ഐ എസ് എലിന്റെ ഏഴാം അധ്യായത്തിന് തിരി തെളിയുമ്പോൾ, ആദ്യ അങ്കത്തിൽ എ ടി കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേർസും കൊമ്പുകോർക്കുന്നു. മത്സരത്തിന് മുന്നോടിയായി പരിശീലകൻ കിബു വിക്യൂനയും ക്യാപ്റ്റൻ കോസ്റ്റയും മാധ്യമങ്ങളോട് നടത്തിയ പത്ര സമ്മേളനത്തിൽ നിന്ന് :
അന്റോണിയോ ഹബാസിന്റെ കീഴിൽ ചാമ്പ്യന്മാരായ ടീമിൽ വലിയ അഴിച്ചുപണികൾ നടത്താതെ എത്തുന്ന എ ടി കെ മോഹൻ ബഗാനെ പറ്റിയും താരതമ്യേന പുതിയ ടീമായ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചും “എ ടി കെ മോഹൻ ബഗാൻ അവരുടെ പഴയ ടീമിനെ പോലെ തന്നെയാണ് ഇത്തവണയും. അവർ കഴിഞ്ഞ സീസണിലെ മികച്ച ടീമായിരുന്നു . ഇത്തവണയും മികവുറ്റ തരങ്ങളെയാണ് എത്തിച്ചിട്ടുള്ളത്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഈ ടീമുമായും പരിശീലനത്തിലുമെല്ലാം സന്തുഷ്ടരാണ്.എ ടി കെ മോഹൻ ബഗാനെതിരെ മികച്ച പോരാട്ടം തന്നെ കാഴ്ച വെക്കുക എന്നതാണ് ലക്ഷ്യം.
കേരള ബ്ലാസ്റ്റേർസിന്റെ ഗോൾകീപ്പിങ് നിരയെ പറ്റി “വളരെ മികച്ച ഗോൾകീപ്പർമാർ ആണ് നമുക്കുള്ളത്. ആദ്യ പതിനൊന്നിൽ ഉൾപ്പെടാൻ അവർക്കുള്ളിൽ തന്നെ കോമ്പറ്റിഷൻ ഉണ്ട് . ഈ സമയത്ത് ഞങ്ങൾ അവരുമായി സന്തുഷ്ടരാണ്. വരുന്ന സമയത്ത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
യുവതാരങ്ങളെ പറ്റി കോസ്റ്റ “ടീമിനെ മൊത്തത്തിൽ നോക്കുന്ന ഒരാളാണ് ഞാൻ. യുവതാരങ്ങൾ എല്ലാവരും തന്നെ ആവേശമുള്ളവരാണ്. കോച്ചിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന യുവതാരങ്ങളാണ് ടീമിലുള്ളത്.
മുൻ ടീം കൂടിയായ മോഹൻ ബഗാനുമായിഉള്ള മത്സരത്തിനെ കുറിച്ച് “മോഹൻ ബഗാനുമായി വളരെ നല്ല ബന്ധമാണുള്ളത്. അവരോടൊപ്പമുള്ള ഒരു സീസൺ വളരെ മികച്ചതായിരുന്നു. ധാരാളം സുഹൃത്തുക്കളും എനിക്ക് അവിടെ ഉണ്ട്. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സിലേക്ക് വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇവിടുത്തെ ആളുകൾ എന്നെ നന്നായി സ്വീകരിക്കുകയും ചെയ്തു. ഒരു നല്ല ടീമുമായി മികച്ച ഫുട്ബോൾ കളിക്കുക എന്നതാണ് ലക്ഷ്യം. സീസണിലെ ആദ്യ മത്സരമാണ്. അത് നന്നായി കളിക്കണം. ബാക്കിയുള്ള 19 കളികളും, ഒരുപക്ഷേ അതിൽ കൂടുതൽ ഇനി ബാക്കിയുണ്ട്.
ഗോവയിലെ പരിശീലന സൗകര്യങ്ങളെ പറ്റി:
ലോകമെമ്പാടും കോവിഡ് ഭീതിയാണ്. അതിൽ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള സൗകര്യങ്ങളിൽ സന്തുഷ്ടരാണ്. ദൈർഘ്യമില്ലായിരുന്നെങ്കിലും പ്രീ സീസൺ മികച്ചതായിരുന്നു. പുതിയ ഒരു ടീമുമായി കൂടുതൽ സമയം പരിശീലനം നടത്തേണ്ടതാണ്. മൂന്ന് ദിവസം മുന്നേ ക്വാറന്റൈൻ കഴിഞ്ഞ താരങ്ങളുമുണ്ട്. ഇത്പോലെ പല ടീമുകൾക്കും പ്രശ്നങ്ങളുണ്ടാകാം. പരാതിയും പരിഭവവുമൊന്നുമില്ല. ലീഗ് തുടങ്ങുന്നതിനെ പറ്റി സന്തോഷമുണ്ട്. മികച്ച നിലവാരത്തിലുള്ള ഒരു ലീഗാക്കാൻ എല്ലാവരും പരിശ്രമിക്കുന്നുണ്ട്.
ആരാധകരുടെ ആവേശമില്ലാത്ത ഗാലറികളെ പറ്റി “ബ്ലാസ്‌റ്റേഴ്‌സിന് അതിശയകരമായ ആരാധകരാണുള്ളത്. എല്ലാ മാച്ചിനും അവർ നമ്മളെ സഹായിച്ചിരുന്നു.ഈ സീസണിൽ അവരെ ശരിക്കും മിസ് ചെയ്യും “
സീസണിലെ പ്രതീക്ഷകൾ പങ്കുവച്ച് കോസ്റ്റ “ഒരു സമയത്ത് ഒരു കാര്യം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. ഉദാഹരണത്തിന്, ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് മാച്ചാണ്. സീസൺ എങ്ങനെ പോകും, എന്നതല്ല ഇപ്പോൾ ചിന്തിക്കേണ്ടത്. ഇത്ര നാൾ പരിശീലനത്തിൽ ചെയ്തതൊക്കെ മത്സരത്തിൽ ഉപയോഗിക്കും. മത്സരം ജയിച്ചാൽ അതൊരു നല്ല നേട്ടമായി ഞാൻ കാണും.”
കോസ്റ്റ ബയോ ബബിളിനെയും കോവിഡിനെയും പറ്റി
“സാധാരണയുള്ള ഒരു സിറ്റുവേഷൻ അല്ല ഇത്തവണ. മാനസികമായും ശാരീരികമായും കരുത്തരാവുകയും കാര്യങ്ങളിൽ നിന്ന് തടസങ്ങൾ പറയാതെയിരിക്കുകയും ചെയ്യണം. ഫുട്ബോളിൽ എപ്പോഴും സമയം ആവശ്യമാണ്. താരങ്ങളെ അറിയാനും കെമിസ്ട്രി ഉണ്ടാകാനും അത് സഹായിക്കും.നമുക്കുള്ള പരിമിതികൾ അനുസരിച്ച്, ഫുട്ബോൾ മാറുകയാണ്. അതിനെ നമ്മൾ മറ്റൊരു രീതിയിലാണ് അഭിസംബോധന ചെയ്യുന്നതും. എന്നിരുന്നാലും സീസൺ പുരോഗമിക്കുന്നതനുസരിച്ച് ബ്ലാസ്റ്റേർസിന്റെ ഒരു മികച്ച ടീമിനെ നമുക്ക് കാണാൻ സാധിക്കും.
ടീമിലെ യുവതാരങ്ങളെ പറ്റി കിബു “താരങ്ങളുടെ പ്രായം ഞാൻ നോക്കാറില്ല. കഴിവിനാണ് പ്രാധാന്യം നൽകുന്നത്. അത് കൊണ്ട് അവർ ടീമിൽ ഇടം നേടണം. എല്ലാവർക്കും പല സാഹചര്യങ്ങളായിരുന്നു. ചിലർക്കു നേരത്തെ പരിശീലനം ആരംഭിക്കൻ കഴിഞ്ഞു. ചിലർക്ക് അത് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിൽ ഞങ്ങളുടെ നൂറുശതമാനം ഞങ്ങൾ പുറത്തെടുക്കും.