കേരളത്തിലെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്നിട്ടു കൂടി മിഥുൻ എന്ന ഫുട്ബോളറെ എന്തുകൊണ്ട് നമ്മുക്ക് ഇതുവരെ ഐഎസ്എൽ, ഐ-ലീഗ്‌ ക്ലബ്ബുകളിൽ ഒന്നിലും കാണുവാൻ സാധിച്ചില്ല?

0
643

നീണ്ട 14 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് ശേഷം സന്തോഷ് ട്രോഫി നമ്മുടെ കേരളത്തിന്റെ മണ്ണിൽ തിരിച്ചു കൊണ്ടുവരുന്നതിൽ പുറകിൽ നിന്ന് നയിച്ച മിഥുൻ എന്ന ഈ കാവൽമാലാഖയുടെ സംഭാവനകൾ ചെറുതല്ല. കേരളത്തിലെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന യശസ്സും ഈ ചുരുങ്ങിയ കാലയളവിൽ ഇദ്ദേഹത്തിന് നേടി എടുക്കാൻ സാധിച്ചു. മിഥുന്റെ അതേ തലത്തിൽ ഉള്ള മറ്റ് മലയാളി ഗോൾകീപ്പർമാരായ T. P. രെഹനേഷ്, ഉബൈദ് C. K എന്നുള്ളവർ ഐഎസ്എൽ, ഐ ലീഗ് പോലുള്ള ലീഗുകളിലെ പ്രധാന ക്ലബ്ബുകളിൽ കളിക്കുമ്പോഴും എന്തുകൊണ്ട് മിഥുൻ എന്ന പ്രതിഭ ഡിപ്പാർട്മെന്റ് ടീമായ SBI-ൽ ഒതുങ്ങി നിൽകുന്നു എന്നുള്ളത് എല്ലാവരുടെയും ഒരു പ്രധാന സംശയം ആണ്‌. അതിലെ വസ്തുതകളും മിഥ്യാ ധാരണകളും എന്തൊക്കെയാണ് എന്ന് നമ്മുക്ക്‌ പരിശോധിക്കാം.

കേരളത്തിലെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്നിട്ടു കൂടി മിഥുൻ എന്ന ഫുട്ബോളറെ എന്തുകൊണ്ട് നമ്മുക്ക് ഇതുവരെ ഐഎസ്എൽ, ഐ-ലീഗ്‌ ക്ലബ്ബുകളിൽ ഒന്നിലും കാണുവാൻ സാധിച്ചില്ല? IMG 20201111 WA0003
കേരള പോലീസിന്റെയും, കണ്ണൂരിന്റെ ചരിത്രത്തിലെയും ഏറ്റവും മികച്ച ഗോൾകീപ്പറായ മുരളി. വി യുടെ മൂത്ത മകനാണ് മിഥുൻ

മിഥുൻ കണ്ണൂർ യൂണിവേഴ്സിറ്റിക്ക്‌ വേണ്ടി കളിച്ചു കൊണ്ടാണ് തന്റെ യഥാർത്ഥ ഗോൾകീപ്പിങ് കരിയർ ആരംഭിച്ചത്. കോളേജ് പഠനം പൂർത്തിയാക്കി ഒരു പ്രൊഫഷണൽ ഗോൾകീപ്പർ ആയി ഇറങ്ങിയ ആ കാലയളവിൽ ഐഎസ്എൽ ആരംഭിച്ചിരുന്നില്ല, ഐ ലീഗിന് കാര്യമായ പ്രചാരണവും ഉണ്ടായിരുന്നില്ല. അതിലുപരി കേരളത്തിൽ അന്ന് പേരെടുത്ത്‌ പറയത്തക്ക തലത്തിൽ ഉള്ള ഒരു പ്രൊഫഷണൽ ക്ലബും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഡിപ്പാർട്മെന്റ് ടീമുകൾ ആണ്‌ കൂടുതൽ കത്തിനിന്നിരുന്നതും അവിടെയാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നതും, അത് കൊണ്ടുതന്നെ മറ്റുള്ള കളിക്കാരെ പോലെ തന്നെ മിഥുനും ഡിപ്പാർട്മെന്റ് ടീമുകളെ ലക്ഷ്യംവെച്ചു മുന്നോട്ടു നീങ്ങി. തന്റെ പ്രിയ കാല്പന്തിനെ ഒപ്പം കൊണ്ടുപോകുവാനും അതിനൊപ്പം തന്നെ ഒരു ഉറപ്പുള്ള സാമ്പത്തിക ഭദ്രതയും ജോലിയും ലഭിക്കും എന്നുള്ള വസ്തുത അദ്ദേഹം മനസ്സിൽകണ്ടു. ആ കാലയളവിൽ ആണ്‌ SBI (അന്നത്തെ SBT ) തങ്ങളുടെ ഡിപ്പാർട്മെന്റ് ടീമിന്റെ ട്രയൽസ് നടത്തുകയും മിഥുൻ അതിൽ പങ്കെടുക്കുകയും ചെയ്തത്. ട്രിയൽസിൽ മികവ് കാട്ടുകയും വളരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തതോടു കൂടി അദ്ദേഹത്തിന് ടീമിൽ സെലെക്ഷൻ ലഭിക്കുകയും SBI ബാങ്കിൽ ക്ലർക്ക് ആയി നിയമനം ലഭിക്കുകയും ചെയ്തു. SBI-ൽ ജോയിൻ ചെയ്തത് തന്റെ കരിയറിലെ മികച്ച തീരുമാനമാണെന്ന് മിഥുൻ പല സന്ദർഭങ്ങളിലും പറയുകയും ഉണ്ടായി.

ഇത്രയേറെ പ്രതിഭ ഉണ്ടായിരുന്നിട്ടും തന്റെ തലത്തിൽ അല്ലെങ്കിൽ തന്നെക്കാൾ പ്രതിഭ കുറഞ്ഞ ഗോൾകീപ്പേർസ് ഐഎസ്എല്ലിലും, ഐ ലീഗിലും മറ്റുമായി മാറ്റുരക്കുമ്പോൾ എന്തുകൊണ്ട് മിഥുൻ ഡിപ്പാർട്മെന്റ് ടീമിൽ തന്നെ തുടരുന്നു എന്നത് നമ്മുക്ക് പരിശോധിക്കാം.

ഇതിന് കാരണം ഡിപ്പാർട്മെന്റ് ടീമുകൾ മുന്നോട്ടു വയ്ക്കുന്ന നിയമങ്ങളാണ്‌. ഡിപ്പാർട്മെന്റ് ടീമിൽ കളിക്കുന്ന ഏതൊരു കളിക്കാരനും നിർബന്ധമായി പാലിച്ചിരിക്കേണ്ട കുറച്ചു നിയമങ്ങളുണ്ട്. അതായത് ഡിപ്പാർട്മെന്റ് ടീമിൽ കളിക്കുന്ന ഒരു കളിക്കാരന് മറ്റൊരു ഐ ലീഗ് ക്ലബ്ബിലേക്കും പോകാൻ ഉള്ള അനുമതി ലഭിക്കുന്നതല്ല അഥവാ പോകണമെങ്കിൽ തന്നെ ഡിപ്പാർട്മെന്റ് ടീമിലെ ജോലി രാജി വെച്ചാൽ മാത്രമേ പോകുവാൻ സാധിക്കുകയൊള്ളു. ഇന്ത്യയിലെ പ്രഥമ ലീഗ് എന്നോണം ഐഎസ്എൽ ക്ലബ്ബുകളിൽ കളിക്കാൻ ഡിപ്പാർട്മെന്റിൽ നിന്നും അനുമതി ലഭിക്കുന്നതാണ് എന്നിരുന്നാൽ തന്നെ അതവരുടെ മെയിൻ ടീമിൽ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട് അതല്ലാതെ അവരുടെ റിസേർവ് ടീമിൽ ആയിക്കൂടാ. ഇത് കാരണമാണ് പല ഡിപ്പാർട്മെന്റ് പ്ലയേഴ്‌സും അവരുടെ ഡിപ്പാർട്മെന്റ് ടീമുകളിൽ തന്നെ തുടർന്ന് പോകുവാൻ കാരണം.

ഇതിൽ നമ്മുക്ക് ഡിപ്പാർട്മെന്റ് ടീമുകളെ ഒരിക്കലും കുറ്റം പറയുവാൻ സാധിക്കില്ല അവർ അവരുടെ ടീമിലേക്ക് ജോലിയും കൊടുത്ത് കളിക്കാരെ നിയമിക്കുന്നത് അവർക്ക് വേണ്ടി കളിക്കുവാൻ ആണ്‌, ആ ഒരു പക്ഷം നോക്കുമ്പോൾ അവരുടെ ഭാഗത്തും ന്യായം ഉണ്ട്. ഒരു ഡിപ്പാർട്മെന്റ് കളിക്കാരൻ എന്ന നിലയിൽ നോക്കുമ്പോൾ ആ ജോലി ഉപേക്ഷിച്ചു മറ്റൊരു ക്ലബ്ബിൽ ജോയിൻ ചെയ്യുന്നത് തികച്ചും ഒരു വലിയ റിസ്ക് തന്നെയാണ്. അഥവാ ഫോം ഔട്ട്‌ ആയാലോ അല്ലെങ്കിൽ ഒരു വലിയ പരിക്ക് പറ്റി കളിക്കളത്തിൽ നിന്നും മാറി നിക്കേണ്ടി വന്നാൽ അവരുടെ മുന്നോട്ടുള്ള ജീവിതം പിന്നീട് ഒരു വലിയ ചോദ്യ ചിഹ്നമാണ്.

ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ബിനീഷ് ബാലൻ എന്ന ഫുട്ബോൾ താരത്തിന്റെ അവസ്ഥ നാം ഏവരും കണ്ടതല്ലേ?. ഇതൊക്കെയാണ് ഏറ്റവും വലിയ പ്രതിസന്ധി ആയി ഇവരുടെ മുന്നിൽ നില്കുന്നത്. ഈ വക വസ്തുതകൾ എല്ലാം മനസ്സിൽ കണ്ടുകൊണ്ടുവേണം ഭാവിയിൽ ഏതൊരു കളിക്കാരനും ഡിപ്പാർട്മെന്റ് ടീമുകളിൽ ജോയിൻ ചെയ്യാൻ. ഡിപ്പാർട്മെന്റ് ടീമുകളിൽ ഒരു സ്ഥിര ജോലി ഉണ്ടായിരുന്നിട്ടും അതിൽനിന്നും വിട്ടു നിന്ന് ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായി ഒരു വ്യക്തി മുദ്ര പതിപ്പിച്ച വി. പി. സത്യൻ, ഐ. എം. വിജയൻ പോലുള്ള ഇതിഹാസങ്ങൾ ഒരു വശത്ത് ഉണ്ടെങ്കിലും ആരും അറിയാതെ പോയ, കാര്യമായി ഒരിടത്തും എത്താതെ പോയ മുഖങ്ങളും മറു വശത്തുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതെല്ലാം മുൻനിർത്തി മിഥുൻ കേരളത്തിന്റെ ഒരു ഇതിഹാസ ഗോൾകീപ്പർ എന്ന നിലയിൽ ഒതുങ്ങുമോ അതോ ഒരു ഇന്ത്യൻ ഇന്റർനാഷണൽ താരമായി മാറുമോ എന്നുള്ളത് നമ്മൾ കാത്തിരുന്നു തന്നെ കണ്ടറിയണം.

ഈ അടുത്ത് അദ്ദേഹവുമായി സംവദിക്കുവാൻ നമ്മുക്ക് ഒരു അവസരം ലഭിക്കുകയും ആ അവസരത്തിൽ അദ്ദേഹത്തോട് ഈ ചോദ്യം നമ്മൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തീർത്തും സരളമായി അദ്ദേഹം നമ്മളോട് മറുപടി ഇങ്ങനെയാണ് പറഞ്ഞത്; ഒരു ഐഎസ്എൽ ക്ലബ്ബിൽ നിന്നും ഓഫർ ലഭിക്കുകയാണേൽ തീർച്ചയായും അത് സ്വീകരിക്കും അതുവരെ ഡിപ്പാർട്മെന്റ് ടീമിൽ തുടരാൻ തന്നെ ആണ്‌ തന്റെ തീരുമാനവും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ആയിരുന്ന ജെസ്സെൽ കാർനെയ്‌റോ കേവലം ഒരു സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ച പ്രകടനം നമ്മൾ ഏവരും വീക്ഷിച്ചതാണല്ലോ, അതുപോലെ മിഥുനും ഐഎസ്എല്ലിൽ തന്റെ വരവറിയിക്കുന്ന കാലം വിദൂരമല്ല.