1) സച്ചിൻ ഒരു സാധാരണ ഫുട്ബോളർ എന്ന നിലയിൽ നിന്നും ഒരു പ്രൊഫഷണൽ ഫുട്ബോളർ എന്ന നിലയിലേക്ക് കാലെടുത്തുവയ്ക്കാൻ തീരുമാനമെടുത്തത് എപ്പോഴായിരുന്നു? ആ പഴയ ഓർമ്മകളിലേക്ക് ഞങ്ങളെ ഒന്നു കൂട്ടിക്കൊണ്ടുപോകാമോ?
എന്റെ എട്ടാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി പ്രൊഫഷണൽ ഫുട്ബോളിലേയ്ക്ക് കടന്നുവന്നത്. സെപ്റ്റ് അക്കാദമിയുടെ കീഴിലായിരുന്നു എന്റെ കളിജീവിതമാരംഭിച്ചത്. അവർക്കുവേണ്ടി എന്റെ പതിനൊന്നാമത്തെ വയസ്സിൽ ഞാൻ ദുബായ് സൂപ്പർ കപ്പ് കളിച്ചിരുന്നു. ശേഷമുള്ള കളിജീവിതത്തിൽ തൃശ്ശൂരിനായി പല വിഭാഗങ്ങളിൽ ബൂട്ടുകെട്ടാൻ എനിക്കവസരങ്ങൾ ലഭിച്ചു. അണ്ടർ 10, 12, 14, 16 ടീമുകളിലും സീനിയർ ലെവലിലും ഞാൻ മത്സരിച്ചിട്ടുണ്ട്. ജന്മനാടായ കേരളത്തിനുവേണ്ടി അണ്ടർ 10, 12, 14, 16 എന്നീ നിലകളിലും സന്തോഷ് ട്രോഫിയിലും ഇടം നേടാൻ എനിക്ക് സാധിച്ചു. ഇതിനിടയിൽ ദേശീയ ടീമിന്റെ ഒപ്പം അണ്ടർ-19 ക്യാറ്റഗറിയിൽ Cotif കപ്പ് സ്പെയിനിൽ പോയി കളിക്കാനും അണ്ടർ 16 വിഭാഗത്തിൽ എഎഫ്സി കപ്പ് താജികിസ്താനിൽ കളിക്കാൻ അവസരം ലഭിച്ചു. കളിജീവിതത്തിൽ കേരള ബ്ലാസ്റ്റേഴ്സിലേയ്ക്ക് എത്തുന്നതിനുമുൻപ് ഞാൻ എഫ് സി കേരളയുടെ അണ്ടർ 18 ടീമിലും സീനിയർ ടീമിലും ബൂട്ടുകെട്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
2) ഒരു ഗോൾകീപ്പർ ആകണം എന്ന നിലയിൽ ചിന്തിക്കാൻ പ്രേരണ നൽകിയ വ്യക്തി ആരാണ്?
ഗോൾകീപ്പറാവാൻ എനിക്ക് പ്രചോദനം നൽകിയത് എന്റെ അച്ഛനാണ്. അദ്ദേഹത്തിൻറെ വലിയൊരു സ്വപ്നം തന്നെയായിരുന്നു എന്നെ ഒരു പ്രൊഫഷണൽ ഗോൾകീപ്പറായി കാണുക എന്നത്. അതുകൊണ്ടുതന്നെ എനിക്ക് എല്ലാവിധത്തിലുള്ള പ്രചോദനവും സഹായവും അദ്ദേഹം നൽകി വരുന്നുണ്ട്.
3) അർജൻറീന ടീമിനെ പരാജയപ്പെടുത്തിയ അണ്ടർ 20 ടീമിൽ സച്ചിനും അംഗമായിരുന്നുവല്ലോ, എന്തായിരുന്നു ആ നിമിഷത്തെ മാനസികാവസ്ഥ?
Cotif കപ്പിൽ ആർജന്റീനയോട് വിജയിച്ചത് എന്റെ ഫുട്‌ബോൾ കരിയറിലേതന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു. ഇന്ത്യൻ ടീം അർജന്റീനയെ പരാജയപ്പെടുത്തുന്നത് വലിയ കാര്യം തന്നെയാണ്. മത്സരത്തിന് ശേഷവും ഞാൻ അഭിമാനപൂരിതനായിരുന്നു, ദേശീയ ടീമിൽ ഭാഗമാവാൻ സാധിച്ചതിലും അർജന്റീനയെ പരാജയപ്പെടുത്താൻ സാധിച്ചതിലും. വലിയൊരു അനുഭവം തന്നെയായിരുന്നു അത്.
4) കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിൽ ചേരാനിടയായ കാരണമെന്താണ്?
കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയുക എന്നത് എന്റെ സ്വപ്നമായിരുന്നു. എല്ലാ മലയാളി താരങ്ങൾക്കും അതുതന്നെയാവും അവരുടെ പ്രധാന ലക്ഷ്യവും. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നെ സമീപിച്ചപ്പോൾ അതിയായ സന്തോഷമാണ് എനിക്കുണ്ടായത്. എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ക്ലബ്ബാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്, അതിനാൽതന്നെ പൂർണ്ണമനസ്സോടെ ഞാനവിടെ കരാറിൽ ഒപ്പുവച്ചു.
5) കേരളാ പ്രീമിയർ ലീഗിൽ ഈ സീസണിൽ വളരെ മികവുറ്റ പ്രകടനമായിരുന്നല്ലോ താങ്കളുടേത്. എന്താണ് കെ പി എൽ ഈ സീസണിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ? ഒപ്പം എങ്ങനെയുണ്ടായിരുന്നു അനുഭവങ്ങൾ?
കെ പി എൽ ഈ സീസൺ എനിക്ക് ഏറെ വിലപ്പെട്ടതാണ്, കാരണം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബിനോപ്പം എന്റെ ആദ്യ ടൂർണമെന്റാണ് ഇത്. ഇവിടെ കളിക്കാൻ എനിക്ക് ഒരുപാട് സന്തോഷമായിരുന്നു. ഒരുപാട് പരിചയസമ്പത്തുനേടാൻ എനിക്ക് ഇതിൽ നിന്നും സാധിച്ചു എന്നു പറയാം. എനിക്ക് വളരാൻ ഈ ടൂർണമെന്റ് വഴിയൊരുക്കി. എന്നാലാവുന്നവിധം ടീമിനായി പൊരുതാൻ ഞാൻ ശ്രമിച്ചു. ടീമിന്റെ കണ്ണുകളിലൂടെ നോക്കിയാൽ അത്ര മികച്ച സീസണായിരുന്നില്ല ഇത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഞങ്ങൾക്ക് ഈ വർഷം നിർഭാഗ്യവശാൽ വിജയിക്കാൻ കഴിഞ്ഞില്ല. പരമാവധി ശ്രമിച്ചുവെങ്കിലും.
6) ടി ജി പുരുഷോത്തമന്റെ കീഴിൽ എഫ് സി കേരളയിലും ഇപ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സിലും കളിക്കുകയാണല്ലോ, ഇരു ഡ്രസിങ് റൂമുകളിലെയും അന്തരീക്ഷത്തിലെ വ്യത്യാസമെന്താണ്? ഒപ്പം ടിജിപിയുടെ കീഴിലെ പരിശീലനവും പ്രവർത്തിക്കാനുള്ള അവസരവും എങ്ങനെയുണ്ട്?
അതേ, ഞാൻ എഫ് സി കേരളയിലും ഇപ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സിലും ടി ജി പുരുഷോത്തമൻ സാറിന്റെ കീഴിൽ കളിച്ചു. രണ്ടു ടീമുകൾക്കും വ്യത്യസ്ത ഡ്രസിങ് റൂം അന്തരീക്ഷമാണ്. എഫ് സി കേരളയിൽ കളിക്കാർ അവരവരുടെ വീടുകളിൽ നിന്നും വരുന്നു, കളിക്കുന്നു. എന്നാൽ ഇവിടെ എല്ലാവരും ഒരുമിച്ചു താമസിക്കുകയും ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. കോച്ചിന്റെ കീഴിൽ കളിക്കുന്നതുതന്നെ വലിയ സന്തോഷമാണ്, കാരണം അദ്ദേഹം ഞങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ. അദ്ദേഹത്തിനൊപ്പം സമയം ചിലവാക്കുന്നതുതന്നെ വലിയ കാര്യമാണ്.
7) റിസൽറ്റുകൾ ഉണ്ടാക്കുക എന്നതിലുപരി നല്ല താരങ്ങളെ വാർത്തെടുക്കുക എന്നതാണ് എന്റെ രീതി എന്നു കോച്ച് ടി ജി പി മുൻപ് പറഞ്ഞിരുന്നുവല്ലോ. ഈ രീതിയിലെ പോസിറ്റിവ് വശങ്ങൾ എന്തൊക്കെയാണെന്നാണ് സച്ചിന് തോന്നുന്നത്?
ഇതിനോട് എനിക്ക് വളരെ നല്ല അഭിപ്രായമാണ്. റിസർവ്വ് ടീം പ്രധാനമായും യുവതാരങ്ങളേ വളർത്താനും ഭാവിയിൽ സീനിയർ ടീമിലേക്ക് എത്തിക്കാനുമാണ് പ്രവർത്തിക്കേണ്ടത്. അതു കണക്കിലെടുക്കുമ്പോൾ പുരുഷോത്തമൻ കോച്ചിന്റെ രീതികളെ ബഹുമാനത്തോടെതന്നെ കാണണം. പോസഷൻ ബേസ്ഡ് ഫുട്‌ബോൾ കളിക്കുന്നതിനാൽ താരങ്ങൾക്ക് തങ്ങളുടെ ടെക്നിക്കൽ വശങ്ങളും ടാക്ട്ടിക്കൽ വശവും മൂർച്ചയേറിയതാക്കാൻ ഏറെ സഹായകരമാണ്. വളർന്നുവരുന്ന താരങ്ങൾക്ക് ഇതു വളരെ നല്ലൊരു കളിരീതിയാണ്.