ഗോകുലം കേരള ഫുട്‌ബോൾ ക്ലബ്ബ് താരം മുഹമ്മദ് ആസിഫ് കൊൽക്കത്ത ക്ലബ്ബ് ഭവാനിപ്പൂരിൽ കരാറിൽ ഒപ്പുവച്ചു. നിലവിൽ കൊൽക്കത്ത ലീഗ് കളിക്കാനാണ് പോകുന്നതെങ്കിലും ഭാവിയിൽ ഐ ലീഗിലേക്കോ മുകളിലേക്കോ ഉള്ള തയ്യാറെടുപ്പെന്നപോലെയാണ് പുതിയ കരാർ. നിലവിലെ സോഴ്‌സുകൾ പ്രകാരം കരാറിൽ ഒപ്പുവച്ചതായി ഉറപ്പിക്കാം.
ഗോകുലം കേരളയുടെയൊപ്പം കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗ് കിരീടമുയർത്താൻ കഠിനപ്രയത്നം നടത്തിയ ആസിഫ് നിലവിൽ കെ പി എൽ ചാമ്പ്യൻ പട്ടവും തന്റെ നേട്ടങ്ങളുടെ പട്ടികയിൽ ചേർത്തതാരമാണ്. മുൻപ് നേപ്പാളി ക്ലബ്ബ് മനാഗ് മർഷ്യന്തിക്കുവേണ്ടി ബൂട്ടണിഞ്ഞ ആസിഫ് എ എഫ് സി ഗ്രൂപ്പ് സ്റ്റേജിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അന്നു ചെന്നൈയിൻ എഫ് സി, മിനർവ പഞ്ചാബ് എന്നിവർക്കെതിരെ കളിച്ച താരത്തിന് ഇന്ത്യയിൽ കൊൽക്കത്ത, മുംബൈ പുണെ നഗരങ്ങളിൽ നീണ്ട ഒമ്പതുവർഷം പന്തുതട്ടിയ പരിചയവുമുണ്ട്. കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും കളിച്ച ഇദ്ദേഹം തന്റെ ഗോകുളവുമായുള്ള കരാർ അവസാനിപ്പിച്ചതും ഈ അടുത്താണ്.
എയർ ഇന്ത്യയാണ് മുഹമ്മദ് ആസിഫിന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്ബ്. അവിടെ മികച്ച പ്രകടനങ്ങൾ നടത്തിയതാരം പിന്നീട് ഓ എൻ ജി എൽ, കൊൽക്കത്ത കസ്റ്റംസ് തുടങ്ങി സൗതേൺ സമിറ്റി, ചേസാൽ, സാറ്റ് തിരൂർ എന്നിവിടങ്ങളിൽ കൂടി കളിച്ചശേഷമാണ് കേരളത്തിന്റെ പുതിയ ക്ലബ്ബായ ഗോകുലം കേരളയുടെ തട്ടകത്തിൽ എത്തുന്നത്. അവിടേയ്ക്ക് എത്തിയതും സാറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഭവാനിപ്പൂരിലേയ്ക്കുള്ള കൂടുമാറ്റം തിരികെ കൊൽക്കത്തയിലേയ്ക്ക് താരത്തെ എത്തിക്കുന്നുവെങ്കിലും ഏതാനം മാസങ്ങൾ മാത്രമേ അവിടെ തുടരാൻ സാധ്യതകൾ കാണുന്നുള്ളൂ എന്നത് കൂടുതൽ മികച്ച അവസരങ്ങളിലേയ്ക്കുള്ള കുതിച്ചുചാട്ടത്തിന്റെ സൂചനയാണ്. ശങ്കർലാൽ ചക്രബർത്തിയുടെ കീഴിൽ പരിശീലിക്കുന്ന യെല്ലോ ആർമി എന്നു വിളിപ്പേരുള്ള വെസ്റ്റ് ബംഗാളുകാരുടെ പ്രിയപ്പെട്ട ക്ലബ്ബ്കളിലൊന്നായ ഭവാനിപൂർ, കൊൽക്കത്ത ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ എന്നിവിടങ്ങളിൽ കാൽപാദം പതിപ്പിച്ചു ശോഭിച്ചു നിൽക്കുന്ന ടീമാണ്. മലപ്പുറം വെങ്ങരയ്ക്കടുത്തു വെങ്കുളത്തു ജനിച്ച ഈ സെന്റബാക്കിന് നിലവിൽ 24 വയസ്സുണ്ട്.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ