ബ്ലാസ്റ്റേഴ്‌സ് ചുഴലിയില്‍ ഒഡീഷ വീണു, ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ചരിത്ര വിജയം

0
425

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2 ഒഡീഷ എഫ്‌സി-1

തിലക് മൈതാന്‍ സ്‌റ്റേഡിയം (ഗോവ): ഗോളടിക്കാരെന്ന പെരുമയുമായി എത്തിയ ഒഡീഷ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഐഎസ്എല്‍ എട്ടാം സീസണിലെ ആദ്യജയം കുറിച്ചു. വാസ്‌കോയിലെ തിലക് മൈതാനിയില്‍ നടന്ന മത്സരത്തില്‍ സീസണില്‍ ആദ്യമായി മഞ്ഞ ജഴ്‌സിയണിഞ്ഞ് ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഒഡീഷയുടെ ഹാട്രിക് വിജയമോഹം പൊളിച്ചത്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെ ആദ്യം ജയം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് കുറിച്ചത്. കളിയുടെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സിനായി 62ാം മിനിറ്റില്‍ അല്‍വാരോ വസ്‌കസും, 85ാം മിനിറ്റില്‍ മലയാളി താരം കെ.പ്രശാന്തും ഒഡീഷയുടെ വല കുലുക്കി. രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ അഡ്രിയന്‍ ലൂണ കളിയിലെ താരമായി. പരിക്ക് സമയത്ത് നിഖില്‍ രാജ് ഒഡീഷയുടെ ആശ്വാസഗോള്‍ നേടി. നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം പടിയിലേക്ക് കയറി. ഡിസംബര്‍ 12ന് എസ്‌സി ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്‌സ് ചുഴലിയില്‍ ഒഡീഷ വീണു, ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ചരിത്ര വിജയം 1638720842774

ബെംഗളൂരുവിനെതിരായ മത്സരത്തിലെ അതേ ടീമില്‍ ഇവാന്‍ വുകോമനോവിച്ച് വിശ്വാസമര്‍പ്പിച്ചു.മുന്നേറ്റത്തില്‍ അഡ്രിയന്‍ ലൂണയും അല്‍വാരോ വസ്‌കസും അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, പുയ്ട്ടിയ, വിന്‍സി ബരെറ്റോ, ജീക്സണ്‍ സിങ് എന്നിവരുമെത്തി. പ്രതിരോധത്തില്‍ എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് കബ്ര എന്നിവരും. ആല്‍ബിനോ ഗോമെസ് ഗോള്‍വലയ്ക്ക് മുന്നില്‍. ഒഡീഷയുടെ മുന്നേറ്റത്തില്‍ അരിടായ് സുവാരസും ജെറി മാവിഹ്‌മിങ്താങയും. മധ്യനിരയില്‍ ഹെര്‍ണാണ്ടസ്, വാന്‍ലല്‍റൗത്‌ഫെല, വിനീത് റായ്, തോയ്ബ സിങ്. പ്രതിരോധത്തില്‍ ലാല്‍റുവത്താര, വിക്ടര്‍ മോംഗില്‍, ഹെക്ടര്‍ റാമിരെസ്, ഹെന്‍ഡ്രി ആന്റണി. ഗോള്‍ കീപ്പര്‍ കമല്‍ജിത് സിങ്.

കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ സഹല്‍ അബ്ദുല്‍ സമദിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യഗോളിനുള്ള ശ്രമം നടത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളരികിലെത്തി. അഡ്രിയന്‍ ലൂണയുടെ ഫ്രീകിക്ക് കൃത്യം വല ലക്ഷ്യമാക്കി വന്നു. രണ്ടു താരങ്ങള്‍ പന്ത് കണക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് തടഞ്ഞു. കോര്‍ണര്‍ കിക്കിനൊടുവിലെ ഒഡീഷയുടെ പ്രത്യാക്രമണത്തിന് പ്രതിരോധം തടയിട്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മുന്നേറ്റം ഒഡീഷ നിരയില്‍ സമ്മര്‍ദമുണ്ടാക്കി. തുടര്‍ച്ചയായ കോര്‍ണര്‍, ഫ്രീകിക്കുകള്‍ മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ലൂണയെ വീഴ്ത്തിയതിന് ഒഡീഷ താരം തോയ്ബ സിങ് മഞ്ഞക്കാര്‍ഡ് കണ്ടു. വണ്‍ടച്ച് പാസുകളില്‍ ബ്ലാസ്റ്റേഴ്‌സ് കളം പിടിച്ചു. 37ാം മിനിറ്റില്‍ ഒഡീഷയുടെ തുടര്‍ച്ചയായ മൂന്ന് ടാര്‍ഗറ്റ് ഷോട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വല കാണാതെ കാത്തു. ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ആല്‍ബിനോ വലങ്കാലില്‍ തടഞ്ഞിട്ടപ്പോള്‍ മറ്റു രണ്ടു ഷോട്ടുകള്‍ പ്രതിരോധവും വിഫലമാക്കി. ആന്റണിയുടെ ഒരു തകര്‍പ്പന്‍ വോളിയും ആല്‍ബിനോ തട്ടിയകറ്റി. 44ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ഇടത്പാര്‍ശ്വത്തില്‍ നിന്ന് ജെസെല്‍ കര്‍ണെയ്‌റോ തൊടുത്ത ശക്തിയേറിയ ഷോട്ടിനും സമനില പൂട്ട് അഴിക്കാനായില്ല. കേരളത്തിന്റെ മികച്ച പ്രകടനത്തോടെ കളി രണ്ടാം പകുതിക്ക് പിരിഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ചുഴലിയില്‍ ഒഡീഷ വീണു, ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ചരിത്ര വിജയം 1638721859550

രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് മറ്റാരു ശ്രമം നടത്തി. ഒഡീഷ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ബോക്‌സിലേക്ക് പന്തുമായി പതിയെ മുന്നേറിയ സഹലിന് ബോക്‌സിന് തൊട്ടുമുന്നില്‍ പന്ത് നഷ്ടമായി. ക്ലിയര്‍ ചെയ്ത പന്ത് വലത് പാര്‍ശ്വത്തില്‍ നിന്ന ലൂണയ്ക്ക്. ലൂണയുടെ ശ്രമം വലയ്ക്ക് മുകളിലായി. 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് ആദ്യഫലം കണ്ടു. സ്വന്തം ബോക്‌സില്‍ നിന്ന് വശങ്ങളെ തമ്മില്‍ യോജിപ്പിക്കും വിധത്തില്‍ ലൂണയുടെ പന്ത് ഒഡീഷ ബോക്‌സിലേക്ക്. ഇടത് ഭാഗത്ത് നിന്ന് പന്ത് കണക്ട് ചെയ്ത അല്‍വാരോ വസ്‌കസ് ബോക്‌സിന് മുന്നിലേക്ക്. ഒഡീഷ ഒരുക്കിയ ഓഫ്‌സൈഡ് കെണിയെയും അതിജീവിച്ച സ്പാനിഷ് താരം മുന്നില്‍ കയറിയ ഗോളി കമല്‍ജിത്തിനെയും മറികടന്ന് വലത് ഭാഗത്ത് നിന്ന് പന്ത് കൃത്യം വലയില്‍ നിക്ഷേപിച്ചു. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം കേരളം കളിയിലെ ആദ്യ മാറ്റം വരുത്തി. വിന്‍സി ബരെറ്റോയ്ക്ക് പകരം നിഷുകുമാര്‍ കളത്തിലെത്തി. പെനാല്‍റ്റി ബോക്‌സിലേക്ക് സഹല്‍ നല്‍കിയ മനോഹരമായ പന്തില്‍ വസ്‌ക്വസ് ഒരു ശ്രമം കൂടി നടത്തി. തുടര്‍ച്ചയായ മറ്റൊരു ശ്രമവും കമല്‍ജിത്ത് തടഞ്ഞിട്ടു. ഇതിനിടെ ആല്‍ബിനോ ഗോമസ് പരിക്കേറ്റ് പുറത്തായി. 76ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ പ്രഭുക്ഷന്‍ ഗില്ലിന് മഞ്ഞകുപ്പായത്തില്‍ അരങ്ങേറ്റ മത്സരമായി. ആദ്യമെത്തിയ ഫ്രീകിക്ക് പരീക്ഷണവും ഗില്‍ അതിജീവിച്ചു. ഇതേ മിനിറ്റില്‍ സഹലിന് പകരം പ്രശാന്തുമെത്തി.

ബ്ലാസ്റ്റേഴ്‌സ് ചുഴലിയില്‍ ഒഡീഷ വീണു, ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ചരിത്ര വിജയം 1638721897912

ഐഎസ്എലില്‍ 50ാം മത്സരത്തിനിറങ്ങിയ കെ.പ്രശാന്ത് ഒന്‍പത് മിനിറ്റുകള്‍ക്കകം ഐഎസ്എല്‍ കരിയറിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഇരട്ടിയാക്കി. മിഡ്ഫീല്‍ഡില്‍ നിന്ന് അഡ്രിയന്‍ ലൂണ കൃത്യതയോടെ നീട്ടി നല്‍കിയ പന്ത് ബോക്‌സിന് തൊട്ട് പുറത്ത് വലത് പാര്‍ശ്വത്തില്‍ നിന്ന് സ്വീകരിച്ച പ്രശാന്ത് അഡ്വാന്‍സ് ചെയ്ത ഗോളിയെ കാഴ്ച്ചക്കാരനാക്കി ലക്ഷ്യം കണ്ടു. രണ്ടാം ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഇരട്ടമാറ്റങ്ങള്‍ വരുത്തി. ലൂണയ്ക്ക് ചെഞ്ചോയും വസ്‌കസിന് പെരേര ഡയസും പകരക്കാരായെത്തി. കേരളത്തിന്റെ രണ്ടു ശ്രമങ്ങള്‍ കൂടി തുടരെ വിഫലമായി. പരിക്ക് സമയത്ത് നിഖിലിന്റെ ആദ്യശ്രമം ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭുക്ഷന്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്തില്‍ നിഖില്‍ ഗോള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മഞ്ഞപ്പടയുടെ വിജയകുതിപ്പിന് തടയിടാന്‍ അതുമതിയായില്ല.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ