ഗോകുലം കേരള സീനിയർ ടീം അംഗവും കേരള പ്രീമിയർ ലീഗ് വിജയിച്ച റിസർവ്വ് ടീം ക്യാപ്റ്റനായ പി പി റിഷാദ് ഐ എഫ് ടി ഡബ്ള്യൂ സി യ്ക്കു നൽകിയ അഭിമുഖത്തിന്റെ സുപ്രധാനഭാഗങ്ങൾ ചുവടെ.
- കാലങ്ങൾക്കു ശേഷം, ഒരുപാട് കാത്തിരിപ്പിനൊടുവിൽ ഐ ലീഗ് ചാമ്പ്യൻ പട്ടം കേരളത്തിന്റെ മണ്ണിൽ എത്തി, ശേഷം ഇപ്പോൾ രണ്ടാം കേരള പ്രീമിയർ ലീഗ് കിരീടവും. ഈ നേട്ടത്തിന്റെ വേളയിൽ എന്തു തോന്നുന്നു?
നമസ്കാരം, രണ്ടു വലിയ കിരീടങ്ങൾ ഒരുമിച്ച് ഒരേ സീസണിൽ ഏറ്റുവാങ്ങാൻ സാധിച്ചതിൽ വളരെയധികം അഭിമാനമാണ് ഇപ്പോൾ തോന്നുന്നത്. ഗോകുലം കുടുംബത്തിന്റെ അംഗം എന്നുപറയുമ്പോൾ തന്നെ വളരെയധികം സന്തോഷമുണ്ട്.
- കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗിന്റെ ഏറ്റവും മികച്ച താരങ്ങളേ ഐ എഫ് ടി ഡബ്ള്യൂ സി തിരഞ്ഞെടുത്തപ്പോൾ ഗിഫ്റ്റിയും എമിലും അഭിജിത്തും അഖിലും അടക്കം ഒട്ടനവധി താരങ്ങൾ ഗോകുലത്തിന്റെ നിരയിൽ നിന്നുമായിരുന്നു. ഈ താരങ്ങളിൽ എമിൽ ഐ ലീഗ് കളിക്കുകയും ബാക്കി താരങ്ങൾ ഈ സീസണിൽ കെ പി എല്ലിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ സ്ക്വാഡും ഈ സീസണിലെ സ്ക്വാഡും ഒന്നു വിലയിരുത്താമോ
എല്ലാത്തവണയും ഗോകുലം നിരയിൽ മലയാളിതാരങ്ങൾ തങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തും, യുവ താരങ്ങൾക്ക് അവസരം നൽകാൻ ടീമും മുന്നിലാണ്. കഴിഞ്ഞ സീസണിലേത് പോലെ തന്നെ യുവതാരങ്ങളും പ്രതിഭാധനരായ കളിക്കാരും ടീമിൽ ഉണ്ടായിരുന്നു. ഗോകുലത്തിലൂടെ എമിൽ ബെന്നിയെ പോലെ ഒട്ടനവധി താരങ്ങൾ ഇനിയും ഉദയംകൊള്ളും, അങ്ങനെയാണ് ഈ ടീം കളിക്കളത്തിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
- കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗ് ഫൈനലിലെ നിരാശയ്ക്കു പകരമായി ഈ സീസണിൽ മിന്നും പ്രകടനം, അതും ഫൈനൽ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഗോൾ നേടി സ്വപ്നതുല്യമായ തേരോട്ടം. ക്യാപ്റ്റൻ റിഷാദിന് ഫൈനലിലെ വിജയനിമിഷത്തെ ഒന്നു വിവരിക്കാൻ സാധിക്കുമോ?
സത്യത്തിൽ ടീമിലെ ഏറെക്കുറെ എല്ലാവർക്കും നല്ല ഭയമുണ്ടായിരുന്നു, രണ്ടു തവണ ഫൈനലിൽ തോൽവിയേറ്റുവാങ്ങേണ്ടി വന്നതിന് ശേഷം ഇതിപ്പോൾ മൂന്നാമത്തെ ഫൈനൽ ആയതിനാൽ അതിന്റെ ഭയം കഴിഞ്ഞ സീസണിൽ കളിച്ച താരങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് പേഴ്സണലി ആ ഭയം അധികാമുണ്ടായിരുന്നില്ല. ജയിക്കും എന്ന തോന്നൽ അവസാന നിമിഷം വരെ എനിക്കുണ്ടായിരുന്നു. കാരണം അത്ര നല്ലൊരു സ്ക്വാഡ് ആയിരുന്നു ഈ സീസണിൽ.
- നജീബ് സാറിന്റെ കീഴിലെ പരിശീലനം എങ്ങനെയുണ്ടായിരുന്നു? താരങ്ങളുടെ പ്രകടനത്തെ എത്രത്തോളം കോച്ചിന്റെ തന്ത്രങ്ങൾ സ്വാധീനിച്ചു?
നജീബ് സർ ഒരു വ്യത്യസ്ത വ്യക്തിത്വമാണ്, പൂർണ്ണമായും ഈ കളിയെ സ്നേഹിച്ചുകൊണ്ടു പരിശീലിപ്പിക്കുന്നയാൾ. കളിച്ചുകൊണ്ടായാലും കോച്ചിങ് മേഖലയിലായാലും നല്ല പരിചയസമ്പത്തുള്ള ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പരിശീലനവും മത്സരങ്ങളും ഒക്കെ രസകരമായി ഉഷാറായി നടന്നുപോയി. നിസ്സംശയം ഈ കളിയോട് കൂറുള്ള വ്യക്തിയാണ് അദ്ദേഹം എന്നു പറയാം.
- ഈ സീസണിൽ ഐ ലീഗിൽ സാനിധ്യമറിയിക്കാൻ സാധിക്കാതെ പോയതിന്റെ കാരണങ്ങൾ എന്താവാം?
ഐ ലീഗിലേയ്ക്കുള്ള സാധ്യത കുറഞ്ഞതിനു പല കാരണങ്ങൾ ഉണ്ട്. ഹെഡ് കോച്ചിന് ഞങ്ങളുടെ കളി കാണാൻ ആകെ ലഭിച്ചത് ഒരു ആഴ്ചയാണ്. പോരാത്തതിന് അദ്ദേഹം എത്തുന്നതിനു മുൻപ് തന്നെ കഴിഞ്ഞ സീസണിലെ താരങ്ങളുടെ കളികൾ അനാലിസിസ് ചെയ്ത് ഒരു സാധ്യതാ ടീം തയ്യാറായിരുന്നു. പ്രതിഭ തെളിയിക്കാൻ അതിനൊപ്പം ഒരവസരം കിട്ടിയിട്ടുമില്ല എന്നു പറയാം. കൊറോണ സാഹചര്യത്തിൽ നിശ്ചിത സ്ക്വാഡുമായിയാണ് പോയത് എന്നതും എടുത്തു പറയേണ്ടതാണ്. ഐ എഫ് എ ഷീൽഡ് കഴിഞ്ഞ് ഐ ലീഗിന്റെ സ്ക്വാഡിലേയ്ക്കു വിളിച്ചിരുന്നു എങ്കിലും പിന്നീട് എന്തോ സംഭവിച്ചു.
- ഗോകുലം കേരള ഐ എസ് എ പ്രവേശം, കളിച്ചു തന്നെ നേടുമെന്ന് വി സി പ്രവീൺ പ്രത്യാശിക്കുന്നു. ഈ ടീമിന്റെ ഐ എസ് എൽ പ്രവേശത്തെ റിഷാദ് എങ്ങനെ നോക്കിക്കാണുന്നു?
അതെയതെ, പ്രവീൺ സാറിന്റെ ആ തീരുമാനം ഞാനും അറിഞ്ഞിരുന്നു. തൊട്ടടുത്ത സീസണുകളിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയാൽ അതു നടക്കാവുന്നതേയുള്ളൂ. അതിനുള്ള കഴിവുള്ള ടീം തന്നെയാണ് ഗോകുലം കേരള എഫ് സി. ഐ എസ് എല്ലിലേയ്ക്കു വരുമ്പോൾ നല്ല കുറെ താരങ്ങളും വരും, എല്ലാം ഉഷാറാവും എന്നു പറയാം. കേരളത്തിൽ നിന്നും രണ്ടു ക്ലബ്ബുകൾ വന്നാൽ അതു കേരള ഫുട്‌ബോളിനെ തന്നെ മാറ്റിമറിച്ചേക്കാം. ചുരുക്കത്തിൽ നല്ല ഫുട്‌ബോൾ കാണാം.
- ഈ വലിയ നേട്ടത്തിന്റെ വേളയിൽ ഗോകുലത്തിന്റെ ആരാധകരോടായി എന്താണ് പറയാനുള്ളത്?
ഗോകുലം കേരളയുടെ ആരാധകർ വലിയ പ്രചോദനമാണ് ഞങ്ങൾക്ക്. സോഷ്യൽ മീഡിയ വഴിയും മറ്റും അവർ നൽകുന്ന പിന്തുണ ഏറെ പ്രശംസയർഹിക്കുന്നു. ഐ ലീഗ് കിരീടവും കേരള പ്രീമിയർ ലീഗ് കിരീടവും അവർക്കായി നൽകിയപ്പോഴും ഈ പിന്തുണയും ആരാധകരുടെ എണ്ണത്തിലെ വർദ്ധനവും ഞങ്ങൾ അനുഭവിച്ചിരുന്നു.
- കേരളത്തിൽ നിന്നും ഒരു പുതിയ ക്ലബ്ബ്, പിറന്നു വീണിട്ടു വെറും നാലു വർഷങ്ങൾക്കുള്ളിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ദേശീയ കിരീടം, നാഷണൽ ലീഗ് കിരീടം നേടിയ കേരളത്തിലെ ഒരേയൊരു ക്ലബ്ബ്, ഡ്യൂറന്റ് കപ്പ് നേടിയ കേരളത്തിലെ ആദ്യ ക്ലബ്ബ്, ഇപ്പോൾ കേരള പ്രീമിയർ ലീഗ് കിരീടം. അങ്ങനെ ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേയ്ക്കു കുതിക്കുന്ന ഗോകുലം കേരളയുടെ ഈ വിജയത്തിന്റെ യദാർത്ഥ രഹസ്യം എന്താണ് എന്നാണ് തോന്നുന്നത്?
ഗോകുലം കേരള ഫുട്‌ബോൾ ക്ലബ്ബ് എല്ലാം വ്യക്തമായും കൃത്യമായിയുമാണ് ചെയ്യുന്നത്, ആ കാര്യത്തിൽ അവരെ സമ്മതിക്കാതെ വയ്യ. സൗകര്യങ്ങളായാലും ശമ്പളത്തിന്റെ കാര്യമായാലും എല്ലാം പ്രൊഫഷണൽ രീതിയിലാണ്. കളങ്കമില്ലാത്ത ക്ലബ്ബ് എന്നു ഞാൻ ഈ ക്ലബ്ബിനെ വിശേഷിപ്പിക്കും. ട്രോഫികൾക്കും വിജയങ്ങൾക്കും വേണ്ടി അവർ ചെയ്യുന്ന കഠിനാധ്വാനം ഈ വിജയങ്ങൾക്കൊക്കെ അവർ അർഹരാണ് എന്നു തെളിയിക്കുന്നതാണ്. മാനേജ്‌മെന്റിൽ പ്രവീൺ സർ ആയാലും കാബു കോച്ചും, പ്രത്യേകിച്ചു കേരളത്തിലെ നല്ല താരങ്ങളെ കണ്ടെത്തി ടീമിൽ എത്തിക്കുന്ന അവരാണ് ഇതിന്റെ യദാർത്ഥ അവകാശികൾ. ഒന്നിലും കളങ്കമില്ലാത്തതിനാൽ ആണ് ഈ റിസൽറ്റുകൾ അവർക്കു ലഭിക്കുന്നത് എന്നുതന്നെ പറയാം.
- വിദേശ താരങ്ങളുമായുള്ള ബന്ധം എങ്ങനെയായിരുന്നു? ഒരു കളിക്കാരൻ എന്ന നിലയിൽ എന്തൊക്കെ ഗുണങ്ങൾ അവർക്കൊപ്പം പന്തുതട്ടിയപ്പോൾ ലഭിച്ചു?
വിദേശ താരങ്ങൾ എല്ലാവരും തന്നെ നല്ല സൗഹൃദവലയം സൃഷ്ടിക്കുന്നുണ്ട്. കൂടെ കളിക്കുമ്പോഴായാലും ഒന്നിച്ച് ഇടപഴകുമ്പോഴായാലും എപ്പോഴും മികച്ച പ്രചോദനമാണ് അവർ നൽകുന്നത്. ഒരു പ്രത്യേക ഫീലാണ് അവർക്കൊപ്പം പന്തുതട്ടുമ്പോൾ, അവരുടെ കളിക്കനുസരിച്ചു കളിക്കാൻ പലപ്പോഴും ഞങ്ങൾ ആഗ്രഹിക്കാറുണ്ട്, ശ്രമിക്കുന്നുണ്ട്.
- ഇത്തവണത്തെ ഗോകുലത്തിന്റെ കെ പി എൽ ഇനെ ഒന്നു വിലയിരുത്താമോ?
എന്നെ സംബന്ധിച്ചിടത്തോളം ഐ ലീഗ് സ്ക്വാഡിൽ നിന്നും പുറത്തുവരേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിൽ പേറിയാണ് ഞാൻ റിസർവ്വ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. പല അവസരങ്ങളും ഓഫറുകളും കൈവിട്ടുപോയിരുന്നു അതിനിടയിൽ. പിന്നെ ടീമിനൊപ്പം, പ്രത്യേകിച്ച് നജീബ് സാറിന്റെയൊപ്പം പരിശീലനമാരംഭിച്ചപ്പോൾ സ്വന്തമായി ഒരുപാടു മുകവു വരുത്താൻ കഴിഞ്ഞു എന്നതിനൊപ്പം ടീമിനൊപ്പം നന്നായി കളിക്കാനും കഴിഞ്ഞു. വിത്ത് ബോൾ ട്രെയിനിങ്ങുകൾ വളരെ മികച്ചവയായിരുന്നു. ഇത്തവണ എന്തായാലും മികച്ചൊരു സ്ക്വാഡ് കെട്ടിപ്പടുക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാവരും ഒന്നടങ്കം പ്രായത്നിച്ചത്. അതുപോലെ എല്ലാവരും സീനിയർ ജൂനിയർ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചൊന്നായി കളിക്കാനും പരസ്പരം ബഹുമാനിക്കാനും ശ്രമിച്ചു, പഠിച്ചു. അതുകൊണ്ട് തന്നെയാണ് ഇത്ര നല്ല റിസൾട്ട് വന്നതും. സീനിയർ ടീമിനെ എങ്ങനെയാണോ പരിചരിക്കുന്നത്, അതുപോലെ തന്നെ ഞങ്ങൾക്കും പരിഗണന കിട്ടി. അതിനു മാനേജ്‌മെന്റിന് വലിയ നന്ദി. തുടക്കത്തിലേ ബുദ്ധിമുട്ടുകൾ അവസാനം ഞങ്ങൾ പരിഹരിച്ചു.
Follow IFTWC via our website, Instagram, Twitter, Facebook, and Telegram pages/channels for all the latest updates on Indian Football and download our app from the play store.