ആരാധകരുടെ സ്വന്തം ട്രാവൻകോർ റോയൽസ്

0
892
Travancore Royals - India's First Fan Owned Football Club

ഏതൊരു രാജ്യത്തും, പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തു വൈവിധ്യമാർന്ന ജനതയെ ഒന്നിപ്പിക്കുന്നതിൽ സ്പോർട്സിനും ആരാധകർക്കും നിർണ്ണായക പങ്കുണ്ട്. ലോകത്തിൽ പലയിടത്തും അങ്ങനെ ആരാധകർ ക്ലബുകളെ സ്വന്തമാക്കി പ്രവർത്തിപ്പിക്കുന്നുണ്ട്.അതു ബിസിനസ്സ് എന്ന രീതിയിലും മികച്ചതായിരിക്കും, കാരണം സ്പോർട്സിനെ അത്രയേറെ സ്നേഹിക്കുന്നവർ അതിനെ നയിക്കാൻ തയ്യാറാകുമ്പോൾ ഏറ്റവും മികച്ചത് തന്നെ പുറത്തു വരും.
ഇന്ത്യയിലെ ആദ്യത്തെ 100% ആരാധകരുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബ്‌ ആയ ട്രാവൻകോർ റോയൽസിന്റെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജിബു ഗിബ്സണുമായി സംസാരിക്കാൻ അടുത്തിടെ ഞങ്ങൾക്ക് അവസരം ലഭിച്ചു.

  1. 1. ട്രാവൻകൂർ എഫ് സി എന്ന ക്ലബ്‌ രൂപീകരിക്കാൻ ഇടയാക്കിയ സാഹചര്യം എന്താണെന്നു വിശദീകരിക്കാമോ?


സ്പോർട്സ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലാസ്സ്‌ റൂമിലെ ഒരു ചർച്ചയിൽ ആണ് ട്രാവൻകൂർ ക്ലബ്ബിന്റെ ആശയം രൂപം കൊണ്ടത്. പല ക്ലബുകളും ഇന്ത്യയിൽ പൂട്ടിപ്പോകുന്നതു ചർച്ചാവിഷയമാകുകയും എന്തു കൊണ്ടു ആരാധകരുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ഫുട്ബോൾ ക്ലബ്‌ ഇന്ത്യയിൽ വന്നു കൂടാ എന്നു ചർച്ചയിൽ ഉയർന്നു വരുകയും ചെയ്തു. തുടർന്നു ബാർസലോണ, റയൽ മാഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയിലെ ചില ക്ലബുകൾ, ഇംഗ്ലണ്ടിലെ ചില ക്ലബുകൾ തുടങ്ങിയ പീപ്പിൾസ് ട്രസ്റ്റ്‌ ഫോമിൽ ഉള്ള ക്ലബുകളുടെ ഘടന പഠനത്തിനു വിധേയമാക്കുകയും എന്തുകൊണ്ടു ഇവിടെ അതു പ്രായോഗികം ആക്കിക്കൂടാ എന്നു ചിന്തിക്കുകയും ചെയ്തു. അതു ആരാധകരുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ക്ലബ്‌ ആരംഭിക്കുന്നതിനു പ്രചോദനമാകുകയും ചെയ്തു.

അങ്ങനെ സ്പോർട്സ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അതിനു മുൻകൈയ്യെടുക്കുകയും 100% ആരാധകരുടെ ഉടമസ്ഥതയിൽ ഉള്ള ഒരു ക്ലബ്‌ എന്ന ആശയം ഫലപ്രാപ്തിയിൽ എത്തുകയും ചെയ്തു. അതിനു വേണ്ടി ഫണ്ട്‌ റെയ്‌സ് ചെയ്തതും പിന്തുണ നൽകിയതും ഡെവലപ്പ് ചെയ്തതും ആശയങ്ങൾ രൂപീകരിച്ചതും എല്ലാം സ്പോർട്സ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ആയിരുന്നു. അങ്ങനെ വിദ്യാർത്ഥികൾ മുൻകൈയ്യെടുത്തു തുടങ്ങിയ ആരാധകരുടെ സ്വന്തം ക്ലബിനു ഇപ്പോൾ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും കോർ കമ്മിറ്റിയും ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും എനിക്ക് സെക്രട്ടറി/സിഇഒ ചുമതലയാണ് നൽകിയിരിക്കുന്നത്.

ഞാൻ എന്റെ ചുമതലകൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. സെക്രട്ടറി, പ്രസിഡന്റ്‌, കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെട്ട ഭരണസമിതിയാണ് ക്ലബിന്റെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ ചർച്ച ചെയ്തു തന്നെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുറച്ചു കൂടി ജനകീയമാക്കാനുള്ള ശ്രമത്തിൽ ആണ് ഭരണസമിതി.


2. ട്രാവൻകോർ എഫ് സി ഇന്ത്യയിലെ ആദ്യത്തെ 100% ഫാൻസ്‌ ഓൺഡ് ക്ലബ്‌ ആണല്ലോ. ഇങ്ങനെ ഒരു ക്ലബ്‌ നമ്മുടെ രാജ്യത്ത് തുടങ്ങണം എന്നതിനുള്ള പ്രേരണകളും അതിൽ കണ്ട പ്രശ്നങ്ങളും എന്തെല്ലാമാണ് ?


ആരാധകരുടെ സ്വന്തം ക്ലബ്‌ ആയതുകൊണ്ട് തന്നെ ആവശ്യത്തിനുള്ള ഫണ്ട്‌ ഉപയോഗിച്ചു ആവശ്യത്തിനുള്ള അഭിലാഷങ്ങളിൽ മുന്നോട്ടു പോയാൽ മതി. അതിനപ്പുറം നമുക്ക് ഒന്നും ചെയ്യേണ്ടതില്ല. ജനങ്ങളുടെ ക്ലബ്‌ ആയതു കൊണ്ടു തന്നെ അവർ ഉടമസ്ഥർ ആയ ക്ലബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുകയും അതിനൊരു വിജയം ഉണ്ടാകുകയും ചെയ്യും എന്നും ഉറപ്പുണ്ട്. പൂട്ടിപ്പോകേണ്ടുന്ന അവസ്ഥയിൽ ആരാധകർ ഏറ്റെടുത്തു വിജയമായ ലോകത്തിലെ പല ക്ലബുകളുടെയും ചരിത്രം ആണ് ട്രാവൻകൂർ റോയൽസ് എന്ന ക്ലബ്ബ് തുടങ്ങാനും മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രചോദനമായത്.

ഇതുവരെ ക്ലബ്‌ നടത്തിപ്പിൽ പ്രതിസന്ധികൾ ഒന്നും നേരിട്ടിട്ടില്ല. ആളുകളുടെ എണ്ണം കൂടുമ്പോൾ ഇതു ഒരു പ്രശ്നം ആകും എന്നാണ് ജനങ്ങൾ പറയുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു ജനാധിപത്യ സംവിധാനം ഒരുക്കും. അതിനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ആളുകളുടെ എണ്ണം വർദ്ധിക്കട്ടെ. അതു ഗുണകരമാകും എന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ മെമ്പർഷിപ്പ് തുക ഏർപ്പെടുത്തിയാൽ പോലും ഒരു വലിയ ക്ലബ്‌ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയും എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്. അങ്ങനെ തന്നെയാണ് പല ക്ലബുകളും അവരുടെ വരുമാനം കണ്ടെത്തുന്നത്. അതു തന്നെയാണ് ഞങ്ങളും ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതു ക്ലബിന്റെ തുടക്ക വർഷങ്ങൾ ആണ്. ക്ലബ്‌ തുടങ്ങിയിട്ടു ഒന്നു രണ്ടു വർഷങ്ങളെ ആയിട്ടുള്ളൂ. ഒരു വലിയ ദൂരം ആണ് സഞ്ചരിക്കാനുള്ളത്. നമുക്ക് നോക്കാം. പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.


3. ഇന്ത്യൻ ടീമിനെ കാണുന്നത് പോലെയാണ് കേരളത്തിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുത്ത ഫാൻ കൾച്ചർ. പുതിയ ക്ലബ്ബുകൾ കടന്നു വരുമ്പോൾ അത് എത്രത്തോളം ആരാധകർക് ഉൾകൊള്ളാൻ സാധിക്കും?


തിരുവനന്തപുരത്തു ഒരു ബേസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് നമ്മൾ ആഗ്രഹിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചലഞ്ചു ചെയ്യുന്നതിനുള്ള കരുത്തു ഞങ്ങൾക്കായിട്ടില്ല. എന്നാൽ ഭാവിയിൽ അതിനുള്ള കരുത്തു നേടിയെടുക്കാൻ കഴിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെയും ഗോകുലത്തിന്റെയും കടന്നുവരവു കേരള ഫുട്ബോളിൽ വലിയ ചലനങ്ങൾ ആണ് സൃഷ്ടിച്ചത്. കോച്ചിങ് റോളിൽ സപ്പോർട്ട് സ്റ്റാഫ് മുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും അക്കാഡമികളിൽ അവസരം ഉണ്ടാകുകയും കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന യുവപ്രതിഭകൾക്കു ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പടെ എത്തുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിച്ചു. സ്പെയിനിലും ഇംഗ്ലണ്ടിലും ഒക്കെ നിരവധി സെക്കന്റ്‌ ഡിവിഷൻ തേർഡ് ഡിവിഷൻ ക്ലബുകൾ ഉണ്ട്. അവരെ ആ ലോവർ ഡിവിഷൻ ലീഗുകളിൽ നിന്നും കൃത്യ സമയത്തു സ്‌കൗട്ട് ചെയ്യുന്നതു കൊണ്ടാണ്‌ അവർക്കു പ്രീമിയർ ക്ലബുകളിൽ അവസരം ലഭിക്കുന്നത്. ഞങ്ങളും അതു തന്നെയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്.

ആരാധകർ കേരളത്തിലെ പ്രമുഖ ടീമുകളുടെ മത്സരം മാത്രമേ കാണുള്ളൂ എന്നു വാശി പിടിക്കുന്നതിനപ്പുറം കേരളത്തിലെ ഫുട്ബാളിന്റെ ഡെവലപ്പ്മെന്റ് ആണ് കാണേണ്ടത്. കൃത്യ സമയത്തു പ്രതിഭകളെ കണ്ടെത്തി അവർക്കൊരു പ്ലാറ്റ്ഫോം നൽകി ഡെവലപ്പ് ചെയ്തു ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ പ്രാപ്തമാക്കുക എന്നതു തന്നെയാണ് ഞങ്ങളുടെ പരമപ്രധാന ലക്ഷ്യം. അതിനു താഴെ മാത്രമാണ് ക്ലബുകൾ തമ്മിലുള്ള റൈവൽറി എന്നും ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ ഞങ്ങളുടെ ഒരു താരം കേരള ബ്ലാസ്റ്റർസിൽ കളിക്കുന്നതു കൊണ്ടു ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ. അതു ഫാൻസ്‌ സപ്പോർട്ട് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. എല്ലാവരെയും ഡെവലപ്പ് ചെയ്യുന്ന എക്കോസിസ്റ്റം ആണ് ഫാൻ കൾച്ചർ എന്നു ഞാൻ വിശ്വസിക്കുന്നു. ക്ലബുകൾ തമ്മിലുള്ള റൈവൽറി മത്സര ദിവസങ്ങളിൽ മാത്രമായിരിക്കണം. അല്ലാതെയുള്ള ദിവസങ്ങളിൽ ഫുട്ബോൾ സിസ്റ്റത്തെ എല്ലാവരും ഒരേപോലെ സപ്പോർട്ട് ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.

100% ആരാധക ഉടമസ്ഥതയിൽ ഉള്ള ക്ലബ്‌ ആണ് ട്രാവൻകൂർ റോയൽസ്. ക്ലബ്‌ രൂപീകരിച്ചതും നടത്തിക്കൊണ്ടിരിക്കുന്നതും ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഒരുകൂട്ടം ആരാധകർ ആണ്. കേരള ബ്ലാസ്റ്റേഴ്‌സുമായിട്ടാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സഹകരിച്ചിട്ടുള്ളത്. ഗോകുലവുമായും ഞങ്ങൾ സഹകരിക്കാൻ തയ്യാറാണ്. ഏതൊരു ക്ലബുമായും അതു വലിയ ക്ലബ്‌ ആയാലും ചെറിയ ക്ലബ്‌ ആയാലും ശെരി അവർ എന്തു ആവശ്യവുമായി ഞങ്ങളെ സമീപിച്ചാലും അതു ചെയ്തു കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. ഫുട്ബോൾ ഡെവലപ്പ്മെന്റ് മാത്രം ആണ് ഞങ്ങളുടെ പരമപ്രധാന ലക്ഷ്യം. കുരുന്നു പ്രതിഭകൾക്കും യുവ പ്രതിഭകൾക്കുമുള്ള എക്കോ സിസ്റ്റം ഒരുക്കി നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഇതു ഒരു ആരാധക മാതൃകാ ക്ലബ്‌ ആണ്. അവരുടെ പ്രയത്നത്തിനുള്ള ഫലം അവർക്കു തന്നെ തിരിച്ചു നൽകുക എന്നതു തന്നെയാണ് ഉദ്ദേശം. കേരളത്തിൽ ഒരു ഫാൻ കൾച്ചർ ഡെവലപ്പ് ചെയ്തെടുത്തത് കേരള ബ്ലാസ്റ്റേഴ്സിന്റെയും മഞ്ഞപ്പടയുടെയും കഴിവ് തന്നെയാണ്. അതുപോലെ ഒരു വലിയ ഫാൻ കൾച്ചർ ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു ചെറിയ പ്ലാറ്റ്ഫോം ഡെവലപ്പ് ചെയ്തു പതിയെ മുന്നേറാൻ ഞങ്ങളും ശ്രമിക്കുന്നുണ്ട്. ആരാധകരെ ഞങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ആരെയും തടയില്ല. ട്രാവൻകൂർ റോയൽസിന്റെ കളി മികവിലൂടെ ആരാധകർ താനെ വന്നു ചേരും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ആരാധകർ വരട്ടെ. നമ്മുടെ സിറ്റിയിൽ നിന്നു തന്നെ ആരാധകർ സപ്പോർട്ട് ചെയ്യട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.


4. ഇന്ത്യയിൽ തന്നെ പല ക്ലബ്ബുകളിലും ആരാധകരുടെ മെമ്പർഷിപ്പും മറ്റുമുണ്ടല്ലോ, അതിൽ നിന്നും ആരാധകർ ഉടമസ്ഥരാകുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?


മറ്റു ക്ലബുകൾ മെമ്പർഷിപ്പ് ആണ് നൽകുന്നത്. എന്നാൽ ട്രാവൻകൂർ റോയൽസിൽ ഒരാൾ ലൈഫ് മെമ്പർഷിപ്പ് എടുത്തു കഴിഞ്ഞാൽ അവർ ടീമിന്റെ ഉടമസ്ഥർ ആണ്. അവർക്കു വോട്ടിംഗ് അവകാശവും ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കാനുള്ള അവകാശവും ഈ ലൈഫ് മെബർഷിപ്പിലൂടെ ലഭിക്കും. മറ്റു ക്ലബുകളിൽ മെമ്പർഷിപ്പ് മാത്രം ആണ് നൽകുന്നത്. ബോർഡ് ഓഫ് ഡയറക്ടർസിനെ വോട്ടിങ്ങിലൂടെയാണ് തീരുമാനിക്കുന്നത്. എന്നാൽ ഇവിടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. അതുകൊണ്ടു തന്നെ ക്ലബ്ബിനായി കോൺട്രിബ്യൂട്ട് ചെയ്യേണ്ടത് അവരുടെ ചുമതല ആണ്. എന്നാൽ മറ്റു ക്ലബുകളിൽ മെമ്പർഷിപ്പ് എടുക്കുകയും മത്സരങ്ങൾ ഉള്ളപ്പോൾ നേരിൽ പോയി കാണുകയും ചെയ്യുന്നു എന്നല്ലാതെ ചുമതലകൾ ഒന്നും വഹിക്കുകയോ കോൺട്രിബ്യൂട്ട് ചെയ്യുകയോ ചെയ്യുന്നില്ല.

ഒരു സിറ്റി ബേസ് ചെയ്തു പല ഭാഗത്തു നിന്നും ഉള്ളവർക്ക് ക്ലബിന്റെ ചുമതലകൾ ഏറ്റെടുത്തു ചെയ്യുന്നതിനും ഡെവലപ്പ് ചെയ്യുന്നതിനും സ്ഥാനങ്ങൾ വഹിക്കുന്നതിനുമുള്ള അവസരമാണ് ആരാധകരുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലൂടെ ലഭിക്കുന്നത്. സാധാരണ മെമ്പർഷിപ്പിൽ ഗിഫ്റ്റുകൾ ലഭിക്കുന്നു , ടിക്കറ്റ്‌ ഫ്രീ ആയി ലഭിക്കുന്നു.എന്നാൽ ചുമതലകളോ പങ്കാളിത്തമോ ലഭിക്കുന്നില്ല. എന്നാൽ ഇവിടെ 100% ഓണർഷിപ്പ് നൽകുന്നതു കൊണ്ടു തന്നെ മെമ്പർമാർ ഗ്രൂപ്പ്‌ ഉണ്ടാക്കി ചുമതലകൾ അവർ തന്നെ ഏറ്റെടുത്തു പല ആക്റ്റീവിറ്റികൾ നടത്തുകയും സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ നടത്തുകയും ചെയ്യുന്നത് കൊണ്ടു തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇത്രയും നാൾ മുന്നോട്ടു പോകാൻ കഴിഞ്ഞു. മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടു തന്നെയാണ് ക്ലബ്‌ ഇത്രയും നാൾ അതിജീവിച്ചു പോയത്.


5. ക്ലബ്‌ തുടങ്ങി രണ്ടുവർഷത്തിനുള്ളിൽ തന്നെ കെ പി എല്ലിലേക്കു ഉള്ള യോഗ്യത മത്സരങ്ങൾ കളിച്ചുല്ലോ, ഈ വർഷം കെ പി എല്ലിൽ പ്രതീക്ഷിക്കാമോ ടീമിനെ?


അതൊരു മികച്ച അവസരമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഹാമാരി ഇപ്പോൾ നമ്മൾ നേരിടുന്നു. അതുകൊണ്ടു തന്നെ മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെയാണെന്നു അറിയില്ല. പക്ഷെ നമുക്ക് മികച്ചൊരു ടീമുണ്ട്. കുറച്ചു മികച്ച താരങ്ങളെ കൂടി ടീമിൽ എത്തിച്ചിട്ടുമുണ്ട്. സാഹചര്യങ്ങൾ പരിശോധിക്കും. കെപിഎൽ കളിക്കണമെങ്കിൽ കുറച്ചു സാമ്പത്തിക ബാധ്യതയുണ്ട്. അതിനുള്ള ചർച്ചകളിൽ ആണ്. കെപിഎല്ലിന്റെ തീയതിയും മറ്റു സാഹചര്യങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും അക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സാഹചര്യങ്ങൾ ഒത്തുവന്നാൽ മാത്രം ആയിരിക്കും കെപിഎല്ലിനെക്കുറിച്ചു ചിന്തിക്കുക.

ട്രാവൻകൂർ റോയൽസ് യൂത്ത് ലീഗുകളിൽ മത്സരിക്കാൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. വിമൻസ് ടീമും ഡെവലപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. നല്ല സാമ്പത്തിക ബാധ്യത ഉള്ള കാര്യമായതിനാൽ കേരള ഫുട്ബാൾ അസോസിയേഷനിൽ നിന്നുള്ള അറിയിപ്പും ടൈം ഷെഡ്യൂളും ഒക്കെ ലഭിച്ചതിനു ശേഷം മാത്രമേ കെപിഎൽ കളിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയൂ. തൽക്കാലം അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. കെപിഎല്ലിൽ കളിക്കുവാണെങ്കിൽ മികച്ച ഘടനയിൽ ടീമിനെ അണിനിരത്താൻ ആണ്‌ ശ്രമം.


6. ട്രാവൻകൂർ റോയൽസും മറ്റു ക്ലബ്ബുകളും ആയി ടൈ അപ്പോ/പാർട്ണർഷിപ്പോ ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?


ഒരു സ്ട്രാറ്റജിക് പാർട്ണർഷിപ്പിനായി നോക്കുന്നുണ്ട്. കോവിഡിന് മുൻപ് പല ചർച്ചകളും നടക്കേണ്ടതായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ മാറ്റം വരുന്നതിനു പിന്നാലെ ചർച്ചകൾ പുനരാരംഭിക്കും.

7.വനിതാ ടീം പരിഗണനയിൽ ഉണ്ടോ?


നിലവിൽ ട്രിവാൻഡ്രം ഓൾ സൈന്റ്സ് കോളേജിലെയും, വിമൻസ് കോളേജിലെയും കുട്ടികൾ ടീമിൽ ഉണ്ട്. അവർ ഓൾ സൈന്റ്സ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു പരിശീലനം. നിലവിൽ കോളേജുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ വിമൻസ് ലീഗ് കളിക്കുക എന്നതു തന്നെ ആണ് പ്രധാന ലക്ഷ്യം. എന്നു പറഞ്ഞു എടുത്ത് ചാടി ഒന്നും ചെയ്യുകയില്ല. വിമൻസ് ടീം ആയതിനാൽ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ ഒരുപാടു ടാലെന്റ്സ് ഉണ്ട്. അതുകൊണ്ട് നമ്മുടെ നാട്ടിലെ കുട്ടികൾക്ക് തന്നെ അവസരം കൊടുത്തു കൊണ്ട് ഒരു സ്ട്രോങ്ങ്‌ ടീമിനെ തന്നെ അണിനിരത്തണം എന്നാണ് പ്ലാൻ.


8.അക്കാദമി തുടങ്ങാൻ ഉള്ള പ്ലാൻ ഉണ്ടോ?


ഒരു റെസിഡൻഷ്യൽ അക്കാദമി തുടങ്ങാൻ പ്ലാൻ ഉണ്ട്. അതിനു വേണ്ടി ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഈ വർഷം തുടങ്ങാൻ ചാൻസ് കുറവാണ്.