1.സന്ദേശ് ജിംഗന്റെ ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള വിടപറച്ചിൽ കളിക്കളത്തിലും അതുപോലെ തന്നെ ആരാധകർക്കിടയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.ഒരു പകരക്കാരൻ എന്ന നിലയിൽ ആ വിടവ് നികത്താൻ താങ്കൾക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ,വളരെ കാലമായി ടീമിന്റെ വിശ്വസ്ത സേവകൻ ബാക്കിയാക്കിയ ഈ വിടവ് നികത്താൻ ടീമിന് സാധിക്കുമോ?
ആദ്യമായി,ഒരു കളിക്കാരനെ കുറിച്ചു സംസാരിക്കുന്നതിലും എനിക്ക് താല്പര്യം ഒരു ടീമിനെ കുറിച്ച് സംസാരിക്കുന്നതാണ്,ഫുട്‌ബോൾ ഒരു ടീം ഗെയിം ആണ്.സന്ദേശിനെ ഞാൻ ബഹുമാനിക്കുന്നു,വർഷങ്ങളുടെ കഷ്ടപ്പാടുകൊണ്ടാണ് ഇന്ന് ഈ കാണുന്ന നിലയിൽ കളിക്കളത്തിലും ആരാധകർക്കിടയിലും അദ്ദേഹം വലിയ സ്ഥാനം ഉണ്ടാക്കിയെടുത്തത്. പക്ഷേ ഇത് ഫുട്‌ബോൾ ആണ് എന്ന കാര്യം ആരും മറന്നുപോകാരുത്, ഇവിടെ കളിക്കാരനിൽ ഉപരി ടീമിനാണ് പ്രാധാന്യം.കളിക്കാർ മാറിവരും,ആരും ആർക്കും പകരക്കാരൻ ആവുകയില്ല,അപ്പോൾ ടീമിന്റെ ഓജസ് കാത്തുസൂക്ഷിക്കാൻ കപ്പിനായി പൊരുത്തണം, അതിനായി ഓരോ കളിക്കാരന്റെയും നൂറുശതമാനം തന്നെ കളിക്കളത്തിൽ വേണം. ഇതുവഴി മാത്രമേ ക്ലബ്ബിന്റെ അഭിമാനവും ആരാധകരുടെ ആവേശവും കാത്തുസൂക്ഷിക്കാൻ നമുക്കാവൂ.ടീമിന്റെ ഒത്തൊരുമ താനേ നമുക്ക് നേട്ടങ്ങൾ കൊണ്ടുവന്നുതരും.
2.Sparta prague ക്ലബ്ബിൽ കളിച്ചു നേടിയ അനുഭവസമ്പത്ത് എങ്ങനെയൊക്കെ ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോപ്പം പൊരുതാൻ താങ്കളെ സഹായിക്കും?
Sparta prague എന്നെ ഒരുപാട് സ്വാധീനിച്ചു,പൊരുതാനും ടോപ്പ് ലെവലിൽ തുടരാനും.ഉയരങ്ങളിൽ എത്തുന്നതും ഉയരങ്ങളിൽ തുടരുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്,”ടോപ്പിൽ എത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ കഠിനമായി പ്രായത്നിക്കും, ഇനി അവിടെ എത്തിയാലോ…അത് നിങ്ങളുടെ വിജയമാണ്.എന്നാൽ,എത്തിയതിനു ശേഷം അവിടെ അതേപോലെ തുടരാൻ കഠിനാദ്ധ്വാനം ഏറെ വേണം”.പിന്നെ അവിടെ നിന്നും പഠിച്ച മറ്റൊരു കാര്യം ലക്ഷ്യവും ഉത്തരവാദിത്വബോധവുമാണ്.ഒരുപാട് കാലം ഞാൻ അവിടെ കളിച്ചു,കളിക്കാർ മാറിവന്നു,കോച്ചുമാരും പല തവണ മാറിവന്നു,ഓരോ കോച്ചുമാരും അവരവരുടെ രീതികളും ചിട്ടകളും മാറിമാറി പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും നമ്മൾ എല്ലായ്പ്പോഴും മാറ്റങ്ങൾക്ക് സജ്ജരാവേണ്ടതുണ്ട്,അതോടൊപ്പം തരുന്ന ജോലിക്കനുസരിച്ചു പ്രവർത്തിക്കാനും ശ്രമിക്കണം എന്ന അറിവ് ഉത്തരവാദിത്വബോധം വർദ്ദിപ്പിക്കാൻ സഹായിച്ചു.ഇത് എളുപ്പമല്ല,വർഷങ്ങൾ കളിക്കളത്തിൽ ചിലവഴിക്കുമ്പോൾ നമുക്കു താനെ മനസിലാകും എത്രത്തോളം ഈ ഉത്തരവാദിത്വബോധം കളിയെ സ്വാധീനിക്കും എന്ന്.പ്രത്യേകിച്ച് വലിയ ടീമുകളിൽ കളിക്കുമ്പോൾ ഓരോ നീക്കങ്ങളും ശ്രദ്ധിക്കപ്പെടും,അപ്പോൾ അതിനനുസരിച്ച് നീങ്ങാൻ ഫോക്കസ്സ് ആയ മനസ്സും ശരീരവും അത്യാവശ്യമാണ്.കേരള ബ്ലാസ്റ്റേഴ്സിൽ ടീമിന് വേണ്ട രീതിയിൽ തന്നെ കളിക്കാനും ജയിക്കാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

3.ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ആദ്യത്തെ സിംബാബ്‌വെ താരമാണല്ലോ താങ്കൾ,എന്തൊക്കെ ഘടകങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിലേയ്ക്കു നീങ്ങാൻ കാരണമായത്?ഇവിടെ എത്തുന്നതിനു മുൻപ് ഇങ്ങനെ ഒരു ടീമിനെ കുറിച്ചും ഇവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും അറിവുണ്ടായിരുന്നോ?
പ്രാദേശിക ഫുട്‌ബോളിന്റെ വികസനം ലക്ഷ്യമിട്ടു നടത്തിവരുന്ന ഒരു ലീഗ് ആയിട്ടാണ് ഞാൻ ഐ എസ് എല്ലിനെ കാണുന്നത്,ലോക ഫുട്‌ബോൾ ഭൂപടത്തിൽ ഒരിടം ലക്ഷ്യമിടുന്ന ആളുകൾ ആയതുകൊണ്ടുതന്നെ ഈ ലീഗ് വളരെയധികം മാതൃകാപരമാണ്. ഇനി ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിലേക്ക് വരാം,കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു ക്ലബ്ബാണ്,ഇവിടെ എത്തുന്നതിനു മുൻപ് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു,എങ്കിലും എന്റേതായ അന്വേഷണങ്ങളിലൂടെ ഈ ടീമിന്റെ വിജയത്തിനായുള്ള ദാഹവും ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും ആവേശവും കണ്ടെത്തുകയും അതുവഴി ഈ ടീമിന്റെ മഹത്വം തിരിച്ചറിയുകയും ചെയ്തു.ഇത്രയേറെ ആരാധകപിന്തുണ ഉള്ള ഒരു ക്ലബ്ബ് വിജയിക്കാൻ സുസജ്ജരാണ് എന്ന കാഴ്ചപ്പാടിൽ നിന്നുമാണ് ഇവിടേക്കുള്ള എന്റെ യാത്ര,അതിനാൽ തന്നെ എനിക്ക് പൊരുതാനും കളിമികവു പുറത്തെടുക്കാനും ഇവിടം ഒരു വേദിയാകും എന്നു പ്രതീക്ഷിക്കുന്നു.
4.പോളിഷ് ലീഗിൽ കിബുവിന്റെ കീഴിൽ കളിച്ചിരുന്നല്ലോ,തന്ത്രങ്ങൾ കൊണ്ടും ഒരു മനുഷ്യനെന്ന നിലയിലും എങ്ങനെയൊക്കെ അദ്ദേഹം ടീമിന് ഗുണം ചെയ്യും?
ഞാൻ കിബു കോച്ചിന്റെ കീഴിൽ പോളണ്ടിൽ മുൻപ് ഉണ്ടായിരുന്നു,അന്ന് അദ്ദേഹം ഞങ്ങളുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു.വളരെ സൗഹാർദ്ദപരമായതും തുറന്ന പ്രകൃതക്കാരനും ആയ കോച്ച് ടീമിൽ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കും.ആർക്കും അവരുടെ എന്തു പ്രശ്നങ്ങളും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെപോലെയാണ് കോച്ച്.അതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

5.താങ്കൾ ചാമ്പ്യൻസ് ലീഗിൽ കളിച്ചിരുന്നല്ലോ,അടുത്തു തന്നെ ഇന്ത്യൻ താരങ്ങൾക്ക് താങ്കൾ എത്തിയ ആ ഉയരങ്ങളിലേക്ക് കടക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
ഇന്ത്യൻ താരങ്ങളെ ഞാൻ അറിഞ്ഞു തുടങ്ങുന്നതെ ഉള്ളു,പൂർണ്ണമായും അറിഞ്ഞതിനു ശേഷം ഉത്തരം നൽകുന്നതാവും അഭികാമ്യം.എനിക്ക് ഒരുപാട് അവരെ കുറിച്ച് പഠിക്കാനുണ്ട്.
6.താരതമ്യേന ഒരു യുവ സ്ക്വാഡ് ആണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ്,താങ്കളുടെ പരിചയവും ലോകമെമ്പാടും കളിച്ചുള്ള അനുഭവസമ്പത്തും എങ്ങനെ ഒക്കെ ടീമിലെ ഇന്ത്യൻ താരങ്ങളെ ഉയർത്തുന്നതിനു സഹായകരമാകും?
എന്റെ അറിവിൽ വലിയ തോതിൽ ഫുട്‌ബോൾ ഒരു കായികയിനം എന്നതിലുപരി കളികളിലൂടെ ഒരു ജീവിതശൈലി ആയി മാറും.പരസ്പരം അറിവുകൊടുക്കുക എന്നതാണ് പ്രാഥമിക ഉദ്ദേശം,നമുക്ക് യുവ താരങ്ങളും അതിനൊപ്പം അനുഭവസമ്പത്തുള്ള താരങ്ങളും ഉണ്ട്,അവരെ വിദ്യാസമ്പന്നരാക്കുക, അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്, കളിക്കനുസരിച്ചു കളിരീതിയിൽ മാറ്റം വരുന്നതിനെ കുറിച്ച്,…
7.ഒട്ടും പ്രതീക്ഷിക്കാതെ അടഞ്ഞ വാതിലുകൾക്കുള്ളിൽ വച്ചു നടത്തപ്പെടുകയാണ് ഈ സീസണിലെ മത്സരങ്ങൾ,ഇത് ഒരു കളിക്കാരനിൽ കളിക്കളത്തിനകത്തും പുറത്തും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം?
ഈ വിപത്ത് വളരെയധികം ഈ കളിയെ മോശമായി ബാധിച്ചിട്ടുണ്ട്.ഫുട്‌ബോൾ, ആരാധകർക്കായുള്ള സമ്മാനമാണ്, അതിനാൽ തന്നെ ആരാധകരുടെ അഭാവത്തിൽ ഇവയൊന്നും പഴയപോലെ ആയിരിക്കില്ല.അവരാണ് ഈ കളിയുടെ അന്തരീക്ഷം ഒരുക്കുന്നതും കളിയെ ഏറ്റെടുക്കുന്നതും,അവരില്ലാതെ കളിക്കുന്നത് ബുദ്ധിമുട്ടാണ്.എങ്കിലും,നമ്മൾ പ്രൊഫഷണൽ കളിക്കാർ ആണ്,സാഹചര്യങ്ങൾക്കനുസരിച്ചു മാറാനും കളിക്കാനും നമ്മൾ സുസജ്ജരായിരിക്കണം. ഒഴിഞ്ഞ ഗാലറികൾക്കു നടുവിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ് എങ്കിലും ഞങ്ങൾക്ക് കളിച്ചേ പറ്റൂ.

8.കപ്പ് നേടുക എന്നതിനൊപ്പം താങ്കൾക്ക് മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഈ സീസണിൽ ഉണ്ടോ?ആരാധകർക്ക് ഒരു കളിക്കാരൻ എന്ന നിലയിൽ താങ്കളിൽ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം?
പുതിയ താരങ്ങൾക്കു ഞാൻ നേടിയ,അറിഞ്ഞ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കും. ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് എന്റെ പൂർണ്ണ പിന്തുണയും എന്നാലാവുന്നവിധമുള്ള എല്ലാ സഹായങ്ങളും ഞാൻ വാഗ്‌ദാനം ചെയ്യുന്നു.അത് കളത്തിനകത്തും പുറത്തും 🙂
9.കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം പ്രതീക്ഷിച്ചതിനൊത്ത് ഉയർന്നില്ല. ഈ സീസണിൽ മാറ്റങ്ങൾ സംഭവിക്കാനിടയുണ്ടോ?എന്തൊക്കെ കാര്യങ്ങൾ ടീമിനെ സ്വാധീനിക്കുമെന്നു വിശ്വസിക്കുന്നു?
ക്ലബ്ബിൽ ആകമാനം നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ടീമിനും അവ ബാധകമായിട്ടുണ്ട്.ഇത് ഈ സീസണിലെ കളിയോടുള്ള കാഴ്ചപ്പാടിന്റെ മാറ്റം വ്യക്തമാക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം മുന്നിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒപ്പം മുന്നേറുക,അവരെ കൈപിടിച്ചുയർത്തുക എന്നതൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ.
10.കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകവൃന്തമായ മഞ്ഞപ്പട ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മകളിൽ ഒന്നാണ്.മഹാമാരി മൂലം കളിക്കളത്തിന് പുറത്ത് ആർത്തുവിളിക്കാൻ അവർക്ക് കഴിയാതെ വന്നിരിക്കുകയാണ് ഇപ്പോൾ.എന്താണ് അവർക്ക് കൊടുക്കാനുള്ള സന്ദേശം.
ഈ ടീം നിങ്ങളുടെ ഹൃദയങ്ങളിൽ ആണെന്നും നിങ്ങളുടെ സ്നേഹം പ്രതിഫലമാഗ്രഹിച്ചുകൊണ്ടല്ല എന്നും ഞങ്ങൾ മനസിലാക്കുന്നു.അതിനാൽ തന്നെ ഈ സീസണിൽ നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യുപകാരം നൽകാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം കളിക്കുന്ന എല്ലാ മത്സരങ്ങളിലും ചെയ്യാൻ ശ്രമിക്കും.ഞങ്ങൾക്കൊപ്പം ആവേശമായി കൂടെച്ചേരാൻ സാധിക്കുന്നില്ല എങ്കിലും നിങ്ങൾ വിഷമിക്കരുത്,നിങ്ങൾ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്.നമ്മളാണ് കേരള ബ്ലാസ്റ്റേഴ്സ്.
