്തു. ചെഞ്ചോയും അല്‍വാരോ വാസ്‌ക്വസും ലക്ഷ്യംകണ്ടു. ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തില്‍ അരങ്ങേറ്റമത്സരത്തില്‍ തന്നെ സ്പാനിഷ് മുന്നേക്കാരന്‍ വാസ്‌ക്വസ് ഗോളടിച്ചു. എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം.
വാസ്‌ക്വസിനെ കൂടാതെ വിദേശതാരങ്ങളായ മാര്‍കോ ലെസ്‌കോവിച്ച്, ജോര്‍ജ് പെരേര ഡയസ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. മധ്യനിരക്കാരായ സഹല്‍ അബ്ദുള്‍ സമദും ജീക്‌സണ്‍ സിങും സാഫ് കപ്പിനുള്ള ടീമിനൊപ്പമായതിനാല്‍ പരിശീലന മത്സരത്തിന് ലഭ്യമായിരുന്നില്ല.

സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് 245113244 944387852813910 5672705484087189646 n.webp

പരിചയസമ്പന്നനായ ആല്‍ബിനോ ഗോമസാണ് ഗോള്‍വല കാക്കാനെത്തിയത്. പ്രതിരോധം ക്രൊയേഷ്യന്‍ വന്‍മതില്‍ ലെസ്‌കോവിച്ച് നയിച്ചു. ഹര്‍മന്‍ജോത് ഖബ്ര, അബ്ദുള്‍ ഹക്കു, ധെനെചന്ദ്ര മെയ്‌ട്ടെ എന്നിവര്‍ കൂട്ടായി. ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, സെയ്ത്യാസെന്‍ സിങ്, കെ.പ്രശാന്ത് എന്നിവരായിരുന്നു മധ്യനിരയില്‍ കളി മെനഞ്ഞത്. ഗോളടിക്കാന്‍ അര്‍ജന്റീനക്കാരന്‍ ജോര്‍ജ് പെരേര ഡയസും ഭൂട്ടാന്‍ താരം ചെഞ്ചോയും.

കളിയുടെ തുടക്കമേ ബ്ലാസ്‌റ്റേഴ്‌സ് നേവി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എട്ടാംമിനിറ്റില്‍ സെയ്ത്യാസെന്‍ നല്‍കിയ പന്തുമായി ചെഞ്ചോ മുന്നേറി. മൂന്ന് പ്രതിരോധക്കാരെ മറികടന്ന് ഭൂട്ടാന്‍കാരന്‍ തൊടുത്ത പന്ത് വലകയറി. മുന്നിലെത്തിയതിന്റെ വീര്യം ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ കണ്ടു. മധ്യനിരയും മുന്നേറ്റവും ഒത്തൊരുമയോടെ പന്തുതട്ടിയതോടെ നേവി പ്രതിരോധം വിയര്‍ത്തു. പ്രത്യാക്രമണത്തിലൂടെ അവര്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോളി ആല്‍ബിനോയും കുലുങ്ങിയില്ല. 32ാം മിനിറ്റില്‍ പെരേരയുടെ ഗോളെന്നുറച്ച ഷോട്ട് നേവി ഗോള്‍കീപ്പര്‍ റോബിന്‍സണ്‍ കൈയിലാക്കി.

രണ്ടാംപകുതിയില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്. പ്രശാന്ത്, ഹക്കു, പെരേര, ഗിവ്‌സണ്‍, സെയ്ത്യാസെന്‍ എന്നിവരെ പിന്‍വലിച്ചു. സീസണില്‍ ടീമിലെത്തിച്ച സ്പാനിഷ് മുന്നേറ്റക്കാരന്‍ അല്‍വാരോ വാസ്‌ക്വസ്, ഹോര്‍മിപാം, കെ.പി രാഹുല്‍, സന്ദീപ് സിങ്, ആഡ്രിയാന്‍ ലൂണ എന്നിവരെത്തി. വാസ്‌ക്വസിന്റെയും ലൂണയുടെയും വരവ് മഞ്ഞപ്പടയെ കൂടുതല്‍ കരുത്തുറ്റതാക്കി. കളിയിലെ ആധിപത്യം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സിന് ലീഡുയര്‍ത്താനായില്ല. ഇതിനിടെ വിന്‍സി ബരേറ്റോ, ബിജോയ്, ശ്രീക്കുട്ടന്‍ എന്നിവരും കളത്തിലെത്തി.

സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് 244980380 192287032925942 3500716703134875759 n.webp

80ാം മിനിറ്റില്‍ വാസ്‌ക്വസ് കന്നിഗോളിന് അടുത്തെത്തി. മുപ്പത്തുകാരന്റെ ഉശിരന്‍ ഷോട്ട് പക്ഷേ നേവി ഗോളി തടുത്തു. എന്നാല്‍ കാത്തിരിപ്പ് ഏറെ നീണ്ടില്ല. 88ാം മിനിറ്റില്‍ വാസ്‌ക്വസ് ലക്ഷ്യം കണ്ടു. രാഹുലില്‍ നിന്ന് തുടങ്ങിയ മുന്നേറ്റമായിരുന്നു. വലതുഭാഗത്ത് ലൂണ പന്ത് പിടിച്ചെടുത്തു. പിന്നീട് വിന്‍സിക്ക് നല്‍കി. ഗോവക്കാരന്‍ വാസ്‌ക്വസിന് നീട്ടി. ഗോള്‍മുഖത്തുനിന്നുള്ള അടി വലകയറി. ബ്ലാസ്‌റ്റേഴ്‌സ് ആഘോഷിച്ചു.

ഒക്ടോബര്‍ 12ന് എംഎ കോളജിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സന്നാഹം. നവംബര്‍ 19ന് ഐഎസ്എലിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂLEAVE A REPLY

Please enter your comment!
Please enter your name here