ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് നമ്മൾ,കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയ ചെന്നൈയിൻ എഫ് സി ഐ നേരിടാൻ ഒരുങ്ങുകയാണ്.
വിജയം കൊണ്ട് മടങ്ങാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ടു കളികളിൽ നിന്നും ആകെ ഒരു പോയിന്റ് മാത്രമാണ് കരസ്ഥമാക്കിയത്. നേരെ മറിച്ചു ചെന്നൈയിൻ എഫ് സി ആവട്ടെ, ജംഷാദ്പൂരിനെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ പുറകിലാക്കി തുടക്കം ഗംഭീരമാക്കി.
നോർത്ത് ഈസ്റ്റിനെതിരെ ആദ്യ പകുതിയിൽ ഒന്നാന്തരം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. രണ്ടു ഗോളുകൾ ആദ്യ പകുതിയിൽ കണ്ടെത്തി വിജയപ്രതീക്ഷ നൽകി എങ്കിലും എതിരാളികൾ തുടർന്നുള്ള 45 മിനിറ്റുകളിൽ കൈപ്പിടിയിൽ നിന്നും മൂന്നിൽ രണ്ടു പോയിന്റുകൾ തട്ടിയെടുത്തു.
“കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഞങ്ങൾക്കായിരുന്നു പന്തിനുമുകളിൽ ആധിപത്യം കൂടുതൽ, കഴിഞ്ഞ മത്സരത്തിൽ രണ്ടു വ്യത്യസ്ത പകുതികൾ ആണ് നാം കണ്ടത്, ആദ്യ പകുതിയിൽ മികച്ച ഒത്തിണക്കം കാണിച്ചുവെങ്കിലും രണ്ടാം പകുതിയിൽ പന്ത് പലതവണ നഷ്ടമായി. അതിനാൽ എല്ലാ തരത്തിലും ഞങ്ങൾ മെച്ചപ്പെടാനുണ്ട്” എന്നു പറഞ്ഞ കിബു വിക്കുന, എനിക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ടെന്നും വരുന്ന കളികളിൽ ഓരോന്നും മാറ്റി മാറ്റി പരീക്ഷിക്കുമെന്നും അഭിപ്രായപ്പെടുന്നു. താരങ്ങൾ ഓരോരുത്തരും തലയുയർത്തിതന്നെ കളിക്കളത്തിൽ ഉണ്ടാവാൻ കോച്ച് പല ശ്രമങ്ങളും നടത്തുന്നുമുണ്ട്.
മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ടീമുകൾക്ക് ബയോ ബബിളും തുടർന്ന് കിട്ടിയ ചുരുങ്ങിയ സമയത്തെ ചെറിയ പരിശീലനവും പരിശീലന മത്സരങ്ങളും അത്രമേൽ ഗുണം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. “പ്രീ സീസൺ ഇത്തവണ അത്ര മികച്ചതായിരുന്നില്ല. സൗഹൃദ മത്സരങ്ങൾക്കും സമയം തികയുന്നില്ല, കളിക്കാരെ അറിയാനും പരിശീലനം നൽകാനും, എങ്കിലും എല്ലാവർക്കും ഈ അവസ്ഥ തന്നെയാണല്ലോ. അതിനാൽ ഈ സമയങ്ങളിൽ ടീമിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കാനും അടുപ്പങ്ങൾ സൃഷ്ടിക്കാനും ഒത്തൊരുമ വളർത്താനും ഞങ്ങൾ ശ്രമിക്കുകയാണ്”.
സഹലിന്റെയും രാഹുലിന്റെയും പരിക്ക് മൂലമുള്ള അഭാവം ടീമിനെ അലട്ടിയിട്ടുണ്ട്, “അവർ 20 അംഗ ലിസ്റ്റിൽ ഉണ്ടാകാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ട്രെയിനിങ് സെഷനുകളിലെ പ്രകടനങ്ങൾ അനുസരിച്ചിരിക്കും ബാക്കി” – കിബു അഭിപ്രായപ്പെട്ടു.
“ഷെഡ്യൂൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്, ഞങ്ങൾ സീസണിലെ മൂന്നാമത്തെ മത്സരം കളിക്കാൻ ഒരുങ്ങുമ്പോൾ ചില ടീമുകൾ ആകെ കളിച്ച മത്സരങ്ങൾ ഒന്നാണ്. 9 ദിവസത്തിനിടെ മൂന്നു മത്സരങ്ങൾ ആണ് ഇപ്പോൾ, നേരെ മറിച്ച് ഡിസംബറിൽ ആകെ ഞങ്ങൾക്ക് നാലു മത്സരങ്ങൾ മാത്രമാണ് ഉള്ളത് താനും. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിലും ഞങ്ങൾ അതിനു തയ്യാറാവണമല്ലോ.
കിബുവിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച മിഡ്ഫീൽഡർ രോഹിത്ത് കുമാർ പത്രസമ്മേളനത്തിൽ ചേർന്നിരുന്നു, രോഹിത്തിനെ സംബന്ധിച്ച് മികച്ച തുടക്കം ആണ് ഈ സീസണിൽ ലഭിച്ചത്, “ഒരു കളിക്കാരൻ എന്ന നിലയിൽ പുതിയ അവസരങ്ങളും പുതിയ വെല്ലുവിളികളും എനിക്ക് താല്പര്യമുള്ള കാര്യമാണ്, കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് രണ്ടും തന്നതിനാൽ കരാറിൽ ഒപ്പിടാൻ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല”.
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ മികച്ചവരാണ്, അവർ കളികൾ ജയിപ്പിക്കുന്നതിൽ പലപ്പോഴും ഒരു ഘടകമായി നിന്നിട്ടുണ്ട്. പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നമുക്ക് സാധിക്കണം. ടീമിന്റെ വിജയത്തിന് പ്രാധാന്യം നൽകുന്ന ഈ മിഡ്ഫീൽഡർ ഈ സീസണിലെ തന്റെ ലക്ഷ്യമായി കാണുന്നത് പടിപടിയായുള്ള പുരോഗമനം ആണ്.
താരതമ്യേന കടുപ്പമുള്ള മത്സരം ആയിരിക്കും എന്ന് അവസാനമായി പറഞ്ഞ കിബു “ക്രിവല്ലാരോ,സൈൽവെസ്ട്ര,ഇസ്മ,ചാങ്ത്തെ തുടങ്ങിയ ലീഗിലെ തന്നെ മികച്ച താരങ്ങൾ ഉൾക്കൊള്ളുന്ന ക്രിയാത്മകമായ മധ്യനിരയാണ് അവർക്കുള്ളത് (ചെന്നിയിൻ എഫ് സി).കഴിഞ്ഞ മികച്ച സീസണിൽ വിജയത്തിനൊപ്പം നിന്ന താരങ്ങളെ തിരികെ പിടിക്കാൻ അവർ ശ്രമിച്ചു. ആകെ അവർ നല്ലൊരു ടീം തന്നെയാണ്. കടുപ്പമുള്ള മത്സരം ആയിരിക്കും എങ്കിലും ഞങ്ങൾ പൊരുത്താനും ന്യായങ്ങൾ നിരത്താതിരിക്കാനും ഇന്ന് ശ്രമിക്കും.” എന്നും കൂട്ടിച്ചേർത്തു.