കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി ആവേശപ്പോരിന്റെ ഒടുക്കം കേരളത്തിലെ ആരാധകർക്ക് ടീമും മാനേജ്‌മെന്റും സമ്മാനിച്ചത് രണ്ടു തീരാവേദനകൾ. മോഹൻ ബഗാനിൽ തന്റെ ആദ്യ സീസണിൽ തന്നെ കിരീടമുയർത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ കൊമ്പുകുലുക്കാൻ എത്തിയ സ്പാനിഷ് പരിശീലകൻ കിബു വികുനയും ഒടുവിൽ ടീമുമായി പിരിഞ്ഞകന്നു. 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കിബു വികുനയുടെ കീഴിൽ ആകെ കളിച്ച പതിനാലു മത്സരങ്ങളിൽ നിന്നും മൂന്നു മത്സരങ്ങളിൽ മാത്രമേ കൊമ്പൻമ്മാർക്ക് വാൻപ്‌തെളിയിക്കാനായുള്ളൂ. ആകെ മൂന്നു മത്സരങ്ങളിൽ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ആറു കളികൾ സമനിലയിൽ അവസാനിപ്പിക്കുകയും അഞ്ചു കളികളിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. സീസണിലെ തന്നെ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീം എന്ന മുൾക്കിരീടവും തലയിൽ ചൂടി പടിയിറങ്ങുന്ന ഇദ്ദേഹത്തിന് ഇത്രയും കളികളിൽ നിന്നും ആകെ പതിനഞ്ചു പോയിന്റുകളുമായി എട്ടാം സ്ഥാനത്തെത്തിക്കാനേ കഴിഞ്ഞുള്ളു. ക്ലബ്ബ്മായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പരസ്‌പര ധാരണയിലാണ് കിബു വിക്കുന സ്ഥാനമൊഴിഞ്ഞത്.
1971 നവംബർ ഇരുപതിനു സ്പെയിനിൽ ജനിച്ച ജോസേ അന്റോണിയോ വിക്കുന ഓഛാന്ദോരന എന്ന കിബു വിക്കുന തന്റെ നാൽപ്പത്തിയൊൻപതു വയസ്സിനിടെ പത്തോളം ടീമുകളുടെ പരിശീലകസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. 2019-20 സീസനിലാണ് ഇന്ത്യൻ മണ്ണിലേയ്ക്കുള്ള കൂടുമാറ്റം. ഐ ലീഗിലെ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനിൽ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കിബു, ഭാരതത്തിലെ തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗ് പട്ടം മോഹൻ ബഗാന്റെ കയ്യിൽ എത്തിച്ചു കൊടുത്തു. ശേഷം ഐ എസ് എല്ലിലേയ്ക്ക് ചേക്കേറിയ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെയൊപ്പം മികച്ച പ്രതീക്ഷകൾ നൽകി എങ്കിലും ലീഗിന്റെ അവസാനത്തോടടുത്തപ്പോൾ അൻപേ പാളി. ഇപ്പോൾ തുടർ തോൽവികളും സമനിലകളും മറ്റും അലട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മേൽ മറ്റൊരു പ്രഹരമായി ഹെഡ് കോച്ച് കിബു വികുനയും പടിയിറങ്ങി. ലീഗിൽ 0.89 വിജയശരാശരിയുള്ള കിബു ക്ളബ്ബ്മായി ചർച്ചനടത്തിയത്തിന് ശേഷമാണ് സ്ഥാനമൊഴിഞ്ഞത്.
സീസണിൽ കളിച്ച ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ഒത്തിണക്കം കാണിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ്, മുന്നേറ്റനിര തുടക്കത്തിലേ ഏതാനും മത്സരങ്ങൾക്ക് ശേഷം പുഷ്ടിപ്പെടുത്തിയെടുത്തു. ഒൻപതു വ്യത്യസ്ത താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയപ്പോൾ അത് ഐ എസ് എല്ലിലെ ഈ സീസണിലെ തന്നെ റെക്കോർഡുകളിൽ ഒന്നായി മാറി. ഇത്രയൊക്കെയായി എങ്കിലും പ്രതിരോധനിരയിലെ തുടർച്ചയായ പാകപ്പിഴകൾ കൊണ്ട് ജയമുറപ്പിച്ച മത്സരങ്ങളിൽ നിന്നും തോൽവിയിലേയ്ക്കു വഴുതിവീണ ടീം പതിനാറു പോയിന്റുകളാണ് ലീഡ് നേടിയ ശേഷം നഷ്ടപ്പെടുത്തിയത്. ഇത് ലീഗിലെ തന്നെ ഏറ്റവും മോശം റെക്കോർഡാണ്. കോസ്റ്റ-കോനെ സഖ്യം പേപ്പറിൽ മികവുറ്റവരായിരുന്നു എങ്കിലും കളിക്കളത്തിൽ ശോഭിച്ചില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന്റെ സംബന്ധിച്ചു തലവേദനയായി.