എറണാകുളം കോതമംഗലം സ്വദേശി മുഹമ്മദ് സാഗർ അലി വീണ്ടും ഭൂട്ടാൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളിലേയ്ക്കു മടങ്ങിയെത്തുന്നു. ലീഗിലേയ്ക്കു പുതുതായി വന്ന എഫ് സി ടാക്കിനിൽ താരം ഒരു വർഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ഗുജറാത്തിനൊപ്പം സന്തോഷ് ട്രോഫിയിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച സാഗർ പ്രസ്തുത ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. താരം ജൂലൈ 26നു ഭൂട്ടാനിലേയ്ക്കു തിരിക്കും.
ഇരുപത്തിയൊമ്പതു വയസ്സുകാരനായ സാഗർ മുൻപ് ഭൂട്ടാൻ പ്രീമിയർ ലീഗിൽ ഡ്രൂക് സ്റ്റാർ ക്ലബ്ബിൽ പന്തുതട്ടിയിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ തന്നെ കൊമ്പട്ടിട്ടിവ് ഫുട്‌ബോളിലേയ്ക്കു കടന്നുവന്ന ഇദ്ദേഹം സായ് വഴി വളർന്ന താരമാണ്. ഈഗിൾസ് എഫ് സി കൊച്ചിനായി 2012-13 സീസണിൽ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ കളിച്ചു, ശേഷം എ ജി ഓഫീസ്, ഇന്ത്യൻ ബാങ്ക്, എയർ ഇന്ത്യ എന്നിവിടങ്ങളിൽ 2016 വരെ കളിച്ചു. 2016-17 സീസണിൽ ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡെൽഹിക്കൊപ്പം കളിച്ച ഇദ്ദേഹം ടീമിനെ ലീഗിൽ മൂന്നാം സ്ഥാനം വരെ എത്തിക്കാൻ സഹായിച്ചു. അതിനു പുറകെ മധ്യഭാരത് ഫുട്‌ബോൾ ക്ലബ്ബ്, പതചക്ര എഫ് സി എന്നിവിടങ്ങളിൽ കളിച്ച ശേഷമാണ് അറ എഫ് സിയിൽ താരമെത്തുന്നത്. 2018-19 സീസണിൽ വീണ്ടും ഐ ലീഗ് സെക്കൻഡ് ഡിവിഷൻ കളിച്ച താരം അവിടെ നിന്നുമാണ് ഭൂട്ടാൻ പ്രീമിയർ ലീഗിലേയ്ക്കു ചേക്കേറുന്നത്. 2019 സീസണിൽ ഡ്രൂക് സ്റ്റാറ്റസ് എഫ് സി യിൽ കളിച്ച താരം അവിടെ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്നു.
ഒരു സീസണിൽ അവിടെ കളിച്ച ശേഷം തിരികെ അറയിൽ എത്തിയ ഇദ്ദേഹം ഐ ലീഗ് യോഗ്യതാ മത്സരങ്ങളും ഐ ലീഗ് സെക്കൻഡ് ഡിവിഷനും കളിച്ചു. ഇതിനിടയിലാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ടീമിലെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിക്കുന്നതും. നീണ്ട കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫിയിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയ ഗുജറാത്ത് ടീമിന്റെ നെടുംതൂണായി നിലകൊണ്ടു ഈ മലയാളി താരം. സീസണിൽ കേരളം കപ്പുയർത്തിയപ്പോഴും സന്തോഷ് ട്രോഫി എന്നുപറയുമ്പോഴൊക്കെ സാഗർ അലിയുടെ പേര് തുടർന്നും മുഴങ്ങി കേട്ടിരുന്നു ആരാധകർക്കിടയിൽ. മികച്ച സീസണിനൊടുവിൽ ഇപ്പോൾ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് എഫ് സി ടാക്കിൻ
ഭൂട്ടാൻ ഫുട്‌ബോൾ ഫെഡറേഷന് കീഴിലുള്ള ഭൂട്ടാൻ പ്രീമിയർ ലീഗിൽ പുതുമോടിയുമായാണ് എഫ് സി ടാക്കിൻ എത്തുന്നത്. യോഗ്യതാ മത്സരങ്ങൾ കളിച്ചു മൂന്നാം സ്ഥാനക്കാരായി ലീഗിലേയ്ക്കു ക്വാളിഫൈ ചെയ്ത ടീം 2016ഇലാണ് നിലവിൽ വരുന്നത്. 2012ഇൽ ആരംഭിച്ച ഭൂട്ടാൻ പ്രീമിയർ ലീഗിൽ നിലവിൽ പത്തു ടീമുകളാണ് കളിക്കുന്നത്. രണ്ടുവീതം കിരീടങ്ങൾ സ്വന്തമാക്കിയ പാലോ എഫ് സി, തീംപുഹു എഫ് സി, ട്രാൻസ്‌പോർട്ട് യുണൈറ്റഡ് എന്നിവർക്കെതിരെയാണ് സാഗർഅലിയുടെ എഫ് സി ടാക്കിൻ കളിക്കാനെത്തുന്നത്. പാലോ എഫ് സിയാണ് നിലവിലെ കിരീടജേതാക്കൽ. ജിഗ്‌മെ ദോർജിയുടെ പരിശീലനത്തിൽ നിലവിൽ ഭൂട്ടാൻ ഒന്നാം ഡിവിഷനിൽ എത്തിനിൽക്കുന്ന ടീം പുതിയ സ്പോൺസർമ്മാരുടെ പിൻബലത്തിൽ വിദേശ പരിശീലകരെയും വിദേശ താരങ്ങളെയും നോട്ടമിട്ടുകഴിഞ്ഞു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ചങ്ളിമിതാൻ സ്റ്റേഡിയം ഹോമായിയുള്ള എഫ് സി ടാക്കിൻ ഈ സീസണിൽ വലിയ വിജയപ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്.
ഇരുകളുകളും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തീർത്തും ഫ്ളക്സിബിൾ പ്ലേയറായ സാഗർ സെന്റർ ബാക്ക്, സ്റ്റോപ്പർ പൊസിഷനുകളിൽ അനുയോജ്യമാണ് എന്നതിനൊപ്പം ആവശ്യമെങ്കിൽ മധ്യനിരയിലോ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലോ കളിക്കുകയും ചെയ്യും. ബോള് കണ്ട്രോൾ മികച്ചരീതിയിലുള്ള താരം ലോങ് ബോളുകളിലും സമ്മർദ്ദ ഘട്ടങ്ങളിൽ പന്തുകൈവശം വച്ചു കളിക്കുന്നതിലും മിടുക്കനാണ്.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ