മലയാളി ഫുട്ബോൾ ആരാധകർക്ക് അത്രയധികം കേട്ടുപരിചയമില്ലാത്ത മലയാളി പേര്, സിംഗപ്പൂരിലും ഇന്ത്യയിലുമായി വിവിധ ഫുട്ബോൾ ക്ലബ്ബ്കളിൽ പ്രൊഫഷണൽ ലീഗുകളിലടക്കം കളിച്ചു കാൽപന്തുകളിയുടെ ലോകത്തെ പത്രാസുകളുടെയും പ്രശസ്തിയുടെയും ഒന്നും കണ്ണിൽ പെടാതെ നടന്നിരുന്ന ഒരതുല്യ പ്രതിഭ. ജീവിതം തന്നെ പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും പടുത്തുയർത്തിയ പുത്തൻ താരോദയം. 1998 ഫെബ്രുവരി ഇരുപത്തിയാറിന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ ജയൻ വി എം, വത്സ ജയൻ എന്നിവരുടെ മകനായി ജനിച്ചു. ജനീറ്റയാണ് സഹോദരി. പ്രാഥമിക വിദ്യാഭ്യാസം നേടാനായി എം എ എം എച്ച് എസ് എസ് പുത്തൻകുരിശിൽ ചേർന്ന വർഗീസ് ആദ്യകാലത്ത് കൂട്ടുകാർക്കൊപ്പം കളിച്ചിരുന്നത് ക്രിക്കറ്റാണ്. സാഹചര്യങ്ങളും മറ്റും അതിനായിരുന്നു കൂടുതൽ. അതിനിടെ സ്കൂളിൽ ആഴ്ചകളിൽ ഒരിക്കൽ മാത്രം കിട്ടുന്ന നാല്പത്തിയഞ്ചു മിനിറ്റ് പി ഈ റ്റി പിരിയഡിൽ ആയിരുന്നു ഫുട്‌ബോളിനോടുള്ള പരിചയപ്പെടലും ഒരു നീണ്ട പ്രണയകഥയുടെ ആരംഭവും. പ്രാരംഭഘട്ടത്തിൽ ഫുട്‌ബോളിന് അത്ര പ്രാധാന്യം നൽകിയിരുന്നില്ല എന്നതുകൊണ്ടുതന്നെ ഇട്ടുകളിക്കാൻ ബൂട്ടോ പ്രത്യേക ജേഴ്‌സിയോ ഒന്നും അന്നുണ്ടായിരുന്നില്ല എന്നതും സ്കൂൾ യൂണിഫോമിലുള്ള കളിയും കളികഴിഞ്ഞു മുഷിയുന്ന ഷൂസും എടുത്തുള്ള നടപ്പും താരം ഇന്നും ഒട്ടും മങ്ങാതെ ഓർത്തെടുക്കുന്നു. ശേഷം ഏഴാം ക്ലാസ് മുതൽ രണ്ടുവർഷം പാമ്പാക്കുട അഡ്വെഞ്ചർ പബ്ലിക്ക് സ്കൂളിൽ പഠിച്ച താരം വൈകുന്നേരങ്ങളിൽ സ്കൂൾ സമയത്തിന് ശേഷം ഫുട്ബോൾ കളിച്ചു വീണ്ടും ഈ കളിയോട് കൂടുതൽ അടുത്തു. എബിനെസിർ വെട്ടൂർ സ്കൂളിലാണ് വർഗീസ് തന്റെ പത്താംതരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനിടെ താരം വേനൽ അവധിയുടെ സമയത്തു സുഹൃത്തിന്റെ പക്കൽ നിന്നും കടംവാങ്ങിയ ജേഴ്സിയും ബൂട്ടുമായി ബ്യൂസിഫാലസ് ഫുട്ബോൾ സ്കൂൾ ട്രയൽസിൽ പങ്കെടുക്കുകയുമുണ്ടായി. നിരവധിയനവധി അക്കാദമി താരങ്ങളും സ്കൂൾ തല പ്രതിഭകളും എത്തിയ സെലക്ഷൻ ട്രയൽസിൽ വർഗീസ് എത്തിയത് മേൽപറഞ്ഞ, ഫുട്‌ബോളുമായുണ്ടായിരുന്ന ചെറുപരിചയം കൊണ്ടുമാത്രമാണ്. മറ്റു താരങ്ങളെ തന്റെ പ്രതിഭാവൈഭവം കൊണ്ടു മറികടന്നു മുന്നേറിയ താരം ആ വർഷം അവിടെ സെലക്റ്റ് ചെയ്യപ്പെടുകയും ഫുട്‌ബോളിനോട് കൂടുതൽ അടുക്കുകയും ചെയ്തു. അവിടെ വച്ചാണ് കാൽപന്തിന്റെ ആദ്യ പാഠങ്ങൾ കൃത്യമായി മനസിലാക്കുന്നതും. കളിയുടെ ബാലപാഠങ്ങൾ വശത്താക്കിയ താരം ഒരു വർഷം അവിടെ തുടരുകയും കളിക്കുകയും ചെയ്തു. ഇടയ്ക്ക് കളിക്കളത്തിൽ പറക്കുന്ന പൊടിയും മറ്റും അസ്വസ്ഥതയ്ക്കു കാരണമാവുകയും തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഓട്ടം നിറുത്താൻ നിർബ്ബന്ധിതനാവുകയും ചെയ്തു. എങ്കിലും പന്തും വർഗീസും തമ്മിലുള്ള പ്രണയം അതിതീവ്രമായി വളർന്നതിനാൽ ഔട്ട് ഫീൽഡ് കളി അവസാനിപ്പിച്ചെങ്കിലും ഗോൾകീപ്പറായി കളിക്കളത്തിലേക്കു മടങ്ങിയെത്തി കളിജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ച താരം വീഴ്ചകളിൽ പൂർവ്വാധികം ശക്തിയോടെ കുതിച്ചുപൊങ്ങി കാണികൾക്ക് പ്രചോദനവും ആയിത്തീർന്നു. സെവൻസ് വേദികളിൽ നിറഞ്ഞാടിയ താരം ഹയർ സെക്കൻഡറി സ്‌കൂൾ കാലഘട്ടത്തിൽ ഗോൾകീപ്പിങ് മികവുകൊണ്ടു കാണികളുടെ കയ്യടിനേടി. ഇത്രയൊക്കെയായിരുന്നിട്ടും അച്ഛൻ ജയനും അമ്മ വത്സയ്ക്കും ഏതൊരു മാതാപിതാക്കളുടെയുമെന്നപോലെ തന്നെ വർഗീസിന്റെ ഭാവിയിൽ ആശങ്കകൾ വന്നുകൂടിയപ്പോൾ ജോലിയ്ക്കായി പഠനം തുടരാൻ ചെന്നൈയിൽ എസ് ആർ എം യൂണിവേഴ്‌സിറ്റിയിൽ അയച്ചു. ഒരു വർഷത്തെ പൊളിടെക്നിക്ക് പ്രവേശന പരീക്ഷ വഴി സിംഗപ്പൂരിൽ പോവാനുള്ള വഴി തെളിഞ്ഞു വന്നു എങ്കിലും താരം തന്റെ ‘ഭ്രാന്ത്’ നിറുത്താൻ തയ്യാറായിരുന്നില്ല. കിട്ടിയ സമയങ്ങളിലെല്ലാം കളിക്കാൻ പോയ വർഗീസ് പരീക്ഷകളുടെ ഇടയിൽ പോലും കളിയിൽ മുഴുകി നടക്കുന്നത് കണ്ടപ്പോൾ സുഹൃത്തുക്കൾക്കും ഭയമായിരുന്നു എങ്കിലും പരീക്ഷയുടെ ഫലങ്ങൾ ഏവരെയും ഞെട്ടിച്ചു. മികച്ച രീതിയിൽ തന്നെ കോഴ്‌സ് പൂർത്തീകരിച്ച ഇദ്ദേഹം പകുതി മനസ്സോടെ സിംഗപൂരിലേയ്ക്കു വിമാനംകയറി. അവിടെ വർഗീസ് ജയന്റെ ജീവിതത്തിന്റെയും കാൽപന്തുകളിയിലെയും രണ്ടാം അധ്യായം ആരംഭിക്കുകയാണ്.
സിംഗപൂരിലേയ്ക്കുള്ള വിമാനയാത്ര അർധരാതിയിൽ ആയിരുന്നു, രാവിലെ അവിടെയെത്തി പുതിയ സാഹചര്യങ്ങളും സൗകര്യങ്ങളും പരിചയപ്പെടാൻ തുടങ്ങുന്നതിനു മുന്നേ തന്നെ കാലും പന്തുമായുണ്ടായിരുന്ന പ്രണയം കലശലായി വർഗീസിനെ അലട്ടി. അങ്ങനെ പുതിയ നാട്ടിൽ എത്തിയ ആദ്യ ദിവസം തന്നെ കളിക്കാനൊരിടംതേടി താരമിറങ്ങി. ഇന്ത്യയിൽ നിന്നും തീർത്തും വ്യത്യസ്തമായ അവസ്ഥയാണ് സിംഗപ്പൂരിൽ, കളിസ്ഥലങ്ങൾ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണുള്ളത്. അതും സർക്കാർ വക. മുൻകൂട്ടി ടിക്കറ്റും മറ്റും ബുക്ക് ചെയ്തുവേണം അവിടെ കളിക്കളങ്ങളിൽ എത്താൻ, എങ്കിലേ അവസരങ്ങളുള്ളൂ. ആരോടൊക്കെയോ ചോദിച്ചും പറഞ്ഞും ഒരു ടർഫ് ഗ്രൗണ്ട് ഒടുവിൽ കണ്ടെത്തിയ വർഗീസിന് പുതിയ നാട്ടിലെ തുടക്കക്കാരന്റെ പരിച്ചയക്കുറവുമൂലം കളിക്കാനവസരം ചോദിക്കാൻ മടി. ഫീൽഡിൽ പന്തുരുളുന്നതും നോക്കിയിരുന്ന താരത്തെ രക്ഷിച്ചതോ… കേരള ബ്ലാസ്റ്റേഴ്‌സ്!!!
അതേ, ചെന്നൈയിൽ പഠിച്ചിരുന്ന സമയത്തു കേരളത്തിന്റെ എവേ മത്സരം കാണാനായി സ്റ്റേഡിയത്തിൽ നിന്നും വാങ്ങിയ മഞ്ഞ ജേഴ്സിയും ഷൊർട്സും അണിഞ്ഞു കളിക്കളത്തിനു പുറത്തെ ബെഞ്ചിൽ ഇരുന്ന താരത്തെ ഒരാൾ കണ്ടെത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരമാണോ എന്നായിരുന്നു ആ വിദേശിയുടെ ആദ്യ ചോദ്യം. അല്ലെന്നും താൻ ആരാധകനാണെന്നും പറഞ്ഞ വർഗീസിന് ഖയ്റിൽ എന്ന ആ വ്യക്തിയെ പരിചയപ്പെടുന്നതുവരെ കാര്യമായി ഒന്നും മനസിലുണ്ടായിരുന്നില്ല. കളിക്കണം, അത്രതന്നെ. പക്ഷേ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ വർഗീസ് ഞെട്ടി, അവിടുത്തെ വനിതാ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. അങ്ങനെ പരിചയം വലുതായപ്പോൾ സ്റ്റീഫൻ ട്ടാൻ എന്ന സ്കൂൾ ടീം കോച്ചിന്റെ പക്കൽ ഇദ്ദേഹം വഴി വർഗീസ് എത്തിച്ചേരുന്നു. സിംഗപൂരിന്റെ ഇതിഹാസ താരമായിരുന്നു സ്റ്റീഫൻ ട്ടാൻ എന്ന ആ മനുഷ്യൻ. കളിക്കണമെന്ന ആവിശ്യമറിയിച്ച താരത്തെ നിരാശപ്പെടുത്താതെ അദ്ദേഹം നമ്പറും ചോദിച്ചുവാങ്ങി തന്റെ ടീമിലേക്കു ക്ഷണിച്ചു. റ്റെമസെക് പോളി സ്കൂൾ ടീമിൽ ഇടംനേടിയ താരം തന്റെ ബുദ്ധിമുട്ടുകൾക്ക് ഏറെക്കുറെ പരിഹാരമായി എന്നോണം കോച്ചിന്റെ നിർദ്ദേശപ്രകാരം ഔട്ട് ഫീൽഡ് പ്ലേയറായി വീണ്ടും കളത്തിലെത്തി. അവിടെ നിന്നും പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കുള്ള പടവുകൾ ഓരോന്നായി ചാടികയറുകയായിരുന്നു ഈ എറണാകുളം സ്വദേശി. എൻ എഫ് എൽ ഒന്നാം ഡിവിഷൻ ടീമായ യൂനുസ് ക്രസന്റിൽ ഒരു സുഹൃത്ത് വഴിയെത്തിയ താരം അതിവേഗം അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. സെമി പ്രൊഫഷണൽ ലീഗ് ആയിരുന്നു എങ്കിലും പൂർണ്ണമായും ഒരു പ്രൊഫഷണൽ ലീഗിന്റെ തന്നെ പ്രതീതിയായിരുന്നു അവിടെ.
കളിയും ജീവിതവും പഠനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ പാർട്ട് ടൈമിൽ ജോലിയെടുക്കാനും സ്വയം അദ്ധ്വാനിച്ചു സമ്പാദിച്ച പണവുമായി ജീവിക്കാനും ചിലവുകൾ നോക്കാനും വർഗീസ് പക്വതയാർജ്ജിച്ചതും വളരേ പെട്ടന്നായിരുന്നു. എയർപോർട്ടിലും മറ്റും ജോലിചെയ്തു നേടിയ പണം കൊണ്ടായിരുന്നു ഫീസും ഭക്ഷണവും ബാക്കി ചിലവുകളും ഒക്കെ ഇദ്ദേഹം കൂട്ടിമുട്ടിച്ചിരുന്നത്. 2017 പകുതി സീസണിൽ യൂനുസ് ക്രസന്റിൽ ചേർന്ന താരം 2018-19 സീസണിൽ ഒന്നാം ഡിവിഷൻ ടീമായ കടോങ് എഫ് സിയിൽ കളിക്കാനിറങ്ങി. ഇതിനിടെ താരത്തിന് അവിടുത്തെ സുഹൃത്ത് വഴി ജംഗ്ഫിറാവോ പുൻഗോൾ എന്ന ക്ലബ്ബിൽ ഒരു ഓഫീസിഷ്യൽ ഫ്രാൻഡ്ലി മത്സരം കളിക്കാനും അവസരം ലഭിച്ചു. സിംഗപ്പൂർ പ്രീമിയർ ലീഗിൽ പ്രൊഫഷണൽ കളിക്കുന്ന ഗേലാങ് ഇന്റർനാഷണൽ എന്ന ക്ലബ്ബിനെതിരെയായിരുന്നു ആ മത്സരം. അണ്ടർ 23 വിഭാഗം ആയിരുന്നു എങ്കിലും വാശിയേറിയ മത്സരം തന്നെ നടന്നു ഇരുവർക്കുമിടയിൽ, വർഗീസ് ആ മത്സരത്തിൽ കോച്ചിന്റെ നിർദ്ദേശപ്രകാരം വിവിധ പൊസിഷനുകളിൽ കളിച്ചു പ്രതിഭയറിയിക്കാനുള്ള ശ്രമം നടത്തി. അന്നേദിവസം വർഗീസിന്റെ മഹാഭാഗ്യമെന്നോണം ഗേലാങ് ഇന്റർനാഷണൽ മെയിൻ ടീം ഹെഡ് കോച്ച് നൂറലി അന്ന് കളിവീക്ഷിക്കാൻ എത്തിയിട്ടുണ്ടായിരുന്നു. സിംഗപൂറിന് വേണ്ടി ഒട്ടനവധി മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം സ്റ്റാൻസിൽ ഇരുന്നു കളിയും കാര്യവും പഠിക്കാൻ ശ്രമിക്കുന്നതിനിടെ വർഗീസിലേയ്ക്കു കണ്ണെത്തുന്നു, മത്സരം കഴിഞ്ഞയുടനെ തെല്ലിട നേരംകളയാതെ ഇദ്ദേഹത്തെ സമീപിച്ച നൂറലി ഒട്ടും മടികൂടാതെ തങ്ങളുടെ റിസർവ്വ് ടീമിലേക്ക് കൊത്തിക്കൊണ്ടു പോവുകയായിരുന്നു. സീസൺ അവസാനമായതിനാൽ പുതിയ ടീമിനൊപ്പം പരിശീലനത്തിൽ മാത്രമേർപ്പെടാനെ ആ സീസണിൽ വർഗീസിനായുള്ളൂ. അടുത്ത സീസണിലേയ്ക്കു ടീമിൽ എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന താരത്തിന് തിരിച്ചടിയായി ഇതിനിടെ ഫുട്ബോൾ അസോസിയേഷൻ സിംഗപ്പൂർ, റിസർവ്വ് ലീഗ് ക്യാൻസൽ ചെയ്തുകളഞ്ഞു. പകരം അണ്ടർ 19 ലീഗ് കൊണ്ടുവരാനായി ലീഗ് നിർത്തലാക്കിയ അവർ അതോടെ വർഗീസിന്റെ ആ ടീമിലെ സ്വപ്നങ്ങളുടെ കൊട്ടാരങ്ങൾക്ക് വർണ്ണം പകരൽ നിഷേധിച്ചു. ആ അവസരവും നഷ്ടമായിട്ടും ഫുട്‌ബോളിൽ പിടിച്ചു നിൽക്കാൻ സ്കൂൾ ടീമിൽ കളിയും പരിശീലനവും തുടർന്ന വർഗീസ് സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളേ തകർത്തെറിയാൻ താൻ വിദഗ്ധനാണെന്നും പുതിയ കളിക്കാർക്ക് താനും തന്റെ കളിജീവിതവും ഒരു പ്രചോദനമാവുമെന്നും ഒരിക്കൽ കൂടി തെളിയിക്കുകയാണുണ്ടായത്. കറ്റോങ് എന്ന എൻ എഫ് എൽ ഡിവിഷൻ വൺ ടീമിൽ താരം എത്തുകയും ഒപ്പം അതേ സമയത്തുതന്നെ ബാലസ്റ്റിയർ ഖൽസ ടീമിനൊപ്പം പരിശീലിക്കാനും അവസരം ലഭിച്ചു. ക്രൊയേഷ്യൻ ഹെഡ് കോച്ച് മാർക്കോയുടെ കീഴിൽ പരിശീലനം ആരംഭിച്ച ഇദ്ദേഹം തിങ്കൾ മുതൽ ശനി വരെ പ്രൊഫഷണൽ ടീമിനൊപ്പം ട്രെയിനിങ്ങിൽ ഏർപ്പെടുകയും ഞായറാഴ്ച തന്റെ സെമി പ്രൊഫഷണൽ ലീഗിൽ കളിക്കുകയും ചെയ്തു കളിയോട് കൂടുതൽ അടുത്തു. താൻ പരിശീലനം നടത്തുന്ന ടീം ബലസ്റ്റിയർ ഖൽസ 2015-16 സീസണിൽ ഈസ്റ്റ് ബംഗാളിനോട് എ എഫ് സി കപ്പിൽ മത്സരങ്ങൾ കളിച്ചിരുന്നു എന്നതും ഇദ്ദേഹത്തിന് പുളകം കൊള്ളിക്കുന്ന ഓർമ്മകളാണ്. ആദ്യ മാസങ്ങളിൽ രാജ്യാന്തര താരങ്ങൾക്കൊപ്പമുള്ള ട്രെയിനിങ്ങിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ ടീമിൽ തുടർന്ന താരത്തെ ഹെഡ് കോച്ച് പ്രകടനത്തിലെ പിന്നോക്കാവസ്ഥയിലും ടീമിൽ നിലനിറുത്തിയത് ഈ കളിയോടുള്ള അമിത ആർപ്പണമനോഭാവവും ആത്മാർത്ഥതയും കൊണ്ടായിരുന്നു. പരിശീലനത്തിനൊപ്പം അധികസമയം പന്തിനൊപ്പം ചിലവഴിച്ചതിന്റെ ഫലമായി സിംഗപ്പൂരിലെ ഫുട്ബോൾ ഉത്സവങ്ങളിലൊന്നായ സുൽത്താനോ സലൻഖൂർ കപ്പിൽ സിംഗപ്പൂർ സെലക്ഷൻ നാഷണൽ ടീമിനെതിരെ ഫ്രാൻഡ്ലി മത്സരത്തിൽ തൊണ്ണൂറു മിനിറ്റ് കളിക്കാനിറങ്ങിയ താരം തന്റെ ആദ്യ പ്രൊഫഷണൽ മത്സര അരങ്ങേറ്റം അവിടെ കുറിച്ചു.
മൂന്നു മണിക്കൂർ സ്കൂളിലും, തുടർന്ന് ജോലിക്കും പിന്നെ ട്രെയിനിങ്ങിനും പോയി വീണ്ടും ഷിഫ്റ്റ് വർക്കിനും പൊയ്ക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തം ചിലവുകൾ വളരെ ഭാരിച്ചതായിരുന്നു എങ്കിലും ഇനിയും കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാൻ താത്പര്യമുണ്ടായിരുന്നില്ല താരത്തിന്, അതിനാൽ തന്നെ രാപകൽ അദ്ധ്വാനിച്ചു തന്നെ മാസാമാസം വരുന്ന 700 ഡോളറിനടുത്തുള്ള ചിലവുകൾ മുൻപോട്ടുകൊണ്ടുപോയി. സുഹൃത്തുക്കളും ആവിശ്യമുണ്ടായിരുന്ന സമയത്തു കൈതാങ്ങായത് നിറകണ്ണുകളോടെ താരം ഓർത്തെടുക്കുന്നു. ഇതിനിടെ പണത്തിന്റെ ബുദ്ധിമുട്ട് ഇടയ്ക്കു വന്നതുകൊണ്ടു താത്കാലികമായി പരിശീലനം നിറുത്തേണ്ടി വരികയും തുടർച്ചയായി ഒരു മാസം ജോലിയെടുത്തു ബാധ്യതകൾ ഒഴിവാക്കുകയും ചെയ്തതിനിടയിൽ തന്റെ പഴയ കോച്ച് നൂറലി ഗേലാങ് ഇന്റർനാഷണൽ ക്ലബ്ബിലേയ്ക്കു മുഖ്യപരിശീലകനായി എത്തി എന്ന വിവരം തന്നെ പ്രതീക്ഷകളുടെ കൊടുമുടി കയറ്റി. അദ്ദേഹത്തിന്റെ കൈപിടിച്ചു വീണ്ടും ഗേലാങ്ങിൽ പരിശീലനം ആരംഭിച്ച ഇദ്ദേഹം കളിയിലും കളി ശൈലിയിലും വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും നാഷണൽ/ഇന്റർ നാഷണൽ താരങ്ങൾക്കൊപ്പം കളിച്ചു കളിപരിചയമുണ്ടാക്കുകയും ചെയ്തു. ഇതിൽ എടുത്തുപറയേണ്ടകാര്യം എന്താണെന്നാൽ ബലസ്റ്റിയർ ടീം, ബിൽഡ് അപ്പ് ഗെയിം കളിക്കുന്ന ടീമും, ഗേലാങ് ഇന്റർനാഷണൽ പന്ത് മുഴുവൻ സമയവും നിലത്തു വച്ചു കളിക്കുന്ന ടീമും ആയിട്ടുകൂടി ഇരു സാഹചര്യങ്ങളും ഒരേപോലെ ഒത്തിണക്കി അതിനോടൊക്കെ ഇഴുകിച്ചേരാൻ ഏതാനും ദിവസങ്ങൾ മാത്രമേ വർഗീസ് ജയൻ എന്ന താരത്തിന് ആവശ്യം വന്നുള്ളൂ എന്നതാണ്. ഇതിൽപ്പരം മികവ് ഒരു ഫുട്‌ബോളറിൽ നിന്നും ഒരു കോച്ച് പ്രതീക്ഷിക്കുന്നതെങ്ങനെ? ബലസ്റ്റിയർ യുണൈറ്റഡിൽ കളിയാരംഭിച്ചിരുന്ന താരം വരവരിയിച്ചത് ലീഗിലെ ഒരു മാൻ ഓഫ് ദി മാച്ച് കയ്യിലാക്കിയായിരുന്നു. ശേഷം ജംഗ്ഫ്രാവു പൂങ്കോൾ ടീമിലേക്ക് ചേക്കേറിയ താരം അവിടെ നിന്നും രണ്ടു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും കയ്യിലാക്കി കളിക്കളമടക്കിഭരിച്ചു.
. കളിക്കളത്തിലെ മിന്നൽപ്പിണറായി സിംഗപ്പൂർ ടീമുകളിൽ പന്തുമായി മാന്ത്രികനൃത്തം ചവിട്ടികൊണ്ടിരിക്കുന്നതിനിടയിൽ കോവിഡ് സാഹചര്യങ്ങൾ മൂലം കളി നിറുത്തിവയ്ക്കപ്പെടുകയായിരുന്നു. ശേഷം ലോക്ക് ഡൗൺ മൂലം പരിശീലനത്തിനും അവസരങ്ങൾ കിട്ടാതെവന്നപ്പോൾ ജിമ്മിൽ പോയും ജോഗിങ്ങിന് പോയും ഫിറ്റ്നസ് നിലനിറുത്താൻ പരമാവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്ന താരം ഭാരതമണ്ണിൽ പന്തുതട്ടണമെന്ന അടങ്ങാത്ത മോഹവുമായിയാണ് ഇന്ത്യയിലെ ഒരു സുഹൃത്തുവഴി ഐ ലീഗ് ടീമായ നെരൊക്കെ ഫുട്ബോൾ ക്ലബ്ബിൽ തന്റെ ആദ്യ പ്രൊഫഷണൽ കൊണ്ട്രാക്റ്റിൽ ഒപ്പുവയ്ക്കുന്നത്.
സിംഗപ്പൂരിൽ കളിച്ചിരുന്ന തെംസാക് പോളി ടീമിലെ ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യൻ താരമായിരുന്നു വർഗീസ്. സിംഗപ്പൂർ ഇതിഹാസതാരം സ്റ്റീഫൻ ടാനിനോട് ഒരിക്കൽ വർഗീസിനെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഏതൊരു മലയാളിയെയും പുളകമണിയിക്കുന്നതായിരുന്നു, “വർഗീസ് വളരെയധികം ഈ കളിയോട് കൂറുള്ളവനാണ്, കഠിനപരിശീലനം നടത്താനും പുതിയ പാഠങ്ങൾ പഠിക്കാനും വെമ്പൽ കൊള്ളുന്ന വ്യക്തിത്വം. അദ്ദേഹം സ്വയം വിശ്വസിക്കുകയും ടാക്ട്ടിക്കൽ പരമായി പുരോഗമനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്താൽ ഇതിലും മികവ് കാണിക്കാൻ കഴിയുമെന്ന് ഉറപ്പാണ്. ഇവിടുത്തെ (സിംഗപ്പൂരിലെ) ആദ്യ രണ്ടു വർഷങ്ങൾ അദ്ദേഹത്തിന്റെ പഠനകാലമായിരുന്നു, അവസാന വർഷം മത്സരങ്ങൾ കളിക്കാനും അവസരങ്ങൾ ഒരുങ്ങി. കൂടെ കളിച്ചവരും മറ്റും ലോകോത്തര നിലവാരമുള്ളവരായതിനാൽ മാത്രം മിക്ക കളികളിലും ആദ്യ ഇലവനിൽ എത്താൻ കഠിനപരിശ്രമം വേണ്ടിയിരുന്നു. റിസൽറ്റുകൾ പതിയെ വരും എന്നു ഞാൻ വർഗീസിനോട് പറഞ്ഞു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കളിയും സ്വപ്നംകണ്ടു നടന്നിരുന്ന ഒരു എറണാകുളംകാരൻ, ഇഷ്ട്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിൽ പോയിരുന്ന് ആർപ്പുവിളിച്ച അതേ വർഗീസ് ജയൻ ഇന്ന് ആരാധകർക്കുമുൻപിൽ പന്തുതട്ടുകയാണ്. വീറോടെ വാശിയോടെ കാൽപന്തിന്റെ ലഹരിയെ സിരകളിലാവാഹിച്ചു ഭാരതമണ്ണിൽ വിദേശലീഗുകളുടെ കളികളിലെ പ്രൗഢിയും അഴകും കായികക്ഷമതയുമായി മാറ്റുരയ്ക്കാനും കളിക്കാനും ജയിക്കാനും എത്തിച്ചേർന്ന വർഗീസിന് മാർഗ്ഗങ്ങൾ പലതാണെങ്കിലും ലക്ഷ്യം ഒന്നു മാത്രം…ഫുട്ബോൾ.
ചെറിയ തോൽവികളിൽ തളർന്നുപോകുന്നവർക്കും ആശാഭംഗം സംഭവിച്ചതിൽ മനംനൊന്ത് കളിയുപേക്ഷിക്കുന്നവർക്കും വർഗീസ് ജയന്റെ കളിജീവിതം ഒരു പാഠപുസ്തകമാണ്, സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടു പടുത്തുയർത്തിയ തന്റെ കരിയർ ഇപ്പോഴും ആരംഭഘട്ടത്തിലാണെന്നു പറയുന്ന താരം ഇനിയുമേറെ ദൂരം തനിക്കും ഭാരതഫുട്‌ബോളിനൊപ്പം പോകാനുണ്ട് എന്ന പ്രഖ്യാപനവും ഇതോടൊപ്പം നടത്തുന്നു. ഫുട്ബോൾ ക്ലബ്ബ് നെരോക്ക എഫ് സിയിൽ നിലവിൽ കരാറിലേർപ്പെട്ട താരം മികച്ച അവസരങ്ങൾ വന്നാൽ തീർച്ചയായും ക്ഷണിക്കുന്ന ക്ലബ്ബിൽ തന്റെ ആത്മാവ് പകുത്തുവച്ചു കളിക്കാൻ തയ്യാറാണെന്ന് പറയുന്നതിലൂടെ ഈ താരത്തിന്റെ കാലുകളും മൈതാനമധ്യത്തുരുളുന്ന പന്തും തമ്മിലുള്ള പ്രണയകാവ്യം തങ്കലിപികളിൽ രചിക്കപ്പെടേണ്ടതുണ്ട് എന്ന രഹസ്യസന്ദേശവും കളിയാരാധകർക്കു നൽകുന്നു.