ഐ ലീഗിൽ വീണ്ടും മലയാളമാധുര്യം, സെവൻസ് പ്രേമികളുടെ ഡിങ്കൻ ഐ ലീഗിനായുള്ള ചർച്ചിൽ സ്ക്വാഡിൽ

0
582

കേരള സെവൻസ് വേദികളിലും കേരള, ഗോവൻ ലീഗുകളിലും പ്രതിഭതെളിയിച്ച വി വി പ്രതീഷ് ഇനി ഐ ലീഗിൽ ചർച്ചിൽ ബ്രതേഴ്‌സിനായി പന്തുതട്ടും. 1992 മാർച്ച് 20നു കണ്ണൂർ പയ്യന്നൂരിൽ ജനിച്ച ഇദ്ദേഹം മുൻപ് കേരളത്തിലുടനീളം സെവൻസ് വേദികളിൽ മാസ്മരികപ്രകടനങ്ങൾ കാഴ്ചവച്ച താരമാണ്. താരത്തെ ഈ സീസണിൽ ക്ലബ്ബ് തങ്ങളുടെ പുതിയ ഐ ലീഗ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോവൻ പ്രോ ലീഗിലെ ഗാർഡിയൻ ഏഞ്ചൽസ് എഫ് സിയുടെ മുൻതാരമായിരുന്നു ഡിങ്കൻ എന്നു വിളിപ്പേരുള്ള ഈ കണ്ണൂർ സ്വദേശി. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ജോസ്‌കോയ്ക്കായി കളിച്ച പ്രതീഷ് മുൻപ് ഷൂട്ടേഴ്‌സ് പടന്നയ്ക്കായി കേരള പ്രീമിയർ ലീഗും കളിച്ചിട്ടുണ്ട്. ഒരു യുവമലയാളി താരം എന്നനിലയിൽ മികച്ച പ്രകടനം തന്നെ പുതിയ വേദിയിൽ കാഴ്ചവയ്ക്കാൻ കഴിയും എന്ന് കളിയാരാധകർ പ്രതീക്ഷിക്കുന്നു. പ്രതീഷിന്റെ ചർച്ചിലിലേയ്ക്കുള്ള കൂടുമാറ്റം തുടക്കത്തിൽ റിപ്പോർട്ട് ചെയ്തതും ഐ എഫ് റ്റി ഡബ്ല്യൂ സി ആയിരുന്നു.

ഐ ലീഗിൽ വീണ്ടും മലയാളമാധുര്യം, സെവൻസ് പ്രേമികളുടെ ഡിങ്കൻ ഐ ലീഗിനായുള്ള ചർച്ചിൽ സ്ക്വാഡിൽ IMG 5624 1

1951ഇൽ ഗോവ ഫസ്റ്റ് ഡിവിഷൻ എന്ന പേരിൽ സ്ഥാപിതമായ, ശേഷം ഗോവൻ പ്രോ ലീഗ് എന്നു നാമകരണംചെയ്യപ്പെട്ട ഗോവൻ സ്റ്റേറ്റ് ലീഗിൽ ഗാർഡിയൻ ഏഞ്ചൽസ് ഫുട്‌ബോൾ ക്ലബ്ബിൽ കഴിഞ്ഞ വർഷമാണ് താരം കരാറിൽ ഒപ്പുവയ്ക്കുന്നത്. ശേഷം അവിടെ കളിക്കുകയും ശ്രദ്ധയാകർഷിക്കുകയും ചെയ്ത താരത്തെ ഈ സീസണിൽ ചർച്ചിൽ അവരുടെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു. ഐ ലീഗ്, ഗോവൻ പ്രോ ലീഗ് എന്നീ വേദികളിൽ കളിക്കുന്ന ചർച്ചിൽ 2020-21 സീസണിൽ രണ്ടാംസ്ഥാനക്കാരാണ്. ഗോവയിലെ ഫട്ടോർദ സ്റ്റേഡിയം ഹോം ഗ്രൗണ്ടായിയുള്ള ചർച്ചിൽ ബ്രതേഴ്‌സ്, മുൻപ് രണ്ട് ഐ ലീഗ് കിരീടം, ഒൻപതുതവണ ദേശീയലീഗിൽ ടോപ്പ് ത്രീ പൊസിഷൻ, എട്ട് ഗോവൻ പ്രോ ലീഗ് കിരീടം, മൂന്നു ഡ്യൂറന്റ് കപ്പ് കിരീടം, ഒരു ഫെഡറേഷൻ കപ്പ് എന്നിവ നേടിയിട്ടുണ്ട്. നേട്ടങ്ങളുടെ നെറുകയിൽ വീണ്ടും ട്രോഫികൾക്കായി ദാഹിക്കുന്ന ഈ ക്ലബ്ബ് കഴിഞ്ഞ ഐ ലീഗ് സീസണിലും പ്രേക്ഷകരുടെ ശ്രദ്ധയാകാർഷിച്ചു.

ഐ ലീഗിൽ വീണ്ടും മലയാളമാധുര്യം, സെവൻസ് പ്രേമികളുടെ ഡിങ്കൻ ഐ ലീഗിനായുള്ള ചർച്ചിൽ സ്ക്വാഡിൽ 1639636279449

പ്രതീഷിന്റെ ക്ലബ്ബ് മാറ്റത്തോടനുബന്ധിച്ചു തയ്യാറാക്കിയ ലേഖനത്തിൽ പരാമര്ശിച്ചതുപോലെ തന്നെ ചെറുപ്പംമുതൽ തന്നെ ഫുട്‌ബോൾ കളിയാരംഭിച്ച പ്രതീഷ്, കണ്ണൂർ പയ്യന്നൂർ ബോയ്സ് സ്കൂളിനെ ജില്ലാതലത്തിൽ പ്രതിനിധീകരിച്ചു കളിച്ചു. സംസ്ഥാന കായികമേളയിൽ മുൻപ് സീനിയർ ബോയ്സ് വിഭാഗത്തിൽ കണ്ണൂരിനെ കിരീടത്തിലെത്തിക്കാൻ സഹായിച്ചതും പ്രതീഷിന്റെ കരങ്ങളായിരുന്നു. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ജോസ്ക്കോ എഫ് സിയ്ക്കായി കളത്തിലിറങ്ങിയ താരം പിന്നീട് ഷൂട്ടേഴ്‌സ് പടന്ന, കണ്ണൂർ ജിംഖാന, സ്പിരിറ്റ്, ലക്കി സ്റ്റാർ, യങ് ചലഞ്ചേഴ്‌സ് എന്നീ പ്രാദേശിക ടീമുകളിൽ പന്തുതട്ടി. ഷൂട്ടേഴ്സിനൊപ്പമായിരുന്നു പ്രതീഷിന്റെ കേരള പ്രീമിയർ ലീഗ് അരങ്ങേറ്റവും. രണ്ട് തവണ സന്തോഷ് ട്രോഫി ക്യാമ്പിൽ അംഗമാക്കാനും സാധിച്ച പ്രതീഷ് സെവൻസ് വേദികളിൽ പ്രബലരായ ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, അൽമദീനാ വളാഞ്ചേരി, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, എഫ് സി കൊണ്ടോട്ടി, അൽമദീനാ ചെറുപ്പുളശ്ശേരി, ഹിറ്റാച്ചി തൃക്കരിപ്പൂർ, ശബാബ് തുടങ്ങിയ ക്ലബ്ബുൾക്കായി പന്തുതട്ടിയിട്ടുണ്ട്. മലയാളക്കരുത്തിൽ ഈ സീസണിൽ ചർച്ചിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കുമെന്നു പ്രതീക്ഷിക്കാം.

ഐ ലീഗിൽ വീണ്ടും മലയാളമാധുര്യം, സെവൻസ് പ്രേമികളുടെ ഡിങ്കൻ ഐ ലീഗിനായുള്ള ചർച്ചിൽ സ്ക്വാഡിൽ 1639636296531

കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ