ഈ സാഹചര്യങ്ങളിൽ നാളെ ഫുട്‌ബോളിനുപകരം മറ്റുപലതും കണ്ടേക്കാം – പത്രസമ്മേളനത്തിൽ ഇവാനും സിപ്പോവിക്കും പ്രതികരിക്കുന്നു

0
810

ഹെഡ് കോച്ച് ഇവാൻ വുക്കുമനോവിച്ചിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

  1. ബംഗ്‌ളൂരുവിനെതിരെയുണ്ടായിരുന്ന മത്സരത്തിലെ മൂന്നു ചുവപ്പുകാർഡ് കളിക്കാരുടെ മാനസികസമ്മർദ്ധത്തിന്റെ അടയാളമായിരുന്നുവോ? ഒഴിവാക്കാമായിരുന്ന പലതും അതിൽ ഉൾപ്പെട്ടിരുന്നില്ലേ?

ഈ ചോദ്യത്തോട് ഞാൻ യോജിക്കുന്നു, ചുവപ്പ്കാർഡുകൾ ഒഴിവാക്കാൻ സാധിക്കുന്നവയായിരുന്നു. ഒന്നാം പകുതിയിൽ നല്ല പന്തടക്കമുണ്ടായിരുന്നു നമ്മൾക്ക്, പക്ഷേ രണ്ടാം പകുതിയിൽ ഓഫിഷ്യൽസിന്റെ കയ്യിൽ നിന്നും കളി കൈവിട്ടുപോയതുപോലെ തോന്നിയപ്പോൾ കളിക്കാർക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എന്തായാലും അതു നടക്കാൻ പാടില്ലാത്തതായിരുന്നു. തോറ്റാലും മറ്റെന്തു പ്രകോപനം വന്നാലും അവർ സ്വയം നിയന്ത്രിക്കണമായിരുന്നു. ഇതൊക്കെ കളിയുടെ ഭാഗമല്ലേ. ഓഫിഷ്യൽസിന്റെ തെറ്റായ തീരുമാനങ്ങളും ഇതിനെ ബാധിച്ചു എങ്കിലും അതിനു പ്രതികരിക്കാൻ പാടില്ലായിരുന്നു എന്നു ഞാൻ മത്സരശേഷം പറയുകയുമുണ്ടായി. അതിനുള്ള ശിക്ഷയായി അവർക്ക് അടുത്ത മത്സരങ്ങളിൽ കളിക്കാനാവില്ല. കളിയിൽ ഞങ്ങൾക്ക് ആവശ്യത്തിന് മുൻതൂക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല, രണ്ടാം പകുതിയിൽ പല കാരണങ്ങളാൽ കളി കൈവിട്ടുപോയി. ഇതിനൊപ്പം കൂടുതൽ താരങ്ങൾക്ക് അവസരങ്ങൾ കൊടുക്കുക എന്നതും ഈ മത്സരങ്ങളിൽ ഞങ്ങളുടെ ആവശ്യമാണ്.

  1. നാളത്തെ മത്സരത്തിൽ സുരക്ഷിതമായി കളിക്കുമോ അതോ ഓൾ ഔട്ട് നടത്തുമോ?

ഞങ്ങൾ പരിശീലനത്തിനിറങ്ങാൻ തന്നെ ബുദ്ധിമുട്ടുകയാണ്. കൊൽക്കത്തയിൽ എത്തിയതിനുശേഷം രണ്ടാഴ്ചയിൽ ആകെ അഞ്ച് തവണയാണ് പരിശീലന സെഷൻ നടത്താൻ കഴിഞ്ഞത്. ഇന്നലെയായിരുന്നു അഞ്ചാമത്തേത്, മഴയുള്ള ദിവസവും. കഴിഞ്ഞ രണ്ടു മത്സരങ്ങൾക്കും മുൻപ് പരിശീലനത്തിന് സൗകര്യം ലഭിച്ചിരുന്നില്ല. വലിയ മഴയാണ് ഇവിടെ, ഇന്നലെ രാത്രി മഴ തുടങ്ങി ഇന്ന് വൈകിട്ട് പരിശീലനം നടത്താനാകുമോ എന്ന ആശങ്കയിലാണ് ഞങ്ങൾ. ഇന്നലത്തെ സെഷനു ഒരു ആഴ്ച മുൻപാണ് അവസാന സെഷൻ ഉണ്ടായിരുന്നത്. ഇവിടെ ജിമ്മിലും ഹോട്ടലിനുള്ളിലും മാത്രം സമയം ചെലവഴിക്കുക എന്നുള്ളത് സത്യത്തിൽ ഡ്യൂറന്റ് കപ്പ് പ്രീ സീസൺ എന്നപേരിൽ സമയംകളയലാണ്. നാളത്തെ കാര്യം പ്രതിസന്ധിയിലാണ്, മഴ കുറഞ്ഞില്ലെങ്കിൽ നാളത്തെ കളി ഒരു ഫുട്‌ബോൾ കളിയായിരിക്കില്ല. ബംഗളുരു എഫ് സി – ഡൽഹി മത്സരം പോലെ ചളിയിൽ കിടന്നു കുതിരാം എന്നുമാത്രം. പന്ത് ഉരുളാൻ സാധ്യതയില്ല. ആരൊക്കെ കളിക്കും എന്നുള്ളത് സംശയമാണ്, തുടർച്ചയായി മൂന്നാമത്തെ തവണയാണ് നമുക്ക് മത്സരത്തിനുമുമ്പ് പരിശീലനത്തിനുള്ള അവസരം നഷ്ടമാകുന്നത്. ഇതൊക്കെ തീർത്ത് വേഗം ഗോവയിൽ എത്തിയാൽ മതിയെന്ന് തോന്നുന്നു, കാരണം പരിശീലനത്തിന് അവസരമില്ലാതെ, ഫുട്‌ബോൾ പിച്ചെന്നു തോന്നാത്തവിധത്തിലുള്ള സ്ഥലങ്ങളിൽ പരിശീലനം നടത്തി… ബുദ്ധിമുട്ടാണ്. സംഘാടകർക്ക് അത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്നത് തീർച്ചയാണ് എങ്കിലും ഈ സാഹചര്യങ്ങളിൽ കളിക്കാൻ ഞങ്ങൾക്ക് സത്യത്തിൽ ബുദ്ധിമുട്ടാണ്.

  1. ചെഞ്ചോ, സഹൽ എന്നിവരുടെ നിലവിലെ ടീമിലെ വാർത്തകൾ എന്താണ്. നാളെ അവരെ മത്സരത്തിൽ പ്രതീക്ഷിക്കാമോ?

തീർച്ചയായും, മെടിക്കലിനെ കുറിച്ച് സംസാരിക്കുമ്പോൾ ഹാക്കു പുറത്താണ്. അദ്ദേഹം പരിശീലനം പോലും നടത്തുന്നില്ല. നാഷണൽ ഡ്യൂട്ടി കഴിഞ്ഞെത്തിയ സഹൽ ആകെ രണ്ടുതവനയാണ് ഞങ്ങൾക്കൊപ്പം പരിശീലനം ചെയ്തത്. ഇന്നലെയായിരുന്നു അവസാനത്തേത്. ഇങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹത്തെ ആദ്യ മത്സരത്തിൽ ഈ ചെളിയിലേയ്ക്ക് ഇറക്കിവിടാനും ബുദ്ധിമുട്ടുണ്ട്. പെട്ടെന്നുതന്നെ അദ്ദേഹത്തിന് തിരികെ നാഷണൽ ഡ്യൂട്ടികളിലേയ്ക്കു മടങ്ങിപോകേണ്ടതുമുണ്ട്. അതിനാൽ മെഡിക്കൽ സ്റ്റാഫുകളോട് ഞങ്ങൾ സംസാരിക്കുന്നുണ്ട്. ചെഞ്ചോയും ആകെ രണ്ടു തവണയാണ് പരിശീലനം നടത്തിയത്. വലിയ ഇടവേളയ്ക്കുശേഷം ഞങ്ങൾക്കൊപ്പം പന്തുതട്ടാൻ എത്തുന്ന ഇവരുടെ സുരക്ഷാ നമ്മളും നോക്കണമല്ലോ.

  1. ഇത്രയും പ്രാധാന്യമുള്ള ഒരു പൊസിഷൻ ആയിട്ടും ഒരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറേ തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണമെന്താണ്?

കഴിഞ്ഞ സീസണുകളിലെ അവസ്ഥ വരാതിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഒരു സ്‌ട്രൈക്കറെ ഇറക്കാൻ ചിലപ്പോൾ നമ്മൾ പിൻവലിക്കേണ്ടി വരിക ഒരു വിദേശ താരത്തെ ആവാം, അല്ലെങ്കിൽ ഒരു എസ്ട്ര സ്‌ട്രൈക്കറെ വേണമെങ്കിൽ ഒരു മിഡ്ഫീല്ഡറെ മാറ്റേണ്ടിവരും, നാല് താരങ്ങളെ സബ്സ്റ്റിട്യൂഷനിൽ മാറ്റുക എന്നത് എനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല. പിന്നെ കളിക്കാരുടെ പൊസിഷൻ മാറ്റുകവഴി അവർക്കുണ്ടാവുന്ന മാനസിക സമ്മർദ്ധം കുറയ്ക്കുക എന്നുള്ളതും ഒരു കാരണമാണ്. പരിശീലനത്തിൽ ഒരു പൊസിഷനിൽ കളിക്കുകയും മത്സരത്തിൽ മറ്റൊരു പൊസിഷനിൽ കളിക്കുകയും ചെയ്യുന്നത് പലപ്പോഴും പരാജയത്തിലേയ്ക്കു വഴിവയ്ക്കും. ഒപ്പം ക്ലബ്ബ് പുതുമുഖ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശവും മനസ്സിൽ സൂക്ഷിക്കുന്നു. ഇവിടെ മികച്ച യുവതാരങ്ങളുണ്ട്, അവരെ വളർത്തേണ്ടതും നമ്മളാണ്. ഇന്ത്യൻ ഫുട്‌ബോളിനും അത് നല്ലതാണ്.

  1. താങ്കളുടെ സിസ്റ്റത്തിൽ മധ്യനിര താരങ്ങൾ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കുന്നവരായിരിക്കണം എന്നുണ്ടോ?

തീർച്ചയായും, മോഡൺ ഫുട്‌ബോളിൽ ഇത് സാധാരണമാണ്. അവിടെ മധ്യനിരക്കാർ മുന്നോട്ടും പുറകോട്ടും ഇറങ്ങികളിക്കണം. കൊ ഓർഡിനേഷൻ എന്നുള്ളതാണ് പ്രധാനം. ഞങ്ങൾ അതു പരിശീലിക്കുകയാണ്

  1. കുറച്ചു താരങ്ങൾക്ക് മത്സരപരിചയം കിട്ടാൻ ബാക്കിയുണ്ടല്ലോ, അപ്പോൾ ഇനിയും സൗഹൃദ മത്സരങ്ങൾ പ്രതീക്ഷിക്കാമോ?

തീർച്ചയായും, ഗോവയിൽ 12നും നവംബർ അഞ്ചിനും ഓരോ മത്സരങ്ങൾ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഓക്റ്റോബർ എട്ടിനും പതിനഞ്ചിനും ഒപ്പം അഞ്ചിനും പന്ത്രണ്ടിനും മത്സരങ്ങൾ ഉണ്ടാവും. ആകെ നാല് മത്സരങ്ങൾ കുറഞ്ഞത് ഉണ്ടാവും.

  1. പരിശീലന ഗ്രൗണ്ടുകളുടെ ശോചനീയാവസ്ഥ എങ്ങനെ നോക്കിക്കാണുന്നു?

വിവിധ വാർത്തകൾ ഇതുസംബന്ധിച്ചു പല ക്ലബ്ബ്കളും പുറത്തുവിട്ടിട്ടുണ്ടല്ലോ, ഞങ്ങൾ ഇതിനെ പൊസിറ്റിവായി എടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇതൊന്നും നമ്മുടെ കയ്യിലുള്ള കാര്യമല്ല. ബുദ്ധിമുട്ടുകൾ അവർക്കും ഉണ്ടാവുമല്ലോ. പരിക്കുകളില്ലാതെ കളിക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം. ബുദ്ധിമുട്ടുകൾക്കിടയിലും ഈ ടൂർണമെന്റിൽ കളിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

സിപ്പോവിച്ചിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

  1. ഒട്ടനവധി മികച്ച താരങ്ങൾ സ്ക്വാഡിൽ ഉള്ളപ്പോൾ എത്രത്തോളം താങ്കളുടെ ടീമിലെ സ്ഥാനത്തിനായി കഷ്ടപ്പെടേണ്ടി വരുമെന്ന് തോന്നുന്നു?

ആകെ ഞങ്ങൾ അഞ്ചു സെന്റർ ബാക്കുകൾ ടീമിലുണ്ട്, ബിജോയ്, ഹാക്ക്, ഞാൻ, ഹോർമി, മർക്കോ. എല്ലാവരും പരിശീലനത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്, അതിനാൽ തന്നെ നമുക്ക് നോക്കാം. എല്ലാം കോച്ചിന്റെ കയ്യിലാണ്. നമ്മൾ സ്വയം തെളിയിച്ചു കാണിച്ചുകൊടുക്കുക എന്നുള്ളതാണ് പ്രധാനം.

  1. കഴിഞ്ഞ സീസണിൽ ചെന്നൈയിൽ താങ്കൾ കളിച്ചു, ശേഷം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ. എന്തൊക്കെയാണ് ഈ രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസങ്ങൾ?

അതിത്തിരി പേഴ്‌സണൽ ചോദ്യമാണ്. എനിക്ക് മിഡിൽ ഈസ്റ്റ്, ഇസ്രായേൽ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. അതിൽ എനിക്ക് പരിചയമുണ്ടായിരുന്ന ലീഗ് ഇതാണ്, ഒപ്പം ഈ ടീമുകളോടും ബാബിളിനോടും എനിക്ക് പരിചയമാണ്. പിന്നെ കേരളത്തിലെ ആരാധകരുടെ ബാഹുല്യവും, എനിക്ക് അവരുടെ മുന്നിൽ എന്നെ പ്രൂവ് ചെയ്യാൻ കിട്ടുന്ന അവസരമാണല്ലോ ഇത്. അവരുടെ പിന്തുണ അപാരമാണ്.

  1. മാർക്കോ ലെസ്ക്കോവിക്കിനെ കുറിച്ചുള്ള അഭിപ്രായമെന്താണ്?

എല്ലാ വിദേശതാരങ്ങളും അവരുടെ പരമാവധി കളത്തിൽ കാണിക്കണം. പ്രൊഫഷണലിസം എന്നതിനൊപ്പം മറ്റു കളിക്കാർക്ക് ഇവർ മാതൃകയാകണം. ഒറ്റയാൾ പോരാട്ടത്തിനോ സ്വർത്ഥതയ്ക്കോ ഇവിടെ സ്ഥാനമില്ല.

  1. ഇവിടുത്തെ ആരാധകരെ താങ്കൾക്ക് എത്രത്തോളം അറിയാം? ആരാധകരുടെ അഭാവം എങ്ങനെ കളിയെ ബാധിക്കുമെന്ന് തോന്നുന്നു?

എനിക്ക് ഇവരെ അറിയാം, മുൻപ് ഞാൻ മത്സരങ്ങളും വീഡിയോകളും കണ്ടിട്ടുണ്ട്, ലോകഫുട്‌ബോളിൽ ആരാധകരാണ് ഏറ്റവും പ്രധാന ഘടകങ്ങൾ. അവരെ ഞങ്ങൾ മിസ് ചെയ്യും എന്നാൽ അവരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ഞങ്ങൾ നടത്തും.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ