ഭാരതഫുട്‌ബോളിലേയ്ക്കു കുഞ്ഞിക്കാലെടുത്തുവച്ചു കൂറ്റൻ കുതിപ്പിനായി ഒരുങ്ങിക്കഴിഞ്ഞു ആന്ധ്രാപ്രദേശ് ആസ്ഥാനമായ ശ്രീനിധി ഡെക്കാൻ എഫ് സി. ഐ എഫ് എ ഷീൽഡിൽ മികച്ച മുന്നേറ്റം നടത്തി ആരാധകരുടെ മനംകവർന്ന ഇവർ, പുതിയ സീസണിൽ ഐ ലീഗിലേക്ക് ചുവടുറപ്പിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. നിലവിൽ ഐ എഫ് എ ഷീൽഡിൽ ഫൈനൽ വരെ എല്ലാ മത്സരങ്ങളിലും വിജയിച്ചു മുന്നേറിയ ഇവർ റിയൽ കാശ്മീരിനോട് അവസാനനിമിഷം അടിയറവുപറയുകയായിരുന്നു എങ്കിലും ഈ പുതിയ ചുവടുവയ്പ്പ് മാറ്റങ്ങളുടെ പറുദീസയിലേയ്ക്കുള്ള പ്രവേശനകവാടമായാണ് ആരാധകർ വിലയിരുത്തുന്നത്. ഡിസംബർ 26നു തുടങ്ങിയ ഐ ലീഗ് മത്സരങ്ങളിൽ ശ്രീനിധിയും വരവറിയിച്ചുകഴിഞ്ഞു എന്നത് ഇതിനു തുടക്കമായിയാണ്. ടീമിന്റെ ഈ സീസണിലെ ആദ്യ മത്സരം 27ആം തീയതി നെരൊക്ക എഫ് സിയുമായിയാണ് നടന്നത്. മത്സരത്തിൽ മൂന്നിനെതിരെ ഇവർ രണ്ടുഗോളടിച്ചു.
2015 ജനുവരി ഒന്നിന് ആന്ധ്രാപ്രദേശ് ആസ്ഥാനമായി ആരംഭിച്ച ശ്രീനിധി ഫുട്‌ബോൾ അക്കാദമി, ശ്രീനിധി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഇന്ത്യൻ ഫുട്ബോളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താനിറങ്ങിയ സംഘമാണ്. വിവിധ വിഭാഗങ്ങളിൽ കളിക്കാൻ അവസരം ലഭിച്ച ക്ലബ്ബ് ഏറെ വിപ്ലവകാരമായ മാറ്റങ്ങളിലേയ്ക്കു വഴിയടുത്തത് 2020ഇൽ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ പുതിയ ടീമുകൾക്കായുള്ള ക്ഷണം നിമിത്തമാണ്. ബിഡ് സമർപ്പിച്ചു കാത്തിരുന്ന ക്ലബ്ബിനു ശുഭവാർത്തയുമായി ഓഗസ്റ്റ് പന്ത്രണ്ടാം തീയതി എ ഐ എഫ് എഫ് എത്തി. ശ്രീനിധി 2021-22 സീസണിൽ കളിക്കും! ഡെക്കാൻസ് എന്നു വിളിപ്പേരുള്ള ഈ കുറിയ സംഘം ഇന്ത്യൻ പ്രഥമ ഡിവിഷൻ ടൂർണമെന്റായ ഐ ലീഗിന് മുന്നോടിയായി ഐ എഫ് എ ഷീൽഡ് കളിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി. 128 വർഷത്തിന്റെ നീണ്ട ചരിത്രമുള്ള, ഡ്യൂറണ്ട് കപ്പിന് പുറകിൽ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായി അറിയപ്പെടുന്ന ഐ എഫ് എ ഷീൽഡിൽ ഈ സീസണിൽ ഭവാനിപ്പൂർ, സൗതേൺ സമിറ്റി എന്നിവർക്കൊപ്പമാണ് ശ്രീനിധി മാറ്റുരച്ചത്. അവിടെ, കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ചു മികച്ചരീതിയിൽ പ്ലേ ഓഫിലേയ്ക്കു കടന്ന ഇവർ ശേഷം കൽക്കത്ത കസ്റ്റംസിനെ മറുപടിയില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ചു മുന്നേറി ക്വാർട്ടർ, സെമി എന്നിവിടങ്ങളിൽ ജോർജെ ടെലിഗ്രാഫ്, റെയിൽവേ എന്നിവരേയും പരാജയപ്പെടുത്തി. മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും ഒരു തോൽവിയുമായി മുകളിലേയ്ക്ക് കടന്ന റിയൽ കാശ്മീർ, പ്ലേഓഫ്, ക്വാർട്ടർ, സെമി എന്നിവിടങ്ങളിൽ യഥാക്രമം ഭവാനിപ്പൂർ, മുഹമ്മദൻസ്, ഗോകുലം കേരള എന്നിവരെ പരാജയപ്പെടുത്തി ഫൈനൽ പ്രവേശം നേടി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ 29ആം മിനിറ്റിൽ ഡേവിഡ് മുനോസിന്റെ ഗോളിൽ ലീഡ് നേടിയ ശ്രീനിധി പിന്നീട് അവസാനനിമിഷത്തെ റിയൽ കശ്മീർ ആക്രമണങ്ങളിൽ പിടഞ്ഞു. മത്സരമവസാനിക്കുമ്പോൾ തൊണ്ണൂറ്റിമൂന്നാം മിനിറ്റിലെ ഫ്രാൻ ഗോൺസാലസിന്റെ ഗോളും മുഹമ്മദ് അവലിന്റെ ഔൺ ഗോളും സഹിതം റിയൽ കാശ്മീരിന് ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം. ഫൈനലിൽ വീണെങ്കിലും വീരോചിതമായി പൊരുതിയ ശ്രീനിധി ഉയർത്തെഴുനേല്പിന്റെയല്ല, പകരം പുത്തൻ ചുവടുവയ്പ്പിന്റെ ശംഘനാദം മുഴക്കി പ്രേക്ഷകഹൃദയങ്ങളിൽ പ്രവേശിച്ചു.
കൊളംബിയൻ താരം ജുവാൻ ഡേവിഡ് കസ്റ്റനെടയും ഘാന താരം മുഹമ്മദ് അവാലും വിദേശതാരങ്ങളായുള്ള ശ്രീനിധി പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ വലിയ തോതിൽ തന്നെ നടത്തതിയിരുന്നു. ഒട്ടനവധി പ്രമുഖ, യുവ താരങ്ങളെ ക്ലബ്ബിലെത്തിച്ച മാനേജ്‌മെന്റ് മലയാളി താരങ്ങൾക്കും പ്രത്യേക പരിഗണന നൽകി. ഗോൾകീപ്പർ ഉബൈദ് സി കെ ഉൾപ്പടെ പരിച്ചയസമ്പത്തുള്ള ഒട്ടനവധി താരങ്ങൾ ഇത്തവണ ടീമിലുണ്ട്. ഷഹബാസ് ഖാൻ, ബിജെയ് ഛേത്രി, ലാൽചുങ്ങ്ക, ദിനേശ് സിങ്, ഫൽഗുനി സിങ്, വൻലാൽബിയാ ചങ്ത്തെ, ഉമാശങ്കർ, ഫ്രഡ്‌സൻ, ഗിരിക് കോസ്‌ലാ, മായക്കണ്ണൻ, അറിജിത്, വിനീത് കുമാർ, റോസെൻബെർഗ് ഗബ്രിയേൽ, കെ പി രാഹുൽ, ലാൽറോമവിയ, ശ്രീറാം ഭൂപതി, ശിബിൾ മുഹമ്മദ്, ഹർഷ് പാട്ടീൽ, സുനിൽ, മയോസിങ്, മുഹമ്മദ് സല, സൂരജ്, സമദ് അലി, ശിബിൻരാജ്, മാൽസംസുവാല എന്നിവരാണ് ഇത്തവണത്തെ ശ്രീനിധിയുടെ കാലാൾപ്പട.
2020 വരെ ഹീറോ സബ് ജൂനിയർ ലീഗിൽ പന്തുതട്ടിയ ശ്രീനിധി, ഹെഡ് കോച്ച് ഫെർണാണ്ടോ സാന്റിയാഗോ വരേലയുടെ കീഴിൽ ഈ സീസണിന് തുടക്കമിട്ടത് മേൽപറഞ്ഞ പരാജയവുമായിയാണ്. നേരോക്ക എഫ് സി മൂന്നു ഗോൾ നേടിയപ്പോൾ രണ്ടു ഗോൾ തിരിച്ചടിച്ചു ശ്രീനിധി വരവരിയിക്കുകയും ചെയ്തു. തുടർന്നുള്ള മത്സരങ്ങളിൽ ട്രാവൂ എഫ് സിയോട് ഏറ്റുമുട്ടേണ്ടിയിരുന്നു എങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ധമൂലം ലീഗിലെ ആ പ്രസ്തുത ദിവസത്തെ മത്സരങ്ങൾ മാറ്റിവച്ചു. ജനുവരി നാലാം തീയതി മുഹമ്മദാൻസ് എഫ് സിയുടെയാണ് ശ്രീനിധിയുടെ അടുത്ത മത്സരം.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ