ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മുന്നേറ്റം…അതായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്.കല്ലും മുള്ളും നിറഞ്ഞ പാതകളിൽ മുറിവേറ്റ കാലുകളുമായി തേഞ്ഞുകേറിയ തുകൽപന്തും തട്ടി നടന്നിരുന്ന,കളിയെ കളിയായി കാണാതെ കാര്യമായി കണ്ട കാൽപന്തുകളിപ്രേമികളുടെ ദീർഘകാലത്തെ കത്തിരിപ്പായിരുന്നു,സ്വപ്നമായിരുന്നു ഐ എസ് എൽ പോലൊരു വമ്പൻ ലീഗ്.ഈ ലീഗിൽ ലോകോത്തര താരങ്ങൾക്കൊപ്പം പന്തുതട്ടാൻ കേരളത്തിന്റെ മണ്ണിൽ നിന്നും ഒട്ടനവധി താരങ്ങൾ പിറവിയെടുത്തു,അവരിൽ ഈ സീസണിൽ വിവിധ ക്ലബ്ബ്കൾക്കായി ബൂട്ടണിയുന്ന മലയാളി താരങ്ങളെ പരിചയപ്പെടുത്തുന്നു.
അർജുൻ ജയരാജ്
1996 മാർച്ച് അഞ്ചിന് മലപ്പുറത്തിന്റെ മണ്ണിൽ പിറന്ന മിടുക്കൻ. എം എസ് പി സ്പോർട്സ് ഹോസ്റ്റലിന്റെ സമ്പാദ്യമായിരുന്ന താരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനെയും പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.യൂണിവേഴ്‌സിറ്റി ടീമിനൊപ്പം ഓൾ ഇന്ത്യാ ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയ താരം ഗോകുലം കേരളയ്ക്കെതിരെ നടന്ന മത്സരത്തിലെ മികച്ച പ്രകടനം കൊണ്ട് ബിനോ ജോർജ്ജ് വഴി ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിൽ എത്തി.2017 മുതൽ 2019 വരെയുള്ള കാലയളവിൽ മുപ്പതു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ സമ്പാദ്യമായുള്ള താരം മധ്യനിരയിൽ ടീമിന് കരുത്താണ്.2019 ജൂലൈ മാസത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ താരം എത്തിച്ചേരുന്നത്.24 വയസ്സുള്ള താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളിൽ ഒന്നാണ്.
രാഹുൽ കെ പി
അണ്ടർ 17 ഫിഫ ലോകകപ്പ് ടീമിലെ മലയാളി താരം രാഹുൽ 2000 മാർച്ച് 16 ന് തൃശൂർ ജില്ലയിലാണ് ജനിക്കുന്നത്.കേരള സംസ്ഥാന ടീമിനൊപ്പം യൂത്ത് കരിയർ ആരംഭിച്ച താരം എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലും കളിപഠിച്ചു.ശേഷം ഇന്ത്യൻ ദേശീയ അണ്ടർ പതിനേഴ്,ഇരുപത്,ഇരുപത്തിമൂന്ന് ടീമുകളിൽ യഥാക്രമം ഏഴ്,മൂന്ന്,ഒന്ന് മത്സരങ്ങൾ കളിച്ചു.ഇന്ത്യൻ ആരോസിൽ 2017-19 വർഷങ്ങൾക്കിടയിൽ മുപ്പത്തിയൊൻപത് കളികളിൽ നിന്നും ആറു ഗോളുകൾ നേടിയ താരം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ എട്ടു കളികളിൽ നിന്നും ഒരു ഗോൾ നേടി.വേഗതയും വിസ്ഫോടനശേഷിയും വർക്ക് റേറ്റും മികച്ച രീതിയിൽ ഉള്ള താരം വിങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എന്നപോലെ ഇന്ത്യൻ ഫുട്‌ബോളിന്റെയും മികച്ച ഭാവിവാഗ്ദാനമാണ് ഈ പതിനേഴാം നമ്പർ ജേഴ്സി താരം.
സഹൽ അബ്‌ദുൾ സമദ്
ഇന്ത്യൻ ദേശീയ ടീമിന്റെ മലയാളി കരുത്ത്,അറ്റാക്കിങ് മിഡ്ഫീൽഡിലെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ മികവുറ്റ താരമായ സഹൽ 1997 ഏപ്രിൽ ഒന്നിന് യൂ എ ഈ യിലെ അൽ അയിനിൽ ജനിച്ചു.അൽ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ 2012 മുതൽ 2016 വരെ കളി പഠിച്ച താരം 2016ഇൽ കേരള സംസ്ഥാന ടീമിൽ ഇടംപിടിച്ചു. സീനിയർ കരിയർ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്സിൽ 2017 ഇൽ തുടങ്ങിയ താരം പത്തു കളികളിൽ നിന്നും ഒൻപതു ഗോളുകൾ സ്കോർ ചെയ്തു.ശേഷം 2018 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഭാഗമായി.മുപ്പത്തിയെട്ടു കളികളിൽ നിന്നും ഒരു ഗോൾ നേടിയ താരം ഇന്ത്യൻ ദേശീയ അണ്ടർ 23 ടീമിൽ രണ്ടു മത്സരങ്ങളും സീനിയർ ടീമിൽ ഒൻപതു മത്സരങ്ങളും ഇതുവരെ കളിച്ചു.
പ്രശാന്ത് കെ
1997 ജൂൺ ഇരുപത്തിനാലിന് കോഴിക്കോട് ജനിച്ച കെ പ്രശാന്ത് തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത് എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ ആണ്.ശേഷം ഡി എസ് കെ ശിവാജിയൻസിൽ ചേർന്ന താരം തന്റെ കേരളാ ബ്ലാസ്റ്റേഴ്സിലേയ്ക്കുള്ള നീക്കം നടത്തിയത് 2016 ഇൽ ആണ്.2017 ലോണിൽ ചെന്നൈ സിറ്റിയിൽ പോയി പത്ത് കളികളിൽ നിന്നും ഒരു ഗോൾ സ്കോർ ചെയ്ത താരം ബ്ലാസ്റ്റേഴ്സിനായി വിങ്ങിൽ കളിച്ചു മുപ്പത്തിയൊന്നു കളികളിൽ നിന്നും ഒരു ഗോളും സ്കോർ ചെയ്തു.ഇന്റർനാഷണൽ കരിയറിൽ ഇന്ത്യൻ ദേശീയ അണ്ടർ പതിനേഴ്,ഇരുപത് ടീമുകളിൽ ഓരോ മത്സരങ്ങൾ കളിച്ച ഈ ആറാം നമ്പർ ജേഴ്സി താരം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ വിങ്ങുകളിലെ വേഗതയാർന്ന കളിക്കാരിൽ ഒരാളാണ്.കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഒരുപാട് നേരിടുന്നു എങ്കിലും ട്രെയിനിങ് ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ഉണർവ്വാണ്,ഊർജ്ജമാണ്.
അബ്‌ദുൾ ഹക്കു
1996 ഒക്ടോബർ ആറിന് മലപ്പുറത്ത് ജനിച്ച അബ്‌ദുൾ ഹക്കു നെടിയോടത്ത് തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത് സാറ്റ് തിരൂരിൽ ആണ്.2008 ഇൽ സാറ്റ് തിരൂരിൽ ചേർന്ന താരം പിന്നീട് 2013 ഇൽ ഡി എസ് കെ ശിവാജിയൻസിൽ ചേർന്നു. 2015 ഇൽ ഡി എസ് കെ ശിവാജിയൻസിൽ തന്നെ തന്റെ സീനിയർ കരിയർ ആരംഭിക്കാൻ അവസരം ലഭിച്ച താരം ഈസ്റ്റ് ബംഗാളിനെതിരെ 2016 ജനുവരി 26 ന് ഐ ലീഗിൽ അരങ്ങേറ്റ മത്സരം കളിച്ചു.അവർക്ക് വേണ്ടി ആകെ 13 മത്സരങ്ങൾ കളിച്ച താരം 2016 ഇൽ ഫത്തേഹ് ഹൈദരാബാദ് ടീമിൽ ഇടം നേടി.15 കളികളിൽ നിന്നും ഒരു ഗോൾ സമ്പാദ്യമായുള്ള ഈ സെന്റർബാക്ക് 2017 ഇൽ ആണ് ഐ എസ് എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്നത്. അവർക്കായി നാലു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം ഒരു വർഷത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഭാഗമായി. ഏഴു മത്സരങ്ങൾ മഞ്ഞ കുപ്പായത്തിൽ കളിച്ച താരം സെന്റർബാക്ക്,റൈറ് ബാക്ക് എന്നീ പൊസിഷനുകളിൽ ക്ലബ്ബിന് ഉപകാരപ്പെടും.
ആഷിക്ക് കുരുണിയൻ
മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കളിക്കാരൻ. 1997 ജൂൺ പതിനാലിന് മലപ്പുറം ജില്ലയിൽ ജനിച്ച താരം യൂത്ത് കരിയർ ആരംഭിക്കുന്നത് 2014 ഇൽ പുണെ സിറ്റി എഫ് സിക്കായി ആണ്. ശേഷം ലാ ലീഗ ക്ലബ്ബായ വിയ്യാറയലിൽ ലോണിൽ കളിപഠിക്കാൻ പോയ താരം തന്റെ സീനിയർ കരിയർ അരങ്ങേറ്റം പുണെ സിറ്റി എഫ് സിക്കായി 2016 ഇലാണ് നടത്തുന്നത്.ആകെ 26 കളികളിൽ നിന്നും മൂന്നു ഗോളുകൾ നേടിയ ഈ വിങ്ങർ 2019 മുതലാണ് ബംഗളൂരു എഫ് സി യുടെ നീലകുപ്പായത്തിൽ എത്തുന്നത്.അവിടെ നിന്നു പതിനെട്ടു കളികളിൽ ഒരു ഗോൾ സ്കോർ ചെയ്ത താരം ഐ എസ് എല്ലിലെ തന്നെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്.ദേശീയ ടീമിനായി കളിച്ച താരം ഇന്ത്യൻ അണ്ടർ 20 വിഭാഗത്തിലും ഇന്ത്യൻ ദേശീയ ടീമിലും പതിനാറു മത്സരങ്ങൾ കളിച്ചു.ദേശീയ കുപ്പായത്തിൽ ഒരു ഗോളും സ്വന്തം പേരിൽ ഉണ്ട് ഈ ഇരുപത്തിരണ്ടാം ജേഴ്സി താരത്തിന്.
ലിയോൺ അഗസ്റ്റിൻ
1998 ഒക്ടോബർ രണ്ടിന് കോഴിക്കോട് ജില്ലയിൽ ജനിച്ച ലിയോൺ അഗസ്റ്റിൻ തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നായ ബംഗളൂരു എഫ് സി യുടെ റിസർവ്സ് ആൻഡ് അക്കാദമിയിൽ ആണ്. 2016 ഇൽ അവിടെ കളിപഠനം ആരംഭിച്ച താരത്തെ തൊട്ടടുത്ത വർഷം തന്നെ സീനിയർ ടീമിലേക്ക് പരിഗണിച്ചു. സീനിയർ ടീമിൽ ആകെ മൂന്നു മത്സരങ്ങളും കളിച്ചു ലിയോൺ അഗസ്റ്റിൻ. എ എഫ് സി കപ്പിൽ അബഹനി ലിമിറ്റഡ് ധക്കായ്യ്ക്കയ്ക്കെതിരെ തന്റെ പ്രൊഫഷണൽ ഫുട്‌ബോൾ അരങ്ങേറ്റം കുറിച്ച താരം ഈ സീസണിലെ ബംഗളൂരു സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.മിഡ്ഫീൽഡർ ആയ താരത്തിന് നിലവിൽ 22 വയസ്സാണ്.
വി പി സുഹൈർ
1992 ജൂലൈ ഇരുപത്തിയേഴിനു മലപ്പുറം ജില്ലയിൽ ജനിച്ച വി പി സുഹൈർ, തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത് യുണൈറ്റഡ് എസ് സിയിൽ ആണ്.2016 ഇൽ സീനിയർ കരിയർ അതേ ടീമിൽ ആരംഭിച്ച താരം പത്തു കളികളിൽ നിന്നും അഞ്ചു ഗോളുകൾ നേടി. 2016-17 സീസണിൽ ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിൽ എത്തിയ താരം ഏഴു കളികളിൽ നിന്നും അഞ്ചു ഗോളുകൾ സ്കോർ ചെയ്ത ശേഷം താരം കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിലേയ്ക്കു ചേക്കേറുന്നു. അവിടെ അഞ്ചു മത്സരങ്ങളും അതിൽ നിന്നും അഞ്ചു ഗോളുകളുമാണ് സമ്പാദ്യം. 2018-19 സീസണിൽ ലോണിൽ ഗോകുലത്തിൽ തിരികെ എത്തിയ താരം പതിനെട്ടു മത്സരങ്ങളിൽ അവിടെ ബൂട്ടണിഞ്ഞു,ഒരു ഗോളും മലബാറിയൻസിനായി നേടി താരം പിന്നീട് പോയത് മോഹൻ ബഗാൻ ഫുട്‌ബോൾ ക്ലബ്ബിലേയ്ക്കാണ്. അവിടെ പതിനാറു മത്സരങ്ങളും രണ്ടു ഗോളുകളും കൈമുതലാക്കി ഈ സീസനിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയത്. നിലവിൽ 28 വയസ്സുള്ള താരം പുതിയ സീസൺ ഐ എസ് എല്ലിൽ മാറ്റുരയ്ക്കാൻ എത്തുമ്പോൾ മലയാളി ആരാധകർക്ക് ഒട്ടനവധി പ്രതീക്ഷകളും സമ്മാനിക്കുന്നു.
മഷൂർ ഷരീഫ്
1993 ജനുവരി അഞ്ചിനാണ് മഷൂർ ഷരീഫ് എന്ന മുൻ ചെന്നൈ സിറ്റി എഫ് സി താരത്തിന്റെ ജനനം.മലപ്പുറം ജില്ലയിൽ ജനിച്ച താരത്തിന്റെ മുഴുവൻ പേര് മഷൂർ ഷരീഫ് തങ്ങളത്ത് എന്നാണ്. പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കു മഷൂർ കാലെടുത്തുവയ്ക്കുന്നത് 2017 നവംബർ 29നാണ്.അന്ന് ഇന്ത്യൻ ആരോസിനെതിരെ കളിക്കളത്തിൽ ഇറങ്ങിയ ഈ മലപ്പുറംകാരൻ 2017 മുതൽ തുടർച്ചയായി മൂന്നു വർഷങ്ങൾ ചെന്നൈ സിറ്റി എഫ് സിയിൽ കളിച്ചു. ഇരുപത്തിയൊന്നു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകളും നേടി.2020-21 സീസണിൽ കളിക്കുന്നതിനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയ താരത്തിന് നിലവിൽ ഇരുപത്തിയെഴു വയസ്സാണ്.ടീമിൽ 66 ആം നമ്പർ ജേഴ്സിയിൽ കളിക്കാൻ ഒരുങ്ങുന്ന താരം മികച്ച ഒരു ഫോർവെർഡ് ആണ്.
ബ്രിട്ടോ പി എം
1993 മാർച്ച് പതിനഞ്ചിന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ജനിച്ച ബ്രിട്ടോ യൂത്ത് കരിയർ ആരംഭിക്കുന്നത് 2010 ഇൽ വിവാ കേരളയ്ക്കൊപ്പമാണ്. ശേഷം 2011ഇൽ പുണെ എഫ് സിയിലേയ്ക്കു ചേക്കേറിയ താരം 2012ഇൽ ക്വാർട്‌സ് എഫ് സിയിൽ സീനിയർ കരിയർ ആരംഭിച്ചു.2013 ഇൽ ഈഗിൾസ് എഫ് സി കേരളയിൽ കളിച്ച താരം നീണ്ട ഇടവേളയ്ക്കു ശേഷം 2017ഇൽ ചർച്ചിൽ ബ്രദേഴ്സിനായി ബൂട്ടണിയുന്നു.അവിടെ 12 കളികളും രണ്ടു ഗോളുകളും സമ്പാദ്യമായുള്ള താരം പിന്നീട് 2018 ഇൽ മോഹൻ ബഗാനിലും (4 കളികൾ, 2 ഗോളുകൾ , 12 കളികൾ – ഗോളുകൾ) കളിച്ച ശേഷമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിച്ചേരുന്നത്.ഫോർവേഡ് പൊസിഷനിലും മിഡ്ഫീൽഡിലും ഒരേപോലെ കളിക്കുന്ന താരം ഈ സീസണിലെ ഐ എസ് എല്ലിൽ ഒരുപാട് സ്വപ്നങ്ങളുമായാണ് ബൂട്ടണിയാൻ പോകുന്നത്.
മിർഷാദ് കെ
ഈസ്റ്റ് ബംഗാളിന്റെ കാവൽമാലാഖമാരിൽ ഒരാളായ മിർഷാദ് 1994 ഫെബ്രുവരി മൂന്നിന് കാസർകോട് ജനിച്ചു.യൂത്ത് കരിയർ ആരംഭിക്കുന്നത് കേരള ഫുട്ബോൾ ടീമിനൊപ്പം ആയിരുന്നു.2016 ഇൽ എഫ് സി ബർഡിസ് ഗോവയിൽ എത്തിയ താരം 2017 ഇൽ ഗോകുലം കേരള ടീമിൽ എത്തിപ്പെടുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനം ഈസ്റ്റ് ബംഗാൾ ഹെഡ് കോച്ച് അടക്കമുള്ളവർക്ക് ഇഷ്ടമാവുകയും തൊട്ടടുത്ത സീസണിലേയ്ക്കു താരത്തെ ഉബൈദ് സി കെ,വി പി സുഹൈർ,ജോബി ജസ്റ്റിൻ തുടങ്ങിയ മലയാളികൾക്കൊപ്പം കളിക്കാൻ ടീമിലെത്തിച്ചു.ഈസ്റ്റ് ബംഗാളിൽ പത്തു മത്സരങ്ങളിൽ താരം ഗോൾവല കാത്ത താരത്തിന് നിലവിൽ 26 വയസ്സു പ്രായമാണ്.
ടി വി ഇർഷാദ് മുഹമ്മദ്
1996 ഡിസംബർ ഇരുപത്തിയാറിന് മലപ്പുറം ജില്ലയിൽ ജനിച്ച ഈസ്റ്റ് ബംഗാളിന്റെ പുതുപുത്തൻ സെന്റർബാക്ക് ഇർഷാദ് മുഹമ്മദ് വിവാ കേരളയിലാണ് തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്. ശേഷം തിരൂർ സ്പോർട്സ് അക്കാദമിയിൽ ചേർന്ന താരം പരിശീലനം പിന്നീട് 2013 മുതൽ 2016 വരെ നടത്തിയത് ഡി എസ് കെ ശിവാജിയൻസിൽ ആണ്. 2016 ഇൽ ഡി എസ് കെ ശിവാജിയൻസിൽ തന്നെ തന്റെ സീനിയർ കരിയറിന് തുടക്കമിട്ട ഇർഷാദ് അവർക്കായി സീനിയർ ടീമിൽ രണ്ടു മത്സരത്തിൽ കളിക്കാനിറങ്ങി. ശേഷം 2017-18സീസണിൽ ഗോകുലം കേരളയിലേയ്ക്കു കളം മാറ്റി ചവിട്ടിയ താരം അവിടെ പതിനഞ്ചു മത്സരങ്ങളിൽ മൈതാനത്തു നിറസാനിധ്യമാവുന്നു. ശേഷം മിനാർവ പഞ്ചാബിൽ 2018 ഇൽ ചേർന്നു എങ്കിലും കളിസമയം മികച്ച രീതിയിൽ പാടുത്തുയർത്താൻ കഴിഞ്ഞില്ല എന്നത് കൊണ്ട് ഗോകുലം കേരള എഫ് സിയിലേയ്ക്കു മടങ്ങിയെത്തി. 2019-20 സീസണിൽ മലബാറിയൻസിനായി ഇരുപതു മത്സരങ്ങളിൽ കളിച്ച താരം ഈ സീസണിൽ ഐ എസ് എല്ലിലേയ്ക്കു കടന്നു വരുന്നത് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ്.നിലവിൽ 23 വയസ്സു പ്രായമുള്ള ഈ യുവ സെന്റർബാക്ക് മികച്ച രീതിയിൽ തന്നെ ടീമിൽ പ്രകടനം കാഴ്ചവയ്ക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സി കെ വിനീത്
മലയാളി ഫുട്ബോൾ ആരാധകരുടെ സ്വന്തം ചെക്കിയോട്ട് കിഴക്കേവീട്ടിൽ വിനീത് 1988 മേയ് ഇരുപതിന് കണ്ണൂർ ജില്ലയിൽ ജനിച്ചു.ചെന്നൈ കസ്റ്റംസിൽ യൂത്ത് കരിയർ ആരംഭിച്ച വിനീത് കെ എസ് ഈ ബി ഫുട്ബോൾ ടീമിലും ഇടം കണ്ടെത്തി. ശേഷം 2011-12 സീസനിലാണ് വിനീത് തന്റെ ആദ്യ സീനിയർ മത്സരത്തിൽ ചിരാഗ് യുണൈറ്റഡിൽ കളിക്കാനിറങ്ങുന്നത്. ഒരു വർഷം കൊണ്ട് 21 കളികളും 8 ഗോളുകളും നേടിയ താരം പിന്നീട് പ്രയാഗ് യുണൈറ്റഡ് (37 കളിയിൽ 9 ഗോൾ),ബംഗളൂരു (54 കളികളിൽ 13ഓളം ഗോളുകൾ),കേരള ബ്ലാസ്റ്റേഴ്‌സ് ( 18 കളികൾ, 5 ഗോൾ), ചെന്നൈയിൻ എഫ് സി (6 കളികൾ 1 ഗോൾ) എന്നീ ടീമുകൾക്കായി തിളങ്ങി ഒടുവിൽ കഴിഞ്ഞ സീസണിൽ ജംഷാദ്പൂരിനായും അവരുടെ തട്ടകത്തിൽ കളിച്ച വിനീത് പത്തു കളികളിൽ നിന്നും ഒരു ഗോളും നേടി. സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒട്ടനവധി സംഭവബഹുല നിമിഷങ്ങൾ വിനീതിന്റെ അവസരത്തെ ചൊല്ലി നടന്നിരുന്നു എങ്കിലും ഒടുവിൽ ഈസ്റ്റ് ബംഗാൾ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യൻ ദേശീയ ടീമിനായി ഏഴു മത്സരങ്ങൾ കളിച്ച സി കെ വിനീതിന്റെ പ്രകടനം ഈ സീസണിൽ ഈസ്റ്റ് ബംഗാളിനെ നന്നായി സ്വാധീനിക്കും എന്ന കാര്യം ഉറപ്പാണ്.
ടി പി രഹനേഷ്
1993 ഫെബ്രുവരി പതിമൂന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ച മലയാളികളുടെ സ്വന്തം ടി പി രഹനേഷ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കളിയാരംഭിച്ച വ്യക്തിയാണ്.ശേഷം ഗോൾഡൻ ത്രെഡ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്ബ് എന്നിവയിൽ കളിപഠിച്ച താരം തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് 2012 ഇൽ ഓ എൻ ജി സിയിൽ ആണ്.അവർക്കായി 18 മത്സരങ്ങൾ കളിച്ച രഹനേഷ് പിന്നീട് മുംബൈ ടൈഗേഴ്‌സ്,രംഗ്ദജിദ് യുണൈറ്റഡ്,ഷില്ലോങ് ലജോങ്,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി,ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബ്കളിൽ എത്തുകയും യഥാക്രമം 20,17,15,12,35,18,15 മത്സരങ്ങളിൽ ഗോൾവല കാക്കുകയും ചെയ്തു. അവസാനമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ പതിമൂന്നു മത്സരങ്ങളിൽ ഗോൾവലക്കു കീഴിൽ കാവലാളായി നിന്നു രഹനേഷ്.2020-21 സീസണിൽ ജംഷാദ്പൂരിനായി കളിക്കാൻ തയ്യാറെടുക്കുന്ന ഈ ഇന്ത്യൻ ഇന്റർനാഷണൽ അണ്ടർ 23 ഇന്ത്യൻ ടീമിനായും ദേശീയ ടീമിനായും നാലുവീതം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
ഷാരോൺ ശിവൻ
ബംഗളൂരു എഫ് സിയിലെ പുതിയ കാവൽമാലാഖ ഷാരോൺ ശിവൻ മലപ്പുറം തിരൂരിൽ 2000 ഏപ്രിൽ പതിനെട്ടിനാണ് ജനിക്കുന്നത്.ആദ്യ കാലത്ത് സ്‌ട്രൈക്കർ ആയി കളിച്ചിരുന്ന താരം സായ് ഫുട്ബോൾ അക്കാദമിയിൽ 2018 ഇൽ എത്തിച്ചേർന്നതും കളിച്ചതും ഒരു ഗോൾകീപ്പർ ആയി ആണ്.കേരളത്തിനായി രണ്ടു തവണ നാഷണൽസ് ( അണ്ടർ 15 , അണ്ടർ 19 ) കളിച്ച ഷാരോൺ സായിക്കായി അണ്ടർ 18 ഐ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്റെ കളിമികവ് കണ്ട് ബംഗളൂരു റിസർവ് ടീമിലേയ്ക്കു രണ്ടു വർഷത്തെ കരാറിൽ എത്തിച്ചത്. റിസർവ് ടീമിനായി കളിക്കുന്ന സമയത്ത് സെക്കൻഡ് ഡിവിഷനിൽ മുഹമ്മദൻസ് , ഭവാനിപുർ എന്നീ ടീമികൾക്കെതിരെ കളിക്കാനും അവസരം ലഭിച്ചു ഇദ്ദേഹത്തിന്. ഇടയ്ക്ക് പരിക്ക് അലട്ടി എങ്കിലും ഈ സീസണിൽ ബംഗളൂരു എഫ് സിയ്ക്കായി കളിക്കാൻ അവസരം ലഭിക്കും എന്ന ശുഭപ്രതീക്ഷയിലാണ് താരം.