ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില
കേരള ബ്ലാസ്‌റ്റേഴ്‌സ് 1 x സുദേവ ഡൽഹി എഫ്സി 1
കൊൽക്കത്ത, 19‐08‐2022: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഗ്രൂപ്പ് ഡിയിൽ സുദേവ ഡൽഹി എഫ്‌സിയുമായി 1‐1ന് പിരിഞ്ഞു. കളിയുടെ 42‐ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. 45‐ാംമിനിറ്റിൽ മാൻചോങ് കുക്കിയാണ് സുദേവയുടെ സമനില ഗോൾ നേടിയത്.
ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ സച്ചിൻ സുരേഷ്, എച്ച് മർവാൻ, തേജസ് കൃഷ്‌ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്‌ഹർ, വിബിൻ മോഹനൻ,ഗൗരവ്, മുഹമ്മദ് അയ്‌മെൻ, റോഷൻ ഗിഗി, മുഹമ്മദ് അജ്‌സൽ എന്നിവരുൾപ്പെട്ടു. ഗോൾ കീപ്പർ സച്ചിൻ സുരേഷായിരുന്നു ക്യാപ്‌റ്റൻ.സുദേവ ഡൽഹി എഫ്‌സിക്കായി കബീർ കോഹ്‌ലി, നിശ്‌ചൽ ചന്ദൻ, അക്‌ബർ ഖാൻ, മാൻചോങ് കുക്കി, നിതേഷ് ഡാർജീ, ഹരിവെയ്, അഷ്‌റായി ഭരദ്വാജ്, മൈക്കേൽ, ബാസിത്, ലാവ്‌മ്‌ന, കാർത്തിക് എന്നിവരും ഇറങ്ങി.
ആദ്യനിമിഷങ്ങളിൽ സുദേവയുടെ മുന്നേറ്റമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം മികച്ച പ്രകടനംപുറത്തെടുത്തു. കളിയുടെ എട്ടാം മിനിറ്റിൽ സുദേവയുടെ കാർത്തികിന്റെ ഗോൾ ശ്രമം ഗോൾ കീപ്പർ സച്ചിൻ സുരേഷ് കാലുകൊണ്ട് തട്ടിയകറ്റി. പതിനെട്ടാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിലെ ആദ്യ കോർണർ കിക്ക് കിട്ടി. പക്ഷേ, സുദേവ ഗോൾ കീപ്പറെ പരീക്ഷിക്കാനായില്ല. ഇരുപതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച പ്രത്യാക്രമണം സുദേവ ബോക്‌സിൽ അവസാനിച്ചു. ഇരുപത്തിനാലാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മുന്നേറ്റവും സുദേവ പ്രതിരോധം തടഞ്ഞു. പിന്നാലെ ബാസിതിന്റെ മികച്ച മുന്നേറ്റം സുദേവ കോർണർ വഴങ്ങി അപകടമൊഴിവാക്കി. ഇതിനിടെ സുദേവയുടെ പ്രത്യാക്രമണങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു.
37‐ാം മിനിറ്റിൽ കാർത്തികിനെ ഫൗൾ ചെയ്‌തതിന് തേജസിന് മഞ്ഞക്കാർഡ് ലഭിച്ചു. കളിയിൽ ബ്ലാസ്‌റ്റേഴ്‌സ് നിയന്ത്രണം നേടി. പക്ഷേ, സുദേവ ഗോൾമുഖത്തേക്ക് മുന്നേറാനായില്ല. എന്നാൽ ഏറെനേരം കാത്തിരിക്കേണ്ടിവന്നില്ല ബ്ലാസ്‌റ്റേഴ്‌സിന്. കിടയറ്റ ഗോളിലൂടെ മുഹമ്മദ് അജ്‌സൽ മഞ്ഞപ്പടയ്‌ക്ക് ലീഡ് നൽകി. നാൽപ്പത്തിരണ്ടാംമിനിറ്റിൽ ഗൗരവിന്റെ കൃത്യതയാർന്ന പാസ് പിടിച്ചെടുത്ത്, സുദേവ പ്രതിരോധത്തെയും ഗോൾ കീപ്പറെയും നിഷ്‌പ്രഭമാക്കി അജ്‌സലിന്റെ നിലംപറ്റിയുള്ള അടി വലയിൽ പതിഞ്ഞു. പിന്നാലെ സുദേവ തിരിച്ചടിച്ചു. മാൻചോങ് കുക്കിയുടെ തകർപ്പൻ ഗോൾ. ബ്ലാസ്‌റ്റേഴ്‌സ് ഗോൾ ഏരിയയിൽവച്ചുള്ള ബാസിതിന്റെ ത്രോ ബോക്‌സിന് പുറത്ത് കൃത്യം കുക്കിക്ക്. പന്ത് സ്വീകരിച്ച് ബോക്‌സിൽ കയറിയ കുക്കി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാർക്കിടയിലൂടെ അടിപായിച്ചു. സച്ചിൻ സുരേഷിന് അത് തടയാനായില്ല. അവസാന 10 മിനിറ്റിലെ മിന്നുന്ന പ്രകടനവുമായി ആദ്യപകുതി 1‐1ന് അവസാനിച്ചു.
രണ്ടാംപകുതിയിൽ കളി വേഗത്തിലായി. അമ്പതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സുദേവ ഗോൾമുഖത്തേക്ക് മിന്നുന്ന നീക്കം നടത്തി. സുദേവ ഗോൾ കീപ്പർ കബീർ കോഹ്‌ലി പോസ്‌റ്റ് വിട്ടിറങ്ങി. എങ്കിലും അവരുടെ പ്രതിരോധം പിടിച്ചുനിന്നു. പിന്നാലെ റോഷന്റെ ത്രോ പിടിച്ചെടുത്ത് അജ്‌സൽ അടിപായിച്ചെങ്കിലും ലക്ഷ്യം തെറ്റി. മറുവശത്ത് നിതേഷിന്റെ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്തെത്തിയെങ്കിലും പ്രതിരോധം വിട്ടില്ല. മർവാൻ തട്ടിയകറ്റി. നാൽപ്പത്താറാം മിനിറ്റിൽ റോഷന്റെ ഫ്രീകിക്ക് പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.
61‐ആം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് കളിയിലെ ആദ്യ മാറ്റംവരുത്തി. ഗോളടിക്കാരൻ അജ്‌സലിന് പകരം ജസീം കളത്തിലെത്തി. അവസാന ഘട്ടത്തിൽ കളിയുടെ വേഗത കുറഞ്ഞു. ഇരുടീമുകളും സ്വന്തം ഗോൾമുഖം കാത്തു. മർവാന്റെ നേതൃത്വത്തിൽ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സുദേവയുടെ നീക്കങ്ങളെ സമർഥമായി തടഞ്ഞു. 82‐ാം മിനിറ്റിൽ സുദേവയുടെ ബാസിതിന്റെ ബോക്‌സിലേക്കുള്ള ക്രോസ് തേജസ് തട്ടിയകറ്റി. അക്‌ബർ, കാർത്തിക് ഉൾപ്പെടയുള്ള താരങ്ങളിലൂടെയായിരുന്നു സുദേവയുടെ ആക്രമണം. 88‐ാം മിനിറ്റിൽ കാർത്തികിന്റെ നിലംപറ്റിയുള്ള അടി സച്ചിൻ സുരേഷ് പിടിയിലൊതുക്കി. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് കളിയിലെ രണ്ടാം മാറ്റം വരുത്തി. ഗൗരവിന് പകരം എബിൻ ദാസെത്തി. 92‐ാം മിനിറ്റിൽ റോഷന് പകരം സുബ ഗോഷും കളത്തിലിറങ്ങി. അവസാന നിമിഷങ്ങളിൽ പ്രത്യാക്രമണങ്ങളിലൂടെ വിജയഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചു. എന്നാൽ സുദേവ പ്രതിരോധം ഭേദിക്കാനായില്ല. കളി 1‐1ന് അവസാനിച്ചു. 23ന് ഒഡീഷ എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ