1) ഇറ്റാലിയൻ പുലിക്കുട്ടി ലൂക്കാ ട്ടോണിയുടെ പേരിൽ ആരംഭിച്ച അക്കാഡമി കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലൂക്കാ സോക്കർ ക്ലബ്ബായും ഇത്രയധികം താരങ്ങളുടെ വളർച്ചയ്ക്ക് സഹായിച്ച വിദ്യാലയമായും മാറിയ കഥ ഒട്ടനവധിതവണ നമ്മൾ പലയിടത്തും വായിച്ചിട്ടുണ്ട്. നിലവിൽ ലൂക്കാ സോക്കറിന്റെ കീഴിൽ സോക്കർ ഹബ്ബടക്കം മറ്റു പല പ്ലാനുകളും നടക്കുന്നതായും അറിഞ്ഞു, അവയെക്കുറിച്ച് ഒന്ന് പരിചയപ്പെടുത്താമോ
നമസ്കാരം, ലൂക്കാ സോക്കർ ഹബ്ബ് എന്നത് ഞങ്ങളുടെ ഡ്രീം പ്രോജക്റ്റാണ്. അതിന്റെ പണിപ്പുരയിലാണ് ക്ലബ്ബ് നിലവിൽ. അതിനായി മലപ്പുറം ജില്ലയിൽ ഒൻപത് ഏക്കറോളം സ്ഥലം ഞങ്ങളുടെ പാർട്ണരും ക്ലബ്ബിന്റെ ഡയറക്റ്ററും കൂടിയായ ഷാജി മഠത്തിലിന്റെ കൂടി സഹായത്തോടെ ഏറ്റെടുപ്പ് കഴിഞ്ഞിട്ടുണ്ട്. അതിന്റെ വർക്ക് ആരംഭിക്കാനായി തയ്യാറെടുക്കുകയാണ് ഞങ്ങൾ.
2) ബഡൂസാ കപ്പിൽ കിരീടധാരണം, കാണുമ്പോൾ ചെറിയൊരു നേട്ടമെന്ന് തോന്നാമെങ്കിലും 48 ടീമുകളിൽ നിന്നും ഈ നിലയിൽ എത്താൻ ഒരുപാട് വിയർപ്പും രക്തവും പൊഴിക്കേണ്ടിവന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ്. ഈ യാത്രയേ എങ്ങനെ നോക്കിക്കാണുന്നു? ഈ ടൂർണമെന്റിനിടയിൽ നേരിട്ട പ്രതിസന്ധികളും നല്ല ഓർമ്മകളും പങ്കുവയ്ക്കാമോ.
ബഡൂസാ കപ്പ് ലൂക്കാ സോക്കറിന്റെ ഈ അഞ്ചുവർഷത്തിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമായിയാണ് ഞങ്ങൾ കാണുന്നത്. ഒരു ഓൾ ഇന്ത്യ ലെവൽ ടൂർണമെന്റിൽ, അതും എ ഐ എഫ് എഫിന്റെ കീഴിൽ വരികയും ഇന്ത്യയിലെ പ്രമുഖ ടീമുകളും പങ്കെടുക്കുകയും ചെയ്ത ഈ ടൂർണമെന്റിൽ വിജയിക്കാൻ കഴിയുക എന്നുള്ളത് അത്ര ചെറിയ കാര്യമല്ല. അതും വളരെ ശക്തരായ മത്സരാർഥികൾക്കെതിരെ. ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു ടൂർണമെന്റിലേയ്ക്കുള്ള യാത്രയ്ക്ക്, അതേപോലെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടെ വന്ന ഫിനാൻഷ്യൽ ഹർഡിലുകൾ അടക്കം വന്നിട്ടും നമ്മുടെ കുട്ടികളുടെ പരിശ്രമങ്ങൾ കൊണ്ട് അതിനെയൊക്കെ തരണം ചെയ്യാൻ ഞങ്ങൾക്കായി. കൂട്ടമായ പരിശ്രമങ്ങൾ കൊണ്ടു ഞങ്ങൾക്ക് മികച്ച വിജയം നേടിയെടുക്കാനും കഴിഞ്ഞു. ഏറെ സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു ആ ചാമ്പ്യൻഷിപ്പ് വിജയം.
3) ടൂർണമെന്റിൽ നിന്നും കിട്ടിയ പൊസിറ്റിവ് വശങ്ങളും ശ്രദ്ധകൊടുക്കേണ്ട പ്രധാന കളിക്കാരും, ഇവയെക്കുറിച്ച്?
ആകെ പത്തൊൻപത് കളിക്കാരുമായിയായിരുന്നു ഞങ്ങൾ ടൂർണമെന്റ് കളിക്കാനായി പുറപ്പെട്ടത്. അതിൽ പതിനെട്ടു കളിക്കാർക്കും ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ചു എന്നത് ഞങ്ങളുടെ സ്ക്വാഡിന്റെ ഡെപ്ത്ത് മനസിലാക്കാൻ ഞങ്ങളെ സഹായിച്ചു. ഏതെങ്കിലും ഒരു പൊസിഷനിൽ ആദ്യ ഇലവനിൽ ഇറങ്ങുന്ന താരങ്ങൾക്ക് ഇറങ്ങാൻ ബുദ്ധിമുട്ട് വന്നാൽ അതേ നിലവാരത്തിൽ തന്നെ കളിക്കാൻ കഴിവുള്ള താരങ്ങളുണ്ട് എന്നത് കൃത്യമായി മനസിലാക്കാൻ സാധിച്ചു. അക്കാദമിയിൽ നിന്നും പ്രൊമോട്ട് ചെയ്ത കളിക്കാർക്ക് കളിക്കാനും വിജയത്തിൽ പങ്കുചേരാനും അവസരമൊരുക്കി കൊടുക്കുകയും അതവർ വിനിയോഗിക്കുകയും ചെയ്തു. ഇത് കേരള പ്രീമിയർ ലീഗ് തുടങ്ങുന്നതിനു മുൻപുള്ള പല ആശങ്കകളേയും പരിഹരിക്കാൻ സഹായിച്ചു.
4) കേരള പ്രീമിയർ ലീഗിൽ താരതമ്യേന മികവുറ്റ മത്സരങ്ങൾ കാഴ്ചവച്ച ലൂക്ക, അടുത്ത ഘട്ടത്തിലേയ്ക്കുള്ള ചവിട്ടുപടി ഈ സീസണോടെ ചവിട്ടിക്കയറുമെന്നു പ്രതീക്ഷിക്കാമോ? പുതിയ സീസൺ കേരള പ്രീമിയർ ലീഗ് പടയൊരുക്കങ്ങൾ എവിടെവരെയായി?
ഈ വർഷത്തെ കേരള പ്രീമിയർ ലീഗിൽ മികച്ച റിസൾട്ട് നേടണം എന്നുതന്നെയാണ് ലൂക്കാ സോക്കർ ക്ലബ്ബിന്റെ ആഗ്രഹം. അതിനുള്ള എല്ലാവിധ പരിശ്രമങ്ങളും നടത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കളിച്ച മികച്ച താരങ്ങളെ നിലനിറുത്തുകയും പുതിയ, നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരുപാട് കളിക്കാരെ കണ്ടെത്തുകയും അവരുമായി ഏകദേശം രണ്ടര മാസത്തോളം പ്രീസീസൻ പരിശീലനം നടത്തുകയും ചെയ്തു. നിലവിൽ ഞങ്ങൾ പുതിയ സീസണിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. മികച്ച റിസൾട്ട് കണ്ടെത്താനും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലേക്ക് കടക്കാനും കഴിയണം എന്നതാണ് പ്രതീക്ഷ.
5) ടീമിനെ ഊണിലും ഉറക്കത്തിലും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നവാസ് ലൂക്ക ഒരുപക്ഷേ കേരളത്തിലെ കായികപ്രേമികൾക്ക് ഏറെ സുപരിചിതനായിരിക്കും, എന്നാൽ ലൂക്കയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധിയാളുകൾ ഇനിയുമില്ലേ? അവരെ നമുക്കൊന്നു പരിചയപ്പെട്ടാലോ?
തീർച്ചയായും, ലൂക്കാ സോക്കർ ക്ലബ്ബ് എന്നത് ഒരുപാട് ആളുകളുടെ കൂട്ടമായ പരിശ്രമമാണ്. ഏറെ പ്രധാനമായി പറയേണ്ടത് എന്നൊടുകൂടെ മാനേജ്‌മെന്റിൽ തന്നെയുള്ള ഷാജി മഠത്തിൽ, മുസ്തഫാ കപാൽ എന്നീ രണ്ട് സുഹൃത്തുക്കളെയാണ്. എന്റെ സ്വപ്നം അവരുമായി പങ്കുവച്ചപ്പോൾ ഇതിൽ ഭാഗവാക്കാവാനും എല്ലാവിധ പിന്തുണയും നൽകാനും അവർമുന്നിലായിരുന്നു. പോരാതെ, ഫുട്‌ബോൾ ഒരു പാഷനായി കൊണ്ടുനടക്കുന്ന, കളിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന എന്നാൽ സാഹചര്യവശാൽ അതിനു കഴിയാതെ പോയെങ്കിലും പാഷന്റെ പേരിൽ ഈ കളിയുടെയൊപ്പം കൂടിയ ഒറ്റനവധിയാളുകളുടെ വിയർപ്പും ഇവിടെയുണ്ട്. ക്ലബ്ബ് സി ഈ ഓ സിയാദ്, സീനിയർ ടീം മാനേജർ റാഫി, അക്കാദമിയിൽ നിന്നും തുടങ്ങി അണ്ടർ 15 ഹെഡ് കോച്ച് സാദിക്ക്, മീഡിയാ ടീം, റീഹാബ് ടീം അങ്ങനെ എന്നിയാലൊടുങ്ങാത്തത്രയാളുകളുടെ കൂട്ടമായ പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ ടീം.
6) ലൂക്കയുടെ ചരിത്രപരമായ ചുവടവയ്പ്പ്, കേരളാ വിമൻസ് ലീഗിലെ പ്രവേശനവും ഒരുപറ്റം കുട്ടികൾക്ക് ഫുട്‌ബോളിലേയ്ക്കുള്ള കാലെടുത്തുവയ്പ്പും. ഈ കഴിഞ്ഞ മത്സരങ്ങളേയും ആകെ വനിതാ ഫുട്‌ബോൾ ടീമിനെയും എങ്ങനെ നോക്കിക്കാണുന്നു?
വുമൻസ് ടീം എന്നതിൽ, ഒരു പ്രൊഫഷണൽ ക്ലബ്ബ് എന്നനിലയിൽ ഒരുപാട് മുന്നേരണമെന്നു ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായിയാണ് എല്ലാ മേഖലകളിലും ടീമുകളിറക്കി ലൂക്കാ മുന്നോട്ടുപോകുന്നത്. നമുക്കറിയാം, ഇന്ത്യയിലെ പുരുഷ ഫുട്‌ബോൾ ടീമിനേക്കാൾ ഏറെ ഉയരങ്ങളിലാണ് ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം. അതുകൊണ്ട് കൂടുതൽ താരങ്ങളെ വാർത്തെടുക്കാനും തൽപ്പരരേ ഇതിലേയ്ക്ക് അടുപ്പിക്കാനും അവസരങ്ങൾ നേടിക്കൊടുക്കാനും മാത്രമാണ് ഈ വർഷം കേരള വുമൻസ് ലീഗിൽ പങ്കെടുക്കുന്നത്. ഇനി വരും വർഷങ്ങളിൽ ഒരു ദീർഘകാലപരിശീലന പദ്ധതിയടക്കം വച്ചു മുന്നോട്ട് പോകാനുറപ്പിച്ചതും നമ്മുടെ ചുറ്റുവട്ടത്തുള്ള കുട്ടികളെ ഉപയോഗിച്ച് തന്നെ നല്ലൊരു ടീം പാടുത്തുയർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായിയാണ്.
7) ലൂക്കാ കളിച്ച ബോഡോസാ കപ്പിലെ ടീമുകളുടെ ആകെ നിലവാരം എത്രത്തോളമാണ് എന്നു തോന്നി? എങ്ങനെയൊക്കെ ഈ ടൂർണമെന്റ് കുട്ടികളെ സഹായിച്ചു എന്നു തോന്നുന്നു?
ബഡൂസാ കപ്പിൽ നാൽപ്പത്തിയെട്ടോളം ടീമുകൾ പങ്കെടുത്തത്തിൽ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ കളിക്കുന്ന ടീമുകളും അവരുടെ സെക്കൻഡ്, റിസർവ് ടീമുകളും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. അതിനുപുറമേ നോർത്ത് ഈസ്റ്റ് എന്ന ഇന്ത്യയിലെ ഏറ്റവും ഫുട്‌ബോൾ സമ്പന്നമായ മേഖലയിൽ നിന്നുള്ള ടീമുകളും, ഈസ്റ്റെൻ റെയിൽവേ പോലുള്ള ശക്തരായ ടീമുകളും ഒക്കെ പങ്കെടുത്ത ഒരു ടൂർണമെന്റിലാണ് പങ്കെടുത്തത്. അതും ലോക്കൽ ടീമുകൾക്കുപോലും പ്രൊഫഷണൽ കളിരീതിയുള്ള, ഒട്ടനവധി ടൂർണമെന്റുകൾ കളിച്ചു പരിചയമുള്ള താരങ്ങളുള്ള ടീമുകളോട് കളിക്കുകയും വിജയിക്കാനുള്ള സർവ്വപരിശ്രമവും നടത്തുകയും ചെയ്തു എന്നതിൽ ഏറെ സന്തോഷമാണ്.
8) ഒരു ക്ലബ്ബ് എന്നനിലയിൽ പ്രൊഫഷനാലിസം എന്നത് മുഖമുദ്രയാക്കിയ ലൂക്കാ, നാളിതുവരെയുള്ള യാത്രയിൽ ഏവർക്കും പ്രിയങ്കരരായി എന്നതിനപ്പുറം വിരോധികളോ വിരോധസ്വരക്കാരോ ഇല്ലാത്തൊരു സംരംഭമായി മാറി എന്നതാവും കൂടുതൽ സ്‌പെഷ്യൽ. ഇതിനു കാരണമെന്തൊക്കെയാവാം?
ലൂക്കാ സോക്കർ ക്ലബ്ബിന്റെ ലക്ഷ്യം എന്നതുതന്നെ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ ചുറ്റുവട്ടത്തുള്ള കുട്ടികളെ കളിക്കാനും അവസരം കൊടുക്കാനും വളർത്താനും സജ്ജരാക്കുക എന്നതാണ്. പിന്നെ ഒരു പ്രൊഫഷണൽ രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ആ രീതിയിലുള്ള പ്രവർത്തനങ്ങളൊക്കെത്തന്നെയാണ് ക്ലബ്ബ് മുന്നോട്ടു വയ്ക്കുന്നത്. മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ഇടപെടാതിരിക്കുകയും ഫുട്‌ബോൾ സംബന്ധിതമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധകൊടുത്തു മുന്നോട്ടു പോകുകയും ചെയ്യുന്നു എന്നതാണ് ഇതിനു കാരണം. അതിനാൽ തന്നെ ഏവരുടെയും പ്രാർത്ഥനയിൽ ഞങ്ങൾക്കുമിടമുണ്ട്; അതിനിയും ഉണ്ടാവുമെന്നുതന്നെയാണ് പ്രത്യാശിക്കുന്നത്. മികച്ച കുറച്ച് താരങ്ങളെയും സമൂഹത്തിലേക്ക് മികച്ച കുറെ മനുഷ്യരെയും സംഭാവനചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഏവരുടെയും പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്കാവശ്യമാണ്.
9) ലൂക്കയുടെ മറ്റൊരു പ്രത്യേകത നിങ്ങളുടെ മീഡിയാ ടീമാണ്. അത്രയേറെ മികവുറ്റ രീതിയിൽ സോഷ്യൽ മീഡിയ മുന്നോട്ട് കൊണ്ടുപോകുന്ന ക്ലബ്ബ് ആരാധക പിന്തുണയിൽ ഓരോ ദിവസവും മുന്നോട്ടു വരികയാണ്. മീഡിയ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം ഈ ലൂക്കാ ആരാധകർക്കായി, അവരുടെ കൂടുതൽ ഇൻവോൾവ്‌മെന്റിനായി നിലവിൽ എന്തെങ്കിലും പ്ലാനുകളുണ്ടോ?
ഒരു പ്രൊഫഷണൽ ക്ലബ്ബിന് തങ്ങളുടെ ആക്റ്റിവിറ്റികൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം സോഷ്യൽ മീഡിയ അടങ്ങുന്ന മാധ്യമ സമൂഹമാണ്. ഞങ്ങളെപ്പോലെയുള്ള ചെറിയൊരു ക്ലബ്ബിന് എത്രത്തോളം തുച്ഛമായ അളവിലാണ് മീഡിയാ കവറേജ് കിട്ടുന്നത് എന്ന് ഏവർക്കും കൃത്യമായി അറിയാമല്ലോ, അതിനാൽ ഞങ്ങളുടെ തന്നെ മീഡിയാ മാർഗ്ഗങ്ങളിലൂടെ ജനങ്ങളിലേയ്ക്കെത്തുക എന്നതാണ് നിലവിലെ സാധ്യമായ മാർഗ്ഗം. പരിമിതമായ സാഹചര്യങ്ങളിലും പരമാവധി വൃത്തതിയായി ഇതൊക്കെ ചെയ്യാൻ ഞങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്, ഇനിയും ഏറെ മെച്ചപ്പെടുത്താനും ശ്രമം തുടരും. അതുപോലെ സോഷ്യൽ മീഡിയയ്ക്കപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വലിയ പദ്ധതികളും മനസ്സിലുണ്ട്. കോവിഡിന്റെ പ്രതിസന്ധികൾ മറികടക്കാനായാൽ ഒരുപാട് പ്രവർത്തനങ്ങൾ ഏവർക്കും പ്രതീക്ഷിക്കാവുന്നതുമാണ്.
10) അനസ് ടോക്‌സ് എന്ന പ്രമുഖ യൂട്യൂബ് ചാനലിൽ പരാമർശിച്ചതുപോലെ ഫുട്‌ബോൾ ഇഷ്ടമുള്ളവർക്ക് എന്നും പിന്തുണയണല്ലോ ഈ സ്ഥാപനം. വിവിധ വയസ്സുകളുടെ ബാച്ചുകൾ അക്കാദമിയിലും ക്ലബ്ബിലും നിലവിൽ ഉണ്ടല്ലോ, ഒരു കുട്ടിക്ക് ലൂക്കായിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ അവൻ ഏത് വഴിയിലൂടെയാണ് നീങ്ങേണ്ടത്?
തീർച്ചയായും, ഫുട്‌ബോൾ ഇഷ്ട്ടപ്പെടുന്ന ആളുകൾക്കുള്ളതാണ് ലൂക്കാ സോക്കർ, കളിക്കാനും കളിയുമായി അടുക്കുവാനും മുന്നേറുവാനും കഴിയുന്ന രീതിയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. ഫുട്‌ബോളിൽ പ്രൊഫഷണൽ തലത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവർക്കും പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള അനുയോജ്യമായ പരിശീലനപദ്ധതികളും ഞങ്ങൾ അനുബന്ധമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. സാധാരണയെന്നപോലെ എലൈറ്റ് ബാച്ചുകൾ എല്ലാം റെസിഡൻഷ്യൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതിൽ മികച്ച താരങ്ങൾക്ക് മുകളിലൊട്ടുള്ള അവസരങ്ങളും തുറന്നു കിടക്കുകയാണ്. കളിക്കാൻ താല്പര്യമുള്ള, പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ചുറ്റുവട്ടങ്ങളിലായി നടത്തുന്ന ലൂക്കാ സോക്കർ സ്‌കൂളിൽ ജോയിൻ ചെയ്യാവുന്നതാണ്.
11) ആരാധകരോടും കളിപ്രേമികളോടും ലൂക്കാ സോക്കറിന് പറയാനുള്ളത്?
കളിപ്രേമികളോടും കളിയാരാധകരോടും പറയാനുള്ളത്, ലൂക്കാ സോക്കർ ക്ലബ്ബ് പോലെ കേരളത്തിൽ വളർന്നുവരുന്ന എല്ലാ ക്ലബ്ബ്ൾക്കും നിങ്ങളാൽ കഴിയുന്നരീതിയിലുള്ള പിന്തുണയും പ്രാർഥനയും നൽകുക. കോവിഡ് ഭീതിയോടുങ്ങിയാൽ നിങ്ങക് ഗ്യാലരികളിൽ എത്തണം, ചുറ്റുവട്ടത്തുള്ള കുട്ടികളെ നിങ്ങൾ പിന്തുണയ്ക്കുകയും വളർത്തുകയും ചെയ്യുക. ഈ നാടിന്റെ ഫുട്‌ബോൾ വികസനത്തിനായി കൈകോർക്കുക.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ