എൽക്കോ ഷറ്റോറിയുമായി ഐ എഫ് ടി ഡബ്ള്യൂ സി നടത്തിയ സുപ്രധാന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ :
ഇന്ത്യൻ യുവ താരങ്ങളുടെയും മറ്റു ഫുട്‌ബോളർമാരുടെയും കളിയിലെ പുരോഗമനം ലക്ഷ്യംവച്ചുകൊണ്ട് 2021-2022 സീസൺ മുതൽ ഏഴിൽ നിന്നും ആറു വിദേശതാരങ്ങളെ മാത്രമേ ടീമിൽ ഉൾക്കൊള്ളിക്കാവൂ എന്ന പുതിയ നിയമവുമായി എ ഐ എഫ് എഫ് മുന്നോട്ടുവന്നിരിക്കുകയാണ്. അവരിൽ, നാലു താരങ്ങളെ മത്സരത്തിൽ ഒരേസമയം ഇറക്കാം എന്നും ഈ നിയമഭേദഗത്തിയിൽ പറയുന്നു. ഐ എസ് എൽ മത്സരങ്ങളുടെ നിലവാരത്തിലും കാണികളുടെ എണ്ണത്തിലും കുറവുകൾ സംഭവിച്ചേക്കാം എന്ന കാര്യം നിലനിൽക്കുമ്പോഴും, വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നതുവഴി കൂടുതൽ ലോക്കൽ ടാലന്റുകളെ കളിയിലേയ്ക്ക് ഇറക്കാൻ സാധിക്കും എന്നതും അവരുടെ കളിക്ക് അതായിരിക്കും കൂടുതൽ നല്ലത് എന്നതുമാണ് പുതിയ കണ്ടെത്തൽ.
മുൻ കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുഖ്യപരിശീലകൻ എൽക്കോ ഷാറ്റോറിയുടെ അഭിപ്രായം ഇതിനു വിപരീതമാണ്. വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുപകരം കൂടുതൽ മത്സരങ്ങൾ ഈ ടീമുകൾക്ക് നൽകുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെടുന്നു ഇദ്ദേഹം. “മൂന്നോ അഞ്ചോ വിദേശതാരങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ മത്സരങ്ങളാണ് ഇവിടെ ഗുണം കൊണ്ടുവരിക. ഈ സീസണിൽ ആകെ 11 ടീമുകൾ ആയതിനാൽ അവർ 20 മത്സരങ്ങൾ കളിച്ചു, ഇനി അത് 15 ടീമുകൾ ആയാലോ, അപ്പോൾ അവർക്ക് 28 മത്സരങ്ങൾ കിട്ടും. ഈ 28 മത്സരങ്ങൾ കിട്ടും എന്നത് വളരെ വിലപ്പെട്ട ഒന്നാണ്. അവർക്ക് കളിക്കാനും മുകളിലേയ്ക്ക് കയറാനും കൂടുതൽ അവസരമാണ് ഇതൊരുക്കുന്നത്.
നാലു മാസങ്ങളിലായി ഓരോ ടീമിനും 20 മത്സരങ്ങൾ നൽകിയാണ് നിലവിൽ ലീഗ് മുന്നോട്ട് പോകുന്നത്. എ എഫ് സി മത്സരങ്ങളിലോ ദേശീയ ക്യാമ്പിലോ വരാത്ത താരങ്ങൾക്ക് അപ്പോൾ ആറു മാസത്തെ വിശ്രമവേളയാണ് നൽകപ്പെടുന്നത്. ഇതവരുടെ ശാരീരികക്ഷമതയെയും ആരോഗ്യനിലയെയും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
“എനിക്ക് എന്റെ ടീമിൽ മൂന്നോ നാലോ അഞ്ചോ വിദേശികൾ ഉണ്ടെന്നുള്ളത് ഒരു വിഷയമല്ല, കൂടുതൽ മത്സരങ്ങളുണ്ടോ എന്നതാണ് പ്രധാനം. എത്രത്തോളം മത്സരങ്ങൾ ഉണ്ടോ, അത്രത്തോളം കളിക്കാനവസരമാണ്, കളിസമയമാണ് അവിടെ. കളിച്ചാലെ നിങ്ങൾ വളരൂ”
വിദേശികളുടെ വണ്ണം കുറയ്ക്കുകവഴി ഉണ്ടായേക്കാവുന്ന തിക്തഫലങ്ങളിലൊന്ന്, കളിയുടെ ക്വാളിറ്റി കുറയും എന്നുള്ളതാണ്.
“കുറവ് വിദേശികൾ കളിക്കുന്നു എന്നതിന്റെ അപ്പുറത്തെ വശത്ത് കൂടുതൽ ഇന്ത്യൻ താരങ്ങൾ കളിക്കുന്നു എന്നതാണ്. ഇവിടെ അവരുടെ എണ്ണം കുറയുമ്പോൾ ഇവിടുത്തേതാരങ്ങളുടെ അവസരവും ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയും വർദ്ധിക്കുന്നു.”
ഇന്ത്യയിൽ ഏറ്റവും അത്യാവശ്യം രണ്ടു കാര്യങ്ങളാണ് എന്നുപറഞ്ഞുവയ്ക്കുന്നു ഇദ്ദേഹം.
ഒന്ന് : കൂടുതൽ യൂത്ത് അക്കാദമികൾ വരണം.
രണ്ട് : കൂടുതൽ മത്സരങ്ങൾ വരണം.
“ഇതൊരു ‘സ്കൂൾ’ തരത്തിലേക്ക് മാറ്റി ചിന്തിച്ചാൽ മതി. നിങ്ങൾ ഹോംവർക്ക് ചെയ്യുന്നു, ക്ലാസ്സിൽ പഠിക്കുന്നു. ശേഷം അതിൽ നിന്നും പരീക്ഷകൾ വരുന്നു. അവിടെ നിങ്ങൾക്ക് സ്വയം തെളിയിക്കാനും മുന്നേറാനും ഉള്ള അവസരമാണ്, ഇതിനെ കൂടുതൽ മത്സരങ്ങൾ ലഭിക്കുന്നതുമായി താരതമ്യപ്പെടുത്തൂ. എത്ര മത്സരങ്ങൾ കളിക്കുന്നുവോ, എത്ര പരീക്ഷകൾ എഴുത്തുന്നുവോ, അത്രയും പുരോഗമനം വരുന്നു നിങ്ങളുടെ കളിയിൽ,അറിവിൽ. ഞാനിതിനെ അങ്ങനെകാണാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ വളരെ ചുരുക്കം ക്ലബ്ബുകൾക്കേ യൂത്ത് അക്കാദമികൾ ഉള്ളു.” – എൽക്കോ പറയുന്നു.
Follow IFTWC via our website, Instagram, Twitter, Facebook, WhatsApp, and Telegram pages/channels for all the latest updates on Indian Football and download our app from the play store.